Saturday, 4 January 2014

Oslo, August 31st (Norwegian, 2011)

Director: Joachim Trier


നോര്‍വേയുടെ തലസ്ഥാന നഗരി ആയ "Oslo" യുടെ പശ്ചാത്തലത്തില്‍, Anders എന്ന യുവാവിന്‍റെ ഒരു ദിവസത്തെ ജീവിത കാഴ്ചകള്‍ പകര്‍ത്തിയ "Oslo, August 31st" കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തു വന്ന ശ്രേദ്ധേയമായ ചിത്രങ്ങളില്‍ ഒന്നാണ്. ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയുടെ അവസാന ദിനങ്ങളില്‍ കൂടി കടന്നു പോകുന്ന Anders ആണ് Oslo, August 31st ലെ മുഖ്യ കഥാപാത്രം. ലഹരി വിമുക്ത ചികിത്സയുടെ ഫലമായി ജീവിതത്തിന്‍റെ യാഥാര്‍ത്ത്യങ്ങളിലേക്ക് തിരികെ എത്തിയ Anders ആകെ പകച്ചു പോകുന്നു. ഇതു വരെ ജീവിച്ച ജീവിതത്തില്‍ താനൊരു പരാജയമാണെന്ന തിരിച്ചറിവ് Anders നെ വേട്ടയാടി തുടങ്ങുകയാണ്. മുമ്പിലുള്ള ശൂന്യത അവസാനിപ്പിക്കാന്‍ ആത്മഹത്യ പോലും അയാള്‍ പരീക്ഷിക്കുന്നുണ്ട്. പരാജയപ്പെടുന്ന ഈ ആത്മഹത്യ ശ്രമത്തില്‍ നിന്നാണ് Oslo, August 31st ആരംഭിക്കുന്നത്.

ഒഴിവു കിട്ടിയ ആ ദിനത്തില്‍, തന്‍റെ ജന്മ നഗരമായ Osloയിലേക്ക് പോകാന്‍ Anders തീരുമാനിക്കുന്നു. ജോലിക്കായുള്ള ഒരു അഭിമുഖം.... കൂട്ടുകാര്‍........പഴയ കാമുകി....സഹോദരി....വീട്.... അങ്ങനയങ്ങനെ ,......ചെറിയ,വലിയ ചില പദ്ധതികള്‍ ആ ദിവസം, Anders ആ നഗരത്തില്‍ കാത്ത് വെയ്ക്കുന്നുണ്ട്. ജീവിതത്തില്‍ ഒരു പുതിയ തുടക്കത്തിനു അവന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ, Oslo നഗര വീഥിയിലൂടെ ഉള്ള Andersന്‍റെ  യാത്ര ജീവിതത്തിലേക്ക് തിരികെ നടക്കാനുള്ള ഒരു യാത്ര കൂടിയാകുന്നു. പാളം തെറ്റിയ Andersന്‍റെ , ജീവിതം തിരികെ പിടിക്കാന്‍, "പ്രകാശം പരത്തുന്ന പെണ്‍കുട്ടിയെ" പോലെ ഒരാളെ, Oslo നഗരം കാത്തുവെച്ചിട്ടുണ്ടാകുമോ? അതോ ആള്‍ക്കൂട്ടത്തിന്‍റെ ഏകാന്തതയില്‍ സ്വയം വിസ്മൃതമാവാനാണോ Andersന്‍റെയും വിധി?

ഹൃദയം തൊട്ടു പോകുന്ന സംഗീതവും, ചിത്രീകരണവും
Oslo, August 31st നെ അടയാളപ്പെടുത്തുന്നുണ്ട്. അവസാന ദ്രിശ്യത്തില്‍ യാത്ര പറഞ്ഞു പോകാന്‍ തയാറാകാതെ, നമുക്ക് പിന്നാലെ നടന്നു തുടങ്ങുന്ന ചിത്രങ്ങളില്‍ ഒന്നാകുന്നു Oslo, August 31st .







No comments:

Post a Comment