Showing posts with label കൊറിയന്‍. Show all posts
Showing posts with label കൊറിയന്‍. Show all posts

Monday, 19 May 2014

Christmas in August (Korean 1998)

Director: Hur Jin-ho

1998ല്‍ പുറത്തിറങ്ങിയ, കൊറിയന്‍ മെലോഡ്രാമയാണ് Christmas in August. കൊറിയന്‍ സിനിമാ രംഗത്ത്, ഉജ്ജ്വലമായ വിജയം നേടിയ ഈ ചിത്രം, പിന്നീട് വന്ന ഒരുപാട് സിനിമകള്‍ക്ക്‌ പ്രചോദനമായി തീരുകയുണ്ടായി. ആഖ്യാന തലത്തിലും, പ്രമേയ തലത്തിലും, ഈ മെലോഡ്രാമ ഒരു നവ്യാനുഭവമായിരുന്നു. മിക്ക മെലോഡ്രാമകളിലും നമ്മള്‍ കണ്ട, അതേ കഥാ വഴിയാണ് ഈ സിനിമയ്ക്കുമുള്ളത്. "അവിചാരിതമായി കണ്ടുമുട്ടുന്ന നായകനും, നായികയും ... പ്രണയം...കൂട്ടത്തിലൊരാളെ കാത്തിരിക്കുന്ന മരണം."

പക്ഷേ, ക്ലീഷേ ആയി തോന്നാവുന്ന ഈ കഥാവഴിയിലും, ഹൃദ്യമായൊരു പുതുമയും, ആകര്‍ഷകത്വവും ഈ സിനിമയ്ക്കുണ്ട്. സ്ഥിരം മെലോഡ്രാമകളിലെ, അതി വൈകാരികത ഈ സിനിമ കാത്തുവെയ്ക്കുന്നില്ല . മനോഹരവും, അര്‍ത്ഥ ദീപ്തവുമായ ഫ്രെയിമുകള്‍, വേഗത കുറഞ്ഞ സഞ്ചാരം, മികച്ച ജീവിത നിരീക്ഷണങ്ങള്‍, കൂടുതല്‍ സൂക്ഷ്മ വായനയില്‍ ഒരുപാട് പ്രത്യേകതകള്‍ ഈ സിനിമയില്‍ നിന്ന് ഇനിയും വായിച്ചെടുക്കാം.

ദൈനംദിന ജീവിതത്തിന്‍റെ ചെറിയ, ചെറിയ ഭാവങ്ങളെ അതി സൂക്ഷ്മമായി ഈ സിനിമ പകര്‍ത്തുന്നുണ്ട്. പ്രമേയത്തിന്‍റെ ദുഃഖ സാന്ദ്രതയിലും, ജീവിതത്തിന്‍റെ സന്തോഷങ്ങളും, പ്രത്യാശയുമാണ് ഈ സിനിമയിലാകെ നിറയുന്നത്.

എല്ലാത്തരം പ്രേക്ഷകരേയും ഒരു പോലെ ആകര്‍ഷിക്കാന്‍ ഈ സിനിമയ്ക്കാവും. മെലോഡ്രാമകളില്‍ ഓര്‍ത്തിരിക്കാവുന്നതും, വീണ്ടും വീണ്ടും, കാണാന്‍ കഴിയുന്നതുമായ ഒരു സിനിമാ അനുഭവം തന്നെയാണ്
Christmas in August.







Wednesday, 2 April 2014

Infernal Affairs (film series 2002-2003, Cantonese )


Directors:::Andrew Lau, Alan Mak


2
006ല്‍ പുറത്തിറങ്ങിയ, Martin Scorsese യുടെ "The Departed" കണ്ട നാള്‍ മുതല്‍, "Infernal Affairs" എന്ന ഹോങ്ങ് കോങ്ങ് സിനിമയെക്കുറിച്ച് കേള്‍ക്കുന്നുണ്ടായിരുന്നു. "Infernal Affairs" സീരീസിന്‍റെ, ഹോളിവുഡ് റീമേക്ക് ആണ് "The Departed" എന്നറിഞ്ഞപ്പോഴും, "Infernal Affairs" കാണാനേ തോന്നിയില്ല. 2002 ല്‍ പുറത്തിറങ്ങിയ "Infernal Affairs" ഒന്നാം ഭാഗത്തേയും, അടുത്ത വര്‍ഷം പുറത്തിറങ്ങിയ, രണ്ടും, മൂന്നും ഭാഗങ്ങളേയും ചേര്‍ത്താണ് "The Departed" നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ ഇപ്പോഴും ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന ഒരു ചിത്രമായി "The Departed" മാറി എന്നത്, നമുക്ക് മുന്നിലുള്ള ചരിത്രം. ദുരന്ത സൌന്ദര്യം വാര്‍ന്നൊഴുകുന്ന, വികാരതീക്ഷ്ണവും, സങ്കര്‍ഷഭരിതവുമായൊരു കഥാവഴിയായിരുന്നു "The Departed"നുണ്ടായിരുന്നത്. "The Departed" ലൂടെ പരിചിതമായതും, അനുഭവിച്ചറിഞ്ഞതുമായ, ആ കഥാവഴിയിലൂടെ "Infernal Affairs" കണ്ടാല്‍, അത് ആസ്വദിക്കാനാവില്ല എന്ന മുന്‍വിധിയില്‍, "Infernal Affairs"ലേക്കുള്ള ദൂരം ഞാന്‍ വീണ്ടും, വീണ്ടും നീട്ടി എടുക്കുകയായിരുന്നു.

"Infernal Affairs" സീരീസിലെ മൂന്ന് ചിത്രങ്ങള്‍ ഇപ്പോള്‍ കണ്ടു തീരുമ്പോള്‍, മുന്‍വിധികള്‍ എത്രത്തോളം അര്‍ത്ഥ ശൂന്യമാണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഉജ്ജ്വലമായൊരു സിനിമ അനുഭവം തന്നെയാണ് "Infernal Affairs". ആഴവും, പരപ്പുമുള്ള ജീവിതവീക്ഷണവും, ചോര്‍ന്നു പോകാത്ത വൈകാരിക തീവ്രതയും ഈ സിനിമയില്‍ മനോഹരമായി സമ്മേളിക്കുന്നു.

"Infernal Affairs"
നേക്കുറിച്ച് പറയുമ്പോള്‍, പലരും സൂചിപ്പിക്കുന്നത്, ആ പരമ്പരയിലെ ആദ്യ ചിത്രത്തെക്കുറിച്ച് മാത്രമാണ്. എന്നാല്‍ ആ പരമ്പരയിലെ മൂന്ന്‍ ചിത്രങ്ങളേയും ഒന്നിച്ചു തന്നെ കാണണം. മൂന്ന് സിനിമകളാണെങ്കിലും, അതൊരറ്റ സിനിമയും, ഒരൊറ്റ ജീവിത വിഹ്വലതയുമാണ്‌. മൂന്ന്‍ സിനിമകളും, പരസ്പരം നിര്‍മ്മിക്കുകയും, പരസ്പരം പൂര്‍ണ്ണതയിലേക്കെത്തുകയും ചെയ്യുന്നു. "Infernal Affairs" ന്‍റെ ആഴവും, പരപ്പും അറിയണമെങ്കില്‍, മൂന്ന് സിനിമകളും കണ്ടേ തീരു.
"Infernal Affairs"സിനിമകളെല്ലാം അവലംബിച്ചിരിക്കുന്നത്‌, ബുദ്ധമതത്തിന്‍റെ, നരകത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളേയാണ്. വിശ്വാസികള്‍ Avici എന്ന് വിളിക്കുന്ന, സ്ഥലകാല പരിമിതികളില്ലാത്ത, നിലയ്ക്കാത്ത വേദനയുടെ ഈ നരക സങ്കല്‍പ്പത്തെ, മയക്കുമരുന്നിന്‍റെയും, ചോരയുടേയും മണമുള്ള ഹോങ്ങ്കോങ്ങ് നഗരമായി പുനസൃഷ്ട്ടിക്കുകയാണ് സംവിധായകന്‍. ഒരു വശത്ത്‌ അധോലോക സംഘങ്ങളും, മറുവശത്ത് നിയമപാലകരും നിലയുറപ്പിക്കുമ്പോള്‍, വെഗതയില്‍ സഞ്ചരിക്കുന്ന, ലക്ഷണമൊത്ത ക്രൈം-ത്രില്ലെര്‍ ആയി "Infernal Affairs" പരിണമിക്കുന്നു. ഇരു നായകന്മാരില്‍ ഒരാള്‍ പോലീസായി ജോലിചെയ്തു കൊണ്ട്, അധോലോകത്തിന്‍റെ ഒറ്റുകാരനാവുമ്പോള്‍, മറ്റേയാള്‍ പോലീസിനു വേണ്ടി അധോലോകത്തിലെ ചാരനാകുന്നു. നീണ്ട കാലത്തെ, സങ്കര്‍ഷ ഭരിതമായ ഇവരുടെ നിഴല്‍ ജീവിതത്തെ കേന്ദ്രീകരിച്ച്, ഇരുവര്‍ക്ക് ചുറ്റുമുള്ള ഒരുപാട് പേരുടെ കഥ കൂടിയാണ് ഈ സിനിമ പറയുന്നത്.

എങ്കിലും, അസ്ഥിരവും, അപകടകരവുമായ ലോകത്തില്‍, രണ്ട് വ്യക്തികള്‍ നേരിടുന്ന അസ്‌തിത്വ പ്രശ്നം തന്നെയാണ് ഈ സിനിമയുടെ ഹൃദയം. ആഗ്രഹമില്ലെങ്കിലും, നിലനില്‍പ്പിനായി പരസ്പരം പോരാടേണ്ടി വന്നവര്‍... ആഗ്രഹിച്ച ജീവിതം കണ്‍ മുന്നിലൂടെ വഴുതി പോകുന്നത് കണ്ട് നില്‍ക്കേണ്ടി വന്നവര്‍...നായകനും, വില്ലനും എന്നതിലപ്പുറം, ഈ ആശാന്തമായ നരകത്തില്‍ അവര്‍ ഇരുവരേയും കാത്തിരിക്കുന്ന വേദന ഒന്നു തന്നെയാണ്.


"The Departed"നേയും, "Infernal Affairs" നേയും താരതമ്യം ചെയ്യുന്നത് എത്രത്തോളം നീതിപൂര്‍വ്വകമാവുമെന്ന് സംശയമാണ്. "Infernal Affairs" പരമ്പരയിലെ "അഞ്ചര" മണിക്കൂര്‍ നീളുന്ന മൂന്ന് ചിത്രങ്ങളെ "മൂന്ന്" മണിക്കൂറുള്ള ഒരു ചിത്രമായി മാറ്റുകയാണ് "The Departed" ചെയ്തത്. അടിസ്ഥാനപരമായ ഈ വ്യത്യാസത്തിനൊപ്പം, രണ്ട് സിനിമയുടേയും സ്വഭാവത്തിലും, focus ലും മാറ്റങ്ങള്‍ വരുന്നുണ്ട്. പാശ്ചാത്യ പ്രേക്ഷകര്‍ക്ക്‌ പരിചിതമായ, അമേരിക്കന്‍ സാമൂഹിക മണ്ഡലത്തിലേക്കും, ഹോളിവുഡിന്‍റെ "ത്രില്ലര്‍" പരിവേശത്തിലേക്കും "Infernal Affairs"നെ സമര്‍ത്ഥമായി പറിച്ചു നടുകയാണ്‌ "The Departed". നായകന്‍-വില്ലന്‍, ശരി-തെറ്റ്, കാവ്യനീതി തുടങ്ങിയ സൂചകങ്ങളിലൂടെ "The Departed" വായിച്ചെടുക്കാം. ഉജ്ജലമായ ഈ കഥാ വഴിയിലെ, "thrilling" ആയ ഘടങ്ങളെയാണ് "The Departed" ശോഭയോടെ പിന്തുടരുന്നത്.

അടിസ്ഥാന തലത്തില്‍, "Infernal Affairs" ഉം പിന്തുടരുന്നതും, മുകളില്‍ പറഞ്ഞ ഘടകങ്ങളെ തന്നെയാണ്. പക്ഷേ, കൂടുതല്‍ ഉയര്‍ന്ന തലങ്ങളില്‍ നിന്ന്, കഥാപാത്രങ്ങളേയും, അവര്‍ കടന്നുപോകുന്ന ജീവിതത്തേയും നിരീക്ഷിക്കാനുള്ള ആന്തരിക പ്രവണതയും, ദൈര്‍ഘ്യ സാധ്യതയും "Infernal Affairs"നുണ്ടായിരുന്നു. ഉജ്ജ്വലമായ Choreographyയും, sound trackഉം ഈ കാര്യത്തില്‍, വലിയ തോതില്‍ സിനിമയെ സഹായിച്ചിട്ടുണ്ട്. പരമ്പരയിലെ മൂന്നാം ഭാഗത്തിലെ plot സൃഷ്ട്ടിക്കുന്ന ചില്ലറ അലോസരപ്പെടുത്തലുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍, ഹൃദയം കൊണ്ട് കണ്ടിരിക്കാവുന്ന ചിത്രമാണ് "Infernal Affairs".

"The Departed"ഉം,"Infernal Affairs"ഉം തമ്മില്‍ വിപുലമായ താരതമ്യ പഠനങ്ങള്‍ക്ക് ഒരു പാട് സാധ്യതകളുണ്ടെങ്കിലും, ഇത് രണ്ട് ചിത്രമായി തന്നെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. "The Departed" കണ്ടപ്പോള്‍ ആ സിനിമയോട് കടുത്ത ബഹുമാനമാണ് എനിക്ക് തോന്നിയത്. "Infernal Affairs" കണ്ടു തീരുമ്പോഴും, ആ ബഹുമാനത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. പക്ഷേ, "Infernal Affairs" സിനിമകളോട് തോന്നിയ പ്രണയം "The Departed" നോട് തോന്നിയില്ല എന്നതാണ് എന്‍റെ വ്യക്തിപരമായ "സത്യം". മറ്റ് പലര്‍ക്കും അത് അങ്ങനെയല്ലാത്തത് കൊണ്ട്, ഏത് സിനിമയാണ് കൂടുതല്‍ മെച്ചമെന്ന ചര്‍ച്ച, അനന്തമായി തുടരുക തന്നെ ചെയ്യും.

"Infernal Affairs സിനിമകളിലൊന്നില്‍, ഇങ്ങനെ ഒരു വാചകമുണ്ട്. "I can't finish the novel, I don't know whether he's good or bad." അതേ ആശയക്കുഴപ്പമാണ് ഈ രണ്ട് സിനിമകളും, പ്രേക്ഷകനില്‍ ബാക്കിയാക്കുന്നത്.



Tuesday, 21 January 2014

Failan(2001) & Maundy Thursday(2006) -Korean


Director: Song Hae-sung

Song Hae-sung എന്ന സൗത്ത് കൊറിയന്‍ സംവിധായകന്‍റെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ചിത്രമാണ് Failan. ബോസ്സിനും, സഹപ്രവര്‍ത്തകര്‍ക്കും മുന്‍പിലും "വില" നഷ്ടപെട്ട ഒരു ഗുണ്ടയാണ് ഈ സിനിമയിലെ നായകനായ Kang-jae . അയാളുടെ കുഴഞ്ഞു മറിഞ്ഞ ജീവിതത്തിലേക്കാണ്, അയാളുടെ ഭാര്യയുടെ മരണ വാര്‍ത്തയെത്തുന്നത്. ചൈനയില്‍ നിന്നു വന്ന Failan എന്ന പെണ്‍കുട്ടിയെ നിയമക്കുരുക്കില്‍ നിന്നു രക്ഷിക്കാന്‍ പണം മേടിച്ച് വിവാഹം കഴിച്ചതാണയാള്‍. അതിനപ്പുറം ഒരു പരിചയവും അവര്‍ക്കിടയിലില്ല. നിയമത്തെ പേടിച്ച് Failan ന്‍റെ ശവസംസ്ക്കാരത്തിനായി Kang-jae തന്‍റെ സുഹൃത്തിനോടൊപ്പം യാത്ര തിരിക്കുന്നു. Kang-jae അറിയാതെയും, കാണാതെയും പോയ Failan ന്‍റെ ജീവിതത്തിലേക്കുള്ള ഒരു മടക്കയാത്ര കൂടിയാണിത്.

Failan
ഇഷ്ട്ടപെട്ടത്‌ കൊണ്ടാണ് Song Hae-sung ന്‍റെ അടുത്ത ചിത്രമായ Maundy Thursdayയും ഞാന്‍ കണ്ടത്. തല്ലിപൊളി പ്രിന്‍റ് ആയിരുന്നെങ്കിലും Maundy Thursday ഹൃദയമുള്ള ഒരു അനുഭവമായി തീരുകയായിരുന്നു. ജയിലില്‍ മരണ വിധി കാത്തിരിക്കുന്ന Jung Yun-sooന്‍റെയും, അവനെ കാണാനെത്തുന്ന Moon Yu-jeongന്‍റെയും കഥയാണ്‌ Maundy Thursday. പരാജയപെട്ട മൂന്ന് ആത്മഹത്യാ ശ്രമങ്ങളുടെ ഉടമയാണ് Moon Yu-jeong. ഇരുവരും കാത്തിരിക്കുന്നത് മരണത്തിനു വേണ്ടിയാണ്. അതുകൊണ്ട് തന്നെ അവരുടെ സഹൃദത്തിനു ചില സമാനതകളുണ്ട്.

ഇരു ചിത്രങ്ങളും തമ്മില്‍ "ആഖ്യാന രീതികളിലും", സ്വഭാവത്തിലുമെല്ലാം സമാനതകള്‍ കാണാം. ജീവിതത്തോട് അടുത്തു നില്‍ക്കുന്ന സിനിമകളാണ് ഇവ രണ്ടും. മനുഷ്യന്‍ ഏതു നിമിഷവും നവീകരിക്കപ്പെടാം എന്ന് ഈ രണ്ടു സിനിമകളും പറയുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകരേയും ഈ സിനിമകള്‍ സ്പര്‍ശിക്കും എന്നത് തീര്‍ച്ച.




Friday, 10 January 2014

Peppermint Candy (Korean, 2000)

Director: Lee Chang-dong


കൂട്ടുകാർക്കു മുൻപിൽ, പുഴയോരത്തെ റെയിൽവേ മേൽപാലത്തിൽ സ്വയം ജീവനൊടുക്കിയ നായകന്‍റെ ( Yong-ho) മരണത്തിൽ നിന്നാണ് Peppermint Candy ആരംഭിക്കുന്നത്. 
Yong-ho ന്‍റെ  ജീവിതത്തിലൂടെയുള്ള ഒരു മടക്കയാത്രയ്ക്കൊടുവിൽ, വർഷങ്ങൾക്കു മുൻപത്തെ മറ്റൊരു പകലിൽ, അതേ പുഴക്കരയിൽ Peppermint Candy അവസാനിക്കുന്നു.

2003 ൽ കൊറിയയുടെ സാംസ്കാരിക മന്ത്രി ആയി തീർന്ന Lee Chang-dong സംവിധാനം ചെയ്ത, Peppermint Candy അതി മനോഹരമായ ഒരു ചിത്രമാണ് എന്ന് നിസംശയം പറയാം. Yong-hoന്‍റെ  സങ്കീർണ്ണമായ ജീവിത കഥ "പിന്നോട്ട് പറയുന്ന" ആഖ്യാന രീതി ആകർഷകമാണ്. Yong-ho ന്‍റെ ജീവിതത്തിലെ നിർണ്ണായകമായ നിമിഷങ്ങളിലൂടെ അയാളുടെ സ്വഭാവ സവിശേഷതകൾ മുഴുവൻ അനാവരണം ചെയ്യപെടുന്നു.

Yong-hoന്‍റെ  ദുരന്ത ജീവിതത്തിലൂടെ , ഒരു പാട് ഇമേജ്കളുടെ സഹായത്തോടെ, കൊറിയയെക്കുറിച്ചുള്ള സാമൂഹിക- രാഷ്ട്രീയ വിശകലനമായി....മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള ശ്രേദ്ധേയമായ ഉൾക്കാഴ്ചയുള്ള ചിത്രമായി തീരുന്നുണ്ട് Peppermint Candy.

ഓരോ മനുഷ്യനും അയാൾക്കുപോലും തിരിച്ചറിയപ്പെടാനാവാത്ത വിധം സങ്കീർണ്ണം ആണെന്നും, നമ്മളെല്ലാം നമ്മുടെ ചുറ്റുപാടുകളുടെ സംഭാവന മാത്രമാണെന്നും ചിത്രം ഓർമ്മപെടുത്തുന്നു .

Lee Chang-dong എന്ന സംവിധായകന്‍റെ സിനിമകൾ ഇതുവരെ കാണാതിരുന്നത് ഒരു വലിയ നഷ്ടമായി പോയി....



Wednesday, 25 December 2013

Il Mare (Korean, 2000 )

Director: Lee Hyun-seung


Il mare എന്ന വാക്കിന്‍റെ അര്‍ത്ഥം "കടല്‍" എന്നാണ്. കടല്‍ തീരത്തോട് ചേര്‍ന്നുള്ള "Il mare എന്ന വീടാണ് ഈ സിനിമയുടെ പ്രധാന പശ്ചാത്തലം.


Il mare എന്ന "കടല്‍ വീട്ടില്‍" രണ്ടുവര്‍ഷത്തെ ഇടവേളകളില്‍ താമസിക്കുന്ന Eun-jooന്‍റെയും Sung-hyunന്‍റെയും കഥയാണ് ഈ സിനിമ. രണ്ട് സമയത്ത് ജീവിച്ചിരുന്നവരുടെ കഥ പറയുന്നത് കൊണ്ട് തന്നെ രണ്ട് time plane ലാണ് സിനിമ നടക്കുന്നത്. Il Mareനു മുന്‍പിലെ തപാല്‍ പെട്ടിയാണ് ഈ സിനിമയിലെ മറ്റൊരു പ്രധാന താരം.കാലത്തിനു മുന്‍പിലേക്കും, പിന്നിലേക്കും സാധനങ്ങള്‍ കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ഒരു തപാല്‍ പെട്ടിയാണത്. ഈ തപാല്‍ പെട്ടിയിലൂടെ Il Mareല്‍ രണ്ട് കാലത്ത് ജീവിച്ചിരുന്നവര്‍ പരസ്പരം കത്തുകള്‍ അയയ്ക്കുന്നു . കാലങ്ങള്‍ക്ക് അപ്പുറവും, ഇപ്പുറവുമിരുന്ന്, ആ കത്തുകളിലൂടെ തങ്ങളുടെ ദുഖവും, സന്തോഷവും, പ്രണയവുമെല്ലാം അവര്‍ പങ്ക് വെയ്ക്കുന്നു. അങ്ങനെ തങ്ങളുടെ ജീവിതങ്ങളെ അവര്‍ പരസ്പരം സ്പര്‍ശിച്ചു കൊണ്ടേയിരിക്കുന്നു.

രണ്ട് time plane ല്‍ നടക്കുന്നത് കൊണ്ടുണ്ടാകുന്ന ചില്ലറ ആശയക്കുഴപ്പങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഇതൊരു മനോഹര ചിത്രമാണ്. ലാളിത്യവും, ദ്രിശ്യഭംഗിയും, ആവോളം ഉള്ളതും ക്ലീഷേകളുടെ ഭാരങ്ങള്‍ ഇല്ലാത്തതുമായ ഒരു ചിത്രം . 2006ല്‍ ഇതിന്‍റെ ഹോളിവുഡ്‌ പതിപ്പ് The Lake House എന്ന പേരില്‍ പുറത്തിറങ്ങുകയുണ്ടായി. അതിന്‍റെ അവസ്ഥ എന്തായി എന്ന് നിശ്ചയമില്ല.


ഈ സിനിമയെക്കുറിച്ച്, വിക്കി പീഡിയയില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു
 "This time-travel romance was not a popular success in 2000, selling less than a quarter million tickets in Seoul (upstaged by not only the similar-themed Ditto, but also the controversial Lies), but since then it has developed a loyal fan base a la Somewhere in Time and attained the status of a minor classic among Korean cinema fans."




Jun Ji-hyun as Eun-joo