Director: Jean-Pierre Jeunet

2001ല്‍ പുറത്തിറങ്ങിയ Amélie എന്ന ചിത്രം കണ്ടവരാരും Jean-Pierre Jeunet എന്ന സംവിധായകനേയോ, Audrey Tautou എന്ന നടിയേയോ മറക്കാന്‍ കഴിയില്ല. ഇതേ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് A Very Long Engagement.
എല്ലാ യുദ്ധങ്ങളുടെയും അര്‍ത്ഥ ശൂന്യതയെക്കുറിച്ച്... എല്ലാ ദുരിതങ്ങളേയും അതിജീവിക്കാമെന്ന മനുഷ്യന്‍റെ പ്രത്യാശയെക്കുറിച്ച്... തീക്ഷ്ണമായ പ്രണയത്തെക്കുറിച്ച്... പറയുകയാണ് A Very Long Engagement. യുദ്ധത്തിനു പോയ കാമുകനെ കാത്തിരിക്കുന്ന ഒരു പാട് നായികമാരെ ലോക സിനിമ അവതരിപ്പിച്ചിട്ടുണ്ട്. ഇവിടെ Mathilde Donnay തന്‍റെ കാമുകനായ Manech Langonnet നെ കാത്തിരിക്കുകയാണ്. യുദ്ധത്തില്‍ അയാള്‍ മരിച്ചു പോയി എന്നാണ് എല്ലാവരും വിശ്വസിച്ചിരിക്കുന്നത്, അധികാരികള്‍ പോലും.
പക്ഷെ യുക്തിപരമായ എല്ലാ വാദങ്ങള്‍ക്കുമപ്പുറം, അയാള്‍ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന് അവള്‍ ഉറച്ച് വിശ്വസിക്കുന്നു. കണ്ടിരിക്കുന്ന പ്രേക്ഷകര്‍ പോലും ഈ കാര്യത്തില്‍ അവളോട് യോജിക്കില്ല. Mathilde Donnay നടത്തുന്ന നിരന്തര അന്വേഷണത്തിലൂടെ, അവളുടെ പഴയ കാലം അനാവരണം ചെയ്യുന്ന ഫ്ലാഷ് ബാക്ക്കളിലൂടെ, ചിത്രം വികസിക്കുന്നു. അവളെ സഹായിക്കാന്‍ മുന്നോട്ടു വരുന്നവര്‍, അവള്‍ ചുറ്റും കാണുന്നവര്‍ അങ്ങനെ ഒരുപാടു പേരുടെ ജീവിതം ചിത്രം സ്പര്‍ശിക്കുന്നുണ്ട്. ഒടുവില്‍ നമ്മുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തെ ഒരു തുരുത്തില്‍ ചിത്രം നങ്കൂരം ഇടുമ്പോള്‍, ഒരിക്കലും മറക്കാന്‍ കഴിയാത്ത , വേട്ടയാടുന്ന ചിത്രമായി തീരുന്നു
അവിസ്മരണീയമായ ഒരു ആഖ്യാന ശൈലി കൂടിയാണ് ഈ ചിത്രത്തെ മികച്ചതാക്കുന്നത്. പെയിന്റിംഗ് പോലെ മനോഹരമായ ഫ്രെയിമുകള്‍, നിഷ്കളങ്കമായ തമാശകള്‍, അലസോരപ്പെടുത്താത്ത ഫ്ലാഷ് ബാക്കുകള്‍, ചെറിയ സന്തോഷങ്ങള്‍, വലിയ ദുഃഖങ്ങള്‍ അങ്ങനെ...അങ്ങനെ...വേറിട്ട ഒരനുഭവമാകുന്നു ഈ ചിത്രം. സാധാരണ യുദ്ധ ചിത്രങ്ങളിലെ പോലെ, രക്തചൊരിച്ചില്‍ കൊണ്ടല്ല ഈ ചിത്രം യുദ്ധ കെടുതികള്‍ പറയുന്നത്. മറിച്ച് യുദ്ധം തകര്‍ത്തെറിഞ്ഞ ജീവിത സ്വപ്‌നങ്ങള്‍ പകര്‍ത്തിയാണ് A Very Long Engagement നമ്മെ കീഴ്പ്പെടുത്തുന്നത്.
"""ഇങ്ങനെയൊക്കെ പ്രണയിക്കാന്‍, ഇങ്ങനെയൊക്കെ ജീവിതത്തോട് പ്രത്യാശ പുലര്‍ത്താന്‍ നമുക്കാവുമോ എന്ന് എനിക്കറിയില്ല. പക്ഷെ, എനിക്കറിയാത്തതുകൊണ്ട് പ്രണയവും, പ്രത്യാശയും ഇല്ലാതാവുന്നില്ലല്ലോ ?! A Very Long Engagement പറയുന്നതും മറ്റൊന്നല്ല.""""""

നല്ല തുടക്കം ആശംസകള്‍ .............
ReplyDeleteനന്ദി സുഹൃത്തേ..............
Deleteഈ ബ്ലോഗ് ജാലകത്തില്‍ ചേര്‍ക്കൂ http://www.cyberjalakam.com/aggr/
ReplyDelete