Showing posts with label കോമഡി. Show all posts
Showing posts with label കോമഡി. Show all posts

Monday, 27 January 2014

Caramel (Arabic 2007)

Director :: Nadine Labaki 

ബെയ്റൂത്ത് നഗരത്തെക്കുറിച്ച്...സ്ത്രീകളെക്കുറിച്ച്‌...അവരുടെ പ്രണയങ്ങളേയും, പ്രണയഭംഗങ്ങളേയും കുറിച്ച്...ലബനീസ് സംവിധായികയായ Nadine Labaki പകര്‍ത്തിയ കവിതയാണ് Caramel. പ്രണയാതുരമായ ഒരു ആഖ്യാനത്തില്‍, ഒഴിവാക്കാനാവാത്ത വിധം മനോഹരമായ ചിത്രങ്ങളിലൊന്നായി തീരുന്നു Caramel. 

ബെയ്റൂത്ത് നഗരത്തിലെ ഒരു ബ്യൂട്ടിപാര്‍ലര്‍ ആണ് ഈ സിനിമയുടെ കഥാ കേന്ദ്രം. ഉടമസ്ഥയുടെ, ജീവനക്കാരുടെയൊക്കെ ജീവിതത്തിലൂടെ അഞ്ചു വനിതകളുടെ ജീവിതത്തെക്കുറിച്ച് ഈ സിനിമ സംസാരിക്കുന്നു... ലോകമെമ്പാടുമുള്ള സ്ത്രീകളെക്കുറിച്ച്‌, അവരുടെ ലോകത്തു നിന്ന്, അവരുടെ പ്രതിധിയായി സംസാരിക്കുകയാണ് സംവിധായിക. കോമഡിയുടെ ശ്രേണിയില്‍ പെടുത്താവുന്ന, ജീവിതത്തോട് വളരെ അടുത്തു നില്‍ക്കുന്ന സിനിമകളില്‍ ഒന്നാണ് Caramel. 

നടിയും സംവിധായികയുമായ Nadine Labaki ന്‍റെ ആദ്യ ചിത്രമാണിതെന്ന് വിശ്വസിക്കുക പ്രയാസമാണ്.(സിനിമയുടെ പ്രധാനകഥാപാത്രമായി വേഷമിട്ടിരിക്കുന്നതും സംവിധായിക തന്നെയാണ്.). നിരവധി തലങ്ങലുള്ള, ഒരു പിടി ആശയങ്ങളെ, കിടയറ്റ ദ്രിശ്യാവിഷ്കാരത്തിലൂടെ, വൈകാരികമായി സംവേദനം ചെയ്യാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നു. 

അന്താരാഷ്‌ട്ര മേളകളില്‍ ശ്രദ്ധ നേടിയ Caramel ശേഷം 2011ല്‍ "Where Do We Go Now?" എന്ന ചിത്രം കൂടി Nadine Labaki സംവിധാനം ചെയ്യുകയുണ്ടായി. ഈ ചിത്രവും മികച്ച നിരൂപക പിന്തുണ നേടുകയുണ്ടായി. Caramel കണ്ടവരാരും "Where Do We Go Now?" കാണാതെ പോവില്ല.



Friday, 1 March 2013

Good bye, Lenin! (German, 2003)

Director: Wolfgang Becker



1990 ലെ ബെര്‍ലിന്‍ മതിലിന്‍റെയും, ഒപ്പം സോഷ്യലിസ്റ്റ്‌ ജര്‍മ്മനിയുടെ തകര്‍ച്ചയേയും വളരെ വെത്യസ്തമായ വീക്ഷങ്ങളിലൂടെ കാണുകയാണ് Good bye, Lenin!. ഒരേ സമയം ഒരു പാട് തലങ്ങളുളള, രാഷ്ട്രീയ വായനയും, ഹൃദയ സ്പര്‍ശിയായ ഒരു കുടുബ ചിത്രവുമായി പരിണമിക്കുന്നു Good bye, Lenin!. ബെര്‍ലിന്‍ മതിലിനും, അത് വഴി ഉരുക്കുമുഷ്ടി രാഷ്ട്രീയത്തിനും എതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന മകനും, പാര്‍ടിയില്‍ അടിയുറച്ചു വിശ്വസിക്കുന്ന അമ്മയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍..... മകനെ പൊലീസ് അറസ്റ്റു ചെയ്യുന്നത് കണ്ടു ബോധരഹിതയായി വീഴുന്ന അമ്മ പിന്നിട് ദിവസങ്ങളോളം, ആ അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. അമ്മ ബോധമറ്റ്‌ കിടക്കുന്ന ആ ദിവസങ്ങളില്‍ തന്നെയാണ്, ബെര്‍ലിന്‍ മതിലും,സോഷ്യലിസ്റ്റ്‌ ഭരണകൂടവും നിലംപതിക്കുന്നത്. ഒടുവില്‍ അമ്മയ്ക്ക് ബോധം തിരിച്ചു കിട്ടിയപ്പോഴേക്കും, അവരുടെ രാജ്യം തിരിച്ചറിയാനാവാത്ത വിധം മാറിയിരുന്നു. അവര്‍ ജീവനു  തുല്യം പ്രണയിച്ച പലതും ചരിത്രമായി കഴിഞ്ഞു. ഹൃദ്രരോഗി ആയ അവര്‍ ഈ ഞെട്ടല്‍ താങ്ങില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയാണ്... എത്രയും നാള്‍ അവര്‍ ഈ സത്യം അറിയാതിരിക്കുന്നുവോ അത്രയും ദിവസങ്ങള്‍ കൂടി അവര്‍ ജീവിച്ചിരിക്കും...............അമ്മ ജീവിച്ച കാലം, അതേ രൂപത്തില്‍ അവരുടെ മുന്‍പില്‍ അവതരിപ്പിക്കുക മാത്രമാണ് മകന്‍റെ മുന്‍പിലുള്ള ഏക വഴി. മാറ്റങ്ങളുടെ ആ പെഴുമഴക്കാലത്ത്  അതൊട്ടും എളുപ്പവുമല്ല................




ചിത്രത്തിന്‍റെ അവസാനം സംവിധായകന്‍ ഒരു സ്വപ്നം പങ്കു വെയ്ക്കുന്നു. ബെര്‍ലിന്‍ മതിലുകള്‍ പൊളിച്ചു പുറത്തേക്കു ഒഴുകുകയും, ഒപ്പം കാറ്റും വെളിച്ചവും കടക്കുകയും ചെയ്യുന്ന ഒരു സോഷ്യലിസ്റ്റ്‌ സമൂഹം. നടക്കാതെ പോയെങ്കിലും, ഇനിയും നടന്നു തീര്‍ക്കാനുള്ള ദൂരത്തെ ഓര്‍മിപ്പിച്ച്.......ഒരു സുന്ദര സ്വപ്നമായി .......അതിപ്പോഴും അങ്ങേ തലയ്ക്കല്‍ അവശേഷിക്കുന്നു.







Thursday, 28 February 2013

Eternal Sunshine of the Spotless Mind (English, 2004)

Director: Michel Gondry

കുറെ കാലം കഴിഞ്ഞു നടക്കാന്‍ സാധ്യത ഉള്ള ഒരു കഥ പരിസരത്തില്‍ നിന്നാണ് ഈ പ്രണയ ചിത്രം വികസിക്കുന്നത്. നമുക്ക് ഒരു വ്യെക്തിയെക്കുറിച്ചുള്ള (അത് ആരുമായിക്കൊള്ളട്ടെ അച്ഛനോ,അമ്മയോ,കാമുകിയോ..... ) എല്ലാ ഓര്‍മകളും മായിച്ചു കളയാന്‍ കഴിയുന്ന "ശാസ്ത്രം" ഉള്ള ഒരു കാലം. ഇങ്ങനെ ഒരു കാലത്ത് രണ്ടു കമിതാക്കള്‍ തങ്ങളുടെ ഓര്‍മ്മകള്‍ പരസ്പരം മായിച്ചു കളയുന്നു. പെട്ടന്നുണ്ടായ ഒരു ദേഷ്യം നിമിത്തമാണ് ഈ അപകടം സംഭവിക്കുന്നത്. കാമുകി ആണ് അപകടത്തിനു തുടക്കമിടുന്നത് . തന്നെ മറന്നു കഴിഞ്ഞ കാമുകിയെ മറക്കാന്‍ കാമുകനും തീരുമാനിക്കുന്നു. കാമുകന്‍റെ മനസ്സില്‍ നിന്നും കൊഴിയുന്ന ഓര്‍മകളിലൂടെയാണ്‌ ഇവരുടെ ഭൂതകാലം പ്രേക്ഷകന്‍ മനസിലാക്കുന്നത്. ഒടുവില്‍ ഒരു പുതിയ പ്രഭാതത്തില്‍ , തീര്‍ത്തും അപരിചിതരായി , വളരെ അപ്രതീക്ഷിതമായി അവര്‍ വീണ്ടും കണ്ടുമുട്ടുന്നു. Michel Gondry സംവിധാനം ചെയ്ത "Eternal Sunshine of the Spotless Mind" ഇവിടെ ആരഭിക്കുന്നു.





ഈ ചിത്രം അടിമുടി വെത്യസ്തമാണ്. പ്രണയചിത്രം എന്ന്പറയുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു പശ്ചാത്തലത്തില്‍ നിന്നും, തികച്ചു വെത്യസ്തമായ ഒരു ഭൂമികയിലാണ്‌ ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. സ്വപ്നവും, ഓര്‍മകളും, വര്‍ത്തമാന കാലവുമെല്ലാം ഒരൊറ്റ ഫ്രെയിമില്‍ സംവിധായകന്‍ ഒരുക്കുന്നു. Kate Winslet എന്ന നടി യുടെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലേത്.

"ഇതിനെക്കാള്‍ മികച്ച പ്രണയ ചിത്രങ്ങള്‍ ഒരു പക്ഷെ ഉണ്ടായിട്ടുണ്ടാവും. ഇനിയും ഉണ്ടാവുമായിരിക്കും...പക്ഷെ ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. പകരം എന്‍റെ  പ്രിയ ചിത്രങ്ങളില്‍ ആദ്യ സ്ഥാനക്കാരിയായി, ഈ ചിത്രത്തെ ഞാന്‍ ഹൃദയത്തില്‍ ചേര്‍ത്ത് വെയ്ക്കുന്നു."""



Wednesday, 27 February 2013

FRENCH KISS (English, 1995)

Director: Lawrence Kasdan,, Starring::: Meg Ryan, Kevin Kline.

നല്ല സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ മികച്ച ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് മനസിലാക്കാം. എന്നാല്‍ ഒരു നല്ല ചിത്രം അടിച്ചു മാറ്റി, എന്നിട്ടും അരിശം തീരാതെ ആ പടം നാശമാക്കി അവതരിപ്പിക്കുനതിനെ എന്താണ് വിളിക്കേണ്ടത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത "വെട്ടം""എന്ന ചിത്രത്തെ ക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. FRENCH KISS(1995) എന്ന് സായിപ്പ് വിളിച്ച ചിത്രമാണ്‌ പ്രിയദര്‍ശന്‍ "വെട്ടം" ആകിയത്. കാമുകനെ തിരക്കി പോകുന്ന  ഒരു യുവതിയുടെയും,, അവരുടെ ജീവിതത്തിലേക്ക് കടന്നു വന്ന ഒരു കള്ളന്‍റെയും  കഥ അതിമനോഹരമായി, ശുദ്ധ ഹാസ്യത്തിന്‍റെ  അകമ്പടിയോടെ FRENCH KISS(1995) പറയുന്നു. നമുക്ക് വളരെ ഇഷ്ടം തോന്നുന്ന ഒരു ചിത്രം .എന്നാല്‍ അത് "വെട്ടം" ആയപ്പോള്‍ അരോചകം ആയി എന്ന് പറയാതെ വയ്യ. ചിരി എങ്ങനെയാണു മലയാള സിനിമയില്‍ കൊല്ലപ്പെടുന്നതെന്ന് ഈ രണ്ടു ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും.

ഇതിലെ നായികയുടെ(Meg Ryan) അഭിനയം ഗംഭീരം. അത് കാണേണ്ടതാണ്...........




Tuesday, 26 February 2013

LEAP YEAR (English , 2010)

Director::::: Anand Tucker

അയര്‍ലണ്ടിന്‍റെ  ദ്രിശ്യ ഭംഗിയില്‍ ഒരുക്കിയ ഒരു റൊമാന്റിക് കോമഡി ആണ് LEAP YEAR . അമേരിക്കയിലെ നഗര തിരക്കില്‍ നിന്നാണ് അന്നയുടെയും, അവളുടെ കാമുകന്‍ ജെറമിയുടെയും കഥ ആരംഭിക്കുന്നത്. ഡോക്ടര്‍ ആയ കാമുകന്‍ വിവാഹത്തിന് PROPOSE ചെയ്യാത്തതില്‍ അന്ന അല്പം നീരസത്തില്‍ ആണ്. പെട്ടന്ന് ഒരു മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ജെറമി അയര്‍ലണ്ടിലെക്ക് പോകുന്നു. അയര്‍ലണ്ടിലെ വെത്യസ്തമായ ഒരു ആചാരം അപ്പോഴാണ് അന്ന അറിയുന്നത്. എല്ലാ അധി വര്‍ഷവും, ഫെബ്രുവരി 29 താം തീയതി പെണ്‍ക്കുട്ടികള്‍ക്ക് ആണ്കുട്ടികളോട് PROPOSE ചെയ്യാം. ഏതായാലും, അടുത്ത പ്ലെയിനിന് തന്നെ അന്ന അയര്‍ലണ്ടിന് പറക്കുന്നു. പക്ഷെ, എത്തുന്നതോ അയര്‍ലണ്ടിലെ ഒരു കുഗ്രാമാത്തിലും. അപരിചിതമായ വഴിയില്‍, അന്നയെ അവളുടെ കാമുകന്‍റെ  അടുത്തെത്തിക്കാന്‍ Declan എന്ന യുവാവും അവള്‍ക്കൊപ്പം ചേരുന്നു. ജീവിതത്തെക്കുറിച്ച് തികച്ചും വെത്യസ്തമായ കാഴ്ചപ്പാടുകള്‍ സൂക്ഷിക്കുന്ന Declan ന്‍റെയും അന്നയുടെയും, യാത്രയും, അതിന്‍റെ പരിസമാപ്തിയുമാണ് ഈ ചിത്രം.

ഈ ചിത്രത്തില്‍ Declan ചോദിക്കുന്ന ഒരു ചോദ്യം എന്നെ വളരെ ആകര്‍ഷിക്കുകയുണ്ടായി. 
""'If your house is on fire and you have 60 seconds to get one thing,what is it? why?""""


Amy Adams as Anna Brady, Matthew Goode as Declan O'Callaghan



A Very Long Engagement (2004, French)

Director: Jean-Pierre Jeunet



2001ല്‍ പുറത്തിറങ്ങിയ Amélie എന്ന  ചിത്രം കണ്ടവരാരും Jean-Pierre Jeunet എന്ന സംവിധായകനേയോ, Audrey Tautou എന്ന നടിയേയോ  മറക്കാന്‍ കഴിയില്ല. ഇതേ  കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് A  Very Long Engagement.

എല്ലാ യുദ്ധങ്ങളുടെയും അര്‍ത്ഥ ശൂന്യതയെക്കുറിച്ച്... എല്ലാ ദുരിതങ്ങളേയും അതിജീവിക്കാമെന്ന മനുഷ്യന്‍റെ പ്രത്യാശയെക്കുറിച്ച്... തീക്ഷ്ണമായ പ്രണയത്തെക്കുറിച്ച്... പറയുകയാണ്‌ A Very Long  Engagement. യുദ്ധത്തിനു പോയ കാമുകനെ കാത്തിരിക്കുന്ന ഒരു പാട് നായികമാരെ ലോക സിനിമ അവതരിപ്പിച്ചിട്ടുണ്ട്. ഇവിടെ Mathilde Donnay തന്‍റെ കാമുകനായ Manech Langonnet നെ കാത്തിരിക്കുകയാണ്. യുദ്ധത്തില്‍ അയാള്‍ മരിച്ചു പോയി എന്നാണ് എല്ലാവരും വിശ്വസിച്ചിരിക്കുന്നത്, അധികാരികള്‍ പോലും.

പക്ഷെ യുക്തിപരമായ എല്ലാ വാദങ്ങള്‍ക്കുമപ്പുറം, അയാള്‍ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന് അവള്‍ ഉറച്ച് വിശ്വസിക്കുന്നു. കണ്ടിരിക്കുന്ന പ്രേക്ഷകര്‍ പോലും ഈ കാര്യത്തില്‍ അവളോട്‌ യോജിക്കില്ല. Mathilde Donnay നടത്തുന്ന നിരന്തര അന്വേഷണത്തിലൂടെ, അവളുടെ പഴയ കാലം അനാവരണം ചെയ്യുന്ന ഫ്ലാഷ് ബാക്ക്കളിലൂടെ, ചിത്രം വികസിക്കുന്നു. അവളെ സഹായിക്കാന്‍ മുന്നോട്ടു വരുന്നവര്‍, അവള്‍ ചുറ്റും കാണുന്നവര്‍ അങ്ങനെ ഒരുപാടു പേരുടെ ജീവിതം ചിത്രം സ്പര്‍ശിക്കുന്നുണ്ട്. ഒടുവില്‍ നമ്മുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തെ ഒരു തുരുത്തില്‍ ചിത്രം നങ്കൂരം ഇടുമ്പോള്‍, ഒരിക്കലും മറക്കാന്‍ കഴിയാത്ത , വേട്ടയാടുന്ന ചിത്രമായി തീരുന്നു

അവിസ്മരണീയമായ ഒരു ആഖ്യാന ശൈലി കൂടിയാണ് ഈ ചിത്രത്തെ മികച്ചതാക്കുന്നത്. പെയിന്റിംഗ് പോലെ മനോഹരമായ ഫ്രെയിമുകള്‍, നിഷ്കളങ്കമായ തമാശകള്‍, അലസോരപ്പെടുത്താത്ത ഫ്ലാഷ് ബാക്കുകള്‍, ചെറിയ സന്തോഷങ്ങള്‍, വലിയ ദുഃഖങ്ങള്‍ അങ്ങനെ...അങ്ങനെ...വേറിട്ട ഒരനുഭവമാകുന്നു ഈ ചിത്രം. സാധാരണ യുദ്ധ ചിത്രങ്ങളിലെ പോലെ, രക്തചൊരിച്ചില്‍ കൊണ്ടല്ല ഈ ചിത്രം യുദ്ധ കെടുതികള്‍ പറയുന്നത്. മറിച്ച് യുദ്ധം തകര്‍ത്തെറിഞ്ഞ ജീവിത സ്വപ്‌നങ്ങള്‍ പകര്‍ത്തിയാണ് A Very Long Engagement നമ്മെ കീഴ്പ്പെടുത്തുന്നത്.

"""ഇങ്ങനെയൊക്കെ പ്രണയിക്കാന്‍, ഇങ്ങനെയൊക്കെ ജീവിതത്തോട് പ്രത്യാശ പുലര്‍ത്താന്‍ നമുക്കാവുമോ എന്ന് എനിക്കറിയില്ല. പക്ഷെ, എനിക്കറിയാത്തതുകൊണ്ട് പ്രണയവും, പ്രത്യാശയും ഇല്ലാതാവുന്നില്ലല്ലോ ?! A Very Long Engagement പറയുന്നതും മറ്റൊന്നല്ല.""""""