Showing posts with label ഇസ്രായേലി. Show all posts
Showing posts with label ഇസ്രായേലി. Show all posts

Thursday, 9 January 2014

Beaufort (Israeli, 2007)

Director: Joseph Cedar

തിനെട്ടു വർഷം നീണ്ട ഇസ്രയേൽ-ലെബനൻ യുദ്ധത്തിന്‍റെ  അവസാനം കുറിച്ച് കൊണ്ടാണ് 2000 ത്തിൽ Beaufort നിന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങിയത്‌ ... Beaufort മലമുകളിലെ ഇസ്രയേൽ സൈനിക പോസ്റ്റിലെ അവസാന ദിനങ്ങളാണ് ഈ സിനിമ പങ്കുവെയ്ക്കുന്നത്. യുദ്ധ സിനിമയുടെ ശ്രേണിയിൽ പെടുത്താവുന്ന അതിമനോഹരമായ ഒരു ചിത്രമാണിത്. സംഭവം നടക്കുന്നത് ലെബനനിൽ ആണെങ്കിലും, ലോകമെമ്പാടും നടക്കുന്ന എല്ലാ യുദ്ധങ്ങളുടെയും അർത്ഥ ശൂന്യത ഈ ചിത്രത്തിലാകെ നിറഞ്ഞു നില്‍ക്കുന്നു. സ്വയം ബോധ്യപ്പെടുത്താൻ കഴിയാത്ത യുദ്ധത്തിന്‍റെ നടുവിൽ, മരണത്തെ ഭയന്ന്, കഴിയേണ്ടി വരുന്ന സൈനികരുടെ മനോവ്യെഥകൾ തന്നെയാണ് Beaufort അവതരിപ്പിക്കുന്നത്. ഇടയിക്കിടയ്ക്കു എത്തുന്ന മോർട്ടാർ ഷെല്ലുകളും, മിസ്സൈലുകളും, ഇനിയും എന്തിനാണ് അവിടെ തുടരുന്നതെന്ന് അറിയാത്ത സൈനികർ, എത്രെയും വേഗം നാട്ടിൽ പോകാൻ കൊതിക്കുന്നവർ, ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി മാറേണ്ടി വരുന്ന കമാണ്ടർ.............എല്ലാ വികാരവും ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് പകരാൻ കഴിയുന്നത്‌ കൊണ്ടാവാം "തീർച്ചയായും കാണേണ്ട സിനിമ" എന്ന പേരാവും Beaufort നു ചേരുക.

ബെർലിൻ ഫിലിം ഫെസ്റ്റിവൽ അവാർസ് നേടിയ ഈ സിനിമ ഏറ്റവും മികച്ച വിദേശ ചിത്രങ്ങൾക്കുള്ള ഓസ്കാർ നോമിനേഷൻ നേടുകയുണ്ടായി. മറ്റൊരു ഇസ്രായേലി ചിത്രമായ THE BAND'S VISIT തഴയപെട്ടപ്പോൾ ആണ് Beaufort നു അവസരം ലഭിച്ചത്. പക്ഷെ, അതൊന്നും ഈ ഇരു ചിത്രങ്ങളുടെയും പൊലിമ കുറയ്ക്കുന്നില്ല.

ഒരു പക്ഷെ, ഇസ്രയേൽ സൃഷ്ട്ടിച്ച ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാവാം ഈ ചിത്രം. അത് എന്ത് തന്നെ ആയാലും എന്‍റെ പ്രിയ ചിത്രങ്ങളിൽ ഒന്നാണ് Beaufort. എത്ര വേഗമാണ് ഓരോ മികച്ച സിനിമയും നമ്മെ കീഴ്പ്പെടുത്തുന്നത്!




Tuesday, 7 January 2014

Lebanon (Israeli, 2009)

Director: Samuel Maoz


1982ല്‍ ഇസ്രയേല്‍ ലെബനന്‍ മണ്ണില്‍ നടത്തിയ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ചിത്രമാണ് Lebanon. 66മത് Venice International Film Festival ലില്‍ അവാര്‍ഡ്‌ നേടിയ ഈ ചിത്രം, ആ അവാര്‍ഡ്‌ നേടുന്ന ആദ്യ ഇസ്രയേല്‍ ചിത്രമാണ്. സാധാരണ യുദ്ധ ചിത്രങ്ങളില്‍ നിന്നും വെത്യസ്തമായ ഒരു ആഖ്യാനശൈലി ആണ് Lebanon കാത്തു വെയ്ക്കുന്നത്. ഒരു ഇസ്രയേല്‍ യുദ്ധ ടാങ്കിലെ പട്ടാളക്കാരുടെ പരിമിതമായ കാഴ്ചകളിലൂടെ ചിത്രം മുന്നോട്ടു പോകുന്നു. വിരലില്‍ എന്നാവുന്ന സീനുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, മുഴുവന്‍ സിനിമയും നടക്കുന്നത് ടാങ്കിനുള്ളില്‍ തന്നെയാണ്. പുറത്തു നടക്കുന്ന യുദ്ധം എങ്ങനെയാണ് ടാങ്കിലെ ജീവിതത്തെ സങ്കര്‍ഷഭരിതമാക്കുന്നുവെന്നാണ്  Lebanon പറയുന്നത്. ആദ്യമായി യുദ്ധഭൂമിയില്‍ എത്തുന്ന ടാങ്ക് gunner, എത്രെയും വേഗം വീട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന ടാങ്ക് ഡ്രൈവര്‍, തന്‍റെ ചുമതലകളില്‍ അസ്വസ്ഥനായ കമാണ്ടര്‍, ഇടയ്ക്ക് എത്തുന്ന ഒരു ശവശരീരം, ഒരു തടവുകാരന്‍.... .......അസ്വസ്ഥമാക്കുന്ന നിമിഷങ്ങള്‍ ഓരോ കഥാപാത്രവും സൂക്ഷിക്കുന്നു. ഒപ്പം, വഴിതെറ്റി അവര്‍ ശത്രു പാളയത്തില്‍ കുടുങ്ങുകയും ചെയുന്നു.

ദേശീയത കുത്തി നിറച്ച യുദ്ധചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ക്ക് ഈ ചിത്രം ഇഷ്ടപ്പെടാന്‍ വഴിയില്ല. അതിര്‍ത്തിക്കു അപ്പുറമോ, ഇപ്പുറമോ ആയിക്കോട്ടെ....യുദ്ധം വിരസവും, ദുരിതവും, അര്‍ത്ഥശൂന്യവുമാണെന്നാണ് Lebanon പറയുന്നത്.

ഇലക്ട്രിക്‌ മതിലുകളും, ആധുനിക ആയുധശാലയുമായി "'വാഗ്ദത്ത ഭൂമി" കെട്ടിപ്പടുക്കുന്ന ഇസ്രയേല്‍ മണ്ണില്‍ നിന്നും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകുന്നത് ആഹ്ലാദകരമാണ്....അതിലുമുപരി  ആശ്വാസകരമാണ്.