Showing posts with label ജെര്‍മ്മന്‍. Show all posts
Showing posts with label ജെര്‍മ്മന്‍. Show all posts

Thursday, 9 January 2014

Beaufort (Israeli, 2007)

Director: Joseph Cedar

പതിനെട്ടു വർഷം നീണ്ട ഇസ്രയേൽ-ലെബനൻ യുദ്ധത്തിന്‍റെ  അവസാനം കുറിച്ച് കൊണ്ടാണ് 2000 ത്തിൽ Beaufort നിന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങിയത്‌ ... Beaufort മലമുകളിലെ ഇസ്രയേൽ സൈനിക പോസ്റ്റിലെ അവസാന ദിനങ്ങളാണ് ഈ സിനിമ പങ്കുവെയ്ക്കുന്നത്. യുദ്ധ സിനിമയുടെ ശ്രേണിയിൽ പെടുത്താവുന്ന അതിമനോഹരമായ ഒരു ചിത്രമാണിത്. സംഭവം നടക്കുന്നത് ലെബനനിൽ ആണെങ്കിലും, ലോകമെമ്പാടും നടക്കുന്ന എല്ലാ യുദ്ധങ്ങളുടെയും അർത്ഥ ശൂന്യത ഈ ചിത്രത്തിലാകെ നിറഞ്ഞു നില്‍ക്കുന്നു. സ്വയം ബോധ്യപ്പെടുത്താൻ കഴിയാത്ത യുദ്ധത്തിന്‍റെ നടുവിൽ, മരണത്തെ ഭയന്ന്, കഴിയേണ്ടി വരുന്ന സൈനികരുടെ മനോവ്യെഥകൾ തന്നെയാണ് Beaufort അവതരിപ്പിക്കുന്നത്. ഇടയിക്കിടയ്ക്കു എത്തുന്ന മോർട്ടാർ ഷെല്ലുകളും, മിസ്സൈലുകളും, ഇനിയും എന്തിനാണ് അവിടെ തുടരുന്നതെന്ന് അറിയാത്ത സൈനികർ, എത്രെയും വേഗം നാട്ടിൽ പോകാൻ കൊതിക്കുന്നവർ, ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി മാറേണ്ടി വരുന്ന കമാണ്ടർ.............എല്ലാ വികാരവും ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് പകരാൻ കഴിയുന്നത്‌ കൊണ്ടാവാം "തീർച്ചയായും കാണേണ്ട സിനിമ" എന്ന പേരാവും Beaufort നു ചേരുക.

ബെർലിൻ ഫിലിം ഫെസ്റ്റിവൽ അവാർസ് നേടിയ ഈ സിനിമ ഏറ്റവും മികച്ച വിദേശ ചിത്രങ്ങൾക്കുള്ള ഓസ്കാർ നോമിനേഷൻ നേടുകയുണ്ടായി. മറ്റൊരു ഇസ്രായേലി ചിത്രമായ THE BAND'S VISIT തഴയപെട്ടപ്പോൾ ആണ് Beaufort നു അവസരം ലഭിച്ചത്. പക്ഷെ, അതൊന്നും ഈ ഇരു ചിത്രങ്ങളുടെയും പൊലിമ കുറയ്ക്കുന്നില്ല.

ഒരു പക്ഷെ, ഇസ്രയേൽ സൃഷ്ട്ടിച്ച ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാവാം ഈ ചിത്രം. അത് എന്ത് തന്നെ ആയാലും എന്‍റെ പ്രിയ ചിത്രങ്ങളിൽ ഒന്നാണ് Beaufort. എത്ര വേഗമാണ് ഓരോ മികച്ച സിനിമയും നമ്മെ കീഴ്പ്പെടുത്തുന്നത്!




Saturday, 4 January 2014

The Lives of Others (German: Das Leben der Anderen , 2006)


Directed by:::::::::::: Florian Henckel von Donnersmarck




ജെര്‍മനിയിലെ Stasi ഭരണത്തിന്‍റെ  നാളുകളിലാണ്‌ The Lives of Others നടക്കുന്നത്. തങ്ങളുടെ അധികാര കേന്ദ്രത്തിനെതിരെയുള്ള, എല്ലാ നീക്കങ്ങളുടെയും ചെറുക്കാന്‍, വളരെ ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു "രഹസ്യാനേഷണ ഗ്രൂപ്പ്"നെ ഭരണകൂടം ഉപയോഗിക്കുന്നുണ്ട്. ആ ഗ്രൂപ്പിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളാണ് Gerd Wiesler. ഭരണകൂടത്തിനു അനുകൂലമായും, പ്രതികൂലമായും നില്‍ക്കുന്ന മുഴുവന്‍ പേരെയും ഒരു പോലെ അവര്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു...

എഴുത്തുകാരനായ, Georg Dreymanയും ,അയാളുടെ കാമുകിയേയും നിരീക്ഷിക്കാനുള്ള ജോലി Gerd Wieslerലേക്ക് എത്തുകയാണ്. Georg Dreymanനെതിരെ തെളിവുകള്‍ കണ്ടെത്തി, അയാളെ ജയിലില്‍ അടയ്ക്കുക ചിലരുടെ വെക്തിപരമായ ലക്‌ഷ്യം കൂടിയാണ്. അത് കൊണ്ട് തന്നെയാണ്, Gerd Wieslerനെ ആ ജോലിക്ക് അവര്‍ നിയോഗിക്കുന്നതും. താന്‍ നിരീക്ഷണത്തിലാണ് എന്നറിയാത്ത Georg Dreyman ആകട്ടെ, സര്‍ക്കാരിനെതിരെ രഹസ്യമായി എഴുതാനും ആരഭിക്കുന്നു. Gerd Wiesler കാത്തിരുന്നതും ഇതിനാണ്. പക്ഷെ, അപ്പോഴേക്കും, Georg Dreyman ന്‍റെയുംയും അയാളുടെ കാമുകിയുടെയും ജീവിതം Gerd Wiesler യെയും സ്വാധീനിച്ചു തുടങ്ങിയിരുന്നു. എഴുത്തുക്കാരന്‍റെ  ജീവിതം , അയാള്‍ അറിയാത്ത മറ്റൊരാളുടെ ജീവിതം കൂടി ആയി തീരുന്ന ഹൃദയ സ്പര്‍ശിയായ കഥയാണ്‌ The Lives of Others പിന്നീട് പറയുന്നത്.

2006ലെ ഏറ്റവും മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്ക്കാര്‍ നേടിയ The Lives of Others എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. വളരെ വെത്യസ്തമായ ഒരു കഥാ പശ്ചാത്തലത്തില്‍ നിന്നും, മനുഷ്യ മനസിന്‍റെ ആഴങ്ങളിലേക്ക്....അതിന്‍റെ  പ്രത്യാശകളിലേക്ക് ....ചിത്രം നമ്മെ നയിക്കുന്നു. മനുഷ്യനെക്കുറിച്ച് ഹരിതാഭമായ പ്രത്യാശ ഉയര്‍ത്തിന്നിടത്താണ് The Lives of Others ശ്രദ്ധേയമാകുന്നത്. എല്ലാ അര്‍ത്ഥത്തിലും,ഒരു MUST WATCH MOVIE ആകുന്നു ഈ The Lives of Others.




Wednesday, 1 January 2014

Run Lola Run (German , 1998)

 Director: Tom Tykwer

         

വളരെ "brilliant " ആയ ചിത്രം എന്ന് വിളിക്കാന്‍ കഴിയുന്ന അനുഭവമാണ് Run Lola Run . കഥ തുടങ്ങുന്നത് ഒരു ഫോണ്‍ വിളിയില്‍ നിന്നാണ്. ഫോണിന്‍റെ  മറുതലയ്ക്കല്‍ Lola യുടെ കാമുകന്‍ ഒരു പ്രതിസന്ധിയില്‍ ആണ്. ഒരു മയക്കു മരുന്ന് കച്ചവട ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്ന അയാളുടെ കൈയില്‍ നിന്നും വലിയൊരു തുക നഷ്ടപ്പെടുന്നു. ഇരുപത് മിനിട്ടിനുള്ളില്‍ ആ തുക ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഗ്രൂപ്പ് തലവന്‍ അയാളെ കൊല്ലുമെന്ന് തീര്‍ച്ച യാണ്. തന്‍റെ കാമുകിക്ക് ഇത്രെയും വലിയ തുക ഉണ്ടാക്കാന്‍ കഴിയില്ല എന്നറിയാമെങ്കിലും, വേറെയാരേയും വിളിക്കാന്‍ ഇല്ലാത്തതു കൊണ്ടാണ് അയാള്‍ Lolaയെ വിളിച്ചത്. Lola സഹായിക്കാത്ത പക്ഷം, അടുത്ത് കാണുന്ന കടയില്‍ കയറി മോഷണം നടത്താനാണ് അയാളുടെ തീരുമാനം. എന്ത് തന്നെയായാലും, താന്‍ എത്തുന്നത് വരെ കാത്തിരിക്കാന്‍ Lola ആവശ്യപ്പെടുന്നു. ഇത്രയും വലിയ തുക, ഇരുപതു മിനിട്ടിനുള്ളില്‍ ഉണ്ടാക്കുക എന്നത്, Lola യെ സംബദ്ധിച്ച് നടക്കാന്‍ തീരെ സാധ്യത ഇല്ലാത്ത ഒന്നാണ്. എന്തായാലും, കാമുകനെ രക്ഷിക്കാന്‍ Lola "ഓട്ടം" തുടങ്ങുകയാണ്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ Lolaയുടെ ഓട്ടമാണ് ഈ ചിത്രം. അതൊരു വെറും ഓട്ടം അല്ല. ജീവിതത്തിനു വേണ്ടിയുള്ള മരണ ഓട്ടം .....................

ചിത്രം ശ്രേദ്ധെയമാകുന്നത്, വെത്യസ്തമായ ഒരു കഥാ പശ്ചാത്തലം കൊണ്ട് മാത്രമല്ല. ഈ ചിത്രത്തിന് മൂന്നു ക്ലൈമാക്സുകള്‍ ഉണ്ടെന്നു വേണെമെങ്കില്‍ പറയാം. Lolaയുടെ മൂന്നു ഓട്ടങ്ങള്‍ ചിത്രം കാണിക്കുന്നു. വെത്യസ്തമായ ഈ മൂന്നു ഓട്ടങ്ങള്‍ക്കവസാനം, തികച്ചും വെത്യസ്തമായ മൂന്ന് "ക്ലൈമാകസുകള്‍"" പ്രേക്ഷകനെ കാത്തിരിക്കുന്നു. മികച്ച പശ്ചാത്തല സംഗീതവും, കിടയറ്റ ചിത്രീകരണവും, ഈ ചിത്രത്തെ മറക്കാന്‍ കഴിയാത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഉയര്‍ത്തുന്നു. ജീവിതത്തിന്‍റെ നിശ്ചയധാര്‍ദ്ധ്യവും , ഭാഗ്യ നിര്‍ഭാഗ്യങ്ങളും എല്ലാം ഇഴചേരുന്ന, ആദ്യന്തം പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയുന്ന Run Lola Run കാണാതെ പോകുന്നത് ഒരു നഷ്ട്ടം തന്നെയാണ്.


Friday, 1 March 2013

Good bye, Lenin! (German, 2003)

Director: Wolfgang Becker



1990 ലെ ബെര്‍ലിന്‍ മതിലിന്‍റെയും, ഒപ്പം സോഷ്യലിസ്റ്റ്‌ ജര്‍മ്മനിയുടെ തകര്‍ച്ചയേയും വളരെ വെത്യസ്തമായ വീക്ഷങ്ങളിലൂടെ കാണുകയാണ് Good bye, Lenin!. ഒരേ സമയം ഒരു പാട് തലങ്ങളുളള, രാഷ്ട്രീയ വായനയും, ഹൃദയ സ്പര്‍ശിയായ ഒരു കുടുബ ചിത്രവുമായി പരിണമിക്കുന്നു Good bye, Lenin!. ബെര്‍ലിന്‍ മതിലിനും, അത് വഴി ഉരുക്കുമുഷ്ടി രാഷ്ട്രീയത്തിനും എതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന മകനും, പാര്‍ടിയില്‍ അടിയുറച്ചു വിശ്വസിക്കുന്ന അമ്മയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍..... മകനെ പൊലീസ് അറസ്റ്റു ചെയ്യുന്നത് കണ്ടു ബോധരഹിതയായി വീഴുന്ന അമ്മ പിന്നിട് ദിവസങ്ങളോളം, ആ അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. അമ്മ ബോധമറ്റ്‌ കിടക്കുന്ന ആ ദിവസങ്ങളില്‍ തന്നെയാണ്, ബെര്‍ലിന്‍ മതിലും,സോഷ്യലിസ്റ്റ്‌ ഭരണകൂടവും നിലംപതിക്കുന്നത്. ഒടുവില്‍ അമ്മയ്ക്ക് ബോധം തിരിച്ചു കിട്ടിയപ്പോഴേക്കും, അവരുടെ രാജ്യം തിരിച്ചറിയാനാവാത്ത വിധം മാറിയിരുന്നു. അവര്‍ ജീവനു  തുല്യം പ്രണയിച്ച പലതും ചരിത്രമായി കഴിഞ്ഞു. ഹൃദ്രരോഗി ആയ അവര്‍ ഈ ഞെട്ടല്‍ താങ്ങില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയാണ്... എത്രയും നാള്‍ അവര്‍ ഈ സത്യം അറിയാതിരിക്കുന്നുവോ അത്രയും ദിവസങ്ങള്‍ കൂടി അവര്‍ ജീവിച്ചിരിക്കും...............അമ്മ ജീവിച്ച കാലം, അതേ രൂപത്തില്‍ അവരുടെ മുന്‍പില്‍ അവതരിപ്പിക്കുക മാത്രമാണ് മകന്‍റെ മുന്‍പിലുള്ള ഏക വഴി. മാറ്റങ്ങളുടെ ആ പെഴുമഴക്കാലത്ത്  അതൊട്ടും എളുപ്പവുമല്ല................




ചിത്രത്തിന്‍റെ അവസാനം സംവിധായകന്‍ ഒരു സ്വപ്നം പങ്കു വെയ്ക്കുന്നു. ബെര്‍ലിന്‍ മതിലുകള്‍ പൊളിച്ചു പുറത്തേക്കു ഒഴുകുകയും, ഒപ്പം കാറ്റും വെളിച്ചവും കടക്കുകയും ചെയ്യുന്ന ഒരു സോഷ്യലിസ്റ്റ്‌ സമൂഹം. നടക്കാതെ പോയെങ്കിലും, ഇനിയും നടന്നു തീര്‍ക്കാനുള്ള ദൂരത്തെ ഓര്‍മിപ്പിച്ച്.......ഒരു സുന്ദര സ്വപ്നമായി .......അതിപ്പോഴും അങ്ങേ തലയ്ക്കല്‍ അവശേഷിക്കുന്നു.