Showing posts with label ചൈനീസ്. Show all posts
Showing posts with label ചൈനീസ്. Show all posts

Friday, 10 January 2014

Hero (Chinese,2002)

""People give up their lives for many reasons. For friendship, for love, for an ideal. And people kill for the same reasons …""

Director--Zhang Yimou


"Hero" അഥവാ അവിസ്മരണീയമായ ഒരു ആഖ്യാനം......

Zhang Yimou ന്‍റെ ആദ്യ ചിത്രങ്ങളെ അപേക്ഷിച്ച്, പ്രേക്ഷകനെ അമ്പരപ്പിക്കാൻ പര്യാപ്തമായ വിശാലവും , വർണ്ണാഭവുമായ ഒരു പ്രതലത്തിലാണ് Hero പകർത്തിയിരിക്കുന്നത്. ചൈന രൂപീകൃതമാവുന്നതിനും മുൻപേ, പരസ്പരം പോരടിക്കുന്ന ചെറു രാഷ്ട്രങ്ങളുടെ ഒരു രാഷ്ട്രീയ ഭൂമികയിലാണ്‌ Hero രങ്ങേറുന്നത്. രാജ്യത്തിനു വേണ്ടിയും, സ്വന്തം വിശ്വാസങ്ങൾക്ക് വേണ്ടിയും, കൊല്ലാനും, ചാകാനും തയ്യാറാവുന്ന ഒരു കൂട്ടം ചാവേറുകളുടെ ആത്മ-സങ്കർഷങ്ങളിലൂടെയാണ് ചിത്രം വികാര തീക്ഷ്ണമായി സഞ്ചരിക്കുന്നത്. ഒരു hero യുടെ കഥ എന്നതിനപ്പുറം ഒരു പാട് Heroകളുടെ... ഒരു കാലഘട്ടത്തിന്‍റെ.... സത്യവാങ്ങ്മൂലമായി തീരുന്നുണ്ട് ഈ സിനിമ. നിരന്തരം മാറി മറിയുന്ന കഥാഗതി വായനെയേക്കാൾ , കാഴ്ച്ചയ്ക്കാവും വഴങ്ങുക.

ചിത്രത്തിന്‍റെ ആഖ്യാനം അവിസ്മരണീയം എന്ന് തന്നെ പറയേണ്ടി വരും. വൈകാരിക തലങ്ങളെ അലസോരപെടുത്താതെ, ദ്രിശ്യ ഭംഗിയില്‍ നിറഞ്ഞു കവിയുന്ന രംഗങ്ങളിലൂടെ, മികവുറ്റ പശ്ചാത്തല സംഗീതത്തിന്‍റെ സഹായത്തോടെ, തികവുറ്റ കയ്യടക്കത്തോടെ Zhang Yimou ഈ സിനിമ നിര്‍മ്മിച്ചിട്ടുണ്ട്‌.

"Hero" കണ്ടവര്‍ Zhang Yimou ന്‍റെ മുഴുവന്‍ ചിത്രങ്ങളും തിരഞ്ഞുപിടിച്ച് കാണും. അത്രെയ്ക്കും തീവ്രമാണ് ഈ സിനിമയുടെ വശ്യത...................കാണാത്തവരുടെ ഒരു വലിയ നഷ്ടമാവുകയാണ് "Hero".



The Road Home (Chinese, 1999)


Director: Zhang Yimou

ച്ഛന്‍റെ മരണ വാർത്തയുടെ കനം പേറി , മഞ്ഞ് വീഴുന്ന പാതയിലൂടെ വീട്ടിലേക്ക് മടങ്ങുന്ന Zhao Di യിലാണ് The Road Home ആരംഭിക്കുന്നത്. അച്ഛന്‍റെ  ശവ ദാഹത്തിന്റെ കാര്യത്തിൽ അമ്മ പുലർത്തുന്ന പിടിവാശിയിൽ നിന്നും, കാലത്തിന്‍റെ പുറകിലേക്ക്..... Zhao Diന്‍റെ അച്ഛന്‍റെയും-അമ്മയുടെയും സാധാരണവും, അസാധാരണവുമായ പ്രണയ കഥയിലേക്ക്‌....ആ പ്രണയ കഥയ്ക്ക് ചൂടും, തണുപ്പും നൽകി കൂട്ടിരുന്ന ആ നാട്ടു പാതയിലേക്ക് .... ചൈനീസ്‌ ഗ്രാമീണതയുടെ ദ്രിശ്യ ഭംഗിയിലേക്ക് The Road Home തിരികെ സഞ്ചരിക്കുന്നു.

Zhang Yimou എന്ന സംവിധായകന്‍റെ  Not One Less എന്ന ചിത്രവും പറഞ്ഞത്, സ്നേഹത്തെയും, നന്മകളേയും കുറിച്ചാണ്. സ്നേഹവും, നന്മയും, കരുതലും നമുക്കിടയിൽ എവിടെയെക്കൊയോ അതിജീവിക്കുന്നുവെന്ന് The Road Homeഉം സാക്ഷ്യപെടുത്തുന്നു. ഇരു വഴികളിൽ സഞ്ചരിക്കുന്നുവെങ്കിലും, ഈ രണ്ടു ചിത്രങ്ങളിലും ചില സമാനതകൾ കണ്ടെത്താം. ഗ്രാമവും, ഗ്രാമത്തിലെ സ്കൂളും, ഗ്രാമീണതയും ഒപ്പം നന്മയും, സ്നേഹവുമെല്ലാം ഇരു ചിത്രങ്ങളിലും നിറയുന്നു. Zhang Yimouന്‍റെ Raise the Red Lantern സവിശേഷ പ്രാധാന്യം അർഹിക്കുന്ന ചിത്രമാണ്. അദ്ദേഹത്തിന്‍റെ  മികച്ച ചിത്രമായി പല നിരൂപകരും ചൂണ്ടി കാണിക്കുന്നതും ഈ ചിത്രമാണ്. ചൈനീസ് സിനിമയിലെ അവഗണിക്കാനാവാത്ത സിനിമകൾ ആണ് Zhang Yimouന്‍റെ ചിത്രങ്ങൾ.

ഒരേ സമയം സാധാരണവും, അസാധാരണവുമായ ഒരു പ്രണയ കഥയാണിത്. ജാതിയും, മതവും, കുടുംബവും, സാമ്പത്തികവുമെല്ലാം "റിസെർച്ച്" നടത്തിയ ശേഷം, "പ്രാക്റ്റികലായി" പ്രണയിക്കുന്ന കാലത്ത് ഇതൊരു അസാധാരണ പ്രണയമാണ്. എന്നാൽ ശുഭ പര്യവസാനം ഉള്ള എല്ലാ പ്രണയങ്ങളെപ്പോലെ ഇത് ഒരു സാധാരണ പ്രണയവുമാണ്. അവാർഡുകളുടെ ഒരു നീണ്ട നിര തന്നെ ഈ ചിത്രം നേടുകയുണ്ടായി. 

കിടയറ്റ ദ്രിശ്യ ഭംഗിയും, അതി വൈകാരികത തൊടാത്ത രംഗങ്ങളും, മികച്ച പശ്ചാത്തല സംഗീതവും ചേർന്ന് The Road Home ശരിക്കും വീട്ടിലേക്കുള്ള ഒരു പാതയാണ്. വീട് നൽകാറുള്ള സന്തോഷത്തോടെ, സമാധാനത്തോടെ, ആർദ്രതയോടെ കണ്ടു തീർക്കാവുന്ന ഒരു ചിത്രം.




Still Life (Chinese, 2006)

Director: Jia Zhangke

ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നായ ചൈനയുടെ Three Gorgesന്‍റെ സമീപ പ്രദേശങ്ങളിലാണ് Still Life നടക്കുന്നത്. അണക്കെട്ടിന്‍റെ  നിർമ്മാണം കാരണം വെള്ളത്തിനടിയിലായ ഗ്രാമങ്ങൾ... സ്വയം പറിച്ചു നട്ടുകൊണ്ടിരിക്കുന്ന അവശേഷിപ്പുകൾ...മരണത്തിലേക്ക് നീങ്ങുന്ന നഗരങ്ങൾ...ഇവയ്ക്കിടയിലേക്ക് എത്തുന്ന രണ്ടു പേരുടെ, രണ്ടു ജീവിതങ്ങളാണ് ചിത്രം പറയുന്നത്. ഇരു കഥകളുടെയും പശ്ചാത്തലവും, അവരുടെ പ്രശ്നങ്ങളുടെ സമാനതയും ഒഴിച്ചു നിർത്തിയാൽ ഇരു കഥകളും തമ്മിൽ സിനിമയിൽ കൂട്ടിമുട്ടുന്നില്ല.

വർഷങ്ങൾക്കു മുൻപ് തന്നെ ഉപേക്ഷിച്ചു പോയ ഭാര്യയെ തിരഞ്ഞാണ് Han Sanming ന്‍റെ വരവെങ്കിൽ, രണ്ടു വർഷമായി ഒരു വിവരവുമില്ലാത്ത തന്‍റെ ഭർത്താവിനെ തിരഞ്ഞാണ് Shen Hongന്‍റെ വരവ്. തകർന്നു കൊണ്ടിരിക്കുന്ന തങ്ങളുടെ ജീവിതം തിരികെ പിടിക്കാനുള്ള യാത്രയിലാണ് ഇരുവരും. ദിവസങ്ങൾ നീളുന്ന അവരുടെ അന്വേഷണങ്ങളുടെ പരിസമാപ്തിയിൽ Still Life അവസാനിക്കുന്നു.

മനുഷ്യ ബന്ധങ്ങളെക്കുറിച്ചും, ചൈനയുടെ സാമൂഹിക ജീവിതത്തെക്കുറിച്ചുമെല്ലാം തീക്ഷ്ണമായ നിരീക്ഷണങ്ങൾ ഈ ചിത്രം പങ്കു വെയ്ക്കുന്നു. വാണിജ്യ സിനിമയുടെ വേഗതയെക്കാൾ, ജീവിതത്തിന്‍റെ  വേഗതയില്ലായിമയിലൂടെയാണ് Still Lifeന്‍റെ സഞ്ചാരം. കാലികമായ സാമൂഹ്യ പഠനങ്ങൾക്ക് ഉതകും വിധം ഒരു പാട് കിളിവാതിലുകൾ ഈ സിനിമയിൽ ഉണ്ട്. അതൊക്കെ വായിച്ചെടുക്കാൻ താല്പര്യം ഉള്ളവർക്ക് ഈ സിനിമ നല്ലൊരു അനുഭവം ആകുമെന്ന് തീർച്ച. 

2006 ലെ Venice Film Festivalല്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള Golden Lion Award ഈ ചിത്രം 

നേടുകയുണ്ടായി.


Getting Home (Chinese, 2007)

Director: Zhang Yang

പേര് സൂചിപ്പിക്കുന്നത് പോലെ ഇത് വീട്ടിലേക്കുള്ള യാത്രയാണ്. കൂട്ടുകാരന്‍റെ ശവശരീരവുമായി, അയാളുടെ വീട്ടിലേക്കുള്ള Zhao ന്‍റെ  യാത്ര. സാമ്പത്തിക പരാധീനതകൾ മൂലം, കൂട്ടുകാരന്‍റെ ചുമലിലാണ് പലപ്പോഴും ശവശരീരത്തിന്‍റെ  യാത്ര. അസാധാരണമായ ഈ നീണ്ട യാത്രയിൽ അവർ കണ്ടുമുട്ടുന്ന ഒരുപാട് പേരുടെ ജീവിതത്തിലൂടെയും ഈ ചിത്രം കടന്നു പോകുന്നു. ഇതൊരു "കോമഡി " ചിത്രമാണെന്ന് വേണമെങ്കിൽ പറയാം. പക്ഷെ, ആ കറുത്ത ഫലിതങ്ങൾ തന്നെയാണ് ഈ ചിത്രത്തിന്‍റെ ആത്മാവ്. 

ഒപ്പം സുഹൃത്ത് ബന്ധത്തിന്‍റെയും , സ്നേഹത്തിന്‍റെയുമൊക്കെ ആഴങ്ങളിലെക്കെത്തുന്ന ഒരു പാട് മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ട്. കിടയറ്റ ആഖ്യാന മികവിലൂടെ ചിരിയും, കണ്ണീരും മനോഹരമായി "Getting Home"ൽ കൂടിച്ചേരുന്നു. വീട്, നഗരം, ഗ്രാമം, തൊഴിലാളി ...അങ്ങനെ ഒരുപാട് സൂചകങ്ങളിലൂടെ ഈ സിനിമ വായിക്കാം. ഇതൊന്നും ഇല്ലാതെ ഹൃദയം തൊടുന്ന ഒരു സിനിമ എന്ന നിലയിലും Getting Home വായിച്ചെടുക്കാം. വായന എങ്ങനെ ആയാലും ഒഴിവാക്കാനാവാത്ത വിധം മനോഹരമാണ് Getting Home .

Wednesday, 1 January 2014

Last Train Home (Documentary-Chinese, 2009)

Director: Lixin Fan



ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി കുതിച്ചു കൊണ്ടിരിക്കുന്ന ചൈനയില്‍, വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് Last Train Home എന്ന ഡോക്യുമെന്‍ററി. വ്യവസായ കേന്ദ്രങ്ങളായ ചൈനീസ് നഗരങ്ങളില്‍ ഏതാണ്ട് 130 million കുടിയേറ്റ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഗ്രാമങ്ങളില്‍ നിന്നും, നഗരങ്ങളിലേക്ക് ജോലി ചെയ്യാന്‍ എത്തിയ ഇവര്‍, വര്‍ഷത്തില്‍ ഒരിക്കല്‍, (പുതുവര്‍ഷ സമയത്ത് ) മാത്രമാണ് നാട്ടിലേക്ക് മടങ്ങി പോകുന്നത്. ആ യാത്രയാകട്ടെ ദുരിത പൂര്‍ണവും. ഈ 130 million തൊഴിലാളികളില്‍ ഒരു കുടുംബത്തിന്‍റെ ഒപ്പം സംവിധായകനും കൂട്ടരും , പലവര്‍ഷങ്ങള്‍ കൊണ്ട് നടത്തിയ യാത്രകളുടെ ആകെ തുകയാണ് Last Train Home . മറ്റു പല കുടുംബങ്ങളിലേത് പോലെ, അച്ഛനും, അമ്മയും നഗരത്തില്‍ ജോലി ചെയ്യുന്നു. മകനും, മകളും അമ്മുമ്മയ്ക്ക് ഒപ്പം നാട്ടില്‍ കഴിയുന്നു. മൂത്ത മകളുടെ ചെറു പ്രായത്തില്‍ തന്നെ, ജീവിത മാര്‍ഗം തേടി നഗരത്തില്‍ വരേണ്ടി വന്നവരാണ് ആ മാതാപിതാക്കള്‍.. . മകള്‍ക്ക് ഇപ്പോള്‍ പതിനാറു വയസ്സായിരിക്കുന്നു. ഈ പതിനാറു വര്‍ഷങ്ങളില്‍, വളരെ കുറച്ചു തവണ മാത്രമേ അവര്‍ പരസ്പരം കണ്ടിട്ടുള്ളു. എങ്കിലും മക്കള്‍ നന്നായി പഠിച്ചു രക്ഷപെടും എന്ന പ്രതീക്ഷ ആണ് ആ മാതാപിതാക്കളെ മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ മകള്‍ ആകട്ടെ, പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച്,  നഗരത്തില്‍ ഒരു തൊഴിലാളി ആയി ജോലി നേടുന്നു. അച്ഛനും, അമ്മയും പറയുന്നത് കേള്‍ക്കാന്‍ അവള്‍ തയാറല്ല. അങ്ങനെ പരസ്പരം മനസില്ലാക്കാന്‍ കഴിയാതെ പോകുന്ന ഒരു കുടുംബത്തിലൂടെ, തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ ഒരു സാക്ഷി പറച്ചിലാണ് Last Train Home നടത്തുന്നത്.

വളരെ ആഴത്തില്‍ നമ്മെ അസ്വസ്ഥമാക്കാന്‍ കഴിയുന്നുണ്ട് ഈ ചിത്രത്തിന്. അത് കൊണ്ട് തന്നെയാണ് 2009 തില് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത ചിത്രമായി Last Train Home മാറിയതും. ജീവിതത്തിന്‍റെ തീക്ഷ്ണമായ പ്രതിസന്ധികള്‍ ഒരു അലങ്കാരവും ഇല്ലാതെ, ജീവിതത്തോടൊപ്പം നടന്നു പകര്‍ത്തുകയാണ് സംവിധായകന്‍ ഇവിടെ. നിരവധി വര്‍ഷങ്ങള്‍ കൊണ്ട് പകര്‍ത്തിയ ഒരു ഡോക്യുമെന്‍ററി എന്നത് മാത്രമല്ല, കൃത്യമായ നിലപാടുകള്‍ ഉള്ള നീറുന്ന ഒരു അനുഭവം ആയി മാറാനും ഈ ചിത്രത്തിന് കഴിയുന്നു. ഒപ്പം ചൈനയുടെ പുത്തന്‍ ഭാവങ്ങളും, ഭാവഭേദങ്ങളും നന്നായി Last Train Home വരച്ചിടുന്നു.