
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി കുതിച്ചു കൊണ്ടിരിക്കുന്ന ചൈനയില്‍, വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് Last Train Home എന്ന ഡോക്യുമെന്‍ററി. വ്യവസായ കേന്ദ്രങ്ങളായ ചൈനീസ് നഗരങ്ങളില്‍ ഏതാണ്ട് 130 million കുടിയേറ്റ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഗ്രാമങ്ങളില്‍ നിന്നും, നഗരങ്ങളിലേക്ക് ജോലി ചെയ്യാന്‍ എത്തിയ ഇവര്‍, വര്‍ഷത്തില്‍ ഒരിക്കല്‍, (പുതുവര്‍ഷ സമയത്ത് ) മാത്രമാണ് നാട്ടിലേക്ക് മടങ്ങി പോകുന്നത്. ആ യാത്രയാകട്ടെ ദുരിത പൂര്‍ണവും. ഈ 130 million തൊഴിലാളികളില്‍ ഒരു കുടുംബത്തിന്‍റെ ഒപ്പം സംവിധായകനും കൂട്ടരും , പലവര്‍ഷങ്ങള്‍ കൊണ്ട് നടത്തിയ യാത്രകളുടെ ആകെ തുകയാണ് Last Train Home . മറ്റു പല കുടുംബങ്ങളിലേത് പോലെ, അച്ഛനും, അമ്മയും നഗരത്തില്‍ ജോലി ചെയ്യുന്നു. മകനും, മകളും അമ്മുമ്മയ്ക്ക് ഒപ്പം നാട്ടില്‍ കഴിയുന്നു. മൂത്ത മകളുടെ ചെറു പ്രായത്തില്‍ തന്നെ, ജീവിത മാര്‍ഗം തേടി നഗരത്തില്‍ വരേണ്ടി വന്നവരാണ് ആ മാതാപിതാക്കള്‍.. . മകള്‍ക്ക് ഇപ്പോള്‍ പതിനാറു വയസ്സായിരിക്കുന്നു. ഈ പതിനാറു വര്‍ഷങ്ങളില്‍, വളരെ കുറച്ചു തവണ മാത്രമേ അവര്‍ പരസ്പരം കണ്ടിട്ടുള്ളു. എങ്കിലും മക്കള്‍ നന്നായി പഠിച്ചു രക്ഷപെടും എന്ന പ്രതീക്ഷ ആണ് ആ മാതാപിതാക്കളെ മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ മകള്‍ ആകട്ടെ, പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച്, നഗരത്തില്‍ ഒരു തൊഴിലാളി ആയി ജോലി നേടുന്നു. അച്ഛനും, അമ്മയും പറയുന്നത് കേള്‍ക്കാന്‍ അവള്‍ തയാറല്ല. അങ്ങനെ പരസ്പരം മനസില്ലാക്കാന്‍ കഴിയാതെ പോകുന്ന ഒരു കുടുംബത്തിലൂടെ, തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ ഒരു സാക്ഷി പറച്ചിലാണ് Last Train Home നടത്തുന്നത്.
വളരെ ആഴത്തില്‍ നമ്മെ അസ്വസ്ഥമാക്കാന്‍ കഴിയുന്നുണ്ട് ഈ ചിത്രത്തിന്. അത് കൊണ്ട് തന്നെയാണ് 2009 തില് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത ചിത്രമായി Last Train Home മാറിയതും. ജീവിതത്തിന്‍റെ തീക്ഷ്ണമായ പ്രതിസന്ധികള്‍ ഒരു അലങ്കാരവും ഇല്ലാതെ, ജീവിതത്തോടൊപ്പം നടന്നു പകര്‍ത്തുകയാണ് സംവിധായകന്‍ ഇവിടെ. നിരവധി വര്‍ഷങ്ങള്‍ കൊണ്ട് പകര്‍ത്തിയ ഒരു ഡോക്യുമെന്‍ററി എന്നത് മാത്രമല്ല, കൃത്യമായ നിലപാടുകള്‍ ഉള്ള നീറുന്ന ഒരു അനുഭവം ആയി മാറാനും ഈ ചിത്രത്തിന് കഴിയുന്നു. ഒപ്പം ചൈനയുടെ പുത്തന്‍ ഭാവങ്ങളും, ഭാവഭേദങ്ങളും നന്നായി Last Train Home വരച്ചിടുന്നു.
No comments:
Post a Comment