Showing posts with label ഡോക്യുമെന്‍റെറി. Show all posts
Showing posts with label ഡോക്യുമെന്‍റെറി. Show all posts

Friday, 4 April 2014

The Lumiere Brothers' First Films (1996)

"The cinema is an invention without a future." -- Louis Lumi

വാചകത്തിന്‍റെ ഏറ്റവും വലിയ കൌതുകം, ഈ വാചകം പറഞ്ഞ വ്യക്തിയെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്. ലോകത്തിലെ ആദ്യ സിനിമാ പ്രദര്‍ശനം നടത്തിയ Lumiere സഹോദരന്മാരില്‍ ഒരാളായ Louis Lumiere സിനിമയെക്കുറിച്ച് പറഞ്ഞ വാചകങ്ങളാണിവ. ആ വാചകങ്ങളില്‍ നിന്നും, സിനിമയുടെ ചക്രവാളം എത്രത്തോളം വളര്‍ന്നുവെന്ന് പറയേണ്ടതില്ലല്ലോ. സാങ്കേതിക മേഖലയ്ക്കൊപ്പം സിനിമയും വളര്‍ന്നു കൊണ്ടിരിക്കുന്നു. ഈ വളര്‍ച്ചയുടെ ആദ്യ പടവായിരുന്നു Lumiere സഹോദരന്മാര്‍ എന്നറിയപെട്ട അഗസ്റ്റെ ലൂമിയറും, ലൂയിസ് ലൂമിയറും. 

1895 ഡിസംബര്‍ 28 നാണ് ലൂമിയര്‍ സഹോദരന്മാര്‍ ആദ്യ സിനിമാ പ്രദര്‍ശനം നടത്തിയത്. 10 ഓളം ഹ്രസ്വ ചിത്രങ്ങള്‍ കൂടിച്ചേര്‍ത്ത് 20 മിനിറ്റോളം ഉള്ള ഒരു സിനിമയായിരുന്നു ഇത്. സിനിമയുടെ ഇപ്പോഴത്തെ നിര്‍വചനങ്ങളിലൂടെ നോക്കിയാല്‍, അതൊരു സിനിമയൊന്നുമല്ല. മറിച്ച് അവര്‍ക്ക് താല്പര്യം തോന്നിയ ചില പുറം ദ്രിശ്യങ്ങളെയാണ് അവര്‍ തിരശീലയിലേക്ക് പകര്‍ത്തിയത്. 

ഈ ദ്രിശ്യങ്ങളില്‍, ലോകത്തെ ആദ്യ സിനിമ എന്നറിയപ്പെടുന്നത് "Exiting the Factory", എന്ന ചിത്രമാണ് (https://www.youtube.com/watch?v=OYpKZx090UE). ഫാക്ടറിയില്‍ നിന്നും പുറത്തേക്ക് വരുന്ന തൊഴിലാളികളുടെ 40 സെക്കന്‍ഡോളം ഉള്ള ഒരു ദ്രിശ്യമായിരുന്നു ഇത്. 


"Exiting the Factory"
പ്ലാറ്റ്ഫോമിലേക്ക് അടുക്കുന്ന ട്രെയിനിനെ പകര്‍ത്തിയ "Arrival of a Train at La Ciotat" എന്ന ചിത്രവും സവിശേഷമായ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ് (https://www.youtube.com/watch?v=1dgLEDdFddk). ട്രെയിന്‍ വരുന്ന ദൃശ്യം കണ്ട്, കാഴ്ചക്കാര്‍ നിലവിളിക്കുകയും, കസേരകള്‍ക്കടിയില്‍ ഒളിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കഥ. വരുന്നത് യഥാര്‍ത്ഥ ട്രെയിനാണോ എന്നതായിരുന്നു പ്രേക്ഷകരുടെ സംശയം. തീവണ്ടിയും, വിമാനവുമൊക്കെ തിരശീലയില്‍ നിന്നും ഇറങ്ങി വരാന്‍ കാത്തിരിക്കുന്ന 3d കാലത്ത് നിന്ന് നോക്കുമ്പോള്‍, അതെല്ലാം കൌതുക കാഴ്ച്ചകളായി തോന്നിപ്പോവും. ഇങ്ങനെ "കൌതുകകരമായ" ഒരു പാട് ലൂമിയര്‍ സിനിമകളുടെ സമാഹരണമാണ് 1996 ല്‍ പുറത്തിറങ്ങിയ The Lumière Brothers' First Films എന്ന ഡോക്യുമെന്‍ററി. 



 "Arrival of a Train at La Ciotat" 

ഫ്രഞ്ച് സിനിമയുടെ പ്രചരണത്തിനും, സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന "ലൂമിയര്‍ ഇന്‍സ്റ്റിട്ട്യൂട്ട്" ആണ് ഈ ഡോക്യുമെന്‍ററി നിര്‍മ്മിച്ചിരിക്കുന്നത്. ലൂമിയര്‍ സഹോദരന്മാരുടെ ആദ്യത്തേതും, പ്രശസ്തവുമായ എല്ലാ ചിത്രങ്ങളും ഈ ഡോക്യുമെന്‍ററിയില്‍ കടന്നു വരുന്നുണ്ട്. "ലൂമിയര്‍ ഇന്‍സ്റ്റിട്ടിന്‍റെ പ്രസിഡന്റ് ഉം, നിരൂപകനും, സംവിധായകനുമൊക്കെയായ Bertrand Tavernier ആണ് ഈ ഡോക്യുമെന്‍ററിയുടെ വിവരണം നിര്‍വഹിച്ചിരിക്കുന്നത്. ആദ്യ സിനിമകളെ പരിചയപ്പെടുത്തുന്നത്തിനൊപ്പം, ആ സിനിമകളുടെ നിര്‍മ്മാണ രീതികളെയും, ചരിത്രത്തെയുമൊക്കെ Bertrand Tavernier വിവരിച്ച് തരുന്നുണ്ട്. ഏഴോളം പാര്‍ട്ടുകളായി, ഈ ഡോക്യുമെന്‍ററി "You Tube"ല്‍ ലഭ്യമാണ്.

ആദ്യ പാര്‍ട്ടിലേക്കുള്ള ലിങ്ക് (https://www.youtube.com/watch?v=JGugm8Dzmuc

"ലൂമിയര്‍ മ്യൂസിയത്തിന്‍റെ വെബ്സൈറ്റിലേക്കുള്ള ലിങ്ക് കൂടി ചേര്‍ക്കുന്നു. ലൂമിയര്‍ സഹോദരന്മാരുടെ സിനിമ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഈ സൈറ്റില്‍ ലഭ്യമാണ്. ( http://www.institut-lumiere.org/english/frames.html )

ലോക സിനിമയുടെ ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ക്ക്, ആയാസരഹിതമായി, കണ്ടിരിക്കാവുന്ന ഒരു അനുഭവമാകുന്നുണ്ട്, The Lumiere Brothers' First Films (1996).


ലൂമിയര്‍ സഹോദരന്മാര്‍. 


Friday, 10 January 2014

Planet Earth (TV Series 2006)


അസാധാരണം............അവിസ്മരണീയം .....Planet Earth. 
ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്...........ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം..........


7
1 ഓളം ക്യാമറാ പ്രവർത്തകർ , ലോകത്തിന്റെ ഏഴു വൻകരകളിലെ 204 സ്ഥലങ്ങളിൽ അഞ്ചു വർഷങ്ങൾ (2002-2006) കൊണ്ട് ചിത്രീകരിച്ച Documentary....

BBC യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ(£16 million) nature documentary....

HD ഫോർമാറ്റിൽ ചിത്രീകരിക്കപെട്ട ആദ്യ nature documentary....

എന്ത് കൊണ്ട് Planet Earth "അസാധാരണമായ" ഒരു documentary ആകുന്നുവെന്നതിന്‍റെ  വലിയ കാരണങ്ങളിൽ ചില ചെറിയ, ചെറിയ സാങ്കേതിക കാരണങ്ങൾ ആണ് ഇത് വരെ പറഞ്ഞത്.BBC , Discovery തുടങ്ങിയവയുടെ സംയുക്ത നിർമ്മാണ ചുമതലയിൽ , നമ്മുടെ ഭൂമിയെക്കുറിച്ച്‌, ഭൂമിയിലെ ജീവ ജാലങ്ങളെ കുറിച്ച് നിർമിക്കപെട്ട documentary ആണ് Planet Earth. മഞ്ഞുറഞ്ഞ ധ്രുവങ്ങൾ മുതൽ, ആഴക്കടലിന്റെ ആഴങ്ങൾ വരെ നീളുന്ന അവിസ്മരണീയമായ ഒരു യാത്ര. ഒരു മണിക്കൂർ നീളമുള്ള 11 എപ്പിസോഡുകൾ ( "From Pole to Pole", "Mountains","Fresh Water","Caves"..."Ocean Deep"). ലോകം ഇതുവരെ ക്യാമറയിലൂടെയോ, നേരിട്ടോ കാണാത്ത, ഇനി ഒരിക്കലും കാണാൻ സാധ്യതയും ഇല്ലാത്ത കാഴ്ചകളുടെ ഒരു HD ഘോഷയാത്ര ആയി തീരുന്നുണ്ട്‌ Planet Earth.

വർഷങ്ങളുടെ പഠന അറിവുകൾ , വാക്കുകൾ പരാജയപെടുന്ന വിധം മനോഹരമായ ഫ്രെയിമുകൾ, ഭാവതീവ്രമായ സംഗീതവും ,കിടയറ്റ ആഖ്യാന മികവും, അസാധാരണമായ എഡിറ്റിംഗ് പാടവം.. ചരിത്രത്തിലെ എക്കാലത്തെയും മികച്ച nature documentary ഇത് തന്നെയാകണം.



ഇതൊരു "ബുദ്ധി ജീവി" documentary ആണെന്ന് ആരും കരുതരുത്. കുട്ടികൾ മുതൽ എല്ലാവരോടും സംവദിക്കാൻ കഴിയുന്ന സുന്ദരമായ ഒരു ലാളിത്യം Planet Earth നുണ്ട്. ഈ documentary ഇത്രെയും സ്വീകാര്യത നേടുന്നതിന് പിന്നിലും ഈ ലാളിത്യം ഒരു നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടാകണം. ലോകമെമ്പാടും ഈ documentary നേടിയ (നേടിക്കൊണ്ടിരിക്കുന്ന) സ്വീകാര്യത തന്നെയാണ് 2011 ലെ Frozen Planetനു BBC ക്ക് പ്രചോദനം ആയി തീർന്നത് .

വ്യെക്തിപരമായി ഈ documentary കണ്ട അനുഭവം കൂടി കുറിച്ചേ മതിയാവൂ...ജീവിതത്തിൽ ഇത് വരെ കണ്ടതിൽ "ഏറ്റവും മികച്ച" ദ്രിശ്യാനുഭവം എന്ന് ഒരു സംശയവുമില്ലാതെ Planet Earth നെ ഞാൻ വിശേഷിപ്പിക്കും. നമ്മൾ ജീവിക്കുന്ന ഭൂമിയുടെ ആഴവും, പരപ്പും ഇതിനു മുൻപ് ഒരിക്കലും ഇത്രെയും തീക്ഷണമായി അനുഭവപെട്ടിട്ടില്ല. ജീവിതത്തിൽ നേരിട്ട് കാണാൻ, ഒരിക്കലും ഒരു സാധ്യതയും ഇല്ലാത്ത ഇത്രെയേറെ കാഴ്ചകൾ, ഇത്രെയും ദ്രിശ്യ ഭംഗിയോടെ കാണുക ഭാഗ്യം ആണെന്ന് തന്നെ ഞാൻ കരുതുന്നു. 

ഈ documentary സാധ്യമാക്കിയ മുഴുവൻ പേരെയും ഏറ്റവും മികച്ച വാക്കുകൾ കൊണ്ട് തന്നെ അഭിനന്ദിച്ച് പോകും. ഒരു പോസ്റ്റിലോ , ഒരു ബുക്കിലോ പറഞ്ഞു "തുടങ്ങാനാവാത്ത " വിധം വിശാലമാകുന്നു Planet Earth. പറയാൻ ഏറെ ഉണ്ടെങ്കിലും ഇവിടെ വാക്കുകൾ അപ്രസക്തമാവും. Planet Earth കാണാൻ തുടങ്ങുന്ന ആദ്യ നിമിഷങ്ങളിൽ തന്നെ നിങ്ങൾക്കത് ബോധ്യപെടും..........

അതെ, ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്...........ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം.........



The Endurance: Shackleton's Legendary Antarctic Expedition (Documentary, English 2001)


Director: George Butler

1914ൽ Ernest Shackleton നടത്തിയ, പരാജിത Antarctic ദൌത്യമാണ് The Endurance എന്ന Documentary പറയുന്നത്. Antarctic തീരത്തേക്കു നീളുന്ന Shackletonന്‍റെ സ്വപ്നങ്ങൾക്ക് ഒരുപാട് പരാജയങ്ങളുടെ കൂട്ടുണ്ടായത് കൊണ്ടാവാം, 1914ലേത് അദ്ദേഹത്തിന്‍റെ അവസാനത്തെ ശ്രമമായിരുന്നു. പക്ഷെ, ഒരു ദിവസത്തെ യാത്ര മാത്രം ബാക്കി നിൽക്കെ, വെറും 90 മൈലുകൾക്കിപ്പുറം, മഞ്ഞിലുറഞ്ഞ "Endurance"നൊപ്പം ( Shackletonന്‍റെ കപ്പലിന്‍റെ പേരായിരുന്നു "Endurance") അയാളുടെ സ്വപ്നങ്ങളും അവസാനിച്ചിരുന്നു. 

മഞ്ഞുരുകുമെന്ന പ്രതീക്ഷയിൽ പിന്നെയും മാസങ്ങൾ നീണ്ട കപ്പൽ വാസം .... 
ഒടുവിൽ മഞ്ഞുറഞ്ഞ കപ്പലിനെ ഉപേക്ഷിച്ച് മടക്ക യാത്രയും.....

ആ യാത്രയിൽ അവർ താണ്ടിയ കടൽ ദൂരങ്ങളെല്ലാം മഞ്ഞ് മൂടിയിരുന്നു. മഞ്ഞു മൂടിയ കടൽ പരപ്പിലൂടെ കര തേടുക മാത്രമാണ് അവരുടെ രക്ഷ. പക്ഷെ, അലിഞ്ഞു തീരുന്ന മഞ്ഞിനു മുൻപേ തീരമണയാത്ത പക്ഷം, ആ ഏകാന്തയിൽ മരവിച്ചു തീരാനാകും വിധി.

Shackleton ഇതു വരെ കണ്ട എല്ലാ സ്വപ്നങ്ങളെക്കാളും മഹത്തരമായ " ഒരു സ്വപ്നം" അയാൾക്ക്‌ മുൻപിലേക്കെത്തുന്നു...തനിക്കൊപ്പം വന്ന 26 സഹയാത്രികരെ ജീവനോടെ തിരികെ നാട്ടിലെത്തിക്കുക... ചരിത്രം രേഖപെടുത്തിയ, അവിശ്വസനീയമായ ഒരു അതിജീവനത്തിന്‍റെ കഥയാണ് പിന്നീടങ്ങോട്ട് The Endurance, വികാര തീവ്രമായി പറയുന്നത്. 

ഇതിന്‍റെ തുടർച്ച എന്ന നിലയിൽ "Shackleton's Antarctic Adventure" എന്ന ഒരു Documentary കൂടി George Butler പുറത്തിറക്കുകയുണ്ടായി. മഞ്ഞ് കടം കൊണ്ട Shackletonന്‍റെ "Endurance" വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ 2013ലും സജീവമാണ്.

ഒരു കൂട്ടം അസാമാന്യ മനുഷ്യരെ, ചരിത്രത്തിന്‍റെ  വിസ്മൃതിയിൽ പെട്ട് പോകാതെ, ആദരവോടെ ഉയർത്തിക്കാട്ടുന്നുണ്ട്‌ ഈ Documentary. ഒരു പക്ഷെ, നാളെ ഒരു ചലച്ചിത്രമായും "Endurance" എത്തിയേക്കാം. Kon-Tiki യെക്കാൾ അപാരമായ സാധ്യതകൾ ഈ ജീവിത കഥയ്ക്കുണ്ട്....

വർഷങ്ങൾക്കിപ്പുറം Ernest Shackletonനും സഹയാത്രികർക്കും നൽകാവുന്ന ഒരു വലിയ ആദരവായി തീരുന്നുണ്ട് The Endurance: Shackleton's Legendary Antarctic Expedition.




Afghan Star (Documentary,English --2009)

Director: Havana Marking


താലിബാന്‍റെ കിരാത ഭരണത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള അഫ്ഗാനിസ്ഥാന്‍റെ  പരിവർത്തന ദിനങ്ങളെ ഒരു സ്പോഞ്ചിൽ എന്ന പോലെ പകർത്തുന്ന ഡോക്യുമെന്ററി ആണ് Havana Marking സംവിധാനം ചെയ്യുകയും Zeitgeist Films വിതരണം നിർവഹിക്കുകയും ചെയ്ത Afghan Star. സംഗീതവും, നൃത്തവും നിരോധിച്ച താലിബാൻ ഭരണത്തിന്‍റെ അന്ത്യ കൂദാശയ്ക്ക് ശേഷം അഫ്ഗാൻ ചാനലിൽ പ്രത്യക്ഷപെട്ട ആദ്യ സംഗീത റിയാലിറ്റി ഷോ ആണ് Afghan Star. ഈ റിയാലിറ്റി ഷോയിലൂടെ, അഫ്ഗാൻ സംഗീതത്തിലൂടെ, മത്സരാർത്തികളുടെ ജീവിതങ്ങളിലൂടെ അഫ്ഗാനിസ്ഥാന്‍റെ ഇരുണ്ടതും...തിളക്കമാർന്നതും ആയ ഭാവങ്ങളെ അതിസമർതമായി വരച്ചിടുന്നുണ്ട് Afghan Star.

Afghan Star എന്ന റിയാലിറ്റി ഷോയോട് ആ ജനത പ്രകാശിപ്പിച്ച വൈകാരികമായ പ്രണയം, ഒരേ സമയം സ്വാതന്ത്ര്യ പ്രഖ്യാപനവും , താലിബാനോടും , മത യാഥാസ്ഥിക വാദത്തോടും ഉള്ള പ്രതിരോധവുമായി തീരുകയാണ്.തലയിൽ തുണിയില്ലാതെ, ഇഷ്ടപെട്ട വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്ന വനിതകൾ... താടി വെയ്ക്കാതെ ജീവിക്കാൻ കഴിയുന്നതിൽ സന്തോഷിക്കുന്ന ചെറുപ്പക്കാർ...സ്വന്തം ഗാനത്തിനൊപ്പം വേദിയിൽ ചുവടു വെയ്ക്കാൻ തയാറായ Setara എന്ന പെണ്‍കുട്ടി,..."എനിക്ക് താലിബാനെ ഭയമില്ല, കാരണം അവർ അവസാനിച്ചു കഴിഞ്ഞു" എന്ന് ക്യാമറക്ക്‌ മുൻപിൽ പറയാൻ തയാറായ റിയാലിറ്റി ഷോ യുടെ അവതാരകൻ. അഫ്ഗാനിസ്ഥാനിൽ പൂവിടുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള പതാക വാഹകരാണ് ഇവരെല്ലാം. 

എന്നാൽ തിളക്കങ്ങൾക്കിടയിലും ഇരുണ്ട കാഴ്ചകൾ ആവോളം ഉണ്ട്. ഒരൊറ്റ രാജ്യത്ത് അനേകം ഗോത്രങ്ങളായി വിഭജിക്കപ്പെട്ട... ചിലപ്പോൾ കുറഞ്ഞതും ചിലപ്പോൾ കൂടിയ അളവിലും മത യാഥാസ്ഥിക വാദത്തിൽ കുടുങ്ങിപ്പോയ ഒരു ജനത. ബാല്യം തുടങ്ങുന്നതിന് മുൻപ് തന്നെ തെരുവിൽ തൊഴിൽ തേടേണ്ടി വന്ന ബാല്യങ്ങൾ, തകർക്കപെട്ട തിയേറ്ററുകൾ, ഗാനത്തിനൊപ്പം ചുവടു വെച്ചതിന്‍റെ പേരിൽ ഒളിവിൽ പോകേണ്ടി വന്ന Setara . ഇവർക്കൊക്കെ അവരാഗ്രാഹിക്കുന്ന ജീവിതത്തിലേക്ക് എത്താൻ ഇനിയും വർഷങ്ങൾ വേണ്ടി വന്നേക്കും. അഫ്ഗാന്‍റെ അശാന്തമായ താഴ്വരകളിൽ ഇപ്പോഴും നിലയ്ക്കാത്ത സ്ഫോടനങ്ങൾ പറയുന്നതും മറ്റൊന്നല്ല.



പ്രമേയം ആവശ്യപെടുന്നത് കൊണ്ടാവണം ആദ്യന്തം സംഗീത സാന്ദ്രമായ അന്തരീക്ഷത്തിലാണ് Afghan Star പകർത്തപെട്ടിരിക്കുന്നത്. ഞാൻ ഈ പോസ്റ്റിൽ കുറിക്കാതെ പോയ...ഞാൻ കാണാതെ പോയ ഒരു പാട് നിരീക്ഷണങ്ങൾക്ക് Afghan Star വഴി തുറക്കുന്നുണ്ട്. സജീവമായ ഒരു പഠന സാധ്യത ഉള്ളത് കൊണ്ടാവണം rotten tomatoesൽ 100 ശതമാനം പ്രേക്ഷക പിന്തുണ ആണ് Afghan Star നേടിയത്.

ഇതൊരു must watch ആണെന്ന് ഞാൻ പറയില്ല. കാരണം അഫ്ഗാനെ കുറിച്ചറിയാതെയും നമുക്ക് ജീവിക്കാം. പക്ഷെ, ഇത്തരം ചിത്രങ്ങൾ നൽകുന്ന തിരിച്ചറിവുകൾ നമ്മൾ അനുഭവിക്കുക തന്നെ വേണം. കാരണം ഒരിക്കൽ കൈവിട്ട് പോയാൽ നമ്മൾ പതിക്കാൻ പോകുന്ന ഗർത്തങ്ങളുടെ ആഴം ഇത്തരം സിനിമകൾ നമ്മെ കാണിച്ചു തരും. ഒപ്പം എല്ലാ ദുരിതങ്ങളേയും അതിജീവിക്കുന്ന അനുപമമായ ഒരു തലം എല്ലാ മനുഷ്യരിലും ഉണ്ടെന്നും Afghan Star സാക്ഷ്യം പറയുന്നു.


ഗാസയുടെയും ,ലെബനനിന്‍റെ യും ആകാശങ്ങൾ ബോംബുകളാൽ നിറഞ്ഞ രാത്രിയിലും , പ്രശസ്ത പാലസ്തീൻ കവി ദാർവിഷ് ഇങ്ങനെ എഴുതി...................

"ഇവിടെ ഈ കുന്നിൻ ചെരുവിൽ 
അസ്തമയത്തിനും കാലപ്രവാഹത്തിനുമെതിരിൽ 
തകർന്ന നിഴലുകളുടെ പൂന്തോട്ടതിനടുത്ത് 
തടവുകാർ ചെയ്യുന്നത് ഞങ്ങളും ചെയ്യുന്നു; 
തൊഴിൽ രഹിതർ ചെയ്യുന്നതും 
ഞങ്ങൾ പ്രതീക്ഷയെ നട്ട് നനച്ച് വളർത്തുന്നു ""

അത്തരം ഒരു പ്രതീക്ഷയുടെ നട്ടുനനയ്ക്കൽ തന്നെയാണ് Afghan Star.



The Death of Kevin Carter: Casualty of the Bang Bang Club (Documentary,English --2005)

Directed by---Dan Krauss



സുഡാനിലെ ക്ഷാമകാല ദൃശ്യം, ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി പകർത്തിയ കെവിൻ കാർറ്റരുടെ ജീവിതത്തിലേക്കുള്ള ഒരു 27 മിനിട്ട് ആണ് The Death of Kevin Carter: Casualty of the Bang Bang Club എന്ന ഡോക്യുമെണ്ടറി. 27 മിനിട്ടുകളിൽ കെവിന്‍റെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ ഇവരൊക്കെ തങ്ങൾക്കറിയാവുന്ന കെവിനെക്കുറിച്ച്, കെവിന്‍റെ  ആത്മഹത്യയെക്കുറിച്ച് ഹ്രെസ്വമായി പറയുന്നുണ്ട്. വളരെ ചെറിയ ഒരു ഡോക്യുമെണ്ടറി ആയതു കൊണ്ടാവാം, കെവിന്‍റെ ജീവിതത്തെയോ, ചിത്രങ്ങളെയോ കൂടുതൽ സമഗ്രമായി പരിഗണിക്കാൻ "The Death of Kevin Carter: Casualty of the Bang Bang Club (2005)" ന് കഴിഞ്ഞു എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ, വളരെ "sensitive"ആയ, ബന്ധങ്ങളെ ആഴത്തിൽ സൂക്ഷിച്ച, ഒരു സാധാരണ മനുഷ്യനെ, "കെവിനെ" വൈകിയ വേളയിലെങ്കിലും പരിചയപ്പെടുത്തുന്നുണ്ട് ഈ ഡോക്യുമെണ്ടറി.

1993 ൽ സുഡാനിൽ ഉണ്ടായ ക്ഷാമത്തിന്‍റെ  ഭീകരത ഒറ്റ ക്ലിക്കിലൂടെ പകർത്തുകയായിരുന്നു കെവിൻ കാർറ്റെർ. ഭക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രയിൽ തളർന്ന് പോയ പെണ്‍കുട്ടിയെയും, പെണ്‍കുട്ടിയുടെ അവസാന ശ്വാസം നിലയ്ക്കാൻ കാത്തിരിക്കുന്ന കഴുകനെയും ഫ്രെയിമിൽ ആക്കാൻ മിനിട്ടുകൾ കെവിൻ ചിലവഴിച്ചു. ആ പെണ്‍കുട്ടി തന്‍റെ  യാത്ര തുടർന്നു എന്നത് കെവിൻ തന്നെ പിന്നീടു പറഞ്ഞിട്ടുണ്ട്.

കെവിൻ കണ്ടതും, പകർത്തിയതും ആയ ഒരുപാട് ദുരിത കാഴ്ചകളിൽ ഒന്ന് മാത്രമായിരുന്നു അത്. എന്നിട്ടും ആ ഒറ്റ ചിത്രത്തോടെ കെവിനെ ലോകമറിഞ്ഞു. പുലിസ്റ്റർ സമ്മാനവും, ഒരായിരം കുറ്റപെടുത്തലുകളും, ഒരുപോലെ, ഒരേ വഴിയിൽ കെവിനെ കാത്ത് നിന്നു . ഒടുവിൽ പുലിസ്റ്റർ നേട്ടത്തിന് മാസങ്ങൾക്കിപ്പുറം, കെവിൻ തന്‍റെ  ജീവനൊടുക്കി . തന്‍റെ ആത്മഹത്യ കുറിപ്പിൽ കെവിൻ വേദനയൊടെ ഇങ്ങനെ എഴുതി.




""''"ഞാൻ മാനസികമായി തകർന്നു ...........ഫോണില്ല............വാടക കൊടുക്കാൻ പണമില്ല..............കുട്ടികളുടെ ആവശ്യത്തിനു പണമില്ല......
പണം!!! ...മുറിവേറ്റതും, പട്ടിണിക്കാരുമായ കുട്ടികളുടെ മരണ ദ്രിശ്യങ്ങൾ, മൃതദേഹങ്ങൾ, ദേഷ്യം, വേദന.............
തോക്കുകൾ കയ്യിലുള്ള ഭ്രാന്തർ, പ്രത്യേകിച്ചു പോലീസുകാർ, കൊലപാതകികൾ.....എല്ലാം എന്നെ വേട്ടയാടുന്നു. ഞാൻ കെന്നിനോടൊത്തു ചേരുവാൻ പോകുന്നു. ഞാൻ അത്ര ഭാഗ്യവാനാണെങ്കിൽ ......"'""" 

(സഹപ്രവർത്തകനായിരുന്ന കെന്നിന്‍റെ  മരണമാണ് കെവിന്‍റെ ആത്മഹത്യയിലേക്കുള്ള ദൂരം വളരെ വേഗം ഇല്ലാതാക്കിയത്. കെവിനോപ്പം ഉള്ള ഫോട്ടോ ചിത്രീകരണത്തിനിടെ വെടിയേറ്റാണ് കെൻ മരിച്ചത്.) 

കെവിന്‍റെ  ആത്മഹത്യയെ കുറിച്ച് കെവിന്‍റെ  ഒരു സുഹൃത്ത് പറഞ്ഞ വാചകങ്ങൾ ഈ ഡോക്യുമെണ്ടറിയിൽ കാണാം. "അവൻ മരിച്ചപ്പോൾ വിചിത്രമായ ഒരു ആശ്വാസം ആണ് എനിക്ക് തോന്നിയത്. ഉറക്കമില്ലാത്ത രാത്രികളും, നീളുന്ന വേദനകളും ആയിരുന്നു കെവിന്‍റെ ജീവിതം. അതെല്ലാം അവസാനിച്ചു. Kevin is over."



ഒരു പ്രൊഫഷണൽ ഫോട്ടൊഗ്രാഫെർ ചെയ്യേണ്ടത് തന്നെയാണ് താൻ ചെയ്തതെന്ന് പുലിസ്റ്റർ നേട്ടത്തിന് ശേഷം നടന്ന ഒരു അഭിമുഖത്തിൽ കെവിൻ പറയുന്നുണ്ട്. തന്‍റെ  ന്യായം കൂടുതൽ പേർക്കും മനസ്സിലാകില്ല എന്ന തിരിച്ചറിവും കെവിൻ പങ്കു വെയ്ക്കുന്നു. കെവിനെതിരെ എതിർ വാദങ്ങൾ എന്ത് പറഞ്ഞാലും , കെവിൻ ആ ചിത്രതിലൂടെ പറയാൻ ശ്രമിച്ച "പട്ടിണിയുടെ, വിശപ്പിന്‍റെ , നിസ്സഹായാതയുടെ ഒരു ലോകത്തെ നമ്മൾ അവഗണിച്ചുകൂടാ. അത്തരം കാഴ്ചകൾ കാണാൻ നമ്മൾ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം..അതുകൊണ്ടാണ് കെവിൻ ക്രൂശിക്കപെട്ടത്‌ . ബെന്യാമിൻ "ആട് ജീവിതത്തിൽ " കുറിച്ച പോലെ 
" നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ട് കഥകൾ മാത്രമാണ്". 
അങ്ങനെ ഒരു കെട്ടുകഥ മാത്രമായി കെവിന്‍റെ  ചിത്രവും കാണാനാണോ നമ്മൾ ആഗ്രഹിച്ചത്‌?

അത് കൊണ്ടാവണം, കെവിൻ മറവിയുടെ താഴ്വാരങ്ങളിലേക്ക് മറഞ്ഞിട്ടും...കാലങ്ങൾ ഒരു പാട് മുന്നോട്ടു പോയിട്ടും ....സൊമാലിയയിലും ..സുഡാനിലും... എന്തിനു നമ്മുടെ അട്ടപ്പാടിയിലും ആ പെണ്‍കുട്ടി വീണ്ടും, വീണ്ടും മരിച്ചു ജീവിക്കുന്നത്.............



Thursday, 9 January 2014

Nostalgia For The Light (Spanish, Documentary, 2010)

Director: Patricio Guzmán


"ഖനിജം" എന്ന നോവലിൽ പി. വി. കെ പനയാൽ ഇങ്ങനെ എഴുതുന്നു. 

"നൂറ്റാണ്ടുകളായി വെയിലും, മഴയും ഏറ്റു നിൽക്കുന്ന ചുമടുതാങ്ങികളും , കൽതൊട്ടികളും ആൽത്തരകളും , മറഞ്ഞു പോയ ഏതോ സംസ്കാരത്തിന്‍റെ  മരിക്കാൻ കൂട്ടാക്കാത്ത അടയാളങ്ങളായി ഇപ്പോഴും നിലനില്ക്കുന്നു എന്ന് മാത്രമേ പറയാനാകൂ. പുതിയ മനുഷ്യർ ഭാരമിറക്കി വെയ്ക്കാനും കാലികളെ വെള്ളം കുടിപ്പിക്കാനും ഇതുപയോഗിക്കുന്നു. അവരൊന്നും അതുണ്ടാക്കിയ മനുഷ്യരെ കുറിച്ചോ, അവരുടെ സഹജീവി സ്നേഹത്തെ ഓർക്കാൻ ഇടയില്ല."

നമ്മൾ മറന്നു പോകുന്ന നമ്മുടെ മുൻ തലമുറകളെ കുറിച്ചുള്ള ഇത്തരം ഒരു ഓർമ്മപ്പെടുത്തൽ ആണ് Nostalgia For The Light.

1973 ല്‍ അലൻദ്ദെ സർക്കാരിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി കൊണ്ടാണ് പിനെഷയുടെ ഏകാധിപത്യം ചിലിയെ കീഴ്പ്പെടുത്തുന്നത്. പിന്നീടുള്ള ഇരുണ്ട നാളുകളിൽ നിരവധി ജനാധിപത്യ സ്നേഹികൾ പിനെഷയുടെ തടങ്കൽ പാളയങ്ങളിൽ കൊല്ലപ്പെടുകയുണ്ടായി. അത്തരം ഒരു പാളയം നില നിന്നിരുന്ന Atacama മരുഭൂമിയിൽ ആണ് Nostalgia For The Light ചിത്രീകരിച്ചിരിക്കുന്നത്. Atacama മരുഭൂമിയിലെ മണ്ണിന്‍റെ  പ്രത്യേകത കാരണം , വർഷങ്ങൾക്കിപ്പുറവും, ഈ തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങൾ പൂർണ്ണമായും നശിച്ചു പോയിട്ടില്ല. മരുഭൂമിയിൽ ഉറഞ്ഞു പോയ അനേകായിരം ശവ ശരീരങ്ങളിൽ നിന്നും, തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശരീരാവഷിഷ്ട്ടങ്ങൾ തിരഞ്ഞ് ഇന്നലകളിലേക്ക് നടക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ വർഷങ്ങൾ വർഷങ്ങൾ നീളുന്ന, ഇന്നും തുടരുന്ന സഹനത്തെ കുറിച്ചാണ് Nostalgia For The Light സംസാരിക്കുന്നത്. ഒപ്പം പുറമേ വിചിത്രം എന്ന് തോന്നാവുന്ന ഒരു comparison സംവിധായകൻ നടത്തുന്നു. Atacama മരുഭൂമിയിൽ തന്നെ ആണ്‌ ലോകപ്രശസത്മായ ഒരു വാന നിരീക്ഷണ കേന്ദ്രം നിലകൊള്ളുന്നത്. യഥാർത്ഥത്തിൽ അവർ നിരീക്ഷിക്കുന്നതും ഇന്നലകളെ തന്നെ ആണെന്ന സത്യം സംവിധായകൻ ഓർമ്മപ്പെടുത്തുകയാണ്. കാരണം കോടാനുകോടി വർഷങ്ങൾക്ക് അപ്പുറം പ്രപഞ്ചത്തിന്‍റെ  ഏതോ കോണിൽ ഉണ്ടായ പ്രകാശ രശ്മികൾ ഇപ്പോഴാവും ഇവിടെ എത്തിയിട്ടുണ്ടാകുക. അപ്പോൾ നമ്മൾ നോക്കുന്നത് ഇന്നലകളിലേക്ക് തന്നെയല്ലേ.

നമ്മളെല്ലാം ജീവിക്കുന്നത് ഇന്നലകളിലും, ഓർമ്മകളിലും തന്നെയാണ് എന്ന് ആഴത്തിൽ അടയാളപ്പെടുത്തുന്നുണ്ട് Nostalgia For The Light. അത് കൊണ്ട് തന്നെ നമുക്ക് മുൻപേ പോയ തലമുറയെ, അവരുടെ സ്വപ്നങ്ങളെ വേദനകളെ നാം കൂടുതൽ പരിഗണനയോടെ സമീപിക്കണം എന്ന് Nostalgia For The Light പറയാതെ പറയുന്നു. 

കാവ്യാത്മകമായി, കിടയറ്റ ദ്രിശ്യ ഭംഗിയോടെ ചിത്രീകരിക്കപെട്ട Nostalgia For The Light "Rotten Tomatoes"" '' ൽ 100 ശതമാനം റേറ്റിംഗ് നേടിയ Documentary കൂടിയാകുന്നു.

Nostalgia For The Light പറയാൻ ആഗ്രഹിച്ചത്‌ വി. കെ ജോസഫ്‌ ലോർക്കയുടെ കവിതയെ സൂചിപ്പിച്ചു എഴുതിയ ഈ വരികളിൽ കാണാം. "ചരിത്രത്തിലെ ദുരന്തങ്ങളെ നാം വിസ്മരിക്കരുത്. എല്ലാ നെടുവീർപ്പുകളും ഒരു നിലവിളിയുടെ അവശേഷിപ്പാണെന്ന്  നാം ഓർക്കണം. കാലത്തിന്‍റെ തിരശീലക്ക് അപ്പുറത്തേക്ക് അപ്രതീക്ഷിതമായി എടുത്തെറിയപ്പെട്ട ലക്ഷക്കണക്കിനു മനുഷ്യരുടെ നിലവിളികൾ വർത്തമാന കാലത്തെ നമ്മുടെ നെടുവീർപ്പുകൾ ആകേണ്ടതുണ്ട്"


അങ്ങനെ ഒരു നെടുവീർപ്പാകാൻ Nostalgia For The Light നു കഴിയുന്നത്‌ കൊണ്ട് തന്നെയാണ് ഇതെന്‍റെ  പ്രിയ Documentaryകളിൽ ഒന്നായി തീരുന്നത്.




Wednesday, 8 January 2014

Sri Lanka's Killing Fields (Documentary, English 2011)

Direction::: Callum Macrae



2009ല് തമിഴ് പുലികള്‍ക്കെതിരെ ശ്രീലങ്കന്‍ സൈന്യം നടത്തിയ അവസാന യുദ്ധം, ചരിത്രത്തില്‍ കൃത്യമായി രേഖപ്പെടുത്താതെ പോയ ഒരു വംശഹത്യ ആയിരുന്നു. ആ വംശഹത്യയുടെ കാണാന്‍ ഒട്ടും സുഖകരമല്ലാത്ത കാഴ്ചകളാണ് channel 4, "Sri Lanka's Killing Fields" എന്ന ഡോക്യുമെന്‍ണ്ടറിയിലൂടെ ലോകത്തോട്‌ പറഞ്ഞത്. സ്വതന്ത്ര നിരീക്ഷ്കരോ, സമാധാന സേനയോ സാക്ഷിയില്ലാതെ നടന്ന ഈ കൂട്ട കുരുതിയില്‍ ഹോമിക്കപെട്ട ഒരു പാട് ജീവിതങ്ങളുടെ ചോരപ്പാടുകള്‍ ഈ ഡോക്യുമെന്‍ണ്ടറിയില്‍ ആകെ നിറഞ്ഞിരിക്കുന്നു. ഇരകളായ പലരും തങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു ആണ് Sri Lanka's Killing Fields നിര്‍മിച്ചിരിക്കുന്നത്. ഒപ്പം കൂട്ടകുരുതിയുടെയും, പീഡനങ്ങളുടെയും ദ്രിശ്യങ്ങള്‍ സ്വന്തം ക്യാമറയില്‍ അഭിമാനമായി പകര്‍ത്തി സൂക്ഷിച്ച ശ്രീലങ്കന്‍ സൈനികരുടെ ശേഖരത്തെയും Sri Lanka's Killing Fields പിന്തുടരുന്നു.

ഈ ദ്രിശ്യങ്ങളില്‍, ഷെല്ല് ആക്രമണത്തിന് ഇടയിലൂടെ ജീവിതം മുറുകെ പിടിച്ചു ഓടുന്ന ഒരു കുടുബത്തിന്‍റെ ദയനീയ രംഗം കാണിക്കുന്നുണ്ട്. ഈ മൊബൈല്‍ ദ്രിശ്യങ്ങള്‍ പകര്‍ത്തുന്ന ആളോട് അവര്‍ പല തവണ ഇങ്ങനെ ചോദിക്കുന്നുണ്ട്. "നമ്മളെല്ലാം മരിക്കാന്‍ പോവുകയാണ്. നീ എന്തിനാണ് ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുന്നത്??""അതിനൊരു മറുപടി അയാള്‍ പറയുന്നില്ല. പക്ഷെ, അയാള്‍ പറയാതെ പോയ ആ മറുപടി ഇന്ന് കൃത്യമായി എനിക്ക് ഊഹിക്കാന്‍ ആവുന്നുണ്ട്.

ഈ ഡോക്യുമെന്‍ണ്ടറി കാണാന്‍ ഈ ലിങ്ക് പിന്തുടരുക. https://www.youtube.com/watch?v=XADVagA2MUk&oref=https%3A%2F%2Fwww.youtube.com%2Fresults%3Fq%3Dthe%2Bkilling%2Bfields%2Bof%2Bsrilanka%26um%3D1%26ie%3DUTF-8%26gl%3DIN%26sa%3DN%26tab%3Dw1&has_verified=1

ഈ ഡോക്യുമെന്‍ണ്ടറിയുടെ വിശാലമായ രണ്ടാം രൂപവും പിന്നീടു പുറത്തു വരികയുണ്ടായി . Sri Lanka's Killing Fields 2 - War Crimes Unpunished എന്ന പേരില്‍ പുറത്തു വന്ന ഈ രണ്ടാം രൂപത്തില്‍ വേലുപ്പിള്ള പ്രഭാകരന്‍റെ  മകന്‍റെ  കൊലപാതകം ആധികാരികമായി തുറന്നു കാണിക്കപ്പെടുന്നു.

ഈ ഡോക്യുമെന്‍ണ്ടറി കാണാന്‍ ഈ ലിങ്ക് പിന്തുടരുക. https://www.youtube.com/watch?v=8dtrfpVJJWg

ഇതു വരെ പറഞ്ഞത് ഇതിന്‍റെ  അടിസ്ഥാന വിവരങ്ങളാണ്. പക്ഷെ, വെക്തിപരമായി ഈ ചിത്രം കണ്ട അനുഭവം കൂടി കുറിക്കാതെ ഈ പോസ്റ്റ്‌ അവസാനിപ്പിക്കാന്‍ കഴിയില്ല. Sri Lanka's Killing Fields" കഷ്ട്ടിച്ചു 50 മിനിട്ട് മാത്രം ഉള്ള ഒരു ഡോക്യുമെന്‍ണ്ടറി ആണ്. പക്ഷെ, ഇത്രയും നീണ്ട ഒരു 50 മിനിട്ട് ഞാന്‍ ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ല. ഇതെപ്പോള്‍ തീരും എന്ന വേവലാതിയോടെ ആണ് ഓരോ ദ്രിശ്യങ്ങളും കണ്ടു പോയത്. അസ്വസ്ഥമാകുന്ന ഓരോ സിനിമയ്ക്കും അവസാനം നമ്മള്‍ ഒരു ആശ്വാസം കണ്ടെത്താറുണ്ട്...കണ്ടതൊരു സിനിമ മാത്രമാണല്ലോ എന്ന ആശ്വാസം....പക്ഷെ, അങ്ങനൊരു ആശ്വാസത്തിന് ഒരു പഴുതും തരാതെ Sri Lanka's Killing Fields അവസാനിച്ചു. നല്ല സിനിമകള്‍ കണ്ട ശേഷം നമ്മള്‍ പലപ്പോഴും പറയാറുണ്ട്‌ ""മറക്കാന്‍ കഴിയാത്ത ചിത്രം" എന്ന്. പക്ഷെ, എങ്ങനെയെങ്കിലും ഈ ഡോക്യുമെന്‍ണ്ടറി മറക്കാന്‍ കഴിയുമോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. എനിക്കതിനു കഴിഞ്ഞാലും ആ ജനതയ്ക്ക് ഇതെല്ലാം മറക്കാന്‍ കഴിയുമോ???എന്നെങ്കിലും???



Bus 174 (Documentary Portuguese, 2002)

Directed by José Padilha


ബ്രസീലില്‍ നടന്ന ഒരു ബസ്‌ റാഞ്ചല്‍ ശ്രമത്തെ ക്കുറിച്ച് പുറത്തിറങ്ങിയ ഡോക്യുമെണ്ടറി ആണ് Bus 174. ബ്രസീല്‍ സൃഷ്‌ടിച്ച കലാസൃഷ്ട്ടികളില്‍ എക്കാലെത്തെയും മികച്ച സൃഷ്ട്ടികളില്‍ ഒന്നായി പരിഗണിക്കുന്ന അനുഭവം ആകുന്നു Bus 174. Bus 174 എന്ന പേരില്‍ ബ്രസീലില്‍ പിന്നീട് അറിയപ്പെട്ട ഈ റാഞ്ചല്‍ ശ്രമം ബ്രസീലിലെ ദ്രിശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു . ഇത്തരം ദ്രിശ്യങ്ങളുടെ സഹായത്തോടെ മുഴുവന്‍ സംഭവവും സംവിധായകന്‍ കൂട്ടിയിണക്കുന്നു. ഒരു ഡോക്യുമെന്‍ട്ടറി ആകുമ്പോള്‍ തന്നെ ആദ്യന്തം ആകാംഷഭരിതമായ ഒരു ആഖ്യാന രീതി Bus 174 കാഴ്ച്ച വെയ്ക്കുന്നു.

Bus 174 ശ്രേദ്ധേയമാകുന്നത്  പക്ഷെ, ഇതുകൊണ്ടൊന്നും കൊണ്ടല്ല. ഈ ഡോക്യുമെന്‍ട്ടറി കാഴ്ച്ച വെയ്ക്കുന്ന തീക്ഷ്ണവും കൃത്യവുമായ സാമൂഹ്യ ബോധം ആണ് Bus 174നെ ഉയരങ്ങളില്‍ നിര്‍ത്തുന്നത്. ബസ്സ്‌ റാഞ്ചാന്‍ ശ്രമിക്കുന്ന Sandro യുടെ ജീവിതത്തിന്‍റെ ഇന്നലകള്‍ കൂടി Bus 174 സമാന്തരമായി അന്വേഷിക്കുന്നു. ആ അന്വേഷണത്തിലൂടെ ബ്രസീലിലെ തെരുവ് ബാലന്‍മാരുടെ ദുരിത ജീവിതം കൂടി സംവിധായകന്‍ തുറന്നു കാട്ടുന്നു. ആരെയും ന്യായികരിക്കാന്‍ അല്ല സംവിധായകന്‍ ശ്രമിക്കുന്നത്, പകരം യഥാര്‍ത്ഥ പ്രശ്നങ്ങളെ യുക്തിപരമായി അന്വേഷിക്കുകയാണ്ഇവിടെ . വൈകാരികമായി നമ്മള്‍ കണ്ടു മറക്കുന്ന സംഭവങ്ങളെ കൃത്യമായി വിശകലനം ചെയ്യേണ്ടത് എങ്ങനെ എന്ന് ഈ ചിത്രം പറയുന്നു, പഠിപ്പിച്ചു തരുന്നു.

മികച്ച അനുഭവങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഒഴിവാക്കാതെ കാണേണ്ട കാഴ്ച്ച ആകുന്നു Bus 174.


കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് ഉപയോഗിക്കുക..http://www.youtube.com/watch?v=4mQ2b-PE7Iw

Add caption

Wednesday, 1 January 2014

Last Train Home (Documentary-Chinese, 2009)

Director: Lixin Fan



ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി കുതിച്ചു കൊണ്ടിരിക്കുന്ന ചൈനയില്‍, വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് Last Train Home എന്ന ഡോക്യുമെന്‍ററി. വ്യവസായ കേന്ദ്രങ്ങളായ ചൈനീസ് നഗരങ്ങളില്‍ ഏതാണ്ട് 130 million കുടിയേറ്റ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഗ്രാമങ്ങളില്‍ നിന്നും, നഗരങ്ങളിലേക്ക് ജോലി ചെയ്യാന്‍ എത്തിയ ഇവര്‍, വര്‍ഷത്തില്‍ ഒരിക്കല്‍, (പുതുവര്‍ഷ സമയത്ത് ) മാത്രമാണ് നാട്ടിലേക്ക് മടങ്ങി പോകുന്നത്. ആ യാത്രയാകട്ടെ ദുരിത പൂര്‍ണവും. ഈ 130 million തൊഴിലാളികളില്‍ ഒരു കുടുംബത്തിന്‍റെ ഒപ്പം സംവിധായകനും കൂട്ടരും , പലവര്‍ഷങ്ങള്‍ കൊണ്ട് നടത്തിയ യാത്രകളുടെ ആകെ തുകയാണ് Last Train Home . മറ്റു പല കുടുംബങ്ങളിലേത് പോലെ, അച്ഛനും, അമ്മയും നഗരത്തില്‍ ജോലി ചെയ്യുന്നു. മകനും, മകളും അമ്മുമ്മയ്ക്ക് ഒപ്പം നാട്ടില്‍ കഴിയുന്നു. മൂത്ത മകളുടെ ചെറു പ്രായത്തില്‍ തന്നെ, ജീവിത മാര്‍ഗം തേടി നഗരത്തില്‍ വരേണ്ടി വന്നവരാണ് ആ മാതാപിതാക്കള്‍.. . മകള്‍ക്ക് ഇപ്പോള്‍ പതിനാറു വയസ്സായിരിക്കുന്നു. ഈ പതിനാറു വര്‍ഷങ്ങളില്‍, വളരെ കുറച്ചു തവണ മാത്രമേ അവര്‍ പരസ്പരം കണ്ടിട്ടുള്ളു. എങ്കിലും മക്കള്‍ നന്നായി പഠിച്ചു രക്ഷപെടും എന്ന പ്രതീക്ഷ ആണ് ആ മാതാപിതാക്കളെ മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ മകള്‍ ആകട്ടെ, പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച്,  നഗരത്തില്‍ ഒരു തൊഴിലാളി ആയി ജോലി നേടുന്നു. അച്ഛനും, അമ്മയും പറയുന്നത് കേള്‍ക്കാന്‍ അവള്‍ തയാറല്ല. അങ്ങനെ പരസ്പരം മനസില്ലാക്കാന്‍ കഴിയാതെ പോകുന്ന ഒരു കുടുംബത്തിലൂടെ, തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ ഒരു സാക്ഷി പറച്ചിലാണ് Last Train Home നടത്തുന്നത്.

വളരെ ആഴത്തില്‍ നമ്മെ അസ്വസ്ഥമാക്കാന്‍ കഴിയുന്നുണ്ട് ഈ ചിത്രത്തിന്. അത് കൊണ്ട് തന്നെയാണ് 2009 തില് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത ചിത്രമായി Last Train Home മാറിയതും. ജീവിതത്തിന്‍റെ തീക്ഷ്ണമായ പ്രതിസന്ധികള്‍ ഒരു അലങ്കാരവും ഇല്ലാതെ, ജീവിതത്തോടൊപ്പം നടന്നു പകര്‍ത്തുകയാണ് സംവിധായകന്‍ ഇവിടെ. നിരവധി വര്‍ഷങ്ങള്‍ കൊണ്ട് പകര്‍ത്തിയ ഒരു ഡോക്യുമെന്‍ററി എന്നത് മാത്രമല്ല, കൃത്യമായ നിലപാടുകള്‍ ഉള്ള നീറുന്ന ഒരു അനുഭവം ആയി മാറാനും ഈ ചിത്രത്തിന് കഴിയുന്നു. ഒപ്പം ചൈനയുടെ പുത്തന്‍ ഭാവങ്ങളും, ഭാവഭേദങ്ങളും നന്നായി Last Train Home വരച്ചിടുന്നു.



Saturday, 2 March 2013

LOOSE CHANGE (English 2005)

Director: Dylan Avery

അമേരിക്കയേയും, ലോകത്തെയും ഞെട്ടിച്ച 9/11 ആക്രമത്തിന്‍റെ ആഴങ്ങളിലേക്കുള്ള അന്വേഷണമാണ് LOOSE CHANGE. ലോകത്തെ മുഴുവന്‍, അമേരിക്കയും, നമ്മുടെ മാധ്യമങ്ങളും പറഞ്ഞു പഠിപ്പിച്ച 9/11 കാഴ്ചകളില്‍ നിന്നും വെത്യസ്തമായ ഒരു കാഴ്ചയാണ് LOOSE CHANGE പങ്കുവെയ്ക്കുന്നത്. ബിന്‍ ലാദനുമപ്പുറം, 9/11 നു പിന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്ത കരങ്ങളുണ്ടെന്നു ചിത്രം പറയുന്നു. പ്ലെയിന്‍ ഇടിച്ചു തകര്‍ന്നു വീണതല്ല വേള്‍ഡ് ട്രേഡ് സെന്‍റര്‍ എന്നും, മറിച്ച്‌, വ്യക്തമായ പ്ലാനിംഗ് ഉള്ള ഒരു Controlled demolition  ആണ് അവിടെ നടന്നതെന്നും ആധികാരികമായി (?) ചിത്രം വാദിക്കുന്നു. ലോകത്ത് ഒരു കെട്ടിടവും, അതിനു മുന്‍പോ,(പ്ലെയിന്‍ ഇടിച്ച കെട്ടിടങ്ങള്‍ പോലും) അതിനു ശേഷമോ ഇങ്ങനെ "പൊഴിഞ്ഞു" വീണിട്ടില്ല. ഇവിടെ തുടങ്ങി, 9/11 നെ ക്കുറിച്ചുള്ള ഒട്ടുമിക്ക OFFICIAL വാദങ്ങളെയും, LOOSE CHANGE വെല്ലുവിളിക്കുന്നു.

 ഈ ചിത്രത്തിന്‍റെ ആധികാരികതയെ പലരും  എതിര്‍ക്കുമ്പോള്‍ പോലും, ഈ ചിത്രം ഉന്നയിക്കുന്ന പല ചോദ്യങ്ങളും എഴുതിതള്ളാന്‍ കഴിയില്ല. കാരണം ഇതൊരു ബാലിശമായ ചിത്രം അല്ല. കോര്‍പ്പറേറ്റ് മാധ്യമങ്ങളും, ഭരണകൂടവും പറയുന്നതാണ് സത്യം എന്ന് എങ്ങനെ വിശ്വസിക്കും? ദേശസ്നേഹവും, തീവ്രവാദവും , വിവാദവും എല്ലാം ഇന്ന് ലക്ഷ്യങ്ങളുടെ (കോടികളുടെ ? ) കച്ചവടം ആണല്ലോ?