Showing posts with label ഇംഗ്ലീഷ്‌. Show all posts
Showing posts with label ഇംഗ്ലീഷ്‌. Show all posts

Friday, 4 April 2014

The Lumiere Brothers' First Films (1996)

"The cinema is an invention without a future." -- Louis Lumi

ഈ വാചകത്തിന്‍റെ ഏറ്റവും വലിയ കൌതുകം, ഈ വാചകം പറഞ്ഞ വ്യക്തിയെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്. ലോകത്തിലെ ആദ്യ സിനിമാ പ്രദര്‍ശനം നടത്തിയ Lumiere സഹോദരന്മാരില്‍ ഒരാളായ Louis Lumiere സിനിമയെക്കുറിച്ച് പറഞ്ഞ വാചകങ്ങളാണിവ. ആ വാചകങ്ങളില്‍ നിന്നും, സിനിമയുടെ ചക്രവാളം എത്രത്തോളം വളര്‍ന്നുവെന്ന് പറയേണ്ടതില്ലല്ലോ. സാങ്കേതിക മേഖലയ്ക്കൊപ്പം സിനിമയും വളര്‍ന്നു കൊണ്ടിരിക്കുന്നു. ഈ വളര്‍ച്ചയുടെ ആദ്യ പടവായിരുന്നു Lumiere സഹോദരന്മാര്‍ എന്നറിയപെട്ട അഗസ്റ്റെ ലൂമിയറും, ലൂയിസ് ലൂമിയറും. 

1895 ഡിസംബര്‍ 28 നാണ് ലൂമിയര്‍ സഹോദരന്മാര്‍ ആദ്യ സിനിമാ പ്രദര്‍ശനം നടത്തിയത്. 10 ഓളം ഹ്രസ്വ ചിത്രങ്ങള്‍ കൂടിച്ചേര്‍ത്ത് 20 മിനിറ്റോളം ഉള്ള ഒരു സിനിമയായിരുന്നു ഇത്. സിനിമയുടെ ഇപ്പോഴത്തെ നിര്‍വചനങ്ങളിലൂടെ നോക്കിയാല്‍, അതൊരു സിനിമയൊന്നുമല്ല. മറിച്ച് അവര്‍ക്ക് താല്പര്യം തോന്നിയ ചില പുറം ദ്രിശ്യങ്ങളെയാണ് അവര്‍ തിരശീലയിലേക്ക് പകര്‍ത്തിയത്. 

ഈ ദ്രിശ്യങ്ങളില്‍, ലോകത്തെ ആദ്യ സിനിമ എന്നറിയപ്പെടുന്നത് "Exiting the Factory", എന്ന ചിത്രമാണ് (https://www.youtube.com/watch?v=OYpKZx090UE). ഫാക്ടറിയില്‍ നിന്നും പുറത്തേക്ക് വരുന്ന തൊഴിലാളികളുടെ 40 സെക്കന്‍ഡോളം ഉള്ള ഒരു ദ്രിശ്യമായിരുന്നു ഇത്. 


"Exiting the Factory"
പ്ലാറ്റ്ഫോമിലേക്ക് അടുക്കുന്ന ട്രെയിനിനെ പകര്‍ത്തിയ "Arrival of a Train at La Ciotat" എന്ന ചിത്രവും സവിശേഷമായ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ് (https://www.youtube.com/watch?v=1dgLEDdFddk). ട്രെയിന്‍ വരുന്ന ദൃശ്യം കണ്ട്, കാഴ്ചക്കാര്‍ നിലവിളിക്കുകയും, കസേരകള്‍ക്കടിയില്‍ ഒളിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കഥ. വരുന്നത് യഥാര്‍ത്ഥ ട്രെയിനാണോ എന്നതായിരുന്നു പ്രേക്ഷകരുടെ സംശയം. തീവണ്ടിയും, വിമാനവുമൊക്കെ തിരശീലയില്‍ നിന്നും ഇറങ്ങി വരാന്‍ കാത്തിരിക്കുന്ന 3d കാലത്ത് നിന്ന് നോക്കുമ്പോള്‍, അതെല്ലാം കൌതുക കാഴ്ച്ചകളായി തോന്നിപ്പോവും. ഇങ്ങനെ "കൌതുകകരമായ" ഒരു പാട് ലൂമിയര്‍ സിനിമകളുടെ സമാഹരണമാണ് 1996 ല്‍ പുറത്തിറങ്ങിയ The Lumière Brothers' First Films എന്ന ഡോക്യുമെന്‍ററി. 



 "Arrival of a Train at La Ciotat" 

ഫ്രഞ്ച് സിനിമയുടെ പ്രചരണത്തിനും, സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന "ലൂമിയര്‍ ഇന്‍സ്റ്റിട്ട്യൂട്ട്" ആണ് ഈ ഡോക്യുമെന്‍ററി നിര്‍മ്മിച്ചിരിക്കുന്നത്. ലൂമിയര്‍ സഹോദരന്മാരുടെ ആദ്യത്തേതും, പ്രശസ്തവുമായ എല്ലാ ചിത്രങ്ങളും ഈ ഡോക്യുമെന്‍ററിയില്‍ കടന്നു വരുന്നുണ്ട്. "ലൂമിയര്‍ ഇന്‍സ്റ്റിട്ടിന്‍റെ പ്രസിഡന്റ് ഉം, നിരൂപകനും, സംവിധായകനുമൊക്കെയായ Bertrand Tavernier ആണ് ഈ ഡോക്യുമെന്‍ററിയുടെ വിവരണം നിര്‍വഹിച്ചിരിക്കുന്നത്. ആദ്യ സിനിമകളെ പരിചയപ്പെടുത്തുന്നത്തിനൊപ്പം, ആ സിനിമകളുടെ നിര്‍മ്മാണ രീതികളെയും, ചരിത്രത്തെയുമൊക്കെ Bertrand Tavernier വിവരിച്ച് തരുന്നുണ്ട്. ഏഴോളം പാര്‍ട്ടുകളായി, ഈ ഡോക്യുമെന്‍ററി "You Tube"ല്‍ ലഭ്യമാണ്.

ആദ്യ പാര്‍ട്ടിലേക്കുള്ള ലിങ്ക് (https://www.youtube.com/watch?v=JGugm8Dzmuc) 

"ലൂമിയര്‍ മ്യൂസിയത്തിന്‍റെ വെബ്സൈറ്റിലേക്കുള്ള ലിങ്ക് കൂടി ചേര്‍ക്കുന്നു. ലൂമിയര്‍ സഹോദരന്മാരുടെ സിനിമ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഈ സൈറ്റില്‍ ലഭ്യമാണ്. ( http://www.institut-lumiere.org/english/frames.html )

ലോക സിനിമയുടെ ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ക്ക്, ആയാസരഹിതമായി, കണ്ടിരിക്കാവുന്ന ഒരു അനുഭവമാകുന്നുണ്ട്, The Lumiere Brothers' First Films (1996).


ലൂമിയര്‍ സഹോദരന്മാര്‍. 


Monday, 3 March 2014

The Bridge on the River Kwai (English 1957)

Director: David Lean
ഹോളിവുഡിലെ, എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ David Leanന്‍റെ വളരെ പ്രസിദ്ധമായ സിനിമകളിലൊന്നാണ് The Bridge on the River Kwai. അക്കാദമി അവാർഡുകൾ, എക്കാലത്തേയും മികച്ച സിനിമകളുടെ പട്ടികകളിലെ സ്ഥാനം... അങ്ങനെയങ്ങനെ..വിശാലമായൊരു ചരിത്രവും, സജീവമായൊരു വർത്തമാനവും, ശോഭനമായൊരു ഭാവിയുമുള്ള ചിത്രമാണിത്. യുദ്ധ പശ്ചാത്തലത്തിൽ കഥ പറയുന്ന, ത്രില്ലർ ശ്രേണിയിൽ ഉൾപ്പെടുത്താവുന്ന ഒരു യുദ്ധ-വിരുദ്ധ ചിത്രമാകുന്നു The Bridge on the River Kwai .

രണ്ടാം ലോക മഹായുദ്ധകാലത്ത്, ജാപ്പനീസ് സൈന്യത്തിന്‍റെ പിടിയിലാകുന്ന ബ്രിട്ടീഷ് സൈനികരിലൂടെ, അവരുടെ കമാണ്ടറിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. തടവുകാരായ സൈനികരെ ഉപയോഗിച്ച്, Kwai നദിക്കു കുറുകെ ഒരു പാലം നിർമ്മിക്കാൻ, ജാപ്പനീസ് കമാണ്ടറായ Saito തീരുമാനിക്കുന്നു. കഥാ വഴിയിലെവിടെയോ, തടവുകാർ തങ്ങളുടെ അഭിമാന പ്രശ്നമായി ഈ പാല നിർമ്മാണം ഏറ്റെടുക്കുന്നു. സൈനിക നീക്കത്തിൽ നിർണ്ണായകമായേക്കാവുന്ന ഈ പാലം തകർക്കാൻ മറ്റൊരു ബ്രിട്ടീഷ് സൈനിക സംഘവും തീരുമാനിക്കുന്നു. ഇവിടെയാണ്‌ സിനിമ ത്രില്ലർ സിനിമകളുടെ പൂർണ്ണതയിലേക്കെത്തുന്നത്.

പുറം കാഴ്ചയിലെ ത്രില്ലർ എന്നതിലുപരി, ആശയപരമായി ഒരു പാട് ആഴങ്ങളുള്ള സിനിമയാണിത്. ശരികളും, തെറ്റുകളും ആപേക്ഷികമാണെന്നും, എല്ലാ യുദ്ധങ്ങളും മനുഷ്യ വിരുദ്ധമാണെന്നും സിനിമ ഓർമ്മിപ്പിക്കുന്നു. സിനിമയുടെ, സാങ്കേതികവും, അല്ലാത്തതുമായ എല്ലാ തലങ്ങളിലും, ഈ സിനിമ ഒരു പാഠപുസ്തകമാവേണ്ടതാണ്. സങ്കീർണ്ണമായ കഥാ പാത്രങ്ങളും, അതിലും സങ്കീർണ്ണമായ കഥാ സന്ദർഭങ്ങളും, കിടയറ്റ സംവിധാന മികവും ചേർന്ന്, ഒരു ക്ലാസിക് സിനിമയുടെ പരിവേശം ഈ സിനിമയ്ക്ക് ചുറ്റുമുണ്ട്.

പഴയ സിനിമകൾ കാണാൻ, കാരണമില്ലാത്തൊരു വിമുഖത കുറച്ചു കാലം മുൻപ് വരെ എനിക്കുണ്ടായിരുന്നു. അതൊരു വലിയ മണ്ടത്തരമാണെന്ന് ബോധ്യപ്പെടുത്തിയത്തിൽ ഈ സിനിമയ്ക്കും ചെറുതല്ലാത്തൊരു പങ്കുണ്ട്.



Friday, 10 January 2014

Lilet Never Happened (English 2012)





"Everyone is only interested in my body and no one is interested in me as a person"-Lilet 

Director--Jacco Groen


"Child Prostitution നെക്കുറിച്ചുള്ള ഒരു Documentary എടുക്കാനുള്ള ശ്രമത്തിനിടയിൽ, ഫിലിപ്പെൻസിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് സംവിധായകനായ Jacco Groen, Lilet എന്ന 12 കാരിയെ ആദ്യമായി കാണുന്നത്. Lilet അവിടെ വെച്ച് പറഞ്ഞ അവളുടെ ജീവിതമാണ് Lilet Never Happened. തന്‍റെ  ജീവിതത്തെക്കുറിച്ച്, പരാജയപെട്ട ആത്മഹത്യ ശ്രമത്തെക്കുറിച്ചെല്ലാം Lilet അന്ന് പറയുകയുണ്ടായി. Lilet പറയാതെ വെച്ച ബാക്കി ജീവിതം കേൾക്കാൻ Jacco Groen മടങ്ങി എത്തിയപ്പോഴേക്കും ഒരു തെളിവു പോലും അവശേഷിപ്പിക്കാതെ Lilet അപ്രത്യക്ഷയായിരുന്നു."

Lilet ന്‍റെ  ജീവിതത്തിലൂടെ, ഫിലിപ്പെൻസിലും, ലോകമെമ്പാടും നടക്കുന്ന Child Prostitutionന്‍റെ ദുരന്ത മുഖങ്ങളെ, ഹൃദയം തൊടുന്ന രീതിയിൽ പുറത്തേക്കു വലിച്ചിടുകയാണ് Lilet Never Happened. Lilet ന്‍റെ ജീവിതത്തോട് പുലർത്തുന്ന ഉന്നതമായ സത്യസന്ധത തന്നെയാണ് ഈ ചിത്രത്തെ മികവുറ്റതാക്കുന്നത്. സ്വന്തം തീരുമാനങ്ങളിലൂടെ മാത്രം നടക്കാൻ വാശിപിടിക്കുന്ന ഒരു 12 കാരിയിലൂടെ...ഓരോ തവണയും Liletനെ രക്ഷിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന Claire എന്ന മനുഷ്യാവകാശ പ്രവർത്തകയിലൂടെ ...ഇര പിടിക്കാൻ കാത്തിരിക്കുന്ന " ഒരു സമൂഹത്തിലൂടെ"... നമ്മുടെ "വലിയ ദുരന്തങ്ങളെ " ഈ ചിത്രം പകർത്തുന്നു. 2002 ൽ പുറത്തിറങ്ങിയ Lilya 4-Ever എന്ന ചിത്രവും, ഈ ചിത്രത്തോടൊപ്പം ചേർത്തു വെയ്ക്കാം. വൈകാരിക തീവ്രതയോടെ, ഉയർന്ന സാമൂഹ്യബോധത്തോടെ..മുഖ്യ ധാര ചിത്രങ്ങൾ പറയാത്ത ജീവിതത്തെ ഈ രണ്ടു ചിത്രങ്ങളും പറയുന്നു. 

സിനിമാ അനുഭവങ്ങളിലെ മറക്കാൻ പറ്റാത്ത മുഖങ്ങളിലൊന്നായി Lilet നെ മാറ്റിയ Sandy Talagനേയും , ഒപ്പം മുഴുവൻ അണിയറ പ്രവർത്തകരേയും ഹൃദയം തുറന്ന് അഭിനന്ദിക്കാം. എങ്കിലും, ഒരു വലിയ വിങ്ങലാണ് ഈ ചിത്രം.

എങ്കിലും, എവിടേക്കാവും Lilet നടന്നു മറഞ്ഞത്?




The Endurance: Shackleton's Legendary Antarctic Expedition (Documentary, English 2001)


Director: George Butler

1914ൽ Ernest Shackleton നടത്തിയ, പരാജിത Antarctic ദൌത്യമാണ് The Endurance എന്ന Documentary പറയുന്നത്. Antarctic തീരത്തേക്കു നീളുന്ന Shackletonന്‍റെ സ്വപ്നങ്ങൾക്ക് ഒരുപാട് പരാജയങ്ങളുടെ കൂട്ടുണ്ടായത് കൊണ്ടാവാം, 1914ലേത് അദ്ദേഹത്തിന്‍റെ അവസാനത്തെ ശ്രമമായിരുന്നു. പക്ഷെ, ഒരു ദിവസത്തെ യാത്ര മാത്രം ബാക്കി നിൽക്കെ, വെറും 90 മൈലുകൾക്കിപ്പുറം, മഞ്ഞിലുറഞ്ഞ "Endurance"നൊപ്പം ( Shackletonന്‍റെ കപ്പലിന്‍റെ പേരായിരുന്നു "Endurance") അയാളുടെ സ്വപ്നങ്ങളും അവസാനിച്ചിരുന്നു. 

മഞ്ഞുരുകുമെന്ന പ്രതീക്ഷയിൽ പിന്നെയും മാസങ്ങൾ നീണ്ട കപ്പൽ വാസം .... 
ഒടുവിൽ മഞ്ഞുറഞ്ഞ കപ്പലിനെ ഉപേക്ഷിച്ച് മടക്ക യാത്രയും.....

ആ യാത്രയിൽ അവർ താണ്ടിയ കടൽ ദൂരങ്ങളെല്ലാം മഞ്ഞ് മൂടിയിരുന്നു. മഞ്ഞു മൂടിയ കടൽ പരപ്പിലൂടെ കര തേടുക മാത്രമാണ് അവരുടെ രക്ഷ. പക്ഷെ, അലിഞ്ഞു തീരുന്ന മഞ്ഞിനു മുൻപേ തീരമണയാത്ത പക്ഷം, ആ ഏകാന്തയിൽ മരവിച്ചു തീരാനാകും വിധി.

Shackleton ഇതു വരെ കണ്ട എല്ലാ സ്വപ്നങ്ങളെക്കാളും മഹത്തരമായ " ഒരു സ്വപ്നം" അയാൾക്ക്‌ മുൻപിലേക്കെത്തുന്നു...തനിക്കൊപ്പം വന്ന 26 സഹയാത്രികരെ ജീവനോടെ തിരികെ നാട്ടിലെത്തിക്കുക... ചരിത്രം രേഖപെടുത്തിയ, അവിശ്വസനീയമായ ഒരു അതിജീവനത്തിന്‍റെ കഥയാണ് പിന്നീടങ്ങോട്ട് The Endurance, വികാര തീവ്രമായി പറയുന്നത്. 

ഇതിന്‍റെ തുടർച്ച എന്ന നിലയിൽ "Shackleton's Antarctic Adventure" എന്ന ഒരു Documentary കൂടി George Butler പുറത്തിറക്കുകയുണ്ടായി. മഞ്ഞ് കടം കൊണ്ട Shackletonന്‍റെ "Endurance" വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ 2013ലും സജീവമാണ്.

ഒരു കൂട്ടം അസാമാന്യ മനുഷ്യരെ, ചരിത്രത്തിന്‍റെ  വിസ്മൃതിയിൽ പെട്ട് പോകാതെ, ആദരവോടെ ഉയർത്തിക്കാട്ടുന്നുണ്ട്‌ ഈ Documentary. ഒരു പക്ഷെ, നാളെ ഒരു ചലച്ചിത്രമായും "Endurance" എത്തിയേക്കാം. Kon-Tiki യെക്കാൾ അപാരമായ സാധ്യതകൾ ഈ ജീവിത കഥയ്ക്കുണ്ട്....

വർഷങ്ങൾക്കിപ്പുറം Ernest Shackletonനും സഹയാത്രികർക്കും നൽകാവുന്ന ഒരു വലിയ ആദരവായി തീരുന്നുണ്ട് The Endurance: Shackleton's Legendary Antarctic Expedition.




Afghan Star (Documentary,English --2009)

Director: Havana Marking


താലിബാന്‍റെ കിരാത ഭരണത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള അഫ്ഗാനിസ്ഥാന്‍റെ  പരിവർത്തന ദിനങ്ങളെ ഒരു സ്പോഞ്ചിൽ എന്ന പോലെ പകർത്തുന്ന ഡോക്യുമെന്ററി ആണ് Havana Marking സംവിധാനം ചെയ്യുകയും Zeitgeist Films വിതരണം നിർവഹിക്കുകയും ചെയ്ത Afghan Star. സംഗീതവും, നൃത്തവും നിരോധിച്ച താലിബാൻ ഭരണത്തിന്‍റെ അന്ത്യ കൂദാശയ്ക്ക് ശേഷം അഫ്ഗാൻ ചാനലിൽ പ്രത്യക്ഷപെട്ട ആദ്യ സംഗീത റിയാലിറ്റി ഷോ ആണ് Afghan Star. ഈ റിയാലിറ്റി ഷോയിലൂടെ, അഫ്ഗാൻ സംഗീതത്തിലൂടെ, മത്സരാർത്തികളുടെ ജീവിതങ്ങളിലൂടെ അഫ്ഗാനിസ്ഥാന്‍റെ ഇരുണ്ടതും...തിളക്കമാർന്നതും ആയ ഭാവങ്ങളെ അതിസമർതമായി വരച്ചിടുന്നുണ്ട് Afghan Star.

Afghan Star എന്ന റിയാലിറ്റി ഷോയോട് ആ ജനത പ്രകാശിപ്പിച്ച വൈകാരികമായ പ്രണയം, ഒരേ സമയം സ്വാതന്ത്ര്യ പ്രഖ്യാപനവും , താലിബാനോടും , മത യാഥാസ്ഥിക വാദത്തോടും ഉള്ള പ്രതിരോധവുമായി തീരുകയാണ്.തലയിൽ തുണിയില്ലാതെ, ഇഷ്ടപെട്ട വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്ന വനിതകൾ... താടി വെയ്ക്കാതെ ജീവിക്കാൻ കഴിയുന്നതിൽ സന്തോഷിക്കുന്ന ചെറുപ്പക്കാർ...സ്വന്തം ഗാനത്തിനൊപ്പം വേദിയിൽ ചുവടു വെയ്ക്കാൻ തയാറായ Setara എന്ന പെണ്‍കുട്ടി,..."എനിക്ക് താലിബാനെ ഭയമില്ല, കാരണം അവർ അവസാനിച്ചു കഴിഞ്ഞു" എന്ന് ക്യാമറക്ക്‌ മുൻപിൽ പറയാൻ തയാറായ റിയാലിറ്റി ഷോ യുടെ അവതാരകൻ. അഫ്ഗാനിസ്ഥാനിൽ പൂവിടുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള പതാക വാഹകരാണ് ഇവരെല്ലാം. 

എന്നാൽ തിളക്കങ്ങൾക്കിടയിലും ഇരുണ്ട കാഴ്ചകൾ ആവോളം ഉണ്ട്. ഒരൊറ്റ രാജ്യത്ത് അനേകം ഗോത്രങ്ങളായി വിഭജിക്കപ്പെട്ട... ചിലപ്പോൾ കുറഞ്ഞതും ചിലപ്പോൾ കൂടിയ അളവിലും മത യാഥാസ്ഥിക വാദത്തിൽ കുടുങ്ങിപ്പോയ ഒരു ജനത. ബാല്യം തുടങ്ങുന്നതിന് മുൻപ് തന്നെ തെരുവിൽ തൊഴിൽ തേടേണ്ടി വന്ന ബാല്യങ്ങൾ, തകർക്കപെട്ട തിയേറ്ററുകൾ, ഗാനത്തിനൊപ്പം ചുവടു വെച്ചതിന്‍റെ പേരിൽ ഒളിവിൽ പോകേണ്ടി വന്ന Setara . ഇവർക്കൊക്കെ അവരാഗ്രാഹിക്കുന്ന ജീവിതത്തിലേക്ക് എത്താൻ ഇനിയും വർഷങ്ങൾ വേണ്ടി വന്നേക്കും. അഫ്ഗാന്‍റെ അശാന്തമായ താഴ്വരകളിൽ ഇപ്പോഴും നിലയ്ക്കാത്ത സ്ഫോടനങ്ങൾ പറയുന്നതും മറ്റൊന്നല്ല.



പ്രമേയം ആവശ്യപെടുന്നത് കൊണ്ടാവണം ആദ്യന്തം സംഗീത സാന്ദ്രമായ അന്തരീക്ഷത്തിലാണ് Afghan Star പകർത്തപെട്ടിരിക്കുന്നത്. ഞാൻ ഈ പോസ്റ്റിൽ കുറിക്കാതെ പോയ...ഞാൻ കാണാതെ പോയ ഒരു പാട് നിരീക്ഷണങ്ങൾക്ക് Afghan Star വഴി തുറക്കുന്നുണ്ട്. സജീവമായ ഒരു പഠന സാധ്യത ഉള്ളത് കൊണ്ടാവണം rotten tomatoesൽ 100 ശതമാനം പ്രേക്ഷക പിന്തുണ ആണ് Afghan Star നേടിയത്.

ഇതൊരു must watch ആണെന്ന് ഞാൻ പറയില്ല. കാരണം അഫ്ഗാനെ കുറിച്ചറിയാതെയും നമുക്ക് ജീവിക്കാം. പക്ഷെ, ഇത്തരം ചിത്രങ്ങൾ നൽകുന്ന തിരിച്ചറിവുകൾ നമ്മൾ അനുഭവിക്കുക തന്നെ വേണം. കാരണം ഒരിക്കൽ കൈവിട്ട് പോയാൽ നമ്മൾ പതിക്കാൻ പോകുന്ന ഗർത്തങ്ങളുടെ ആഴം ഇത്തരം സിനിമകൾ നമ്മെ കാണിച്ചു തരും. ഒപ്പം എല്ലാ ദുരിതങ്ങളേയും അതിജീവിക്കുന്ന അനുപമമായ ഒരു തലം എല്ലാ മനുഷ്യരിലും ഉണ്ടെന്നും Afghan Star സാക്ഷ്യം പറയുന്നു.


ഗാസയുടെയും ,ലെബനനിന്‍റെ യും ആകാശങ്ങൾ ബോംബുകളാൽ നിറഞ്ഞ രാത്രിയിലും , പ്രശസ്ത പാലസ്തീൻ കവി ദാർവിഷ് ഇങ്ങനെ എഴുതി...................

"ഇവിടെ ഈ കുന്നിൻ ചെരുവിൽ 
അസ്തമയത്തിനും കാലപ്രവാഹത്തിനുമെതിരിൽ 
തകർന്ന നിഴലുകളുടെ പൂന്തോട്ടതിനടുത്ത് 
തടവുകാർ ചെയ്യുന്നത് ഞങ്ങളും ചെയ്യുന്നു; 
തൊഴിൽ രഹിതർ ചെയ്യുന്നതും 
ഞങ്ങൾ പ്രതീക്ഷയെ നട്ട് നനച്ച് വളർത്തുന്നു ""

അത്തരം ഒരു പ്രതീക്ഷയുടെ നട്ടുനനയ്ക്കൽ തന്നെയാണ് Afghan Star.



The Death of Kevin Carter: Casualty of the Bang Bang Club (Documentary,English --2005)

Directed by---Dan Krauss



സുഡാനിലെ ക്ഷാമകാല ദൃശ്യം, ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി പകർത്തിയ കെവിൻ കാർറ്റരുടെ ജീവിതത്തിലേക്കുള്ള ഒരു 27 മിനിട്ട് ആണ് The Death of Kevin Carter: Casualty of the Bang Bang Club എന്ന ഡോക്യുമെണ്ടറി. 27 മിനിട്ടുകളിൽ കെവിന്‍റെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ ഇവരൊക്കെ തങ്ങൾക്കറിയാവുന്ന കെവിനെക്കുറിച്ച്, കെവിന്‍റെ  ആത്മഹത്യയെക്കുറിച്ച് ഹ്രെസ്വമായി പറയുന്നുണ്ട്. വളരെ ചെറിയ ഒരു ഡോക്യുമെണ്ടറി ആയതു കൊണ്ടാവാം, കെവിന്‍റെ ജീവിതത്തെയോ, ചിത്രങ്ങളെയോ കൂടുതൽ സമഗ്രമായി പരിഗണിക്കാൻ "The Death of Kevin Carter: Casualty of the Bang Bang Club (2005)" ന് കഴിഞ്ഞു എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ, വളരെ "sensitive"ആയ, ബന്ധങ്ങളെ ആഴത്തിൽ സൂക്ഷിച്ച, ഒരു സാധാരണ മനുഷ്യനെ, "കെവിനെ" വൈകിയ വേളയിലെങ്കിലും പരിചയപ്പെടുത്തുന്നുണ്ട് ഈ ഡോക്യുമെണ്ടറി.

1993 ൽ സുഡാനിൽ ഉണ്ടായ ക്ഷാമത്തിന്‍റെ  ഭീകരത ഒറ്റ ക്ലിക്കിലൂടെ പകർത്തുകയായിരുന്നു കെവിൻ കാർറ്റെർ. ഭക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രയിൽ തളർന്ന് പോയ പെണ്‍കുട്ടിയെയും, പെണ്‍കുട്ടിയുടെ അവസാന ശ്വാസം നിലയ്ക്കാൻ കാത്തിരിക്കുന്ന കഴുകനെയും ഫ്രെയിമിൽ ആക്കാൻ മിനിട്ടുകൾ കെവിൻ ചിലവഴിച്ചു. ആ പെണ്‍കുട്ടി തന്‍റെ  യാത്ര തുടർന്നു എന്നത് കെവിൻ തന്നെ പിന്നീടു പറഞ്ഞിട്ടുണ്ട്.

കെവിൻ കണ്ടതും, പകർത്തിയതും ആയ ഒരുപാട് ദുരിത കാഴ്ചകളിൽ ഒന്ന് മാത്രമായിരുന്നു അത്. എന്നിട്ടും ആ ഒറ്റ ചിത്രത്തോടെ കെവിനെ ലോകമറിഞ്ഞു. പുലിസ്റ്റർ സമ്മാനവും, ഒരായിരം കുറ്റപെടുത്തലുകളും, ഒരുപോലെ, ഒരേ വഴിയിൽ കെവിനെ കാത്ത് നിന്നു . ഒടുവിൽ പുലിസ്റ്റർ നേട്ടത്തിന് മാസങ്ങൾക്കിപ്പുറം, കെവിൻ തന്‍റെ  ജീവനൊടുക്കി . തന്‍റെ ആത്മഹത്യ കുറിപ്പിൽ കെവിൻ വേദനയൊടെ ഇങ്ങനെ എഴുതി.




""''"ഞാൻ മാനസികമായി തകർന്നു ...........ഫോണില്ല............വാടക കൊടുക്കാൻ പണമില്ല..............കുട്ടികളുടെ ആവശ്യത്തിനു പണമില്ല......
പണം!!! ...മുറിവേറ്റതും, പട്ടിണിക്കാരുമായ കുട്ടികളുടെ മരണ ദ്രിശ്യങ്ങൾ, മൃതദേഹങ്ങൾ, ദേഷ്യം, വേദന.............
തോക്കുകൾ കയ്യിലുള്ള ഭ്രാന്തർ, പ്രത്യേകിച്ചു പോലീസുകാർ, കൊലപാതകികൾ.....എല്ലാം എന്നെ വേട്ടയാടുന്നു. ഞാൻ കെന്നിനോടൊത്തു ചേരുവാൻ പോകുന്നു. ഞാൻ അത്ര ഭാഗ്യവാനാണെങ്കിൽ ......"'""" 

(സഹപ്രവർത്തകനായിരുന്ന കെന്നിന്‍റെ  മരണമാണ് കെവിന്‍റെ ആത്മഹത്യയിലേക്കുള്ള ദൂരം വളരെ വേഗം ഇല്ലാതാക്കിയത്. കെവിനോപ്പം ഉള്ള ഫോട്ടോ ചിത്രീകരണത്തിനിടെ വെടിയേറ്റാണ് കെൻ മരിച്ചത്.) 

കെവിന്‍റെ  ആത്മഹത്യയെ കുറിച്ച് കെവിന്‍റെ  ഒരു സുഹൃത്ത് പറഞ്ഞ വാചകങ്ങൾ ഈ ഡോക്യുമെണ്ടറിയിൽ കാണാം. "അവൻ മരിച്ചപ്പോൾ വിചിത്രമായ ഒരു ആശ്വാസം ആണ് എനിക്ക് തോന്നിയത്. ഉറക്കമില്ലാത്ത രാത്രികളും, നീളുന്ന വേദനകളും ആയിരുന്നു കെവിന്‍റെ ജീവിതം. അതെല്ലാം അവസാനിച്ചു. Kevin is over."



ഒരു പ്രൊഫഷണൽ ഫോട്ടൊഗ്രാഫെർ ചെയ്യേണ്ടത് തന്നെയാണ് താൻ ചെയ്തതെന്ന് പുലിസ്റ്റർ നേട്ടത്തിന് ശേഷം നടന്ന ഒരു അഭിമുഖത്തിൽ കെവിൻ പറയുന്നുണ്ട്. തന്‍റെ  ന്യായം കൂടുതൽ പേർക്കും മനസ്സിലാകില്ല എന്ന തിരിച്ചറിവും കെവിൻ പങ്കു വെയ്ക്കുന്നു. കെവിനെതിരെ എതിർ വാദങ്ങൾ എന്ത് പറഞ്ഞാലും , കെവിൻ ആ ചിത്രതിലൂടെ പറയാൻ ശ്രമിച്ച "പട്ടിണിയുടെ, വിശപ്പിന്‍റെ , നിസ്സഹായാതയുടെ ഒരു ലോകത്തെ നമ്മൾ അവഗണിച്ചുകൂടാ. അത്തരം കാഴ്ചകൾ കാണാൻ നമ്മൾ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം..അതുകൊണ്ടാണ് കെവിൻ ക്രൂശിക്കപെട്ടത്‌ . ബെന്യാമിൻ "ആട് ജീവിതത്തിൽ " കുറിച്ച പോലെ 
" നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ട് കഥകൾ മാത്രമാണ്". 
അങ്ങനെ ഒരു കെട്ടുകഥ മാത്രമായി കെവിന്‍റെ  ചിത്രവും കാണാനാണോ നമ്മൾ ആഗ്രഹിച്ചത്‌?

അത് കൊണ്ടാവണം, കെവിൻ മറവിയുടെ താഴ്വാരങ്ങളിലേക്ക് മറഞ്ഞിട്ടും...കാലങ്ങൾ ഒരു പാട് മുന്നോട്ടു പോയിട്ടും ....സൊമാലിയയിലും ..സുഡാനിലും... എന്തിനു നമ്മുടെ അട്ടപ്പാടിയിലും ആ പെണ്‍കുട്ടി വീണ്ടും, വീണ്ടും മരിച്ചു ജീവിക്കുന്നത്.............



Thursday, 9 January 2014

Never Let Me Go (English,2010)

Director: Mark Romanek

    അസ്തമയ നിഴൽ വീണ മലഞ്ചെരുവിനു താഴെത്തെ പാതവക്കിൽ , മുള്ളുവേലികൾക്കിപ്പുറം....
രക്തമിറ്റുന്ന സംഗീതത്തിന്‍റെ പശ്ചാത്തലത്തിൽ, മലഞ്ചെരുവുകൾ കടന്ന് ആരുമെത്തില്ല എന്ന തിരിച്ചറിവിൽ, ഈറനണിഞ്ഞ കണ്ണുകളുമായി നിന്ന KATHY യെ മറക്കാൻ കഴിയാത്തത് കൊണ്ട് മാത്രമാകുന്നു ഈ പോസ്റ്റ്‌..

Kazuo Ishiguroയുടെ "Never Let Me Go" എന്ന DYSTOPIAN ബെസ്റ്റ്സെല്ലർ നോവലിന്‍റെ  ചലച്ചിത്ര ആവിഷ്കാരം ആണ് 2010 ല്‍  ഇതേ പേരില്‍ പുറത്തിറങ്ങിയ ഈ സിനിമ. ഒരു പക്ഷെ, വർഷങ്ങൾക്കപ്പുറമുള്ള ഒരു പ്രേക്ഷകൻ ഈ സിനിമയെ ഒരു DYSTOPIAN സിനിമ എന്ന് വിളിക്കുമോ എന്ന് സംശയമാണ്. എന്‍റെ സംശയം ശരിയാകല്ലേ എന്ന് ആഗ്രഹിക്കാൻ മാത്രമേ കഴിയൂ.

ഒരു ബോർഡിംഗ് സ്കൂളിലെ മൂന്നു കുട്ടികൾ..KATHY, RUTH ആൻഡ്‌ TOMMY. KATHY, TOMMY യെ നിശബ്ദമായി, അഗാധമായി, പ്രണയിക്കുന്നുണ്ട്. എന്നാൽ RUTH ഉം TOMMY യും പ്രണയത്തിലാണ്. അവരുടെ പ്രണയം എന്നെങ്കിലും തകരുമെങ്കിൽ TOMMY തന്‍റെ പ്രണയം തിരിച്ചറിയും എന്ന് KATHY വിശ്വസിക്കുന്നു. ഇത് RUTH നും അറിയാവുന്ന "രഹസ്യം" ആണ്. എന്നാൽ, തീക്ഷ്ണമായ അവരുടെ സഹൃദത്തിനും, പ്രണയത്തിനും അപ്പുറം അവർ മൂവരും കാത്തിരിക്കുന്ന ഒരൊറ്റ വിധി ഉണ്ട്. കൈയെത്തും ദൂരത്തുള്ള ആ വിധിയിലേക്ക്, മൂന്നു വഴികളിലൂടെ യാത്ര തുടങ്ങുമ്പോൾ KATHY ഓർക്കുന്നുണ്ട് 

" It had never occurred to me that our lives, which had been so closely interwoven, could unravel with such speed. If I'd known, maybe I'd have kept tighter hold of them and not let unseen tides pull us apart. "

ആദ്യാവസാനം ഇതൊരു പ്രണയ ചിത്രമാണ്. എന്നാൽ ഒരിടത്തു പോലും ഇതൊരു ത്രികോണ പ്രണയ കോലാഹലമായി തീരുന്നില്ല. മറിച്ച്, ഇവിടെ പ്രണയവും, സഹൃദവും അനുകമ്പയും, സഹതാപവുമെല്ലാം വേർതിരിവിന്‍റെ അഴിമുഖങ്ങൾ ഇല്ലാത്ത തിരയൊടുങ്ങാത്ത ഒരൊറ്റ കടലായി തീരുന്നു. ജീവനോടും, ജീവിതത്തോടുമുള്ള ഒടുങ്ങാത്ത ആസക്തിയാണ് "Never Let Me Go" പറയുന്ന പ്രണയം. സിനിമ കണ്ടു തീരുമ്പോൾ ഓർമ്മ വരിക SHAKESPEARE തന്‍റെ അവസാന നാടകമായ "TEMPEST " ൽ കുറിച്ച വരികളാണ്.

"We are such stuff
As dreams are made on; and our little life
Is rounded with a sleep."

പക്ഷെ, SHAKESPEARE പറയാതെ, പറഞ്ഞ ഒരു വാചകം, ആ മലഞ്ചെരുവിലെ, അവസാന രംഗത്തിലൂടെ , KATHY യിലൂടെ എഴുത്തുകാരൻ പറയുന്നുണ്ട്. " Maybe none of us really understand what we've lived through, or feel we've had enough time."

പരിചിത മുഖങ്ങളുടെ ആൾക്കൂട്ടത്തിൽ, ഓർത്തുവെക്കാൻ ഒരു സഹൃദമൊ, ഒരു പ്രണയമോ ഇല്ലാത്ത കൊണ്ടാവണം "Never Let Me Go" എന്‍റെ പ്രിയചിത്രങ്ങളിൽ ഒന്നായത്. 
"കടൽ നഷ്ട്ടപെട്ട കടൽയാനങ്ങളായി " KATHYയും , RUTHഉം, TOMMYയും തിരകളെണ്ണി, തീരങ്ങളിൽ തന്നെ കാത്തിരിക്കുമ്പോൾ...ഒരിറ്റു കണ്ണീർ പൊഴിയാതെ, ഒരു വേദനയും തോന്നാതെ, എത്രപേർക്ക് "Never Let Me Go" കണ്ടു തീർക്കാനാവും എന്ന് എനിക്കറിയില്ല.

സിനിമയുടെ ആത്മാവ് കണ്ട Rachel Portmanന്‍റെ പശ്ചാത്തല സംഗീതത്തേയും(http://www.youtube.com/watch?v=FlTjn7mBI9c), KATHY ക്ക് ജീവൻ പകർന്ന Carey Mulligan ന്‍റെ അഭിനയ മികവിനേയും പരാമർശിക്കാതെ പോകാനാവില്ല. 

പ്രിയ സുഹൃത്തേ, കഴിയുമെങ്കിൽ കാണുക. ഇതൊരു മനോഹര കാഴ്ചയാകുന്നു. പക്ഷെ, മനോഹരമായ എല്ലാ കാഴ്ചകളും നമ്മെ സന്തോഷിപ്പിക്കണം എന്നില്ലല്ലോ!



Children of Men (English 2006)

Director: Alfonso Cuarón



1516 ൽ THOMAS MORE ആണ് "UTOPIA" എന്ന വാക്ക് ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തത്. എല്ലാം നന്നായി നടക്കുന്ന ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് MORE തന്‍റെ പുസ്തകത്തിലൂടെ ലോകത്തോട്‌ പങ്കുവെയ്ച്ചത്. എല്ലാം നന്നായി വരുന്ന ഒരു ലോകത്തെക്കുറിച്ച് നമ്മുടെ കാലത്ത് ആരും സ്വപ്നം കാണുന്നില്ല എന്ന് വേണം കരുതാൻ. മറിച്ച്, "DYSTOPIA" ആണ് പുതിയ കാലത്തിന്‍റെ സ്വപ്നങ്ങളിൽ നിറയുന്നത്. തകർന്നു പോയ, ഒരു ലോക ക്രമത്തിൽ ജീവിക്കുന്ന ഒരു "DYSTOPIA". അത്തരം ഒരു DYSTOPIAയൻ ലോകത്താണ് Children of Men നടക്കുന്നത്. 2027 ലെ ബ്രിട്ടനിലാണ് കഥ നടക്കുന്നത്. ലോകം ഏറെക്കുറെ തകർന്നിരിക്കുന്നു. ഏതാണ്ട്, 18 വർഷം മുൻപാണ് അവസാന മനുഷ്യ കുഞ്ഞ് ഭൂമിയിൽ ഉണ്ടായത്. അതിനു ശേഷം ഒരു കുഞ്ഞിക്കാലു പോലും ലോകത്തിൽ ഉണ്ടായിട്ടില്ല. അങ്ങനെ,വന്ധ്യത ബാധിച്ച് ആസന്നഭാവിയിൽ വംശനാശം കാത്തിരിക്കുന്ന മനുഷ്യരെ ആണ് Children of Men പരിചയപ്പെടുത്തുന്നത്. എന്നിരുന്നാലും, അവർ പരസ്പരം ചേരിതിരിഞ്ഞ് കൊന്നുകൊണ്ടിരിക്കുകയാണ്. 

ഭരണകൂടം നിലനില്ക്കുന്ന ബ്രിട്ടനിലേക്ക് കൂടുതൽ പേർ കുടിയേറുന്ന സാഹചര്യത്തിലാണ് സിനിമ നടക്കുന്നത്. ഈ കുടിയേറ്റക്കാരെ "ഒന്നൊഴിയാതെ പിടികൂടി കൂട്ടിലടയ്ക്കാൻ" ഭരണകൂട സംവിധാനങ്ങളും, എല്ലാ ഭീകരതയോടും നില നില്ക്കുന്നു. ഒപ്പം ഇത്തരം ഭരണകൂട ഭീകരതക്കെതിരെ, സ്വന്തം "ഭീകരതയുമായി" എതിരിടുന്ന റിബലുകളും ചേരുമ്പോൾ സങ്കർഷം മുറ്റി നിൽക്കുന്ന അന്തരീക്ഷത്തിലാണ് Children of Men ആദ്യാവസാനം നീങ്ങുന്നത്.

എങ്കിലും, പ്രതീക്ഷ പൂർണ്ണമായ ഒരു സിനിമ ആണ് Children of Men. ജീവനുകൾ ഈയാം പാറ്റകളെ പോലെ കൊഴിയുന്ന ദുരന്ത ഭൂമിയിൽ നിന്ന് ജീവിതത്തെ കുറിച്ച് അതിമനോഹരമായി ഈ സിനിമ സംസാരിക്കുന്നുണ്ട്.

പറയാൻ ഇനിയും പലതും ബാക്കിയുള്ള സിനിമ .......കാണേണ്ട സിനിമകളുടെ പട്ടികയിൽ തീർച്ചയായും ഈ സിനിമയ്ക്ക് ചെറുതല്ലാത്ത ഒരു സ്ഥാനം ഉണ്ട്.



The Tree of Life (English 2011)

Director: Terrence Malick


ഈ ചിത്രം ഡൌണ്‍ലോഡ് ചെയ്യുമ്പോൾ torrent  സൈറ്റില്‍  ആരോ ഇങ്ങനെ കുറിച്ചിരുന്നു. " IT IS POETRY" . അക്ഷരാർത്ഥത്തിൽ ആ വാചകം ഈ സിനിമയെ കുറിച്ചുള്ള നല്ലൊരു നീരീക്ഷണമാണ്. ഒരു മികച്ച കവിതയുടെ എല്ലാ ഭാവങ്ങളും ഈ സിനിമയ്ക്ക് ഉണ്ട്. ഒരേ സമയം നമ്മെ ആകർഷിക്കുകയും, എന്നാൽ പല വായനയ്ക്ക് ശേഷവും മനസ് തുറക്കാൻ തയാറാകാത്തതുമായ സുന്ദരമായ ഒരു കവിത. അമ്പരപ്പിക്കുന്ന ദ്രിശ്യ ഭംഗിയിലൂടെ...അമ്പരപ്പിക്കുന്ന ആഴങ്ങളിലൂടെ ഉള്ള ഒരു ജീവിത നിരീക്ഷണം ആണ് ഈ സിനിമ. ജീവിതത്തിന്‍റെ  ഭാവങ്ങളെ "ഇത്രെയും സൂക്ഷ്മമായി" അതിമനോഹരമായി പകര്‍ത്തിയ മറ്റൊരു സിനിമ എന്‍റെ ഓർമ്മയിൽ ഇല്ല.

ഈ ചിത്രത്തിനു പിന്നിലെ റിലീജിയസ് ഇൻസ്പിരേഷൻ അഗീകരിചാലും ഇല്ലെങ്കിലും വളരെ "വെത്യസ്തം"ആയ ചിത്രം എന്ന പേര് എന്തുകൊണ്ടും The Tree of Life നു ചേരും.

ഈ ചിത്രത്തിൽ എനിക്ക് ഇഷ്ട്ടപെട്ട ഒരുപാടു രംഗങ്ങളിൽ, ഇപ്പോഴും ഓർത്തിരിക്കുന്ന രംഗം ഉണ്ട്. ഒരു കുഞ്ഞ് നെഞ്ചോടു ചേർന്ന് കിടക്കുന്ന രംഗം. ക്യാമറ നിലത്തു വെച്ച് എടുത്തത്‌ കൊണ്ടാവാം, പ്രേക്ഷകന്‍റെ നെഞ്ചിൽ കിടക്കുന്ന പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. കുഞ്ഞിന്‍റെ ഓമനത്തവും, നമുക്ക് തോന്നുന്ന വാത്സല്യവും കൊണ്ടാവാം, ഇപ്പോഴും ഞാൻ ആ രംഗം നന്നായി ഓർക്കുന്നു. ഇത്തരം വളരെ "MINUTE " ആയ ,അതി മനോഹരമായ പല രംഗങ്ങളും ഈ ചിത്രത്തിൽ ഉണ്ട്. കാഴ്ചകളെ എങ്ങനെ പറഞ്ഞവതരിപ്പിക്കും എന്ന ആശയകുഴപ്പം എന്നെ ബാധിച്ചിരിക്കുന്നു.

കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും,പൂർണ്ണമായും ഈ കവിത മനസിലാക്കി എടുക്കാൻ പല വായനകൾ വേണ്ടി വരും. അത് മാത്രം ആകുന്നു ഒരു വിഷമം. എങ്കിലും സുഖമുള്ള, ഒരു വെല്ലുവിളി ആകുന്നു The Tree of Life.



Wednesday, 8 January 2014

Sri Lanka's Killing Fields (Documentary, English 2011)

Direction::: Callum Macrae



2009ല് തമിഴ് പുലികള്‍ക്കെതിരെ ശ്രീലങ്കന്‍ സൈന്യം നടത്തിയ അവസാന യുദ്ധം, ചരിത്രത്തില്‍ കൃത്യമായി രേഖപ്പെടുത്താതെ പോയ ഒരു വംശഹത്യ ആയിരുന്നു. ആ വംശഹത്യയുടെ കാണാന്‍ ഒട്ടും സുഖകരമല്ലാത്ത കാഴ്ചകളാണ് channel 4, "Sri Lanka's Killing Fields" എന്ന ഡോക്യുമെന്‍ണ്ടറിയിലൂടെ ലോകത്തോട്‌ പറഞ്ഞത്. സ്വതന്ത്ര നിരീക്ഷ്കരോ, സമാധാന സേനയോ സാക്ഷിയില്ലാതെ നടന്ന ഈ കൂട്ട കുരുതിയില്‍ ഹോമിക്കപെട്ട ഒരു പാട് ജീവിതങ്ങളുടെ ചോരപ്പാടുകള്‍ ഈ ഡോക്യുമെന്‍ണ്ടറിയില്‍ ആകെ നിറഞ്ഞിരിക്കുന്നു. ഇരകളായ പലരും തങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു ആണ് Sri Lanka's Killing Fields നിര്‍മിച്ചിരിക്കുന്നത്. ഒപ്പം കൂട്ടകുരുതിയുടെയും, പീഡനങ്ങളുടെയും ദ്രിശ്യങ്ങള്‍ സ്വന്തം ക്യാമറയില്‍ അഭിമാനമായി പകര്‍ത്തി സൂക്ഷിച്ച ശ്രീലങ്കന്‍ സൈനികരുടെ ശേഖരത്തെയും Sri Lanka's Killing Fields പിന്തുടരുന്നു.

ഈ ദ്രിശ്യങ്ങളില്‍, ഷെല്ല് ആക്രമണത്തിന് ഇടയിലൂടെ ജീവിതം മുറുകെ പിടിച്ചു ഓടുന്ന ഒരു കുടുബത്തിന്‍റെ ദയനീയ രംഗം കാണിക്കുന്നുണ്ട്. ഈ മൊബൈല്‍ ദ്രിശ്യങ്ങള്‍ പകര്‍ത്തുന്ന ആളോട് അവര്‍ പല തവണ ഇങ്ങനെ ചോദിക്കുന്നുണ്ട്. "നമ്മളെല്ലാം മരിക്കാന്‍ പോവുകയാണ്. നീ എന്തിനാണ് ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുന്നത്??""അതിനൊരു മറുപടി അയാള്‍ പറയുന്നില്ല. പക്ഷെ, അയാള്‍ പറയാതെ പോയ ആ മറുപടി ഇന്ന് കൃത്യമായി എനിക്ക് ഊഹിക്കാന്‍ ആവുന്നുണ്ട്.

ഈ ഡോക്യുമെന്‍ണ്ടറി കാണാന്‍ ഈ ലിങ്ക് പിന്തുടരുക. https://www.youtube.com/watch?v=XADVagA2MUk&oref=https%3A%2F%2Fwww.youtube.com%2Fresults%3Fq%3Dthe%2Bkilling%2Bfields%2Bof%2Bsrilanka%26um%3D1%26ie%3DUTF-8%26gl%3DIN%26sa%3DN%26tab%3Dw1&has_verified=1

ഈ ഡോക്യുമെന്‍ണ്ടറിയുടെ വിശാലമായ രണ്ടാം രൂപവും പിന്നീടു പുറത്തു വരികയുണ്ടായി . Sri Lanka's Killing Fields 2 - War Crimes Unpunished എന്ന പേരില്‍ പുറത്തു വന്ന ഈ രണ്ടാം രൂപത്തില്‍ വേലുപ്പിള്ള പ്രഭാകരന്‍റെ  മകന്‍റെ  കൊലപാതകം ആധികാരികമായി തുറന്നു കാണിക്കപ്പെടുന്നു.

ഈ ഡോക്യുമെന്‍ണ്ടറി കാണാന്‍ ഈ ലിങ്ക് പിന്തുടരുക. https://www.youtube.com/watch?v=8dtrfpVJJWg

ഇതു വരെ പറഞ്ഞത് ഇതിന്‍റെ  അടിസ്ഥാന വിവരങ്ങളാണ്. പക്ഷെ, വെക്തിപരമായി ഈ ചിത്രം കണ്ട അനുഭവം കൂടി കുറിക്കാതെ ഈ പോസ്റ്റ്‌ അവസാനിപ്പിക്കാന്‍ കഴിയില്ല. Sri Lanka's Killing Fields" കഷ്ട്ടിച്ചു 50 മിനിട്ട് മാത്രം ഉള്ള ഒരു ഡോക്യുമെന്‍ണ്ടറി ആണ്. പക്ഷെ, ഇത്രയും നീണ്ട ഒരു 50 മിനിട്ട് ഞാന്‍ ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ല. ഇതെപ്പോള്‍ തീരും എന്ന വേവലാതിയോടെ ആണ് ഓരോ ദ്രിശ്യങ്ങളും കണ്ടു പോയത്. അസ്വസ്ഥമാകുന്ന ഓരോ സിനിമയ്ക്കും അവസാനം നമ്മള്‍ ഒരു ആശ്വാസം കണ്ടെത്താറുണ്ട്...കണ്ടതൊരു സിനിമ മാത്രമാണല്ലോ എന്ന ആശ്വാസം....പക്ഷെ, അങ്ങനൊരു ആശ്വാസത്തിന് ഒരു പഴുതും തരാതെ Sri Lanka's Killing Fields അവസാനിച്ചു. നല്ല സിനിമകള്‍ കണ്ട ശേഷം നമ്മള്‍ പലപ്പോഴും പറയാറുണ്ട്‌ ""മറക്കാന്‍ കഴിയാത്ത ചിത്രം" എന്ന്. പക്ഷെ, എങ്ങനെയെങ്കിലും ഈ ഡോക്യുമെന്‍ണ്ടറി മറക്കാന്‍ കഴിയുമോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. എനിക്കതിനു കഴിഞ്ഞാലും ആ ജനതയ്ക്ക് ഇതെല്ലാം മറക്കാന്‍ കഴിയുമോ???എന്നെങ്കിലും???



Tuesday, 7 January 2014

Before Sunrise (1995) & Before Sunset (2004)

Director: Richard Linklater


ഈ രണ്ടു ചിത്രങ്ങളെ ഒറ്റ തിരിച്ചു പരിചയപ്പെടുത്തുന്നത് അര്‍ത്ഥശൂന്യമാണ്. Before Sunrise ന്‍റെ തുടര്‍ച്ചയാണ് Before Sunset. മികച്ച പ്രണയ ചിത്രങ്ങളുടെ പട്ടികകളില്‍ സ്ഥിരം കടന്നു വരാറുള്ള ചിത്രങ്ങളാണ് ഇവ രണ്ടും. വിയന്ന നഗരത്തിലേക്കുള്ള യാത്രയില്‍ കണ്ടു മുട്ടുന്ന Jesseയുടെയും Célineന്‍റെയും ഒരു രാത്രി ആണ് Before Sunrise പറയുന്നത്. ആ രാത്രി മുഴുവന്‍ അവര്‍ ആ നഗരത്തില്‍ അലഞ്ഞു തിരിയുന്നു. ഈ നടപ്പില്‍ അവര്‍ നിര്‍ത്താതെ സംസാരിക്കുകയാണ്......വിഷയങ്ങള്‍ പലതും കടന്നു വരുന്നു....പ്രണയം, വിവാഹ ജീവിതം, സന്തോഷങ്ങള്‍, ദുഃഖങ്ങള്‍ ...അങ്ങനെയങ്ങനെ..പക്ഷെ, നേരം പുലരുമ്പോള്‍ ഇരുവര്‍ക്കും ഇരു പാതകളില്‍ മടങ്ങിയെ മതിയാവു.

ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ആണ് രണ്ടാം പതിപ്പായ Before Sunset എത്തിയത്. ആദ്യ പതിപ്പിനെക്കാള്‍ മികച്ചതോ , അതിനൊപ്പമോ നില്‍ക്കുന്ന ചിത്രം ആണ് Before Sunset. 

ഈ ചിത്രങ്ങള്‍ക്ക് കൃത്യമായി നിര്‍വചിക്കാന്‍ കഴിയുന്ന "ക്ലൈമാക്സ്"കള്‍ ഇല്ല. പകരം പ്രേക്ഷകനെ, സുന്ദരമായ ഒരു ആശയക്കുഴപ്പത്തിലേക്കു തള്ളിയിട്ടുകൊണ്ട്, നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു ക്ലൈമാക്സിനു മുന്‍പ് ഇരു ചിത്രങ്ങളും യാത്ര പറഞ്ഞു പോകുന്നു. അത് കൊണ്ട് തന്നെയാണ് ഈ ചിത്രങ്ങള്‍ എക്കാലെത്തെയും മനോഹര ചിത്രങ്ങളില്‍ ഇടം പിടിക്കുന്നതും.

ഈ ചിത്രങ്ങളുടെ മൂന്നാം പതിപ്പ് Before Midnight 2013 ല്‍റിലീസ് ആയി . വീണ്ടും ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം.

(സമര്‍ത്ഥമായി നിര്‍മിച്ച രണ്ടു ചിത്രങ്ങള്‍ ആണ് ഇവ. കാണാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാതെ കാണുന്നതാവും ഉചിതം. മനോഹരമായ രണ്ടു അനുഭവങ്ങള്‍ എന്തായാലും കാത്തിരിക്കുന്നു.)



Into the Wild (English 2007)

Director: Sean Penn



22 വയസില്‍, ജീവിതത്തിന്‍റെ  ആകര്‍ഷക ദിനങ്ങള്‍ ഉപേക്ഷിച്ച് , നാഗരിക ജീവിതത്തിന്‍റെ എല്ലാ ബന്ധങ്ങളും അറുത്തുമാറ്റി പ്രകൃതിയിലേക്ക്, അതിന്‍റെ വന്യതയിലേക്ക് യാത്ര പറയാതെ പോയ Christopher McCandless ന്‍റെ  ജീവിത കഥ പറഞ്ഞ ചിത്രമാണ് Into the Wild. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം, ആരോടും പറയാതെ കാട് കയറുകയായിരുന്നു Christopher McCandless. രണ്ടു വര്‍ഷം നീണ്ട ഈ യാത്രയില്‍ അലാസ്കയിലേക്ക് പോകാനും Christopher തീരുമാനിച്ചിരുന്നു. ഈ കാലയളവില്‍ Christopher കാണുന്ന വെക്തികള്‍, അനുഭവങ്ങള്‍ ഇവയൊക്കെയാണ് Into the Wild പറയുന്നത്. Christopher McCandless ന്‍റെ ജീവിതം പറഞ്ഞ Jon Krakauer ന്‍റെ പുസ്തകമാണ് ഈ ചിത്രതിന്‍റെ പ്രചോദനം. സത്യസന്ധമായ ഒരു ജീവിതത്തെ, അതിന്‍റെ പരിശുദ്ധിയോടെ, സത്യസന്ധമായി പിന്തുടരുന്നിടത്താണ് Into the Wild ശ്രേദ്ധെയമാകുന്നത്, അഭിനന്ദനാര്‍ഹം ആകുന്നത്.

ജീവിതത്തിലെ ഒരു പാട് ശരികളെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച്,  സന്തോഷത്തെക്കുറിച്ച് ആദ്യന്തം ചിത്രവും, അതിലൂടെ Christopher McCandless ഉം ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌.. ''ചില ജീവിതങ്ങള്‍ ഇങ്ങനെയൊക്കെ ആണ് . അവരെ തിരിച്ചറിയാന്‍, മനസിലാക്കാന്‍ നമ്മള്‍ പലപ്പോഴും പരാജയപ്പെടും. കാരണം വളരെ അരികെയാനെങ്കിലും, നമ്മള്‍ എത്രെയോ അകലങ്ങളില്‍ ആണ്.

ഈ ചിത്രത്തിന് പത്തില്‍ ഒന്‍പതു മാര്‍ക്കും ഞാന്‍ നല്‍കും. പക്ഷെ, എന്തിന്‍റെ പേരില്‍ ഒരു മാര്‍ക്ക് കുറച്ചു എന്ന ബോധ്യം എനിക്ക് ഇപ്പോഴും ഇല്ല.......




Requiem for a Dream (English 2000)

Director: Darren Aronofsky

ഓരോ സിനിമ കാണാന്‍ ഇരിക്കുമ്പോഴും നമുക്ക് മുന്‍വിധികള്‍ ഉണ്ട്. നമ്മള്‍ എത്ര ആഗ്രഹിച്ചാലും അതിനെ പൂര്‍ണ്ണമായി മറികടക്കുക സാധ്യമല്ല. എന്നാല്‍ നമ്മുടെ എല്ലാ മുന്‍ വിധികളെയും തകര്‍ത്തെറിഞ്ഞു നമ്മെ കീഴടക്കുന്ന ചുരുക്കം ചില ചിത്രങ്ങള്‍ ഉണ്ട്. അത്തരം സിനിമകളില്‍ ഒന്നാണ് Requiem for a Dream. മയക്കു മരുന്നിനു അടിമയായി മാറുന്ന നാല് ജീവിതങ്ങളുടെ കഥ പറയുന്നതിലൂടെ, ലഹരിയില്‍ മുങ്ങി മരിച്ചു കൊണ്ടിരിക്കുന്ന ഒരു പാട് ജീവിതങ്ങളുടെ വേദനകള്‍ വികാര തീവ്രമായി, നമ്മെ അസ്വസ്തമാക്കികൊണ്ട് പറയുകയാണ്‌ സംവിധായകന്‍. '"ലഹരിയില്‍ ജീവിക്കുന്നവരും, അല്ലാത്തവരും എത്രെയും വേഗം കാണേണ്ട ചിത്രം ആകുന്നു Requiem for a Dream.

ലഹരിയില്‍ അടിമപ്പെട്ടവരുടെ ദുരന്തം എത്രെയോ സിനിമകളില്‍ നാം കണ്ടിരിക്കുന്നു. പക്ഷെ, Requiem for a Dream വെത്യസ്തമാകുന്നത് അതിന്‍റെ വശ്യമായ വികാര തീവ്രത കൊണ്ടാണ്. ഓരോ നിമിഷവും പ്രേക്ഷകനെ ""അനുഭവിപ്പിക്കാന്‍""ഈ സിനിമയ്ക്ക് കഴിയുന്നു. തീക്ഷ്ണമായ സംഗീതവും, കിടയറ്റ അഭിനയവും, വാക്കുകളില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാത്ത ഒരു പാട് കാരണങ്ങള്‍ കൊണ്ടും Requiem for a Dream മറക്കാന്‍ കഴിയാത്ത ഒരു സ്വപ്നം ആകുന്നു. ഇത് വരെ ഈ ചിത്രം കാണാതിരുന്നത് ഒരു ""വലിയ നഷ്ടബോധം""" ആയി എന്നെ മൂടിയിരിക്കുന്നു. ഇതിനപ്പുറം എന്ത് പറയാനാണ്? എന്ത് പറഞ്ഞാല്‍ ആണ് ഈ ചിത്രത്തോട് എനിക്ക് നീതി പുലര്‍ത്താന്‍ ആകുക? ഇതൊരു അനുഭവമാണ്....




Elephant ( English, 2003 )

Director: Gus Van Sant


മരണത്തെക്കുറിച്ച് Gus Van Sant സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളില്‍ രണ്ടാമത്തെ ചിത്രമാണ് Elephant. ഒരു ഹൈസ്കൂളില്‍ നടക്കുന്ന കൂട്ടകൊലയെ പ്രമേയമാക്കുന്ന ഈ ചിത്രം,1999 നടന്ന Columbine High School massacre നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു നിര്‍മ്മിക്കപ്പെട്ടതാണ്. വെത്യസ്ത മായ ഒരു കഥ പറച്ചില്‍ രീതിയിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നേരിട്ട് കഥ പറയുന്നതിനു പകരം, ഒരു പ്രേക്ഷകനെ പോലെ ക്യാമറയും, സംവിധായകനും കഥാപാത്രങ്ങളെ പിന്തുടരുന്നു. സംഭാഷണങ്ങള്‍ കുറച്ച് , വെത്യസ്ത് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ കടന്നു ഒടുവില്‍ ഒരു പൂര്‍ണ്ണമായ ചിത്രത്തിനു മുന്‍പിലേക്ക് സംവിധായകന്‍ നമ്മെ എത്തിക്കുന്നു.

ചിത്രം കണ്ടു കഴിയുമ്പോള്‍ നമുക്ക് മുന്‍പില്‍ പ്രണയം ഇല്ല, വെറുപ്പ് ഇല്ല, ആശങ്കകള്‍ ഇല്ല, ആകെ ഉള്ളത് ഒരു മരവിപ്പ് മാത്രമാണ്. മരണത്തിന്‍റെ , ഈ തണുപ്പ്(അതോ മരവിപ്പോ?) അനുഭവിപ്പിക്കാന്‍ കഴിയുന്നത്‌ കൊണ്ടാവണം 2003ലെ കാന്‍ ഫെസ്റ്റിവലില്‍ Palme d'Or ഈ ചിത്രം നേടി.



Thursday, 2 January 2014

The Way Back (English, Russian-- 2010)



Director: Peter Weir

രണ്ടാം ലോക മഹായുദ്ധ കാലത്ത്, സൈബീരിയന്‍ ജയിലില്‍, സോവിയറ്റ്‌ സര്‍ക്കാര്‍ തടവിലാക്കുന്ന ഒരു കൂട്ടം തടവുകാരുടെ, രക്ഷപെടലും, വീട്ടിലേക്കുള്ള മടക്കയാത്രയുമാണ് The Way Back പകര്‍ത്തുന്നത്. ദുരിതവും, പട്ടിണിയും സഹിക്ക വയ്യാതെയാണ് ഇവര്‍ രക്ഷപെടാന്‍ തീരുമാനിക്കുന്നത്. സ്വാതന്ത്ര്യ മോഹവും, അകലങ്ങളില്‍ കാത്തിരിക്കുന്ന "വീടും" ദുരിത പൂര്‍ണ്ണമായ ആ രക്ഷപെടലിനു കൂട്ടായി എത്തുന്നു. എന്നാല്‍ ഈ യാത്ര ഒട്ടും സുഖകമായിരുന്നില്ല. പിച്ചി ചീന്താന്‍ കാത്തിരിക്കുന്ന കാലാവസ്ഥയും, പട്ടിണിയും, അവരുടെ യാത്ര നരകത്തിലൂടെയാക്കുന്നു . എങ്കിലും അവര്‍ മുന്നോട്ടു തന്നെയാണ് . യാത്രയുടെ പലയിടത്തും ഇവരുടെ വ്യെക്തി ജീവിതത്തിലേക്കും സിനിമ സഞ്ചരിക്കുന്നു. പരസ്പരം സമാനതകള്‍ ഒന്നും പുലര്‍ത്താത്ത അവര്‍ക്കിടയിലേക്ക്, വഴിയിലെവിടെയോ വെച്ച് Irena എന്ന പെണ്‍കുട്ടിയും കടന്നു വരുന്നു. Irenaയെ സ്വീകരിക്കാന്‍ അവര്‍ ആദ്യം തയാറാകുന്നില്ല. എന്നാല്‍ പിന്നിടെപ്പോഴോ അവള്‍ ആ യാത്രയുടെ മുഴുവന്‍ പ്രത്യാശയും, ആശ്വാസവും ആയി തീരുകയാണ്. സൈബീരിയില്‍ തുടങ്ങുന്ന ഈ കാല്‍ നട യാത്ര അവസാനിക്കുന്നത് ഇന്ത്യയിലാണ്. പക്ഷെ, എത്രപേര്‍ അവിടെ വരെ അവശേഷിക്കുമെന്നോ, അതിലെത്രപേര്‍ തങ്ങളുടെ വീട്ടിലെത്തുമെന്നോ പ്രവചിക്കുക അസാധ്യം.

മഞ്ഞു മൂടിയ മലകളും, മരുഭൂമിയും, കൊടും വനങ്ങളും താണ്ടുന്ന The Way Back അതിജീവനത്തെക്കുറിച്ചു സംസാരിക്കുന്ന  മികച്ച ചിത്രങ്ങളിലൊന്നാണ്. ഈ ദുരിത യാത്രയുടെ ആദ്യാവസാനം, പ്രേക്ഷകനെ തങ്ങള്‍ക്കൊപ്പം നടത്താനും, വേദനിപ്പിക്കാനും ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്.