Thursday, 9 January 2014

Never Let Me Go (English,2010)

Director: Mark Romanek

    അസ്തമയ നിഴൽ വീണ മലഞ്ചെരുവിനു താഴെത്തെ പാതവക്കിൽ , മുള്ളുവേലികൾക്കിപ്പുറം....
രക്തമിറ്റുന്ന സംഗീതത്തിന്‍റെ പശ്ചാത്തലത്തിൽ, മലഞ്ചെരുവുകൾ കടന്ന് ആരുമെത്തില്ല എന്ന തിരിച്ചറിവിൽ, ഈറനണിഞ്ഞ കണ്ണുകളുമായി നിന്ന KATHY യെ മറക്കാൻ കഴിയാത്തത് കൊണ്ട് മാത്രമാകുന്നു ഈ പോസ്റ്റ്‌..

Kazuo Ishiguroയുടെ "Never Let Me Go" എന്ന DYSTOPIAN ബെസ്റ്റ്സെല്ലർ നോവലിന്‍റെ  ചലച്ചിത്ര ആവിഷ്കാരം ആണ് 2010 ല്‍  ഇതേ പേരില്‍ പുറത്തിറങ്ങിയ ഈ സിനിമ. ഒരു പക്ഷെ, വർഷങ്ങൾക്കപ്പുറമുള്ള ഒരു പ്രേക്ഷകൻ ഈ സിനിമയെ ഒരു DYSTOPIAN സിനിമ എന്ന് വിളിക്കുമോ എന്ന് സംശയമാണ്. എന്‍റെ സംശയം ശരിയാകല്ലേ എന്ന് ആഗ്രഹിക്കാൻ മാത്രമേ കഴിയൂ.

ഒരു ബോർഡിംഗ് സ്കൂളിലെ മൂന്നു കുട്ടികൾ..KATHY, RUTH ആൻഡ്‌ TOMMY. KATHY, TOMMY യെ നിശബ്ദമായി, അഗാധമായി, പ്രണയിക്കുന്നുണ്ട്. എന്നാൽ RUTH ഉം TOMMY യും പ്രണയത്തിലാണ്. അവരുടെ പ്രണയം എന്നെങ്കിലും തകരുമെങ്കിൽ TOMMY തന്‍റെ പ്രണയം തിരിച്ചറിയും എന്ന് KATHY വിശ്വസിക്കുന്നു. ഇത് RUTH നും അറിയാവുന്ന "രഹസ്യം" ആണ്. എന്നാൽ, തീക്ഷ്ണമായ അവരുടെ സഹൃദത്തിനും, പ്രണയത്തിനും അപ്പുറം അവർ മൂവരും കാത്തിരിക്കുന്ന ഒരൊറ്റ വിധി ഉണ്ട്. കൈയെത്തും ദൂരത്തുള്ള ആ വിധിയിലേക്ക്, മൂന്നു വഴികളിലൂടെ യാത്ര തുടങ്ങുമ്പോൾ KATHY ഓർക്കുന്നുണ്ട് 

" It had never occurred to me that our lives, which had been so closely interwoven, could unravel with such speed. If I'd known, maybe I'd have kept tighter hold of them and not let unseen tides pull us apart. "

ആദ്യാവസാനം ഇതൊരു പ്രണയ ചിത്രമാണ്. എന്നാൽ ഒരിടത്തു പോലും ഇതൊരു ത്രികോണ പ്രണയ കോലാഹലമായി തീരുന്നില്ല. മറിച്ച്, ഇവിടെ പ്രണയവും, സഹൃദവും അനുകമ്പയും, സഹതാപവുമെല്ലാം വേർതിരിവിന്‍റെ അഴിമുഖങ്ങൾ ഇല്ലാത്ത തിരയൊടുങ്ങാത്ത ഒരൊറ്റ കടലായി തീരുന്നു. ജീവനോടും, ജീവിതത്തോടുമുള്ള ഒടുങ്ങാത്ത ആസക്തിയാണ് "Never Let Me Go" പറയുന്ന പ്രണയം. സിനിമ കണ്ടു തീരുമ്പോൾ ഓർമ്മ വരിക SHAKESPEARE തന്‍റെ അവസാന നാടകമായ "TEMPEST " ൽ കുറിച്ച വരികളാണ്.

"We are such stuff
As dreams are made on; and our little life
Is rounded with a sleep."

പക്ഷെ, SHAKESPEARE പറയാതെ, പറഞ്ഞ ഒരു വാചകം, ആ മലഞ്ചെരുവിലെ, അവസാന രംഗത്തിലൂടെ , KATHY യിലൂടെ എഴുത്തുകാരൻ പറയുന്നുണ്ട്. " Maybe none of us really understand what we've lived through, or feel we've had enough time."

പരിചിത മുഖങ്ങളുടെ ആൾക്കൂട്ടത്തിൽ, ഓർത്തുവെക്കാൻ ഒരു സഹൃദമൊ, ഒരു പ്രണയമോ ഇല്ലാത്ത കൊണ്ടാവണം "Never Let Me Go" എന്‍റെ പ്രിയചിത്രങ്ങളിൽ ഒന്നായത്. 
"കടൽ നഷ്ട്ടപെട്ട കടൽയാനങ്ങളായി " KATHYയും , RUTHഉം, TOMMYയും തിരകളെണ്ണി, തീരങ്ങളിൽ തന്നെ കാത്തിരിക്കുമ്പോൾ...ഒരിറ്റു കണ്ണീർ പൊഴിയാതെ, ഒരു വേദനയും തോന്നാതെ, എത്രപേർക്ക് "Never Let Me Go" കണ്ടു തീർക്കാനാവും എന്ന് എനിക്കറിയില്ല.

സിനിമയുടെ ആത്മാവ് കണ്ട Rachel Portmanന്‍റെ പശ്ചാത്തല സംഗീതത്തേയും(http://www.youtube.com/watch?v=FlTjn7mBI9c), KATHY ക്ക് ജീവൻ പകർന്ന Carey Mulligan ന്‍റെ അഭിനയ മികവിനേയും പരാമർശിക്കാതെ പോകാനാവില്ല. 

പ്രിയ സുഹൃത്തേ, കഴിയുമെങ്കിൽ കാണുക. ഇതൊരു മനോഹര കാഴ്ചയാകുന്നു. പക്ഷെ, മനോഹരമായ എല്ലാ കാഴ്ചകളും നമ്മെ സന്തോഷിപ്പിക്കണം എന്നില്ലല്ലോ!



No comments:

Post a Comment