Thursday, 9 January 2014

Lilja 4-ever (Swedish- Danish 2002)

Director: Lukas Moodysson


തീക്ഷ്ണമായ ഓർമപ്പെടുത്തലുകളും , അസ്വസ്ഥമാക്കുന്ന നിമിഷങ്ങളും നല്‍കുന്ന സിനിമകളിൽ ഒന്നാണ് Lilja 4-ever. എന്‍റെ  പ്രിയ ചിത്രങ്ങളിൽ ഒന്ന്.

16 ആം വയസ്സിൽ വേശ്യാവൃത്തിയുടെ ചളിക്കുണ്ടിൽ പെട്ട് പോയ Lilja കഥ ആണ് Lilja 4-ever. സോവിയറ്റ് യൂനിയന്‍റെ  തകർച്ചയ്ക്ക് ശേഷം, സാമ്പത്തികമായി തകർന്ന, പേര് പറയാത്ത നഗരത്തിൽ ഒരു ഫ്ലാറ്റിലെ അശാന്തമായ Lilja യുടെ ജീവിതത്തിന് കൂട്ടായി ഉള്ളത് അമ്മയാണ്. കിട്ടിയ ആദ്യ അവസരത്തിൽ തന്നെ അമ്മ കാമുകനൊപ്പം അമേരിക്കയ്ക്ക് രക്ഷപെടുന്നു. തനിച്ചായി പോയ Lilja യുടെ ജീവിതവും പാളം തെറ്റി യാത്ര തുടങ്ങുന്നു. ഏകാന്തത, ദാരിദ്ര്യം, കുടിയോഴിപ്പിക്കൽ ഒടുവിൽ വേശ്യാവൃത്തിയും. ദുരിതങ്ങളിലൂടെ മാത്രമുള്ള ഈ ജീവിതത്തിൽ Volodya എന്ന ബാലൻ മാത്രമാണ് ഏക ആശ്വാസം. വീട്ടിൽ നിന്നും എല്ലാ രാത്രിയിലും പുറത്താക്കപ്പെടുന്ന.... ഏകാന്തതയും, ദാരിദ്രവും മാത്രം കൂട്ടിനുള്ള കൊച്ചു Volodya. "കേരളാ കഫെയിൽ" അൻവർ റഷീദ് സംവിധാനം ചെയ്ത "ബ്രിഡ്ജ്"ന്റെ അവസാന രംഗത്തിൽ ഉപേക്ഷിക്കപെട്ട അമ്മയ്ക്കും , പൂച്ചയ്ക്കും ഇടയിൽ ഒരു ബ്രിഡ്ജ് രൂപം കൊള്ളുന്ന പോലെ, ഇവിടെയും രണ്ടു "തിരസ്കൃതർക്ക്" ഇടയിൽ അതിമനോഹരമായ ഒരു ബ്രിഡ്ജ് രൂപം കൊള്ളുകയാണ്.

വിക്കി പീഡിയ പറയുന്നത് ശരിയാണെങ്കിൽ, വേശ്യാവൃത്തിയിൽ കുടുങ്ങി ഒടുവിൽ ആത്മഹത്യ ചെയ്ത Danguolė Rasalaitė എന്ന ഒരു 16 കാരിയുടെ ജീവിതമാണ് ഈ സിനിമയുടെ വഴി വിളക്ക് . ഈ സിനിമ മുഴുവനും പറയുന്നത് ആ പെണ്‍ക്കുട്ടിയുടെ ജീവിതം ആണ് എന്ന് അതിനർത്ഥം ഇല്ല.

സ്ത്രീ ഒരു ശരീരം മാത്രമാണെന്ന് കരുതുന്ന , ചൂഷണത്തിൽ കെട്ടിപൊക്കുന്ന, നമ്മുടെ ലോക ക്രമത്തിൽ Lilja 4-ever ഒരു വലിയ അടയാളപ്പെടുത്തൽ ആണ്. നമ്മൾ കാണാതെ പോകുന്ന, ഇനിയും ആവർത്തിക്കാൻ പോകുന്ന ഒരു പാട് നൊമ്പരങ്ങളുടെ അടയാളപ്പെടുത്തൽ. 

തീരച്ചയായും Liljaയെ, അവളുടെ ജീവിതത്തെ.... കാണണം. Lilja പറയുന്നത് കേൾക്കണം. കാരണം, നമ്മൾ കേൾക്കാതെ പോയ ആയിരം കഥകൾ Lilja 4-ever പറയുന്നുണ്ട്.



No comments:

Post a Comment