Thursday, 9 January 2014

Nostalgia For The Light (Spanish, Documentary, 2010)

Director: Patricio Guzmán


"ഖനിജം" എന്ന നോവലിൽ പി. വി. കെ പനയാൽ ഇങ്ങനെ എഴുതുന്നു. 

"നൂറ്റാണ്ടുകളായി വെയിലും, മഴയും ഏറ്റു നിൽക്കുന്ന ചുമടുതാങ്ങികളും , കൽതൊട്ടികളും ആൽത്തരകളും , മറഞ്ഞു പോയ ഏതോ സംസ്കാരത്തിന്‍റെ  മരിക്കാൻ കൂട്ടാക്കാത്ത അടയാളങ്ങളായി ഇപ്പോഴും നിലനില്ക്കുന്നു എന്ന് മാത്രമേ പറയാനാകൂ. പുതിയ മനുഷ്യർ ഭാരമിറക്കി വെയ്ക്കാനും കാലികളെ വെള്ളം കുടിപ്പിക്കാനും ഇതുപയോഗിക്കുന്നു. അവരൊന്നും അതുണ്ടാക്കിയ മനുഷ്യരെ കുറിച്ചോ, അവരുടെ സഹജീവി സ്നേഹത്തെ ഓർക്കാൻ ഇടയില്ല."

നമ്മൾ മറന്നു പോകുന്ന നമ്മുടെ മുൻ തലമുറകളെ കുറിച്ചുള്ള ഇത്തരം ഒരു ഓർമ്മപ്പെടുത്തൽ ആണ് Nostalgia For The Light.

1973 ല്‍ അലൻദ്ദെ സർക്കാരിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി കൊണ്ടാണ് പിനെഷയുടെ ഏകാധിപത്യം ചിലിയെ കീഴ്പ്പെടുത്തുന്നത്. പിന്നീടുള്ള ഇരുണ്ട നാളുകളിൽ നിരവധി ജനാധിപത്യ സ്നേഹികൾ പിനെഷയുടെ തടങ്കൽ പാളയങ്ങളിൽ കൊല്ലപ്പെടുകയുണ്ടായി. അത്തരം ഒരു പാളയം നില നിന്നിരുന്ന Atacama മരുഭൂമിയിൽ ആണ് Nostalgia For The Light ചിത്രീകരിച്ചിരിക്കുന്നത്. Atacama മരുഭൂമിയിലെ മണ്ണിന്‍റെ  പ്രത്യേകത കാരണം , വർഷങ്ങൾക്കിപ്പുറവും, ഈ തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങൾ പൂർണ്ണമായും നശിച്ചു പോയിട്ടില്ല. മരുഭൂമിയിൽ ഉറഞ്ഞു പോയ അനേകായിരം ശവ ശരീരങ്ങളിൽ നിന്നും, തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശരീരാവഷിഷ്ട്ടങ്ങൾ തിരഞ്ഞ് ഇന്നലകളിലേക്ക് നടക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ വർഷങ്ങൾ വർഷങ്ങൾ നീളുന്ന, ഇന്നും തുടരുന്ന സഹനത്തെ കുറിച്ചാണ് Nostalgia For The Light സംസാരിക്കുന്നത്. ഒപ്പം പുറമേ വിചിത്രം എന്ന് തോന്നാവുന്ന ഒരു comparison സംവിധായകൻ നടത്തുന്നു. Atacama മരുഭൂമിയിൽ തന്നെ ആണ്‌ ലോകപ്രശസത്മായ ഒരു വാന നിരീക്ഷണ കേന്ദ്രം നിലകൊള്ളുന്നത്. യഥാർത്ഥത്തിൽ അവർ നിരീക്ഷിക്കുന്നതും ഇന്നലകളെ തന്നെ ആണെന്ന സത്യം സംവിധായകൻ ഓർമ്മപ്പെടുത്തുകയാണ്. കാരണം കോടാനുകോടി വർഷങ്ങൾക്ക് അപ്പുറം പ്രപഞ്ചത്തിന്‍റെ  ഏതോ കോണിൽ ഉണ്ടായ പ്രകാശ രശ്മികൾ ഇപ്പോഴാവും ഇവിടെ എത്തിയിട്ടുണ്ടാകുക. അപ്പോൾ നമ്മൾ നോക്കുന്നത് ഇന്നലകളിലേക്ക് തന്നെയല്ലേ.

നമ്മളെല്ലാം ജീവിക്കുന്നത് ഇന്നലകളിലും, ഓർമ്മകളിലും തന്നെയാണ് എന്ന് ആഴത്തിൽ അടയാളപ്പെടുത്തുന്നുണ്ട് Nostalgia For The Light. അത് കൊണ്ട് തന്നെ നമുക്ക് മുൻപേ പോയ തലമുറയെ, അവരുടെ സ്വപ്നങ്ങളെ വേദനകളെ നാം കൂടുതൽ പരിഗണനയോടെ സമീപിക്കണം എന്ന് Nostalgia For The Light പറയാതെ പറയുന്നു. 

കാവ്യാത്മകമായി, കിടയറ്റ ദ്രിശ്യ ഭംഗിയോടെ ചിത്രീകരിക്കപെട്ട Nostalgia For The Light "Rotten Tomatoes"" '' ൽ 100 ശതമാനം റേറ്റിംഗ് നേടിയ Documentary കൂടിയാകുന്നു.

Nostalgia For The Light പറയാൻ ആഗ്രഹിച്ചത്‌ വി. കെ ജോസഫ്‌ ലോർക്കയുടെ കവിതയെ സൂചിപ്പിച്ചു എഴുതിയ ഈ വരികളിൽ കാണാം. "ചരിത്രത്തിലെ ദുരന്തങ്ങളെ നാം വിസ്മരിക്കരുത്. എല്ലാ നെടുവീർപ്പുകളും ഒരു നിലവിളിയുടെ അവശേഷിപ്പാണെന്ന്  നാം ഓർക്കണം. കാലത്തിന്‍റെ തിരശീലക്ക് അപ്പുറത്തേക്ക് അപ്രതീക്ഷിതമായി എടുത്തെറിയപ്പെട്ട ലക്ഷക്കണക്കിനു മനുഷ്യരുടെ നിലവിളികൾ വർത്തമാന കാലത്തെ നമ്മുടെ നെടുവീർപ്പുകൾ ആകേണ്ടതുണ്ട്"


അങ്ങനെ ഒരു നെടുവീർപ്പാകാൻ Nostalgia For The Light നു കഴിയുന്നത്‌ കൊണ്ട് തന്നെയാണ് ഇതെന്‍റെ  പ്രിയ Documentaryകളിൽ ഒന്നായി തീരുന്നത്.




No comments:

Post a Comment