Wednesday 25 December 2013

Il Mare (Korean, 2000 )

Director: Lee Hyun-seung


Il mare എന്ന വാക്കിന്‍റെ അര്‍ത്ഥം "കടല്‍" എന്നാണ്. കടല്‍ തീരത്തോട് ചേര്‍ന്നുള്ള "Il mare എന്ന വീടാണ് ഈ സിനിമയുടെ പ്രധാന പശ്ചാത്തലം.


Il mare എന്ന "കടല്‍ വീട്ടില്‍" രണ്ടുവര്‍ഷത്തെ ഇടവേളകളില്‍ താമസിക്കുന്ന Eun-jooന്‍റെയും Sung-hyunന്‍റെയും കഥയാണ് ഈ സിനിമ. രണ്ട് സമയത്ത് ജീവിച്ചിരുന്നവരുടെ കഥ പറയുന്നത് കൊണ്ട് തന്നെ രണ്ട് time plane ലാണ് സിനിമ നടക്കുന്നത്. Il Mareനു മുന്‍പിലെ തപാല്‍ പെട്ടിയാണ് ഈ സിനിമയിലെ മറ്റൊരു പ്രധാന താരം.കാലത്തിനു മുന്‍പിലേക്കും, പിന്നിലേക്കും സാധനങ്ങള്‍ കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ഒരു തപാല്‍ പെട്ടിയാണത്. ഈ തപാല്‍ പെട്ടിയിലൂടെ Il Mareല്‍ രണ്ട് കാലത്ത് ജീവിച്ചിരുന്നവര്‍ പരസ്പരം കത്തുകള്‍ അയയ്ക്കുന്നു . കാലങ്ങള്‍ക്ക് അപ്പുറവും, ഇപ്പുറവുമിരുന്ന്, ആ കത്തുകളിലൂടെ തങ്ങളുടെ ദുഖവും, സന്തോഷവും, പ്രണയവുമെല്ലാം അവര്‍ പങ്ക് വെയ്ക്കുന്നു. അങ്ങനെ തങ്ങളുടെ ജീവിതങ്ങളെ അവര്‍ പരസ്പരം സ്പര്‍ശിച്ചു കൊണ്ടേയിരിക്കുന്നു.

രണ്ട് time plane ല്‍ നടക്കുന്നത് കൊണ്ടുണ്ടാകുന്ന ചില്ലറ ആശയക്കുഴപ്പങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഇതൊരു മനോഹര ചിത്രമാണ്. ലാളിത്യവും, ദ്രിശ്യഭംഗിയും, ആവോളം ഉള്ളതും ക്ലീഷേകളുടെ ഭാരങ്ങള്‍ ഇല്ലാത്തതുമായ ഒരു ചിത്രം . 2006ല്‍ ഇതിന്‍റെ ഹോളിവുഡ്‌ പതിപ്പ് The Lake House എന്ന പേരില്‍ പുറത്തിറങ്ങുകയുണ്ടായി. അതിന്‍റെ അവസ്ഥ എന്തായി എന്ന് നിശ്ചയമില്ല.


ഈ സിനിമയെക്കുറിച്ച്, വിക്കി പീഡിയയില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു
 "This time-travel romance was not a popular success in 2000, selling less than a quarter million tickets in Seoul (upstaged by not only the similar-themed Ditto, but also the controversial Lies), but since then it has developed a loyal fan base a la Somewhere in Time and attained the status of a minor classic among Korean cinema fans."




Jun Ji-hyun as Eun-joo

Sunday 3 March 2013

Baran (Persian:literally: Rain, 2001)

Director::::: Majid Majidi 



ഷ്ട്ടപ്പാടിന്‍റെയും സാമ്പത്തിക പരാധീനതകളുടെയും നടുവില്‍ നിന്നും തീക്ഷ്ണമായ ഒരു പ്രണയത്തിന്‍റെ വെത്യസ്തത ഭാവങ്ങള്‍ പകര്‍ത്തുകയാണ് Baran . ഇറാനിലെ ഒരു തൊഴില്‍ കേന്ദ്രത്തിലാണ് കഥ നടക്കുന്നത്. അവിടെ നിരവധി അഫ്ഗാന്‍ തൊഴിലാളികള്‍ നിയമ വിരുദ്ധമായി പണിയെടുക്കുന്നുണ്ട്. ആ കൂട്ടത്തില്‍ ഒരാള്‍ ഗുരുതരമായി പരിക്കേറ്റു കിടപ്പിലാകുന്നു. ആ തൊഴിലാളിയുടെ മകളാണ് "Baran". അച്ഛന്‍റെ  പരിക്ക് കാരണം, പട്ടിണിയായ കുടുംബത്തെ രക്ഷിക്കാന്‍, RAHMAT എന്ന പേരില്‍ ഒരു ആണ്‍കുട്ടിയായി  Baran പണിക്ക് എത്തുന്നു. Baran ന്‍റെ  ഈ വരവ് കാരണം സുഖകമായിരുന്ന ജോലി നഷ്ടപെടുന്നതോ NAJAF നും. സ്വതവേ മുന്‍കോപം കൂടുതലുള്ള NAJAFനു ഇതു സഹിക്കാന്‍ കഴിയുമായിരുന്നില്ല. കഴിയുന്ന എല്ലാ രീതിയിലും NAJAF അവളെ ഉപദ്രവിക്കുന്നു. പക്ഷെ , അവിചാരിതമായി Baran ഒരു പെണ്‍കുട്ടി ആണ് എന്നറിയുന്നതോടെ കാര്യങ്ങള്‍ തകിടം മറിയുകയാണ്....തീക്ഷ്ണമായ വിരോധത്തിനും ............തീക്ഷ്ണമായ പ്രണയത്തിനും ഇടയിലെ ദൂരം എത്രെയോ ചെറുതാണ്. NAJAFനു Baranനോട് തോന്നുന്ന തീക്ഷ്ണ പ്രണയത്തിന്‍റെ കഥാപുസ്തകമാണ് ഈ ചിത്രം...

എത്രയോ പ്രണയ കഥകള്‍ നാം കേട്ടിട്ടുണ്ട്. രാജകുമാരനെ പ്രണയിച്ച എത്രയോ രാജകുമാരികളുടെ കഥകള്‍.....പക്ഷെ, ഇത്തരം കഥകളുടെ മഴവെള്ള പാച്ചിലില്‍, നാം കാണാതെ പോയ എത്രെയോ പ്രണയ കഥകള്‍ ഇനിയും ബാക്കിയുണ്ടാകും.! 


കുതിരയോ...സാമ്രാജ്യമോ....ജീവിതമോ പോലും സ്വന്തമില്ലാത്ത രാജകുമാരന്‍റെ/രാജകുമാരികളുടെ ഒരു പാട് പ്രണയ കഥകള്‍....... അത്തരം കഥകളില്‍ ഒന്നിന്‍റെ വീണ്ടെടുപ്പാണ്  Majid Majidi യുടെ ഈ ചിത്രം.

പ്രണയത്തെക്കുറിച്ച് വെത്യസ്തമായ ചില ചോദ്യങ്ങള്‍ കൂടി അവതരിപ്പിക്കുന്നു Baran . പരസ്പരം വെട്ടിപിടിക്കാനും, സ്വന്തമാക്കാനുമുള്ള ഒന്നാണോ പ്രണയം? കാത്തിരിക്കുന്ന വിധി എന്ത് തന്നെയായാലും, സഹജീവിയുടെ പ്രശ്നത്തില്‍ ഇടപെടാനും, അത് പരിഹരിക്കാന്‍ പരിധികള്‍ ഇല്ലാതെ ശ്രമിക്കാനും കഴിയുന്ന ഒരു ഹൃദയം അല്ലെ പ്രണയം? അതാണ് പ്രണയമെങ്കില്‍, ഞാന്‍ കണ്ട മികച്ച കാമുകനായി മാറുന്നു NAJAF. അതുകൊണ്ടാണ്, ആദ്യാവസാനം കാമുകിയോട് ഒരു വാക്ക് പോലും സംസാരിക്കാന്‍ കഴിയാത്തപ്പോഴും, മഴ പെയ്യുന്ന ഒരു ഹൃദയം സൂക്ഷിക്കാന്‍ അയാള്‍ക്ക് കഴിയുന്നത്‌....





Saturday 2 March 2013

MOMMO (Turkish, 2009)

Director:::::: Atalay Taşdiken


Mommo നമുക്ക് അപരിചിതമായ ഒരു കഥയല്ല. നമുക്ക് ചുറ്റും ഉണ്ടായിട്ടും, നമ്മള്‍ കാണാതെ പോകുന്ന ചില വലിയ വേദനകളുടെ, ചില ചെറിയ സന്തോഷങ്ങളുടെ കഥയാണ്‌ Mommo . അച്ഛനും, അമ്മയും ഉപേക്ഷിച്ച, അപ്പൂപ്പനൊപ്പം കഴിയുന്ന ഒരു സഹോദരന്‍റെയും സഹോദരിയുടെയും ഏകാന്തതയാണ് Mommo പങ്കു വെയ്ക്കുന്നത്. അച്ഛന്‍ വേറെ വിവാഹം കഴിച്ച്, മാറി താമസിക്കുന്നു. അയാളുടെ പുതിയ ഭാര്യക്കും, കുട്ടിക്കും, ഈ കുഞ്ഞുങ്ങളെ കാണുന്നതെ കലി ആണ്. പ്രായാധിക്യത്താല്‍ വിഷമിക്കുന്ന അപ്പൂപ്പനാകട്ടെ  കുഞ്ഞുങ്ങളെ തന്‍റെ  മകളുടെ അടുത്ത് എത്തിക്കാനുള്ള ശ്രമത്തിലും. അവിടെ നിയമം വിലങ്ങുതടി ആകുന്നു. ആരും ശ്രദ്ധിക്കാന്‍ ഇല്ലാതെ, എപ്പോഴും ചുറ്റും നിറയുന്ന ഏകാന്തതയില്‍ പരസ്പരം, ആശ്വാസം കണ്ടെത്താനുള്ള രണ്ടു കുട്ടികളുടെ ശ്രമമാണ് ഈ ചിത്രം. സ്നേഹത്തിന്‍റെ , പരിഗണനയുടെ, ആശ്വാസത്തിന്‍റെ , ആള്‍രൂപമായി മാറുന്ന ഒരു കച്ചവടക്കാരനും, ഈ ചിത്രത്തിലെ ആര്‍ദ്രമായ ഒരു കാഴ്ചയാകുന്നു. 



ജീവിതത്തിന്‍റെ  ചെറിയ, ചെറിയ സന്തോഷങ്ങളും, ഒപ്പം,നമ്മള്‍ ചെറുതെന്ന് കരുതുന്ന, എന്നാല്‍ ഒട്ടും ചെറുതല്ലാത്ത ഒരു പാട് വേദനകളും, കുട്ടികളുടെ കണ്ണുകളിലൂടെ സംവിധായകന്‍ കാട്ടി തരുന്നു.


ഒടുവില്‍, ഒരു വലിയ വേദനയില്‍ ചിത്രം അവസാനിച്ചപ്പോള്‍, അണിയറ പ്രവര്‍ത്തകരുടെ പേരുകളൊക്കെ, സ്ക്രീനില്‍ തെളിഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. പക്ഷെ, നിറഞ്ഞു തുളുമ്പാന്‍, തുടങ്ങിയിരുന്ന എന്‍റെ കണ്ണും, മനസ്സും, അതൊന്നും കാണുന്നുണ്ടായിരുന്നില്ല...............


LOOSE CHANGE (English 2005)

Director: Dylan Avery

അമേരിക്കയേയും, ലോകത്തെയും ഞെട്ടിച്ച 9/11 ആക്രമത്തിന്‍റെ ആഴങ്ങളിലേക്കുള്ള അന്വേഷണമാണ് LOOSE CHANGE. ലോകത്തെ മുഴുവന്‍, അമേരിക്കയും, നമ്മുടെ മാധ്യമങ്ങളും പറഞ്ഞു പഠിപ്പിച്ച 9/11 കാഴ്ചകളില്‍ നിന്നും വെത്യസ്തമായ ഒരു കാഴ്ചയാണ് LOOSE CHANGE പങ്കുവെയ്ക്കുന്നത്. ബിന്‍ ലാദനുമപ്പുറം, 9/11 നു പിന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്ത കരങ്ങളുണ്ടെന്നു ചിത്രം പറയുന്നു. പ്ലെയിന്‍ ഇടിച്ചു തകര്‍ന്നു വീണതല്ല വേള്‍ഡ് ട്രേഡ് സെന്‍റര്‍ എന്നും, മറിച്ച്‌, വ്യക്തമായ പ്ലാനിംഗ് ഉള്ള ഒരു Controlled demolition  ആണ് അവിടെ നടന്നതെന്നും ആധികാരികമായി (?) ചിത്രം വാദിക്കുന്നു. ലോകത്ത് ഒരു കെട്ടിടവും, അതിനു മുന്‍പോ,(പ്ലെയിന്‍ ഇടിച്ച കെട്ടിടങ്ങള്‍ പോലും) അതിനു ശേഷമോ ഇങ്ങനെ "പൊഴിഞ്ഞു" വീണിട്ടില്ല. ഇവിടെ തുടങ്ങി, 9/11 നെ ക്കുറിച്ചുള്ള ഒട്ടുമിക്ക OFFICIAL വാദങ്ങളെയും, LOOSE CHANGE വെല്ലുവിളിക്കുന്നു.

 ഈ ചിത്രത്തിന്‍റെ ആധികാരികതയെ പലരും  എതിര്‍ക്കുമ്പോള്‍ പോലും, ഈ ചിത്രം ഉന്നയിക്കുന്ന പല ചോദ്യങ്ങളും എഴുതിതള്ളാന്‍ കഴിയില്ല. കാരണം ഇതൊരു ബാലിശമായ ചിത്രം അല്ല. കോര്‍പ്പറേറ്റ് മാധ്യമങ്ങളും, ഭരണകൂടവും പറയുന്നതാണ് സത്യം എന്ന് എങ്ങനെ വിശ്വസിക്കും? ദേശസ്നേഹവും, തീവ്രവാദവും , വിവാദവും എല്ലാം ഇന്ന് ലക്ഷ്യങ്ങളുടെ (കോടികളുടെ ? ) കച്ചവടം ആണല്ലോ?



AMORES PERROS (LOVE'S A BITCH 2000, MEXICAN)

Director: Alejandro González Iñárritu

പ്രണയവും, സ്നേഹവുമെല്ലാം എപ്പോഴും സുന്ദരമാണോ ? ഒരിക്കലുമല്ല എന്ന സത്യമാണ് AMORES PERROS പറയുന്നത്. Alejandro González Iñárritu ന്‍റെ Death trilogyലെ ആദ്യ ചിത്രമാണ് ഇത്. ഈ പരമ്പരയിലെ  21 Grams and Babel തുടങ്ങിയ ചിത്രങ്ങളും മികച്ച പ്രേക്ഷക പിന്തുണ നേടിയവയാണ്.

ഒരു കാര്‍ അപകടവും, അതുമായി ബന്ധപ്പെടുന്ന മൂന്നുപേരുടെ ജീവിതവുമാണ് ഈ ചിത്രം. ഒരാള്‍ തന്‍റെ ജേഷ്ടന്‍റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തുന്ന ആളാണ്. മറ്റൊരാളാകട്ടെ, തന്‍റെ ഭാര്യയേയും, കുട്ടികളെയും ഉപേക്ഷിച്ചു സുന്ദരിയായ കാമുകിക്കൊപ്പം ജീവിക്കുന്നു. മൂന്നാമന്‍ ലോകത്തോടുള്ള സ്നേഹം മൂലം , വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്‍റെ കുഞ്ഞിനെ ഉപേക്ഷിച്ചു ഗറില്ലയായി മാറിയ ആളാണ്. കാലത്തിന്‍റെ ഒഴുക്കില്‍ ഒരു വാടക കൊലയാളിയായി ജീവിക്കുന്നു . തന്‍റെ മകളുടെ മുമ്പില്‍ ഒരു വട്ടമെങ്കിലും അവളുടെ അച്ഛനായി നില്‍ക്കുക എന്നതാണ്,  അയാളുടെ ലക്‌ഷ്യം. ഈ മൂവരുടെ ജീവിതത്തിലും നിര്‍ണ്ണായകമായ സാന്നിധ്യമായി കുറച്ചു നായ്ക്കളും. ആ നായ്ക്കള്‍ "loyalty"യുടെ പ്രതീകങ്ങളാണ്. ഈ മൂവരും തങ്ങളുടെ ജീവിതത്തില്‍ മറന്നു പോയത് ഈ loyalty തന്നെയാണ്. എന്തായാലും പ്രേക്ഷകന്‍ ആഗ്രഹിക്കുന്നിടത് ചിത്രം അവസാനിക്കുന്നില്ല. ജീവിതത്തില്‍ ശരിയും തെറ്റും എല്ലാം ആപേക്ഷികമാണല്ലോ?


""സ്വന്തമാക്കലിനു൦ , സമയം കൊല്ലലിനു൦ അപ്പുറം പ്രണയിക്കാന്‍ മനുഷ്യന് കഴിയുമോ? നമ്മുടെ പ്രണയത്തിനും,സ്നേഹത്തിനും, എതിര്‍പ്പിനും എല്ലാം നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉള്ളു. എങ്കിലും , ഇതെല്ലാം നമ്മള്‍ നിഷേധിക്കും. എന്നിട്ട് യഥാര്‍ത്ഥ സ്നേഹത്തിന്‍റെ വക്താക്കളാണ് നമ്മള്‍ എന്ന് സ്വയം പറഞ്ഞു പഠിക്കുകയും, മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യും. അതാണല്ലോ നമ്മള്‍ ഈ ദിനവും ചെയ്തു കൊണ്ടിരിക്കുന്നത്!! 


                               

Friday 1 March 2013

Good bye, Lenin! (German, 2003)

Director: Wolfgang Becker



1990 ലെ ബെര്‍ലിന്‍ മതിലിന്‍റെയും, ഒപ്പം സോഷ്യലിസ്റ്റ്‌ ജര്‍മ്മനിയുടെ തകര്‍ച്ചയേയും വളരെ വെത്യസ്തമായ വീക്ഷങ്ങളിലൂടെ കാണുകയാണ് Good bye, Lenin!. ഒരേ സമയം ഒരു പാട് തലങ്ങളുളള, രാഷ്ട്രീയ വായനയും, ഹൃദയ സ്പര്‍ശിയായ ഒരു കുടുബ ചിത്രവുമായി പരിണമിക്കുന്നു Good bye, Lenin!. ബെര്‍ലിന്‍ മതിലിനും, അത് വഴി ഉരുക്കുമുഷ്ടി രാഷ്ട്രീയത്തിനും എതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന മകനും, പാര്‍ടിയില്‍ അടിയുറച്ചു വിശ്വസിക്കുന്ന അമ്മയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍..... മകനെ പൊലീസ് അറസ്റ്റു ചെയ്യുന്നത് കണ്ടു ബോധരഹിതയായി വീഴുന്ന അമ്മ പിന്നിട് ദിവസങ്ങളോളം, ആ അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. അമ്മ ബോധമറ്റ്‌ കിടക്കുന്ന ആ ദിവസങ്ങളില്‍ തന്നെയാണ്, ബെര്‍ലിന്‍ മതിലും,സോഷ്യലിസ്റ്റ്‌ ഭരണകൂടവും നിലംപതിക്കുന്നത്. ഒടുവില്‍ അമ്മയ്ക്ക് ബോധം തിരിച്ചു കിട്ടിയപ്പോഴേക്കും, അവരുടെ രാജ്യം തിരിച്ചറിയാനാവാത്ത വിധം മാറിയിരുന്നു. അവര്‍ ജീവനു  തുല്യം പ്രണയിച്ച പലതും ചരിത്രമായി കഴിഞ്ഞു. ഹൃദ്രരോഗി ആയ അവര്‍ ഈ ഞെട്ടല്‍ താങ്ങില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയാണ്... എത്രയും നാള്‍ അവര്‍ ഈ സത്യം അറിയാതിരിക്കുന്നുവോ അത്രയും ദിവസങ്ങള്‍ കൂടി അവര്‍ ജീവിച്ചിരിക്കും...............അമ്മ ജീവിച്ച കാലം, അതേ രൂപത്തില്‍ അവരുടെ മുന്‍പില്‍ അവതരിപ്പിക്കുക മാത്രമാണ് മകന്‍റെ മുന്‍പിലുള്ള ഏക വഴി. മാറ്റങ്ങളുടെ ആ പെഴുമഴക്കാലത്ത്  അതൊട്ടും എളുപ്പവുമല്ല................




ചിത്രത്തിന്‍റെ അവസാനം സംവിധായകന്‍ ഒരു സ്വപ്നം പങ്കു വെയ്ക്കുന്നു. ബെര്‍ലിന്‍ മതിലുകള്‍ പൊളിച്ചു പുറത്തേക്കു ഒഴുകുകയും, ഒപ്പം കാറ്റും വെളിച്ചവും കടക്കുകയും ചെയ്യുന്ന ഒരു സോഷ്യലിസ്റ്റ്‌ സമൂഹം. നടക്കാതെ പോയെങ്കിലും, ഇനിയും നടന്നു തീര്‍ക്കാനുള്ള ദൂരത്തെ ഓര്‍മിപ്പിച്ച്.......ഒരു സുന്ദര സ്വപ്നമായി .......അതിപ്പോഴും അങ്ങേ തലയ്ക്കല്‍ അവശേഷിക്കുന്നു.







Thursday 28 February 2013

Eternal Sunshine of the Spotless Mind (English, 2004)

Director: Michel Gondry

കുറെ കാലം കഴിഞ്ഞു നടക്കാന്‍ സാധ്യത ഉള്ള ഒരു കഥ പരിസരത്തില്‍ നിന്നാണ് ഈ പ്രണയ ചിത്രം വികസിക്കുന്നത്. നമുക്ക് ഒരു വ്യെക്തിയെക്കുറിച്ചുള്ള (അത് ആരുമായിക്കൊള്ളട്ടെ അച്ഛനോ,അമ്മയോ,കാമുകിയോ..... ) എല്ലാ ഓര്‍മകളും മായിച്ചു കളയാന്‍ കഴിയുന്ന "ശാസ്ത്രം" ഉള്ള ഒരു കാലം. ഇങ്ങനെ ഒരു കാലത്ത് രണ്ടു കമിതാക്കള്‍ തങ്ങളുടെ ഓര്‍മ്മകള്‍ പരസ്പരം മായിച്ചു കളയുന്നു. പെട്ടന്നുണ്ടായ ഒരു ദേഷ്യം നിമിത്തമാണ് ഈ അപകടം സംഭവിക്കുന്നത്. കാമുകി ആണ് അപകടത്തിനു തുടക്കമിടുന്നത് . തന്നെ മറന്നു കഴിഞ്ഞ കാമുകിയെ മറക്കാന്‍ കാമുകനും തീരുമാനിക്കുന്നു. കാമുകന്‍റെ മനസ്സില്‍ നിന്നും കൊഴിയുന്ന ഓര്‍മകളിലൂടെയാണ്‌ ഇവരുടെ ഭൂതകാലം പ്രേക്ഷകന്‍ മനസിലാക്കുന്നത്. ഒടുവില്‍ ഒരു പുതിയ പ്രഭാതത്തില്‍ , തീര്‍ത്തും അപരിചിതരായി , വളരെ അപ്രതീക്ഷിതമായി അവര്‍ വീണ്ടും കണ്ടുമുട്ടുന്നു. Michel Gondry സംവിധാനം ചെയ്ത "Eternal Sunshine of the Spotless Mind" ഇവിടെ ആരഭിക്കുന്നു.





ഈ ചിത്രം അടിമുടി വെത്യസ്തമാണ്. പ്രണയചിത്രം എന്ന്പറയുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു പശ്ചാത്തലത്തില്‍ നിന്നും, തികച്ചു വെത്യസ്തമായ ഒരു ഭൂമികയിലാണ്‌ ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. സ്വപ്നവും, ഓര്‍മകളും, വര്‍ത്തമാന കാലവുമെല്ലാം ഒരൊറ്റ ഫ്രെയിമില്‍ സംവിധായകന്‍ ഒരുക്കുന്നു. Kate Winslet എന്ന നടി യുടെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലേത്.

"ഇതിനെക്കാള്‍ മികച്ച പ്രണയ ചിത്രങ്ങള്‍ ഒരു പക്ഷെ ഉണ്ടായിട്ടുണ്ടാവും. ഇനിയും ഉണ്ടാവുമായിരിക്കും...പക്ഷെ ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. പകരം എന്‍റെ  പ്രിയ ചിത്രങ്ങളില്‍ ആദ്യ സ്ഥാനക്കാരിയായി, ഈ ചിത്രത്തെ ഞാന്‍ ഹൃദയത്തില്‍ ചേര്‍ത്ത് വെയ്ക്കുന്നു."""



Wednesday 27 February 2013

THE MOTOR CYCLE DIARIES (Spanish, Quechua- 2004)

Director: Walter Salles

ചെ ഗുവേരെയേ അറിയാമെങ്കിലും പലര്‍ക്കും ഈ സിനിമ അറിയില്ല. സിനിമ എന്നതിലുപരി ചെ എന്ന വിപ്ലവകാരിയുടെ ജീവിതമാണ്‌ ഈ ചിത്രം. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ചെ തന്‍റെ കൂടുകാരനായ ALBERTO GRENADO യുടെ ഒപ്പം ലാറ്റിന്‍ അമേരിക്ക യിലെ വിവിധ രാജ്യങ്ങളിലൂടെ ഒരു മോട്ടോര്‍ സൈക്കിള്‍ യാത്ര തുടങ്ങുന്നു. ഈ യാത്ര യാണ് ചെ എന്ന 23 കാരനെ പിന്നീട് നമ്മളറിയുന്ന വിപ്ലവകാരിയാക്കിയത്. ഈ യാത്രയിലുടനീളം  ചെ കുറിച്ച വരികള്‍ പിന്നീട്THE MOTOR CYCLE DIARIES എന്ന പേരില്‍ പുസ്തകമായി മാറി. ആ ഡയറിക്കുറിപ്പുകള്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെ  പ്രചോദനം. ജീവിതത്തെ ക്കുറിച്ച് , അതിന്‍റെ  പ്രത്യാശയെക്കുറിച്ചു ആഴത്തില്‍ ഓര്‍മിപ്പിക്കുന്ന ചിത്രം. ചുറ്റും ഉള്ള ജീവിതം ഒരാളെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിനെ നേര്‍ക്കാഴ്ചയായി മാറുന്നു ഈ സിനിമ. ചെ യെ ഇഷ്ടപെടുന്നവര്‍ മറക്കാതെ കാണേണ്ട ചലച്ചിത്രം ആകുന്നു THE MOTOR CYCLE DIARIES. 

Gustavo Santaolalla ചെയ്ത ഇതിലെ പശ്ചാത്തല സംഗീതം മറക്കാന്‍ കഴിയാത്തതാണ്.


ഈ സിനിമയുടെ പോസ്റ്ററില്‍ ചെ പറഞ്ഞ ഒരു വാചകം കുറിച്ചിരിക്കുന്നു.."'LET THE WORLD CHANGE YOU.....AND YOU CAN CHANGE THE WORLD."



TITANIC (English, 1997)

Director: James Cameron

ടൈറ്റാനിക് സിനിമയെക്കുറിച്ച് പറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം ഈ ചിത്രം പരിച്ചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ഒന്നാണ്..അതിലെ ഒരു പ്രശസ്തമായ രംഗത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. കപ്പലിനു മുന്നില്‍, ആര്‍ത്തിരമ്പുന്ന കടലിലേക്ക്‌ നോക്കി , കൈകോര്‍ത്തു നിന്ന് "പറക്കാന്‍" ശ്രമിക്കുന്ന നായകനും, നായികയും. പിന്നെ എത്ര തവണ  എത്ര സ്ഥലങ്ങളില്‍ നമ്മള്‍ ഈ രംഗം കണ്ടു . പലപ്പോഴും തമാശയായി. എങ്കിലും ഇപ്പോഴും ആ രംഗം അറിഞ്ഞോ 'അറിയാതെയോ, നമ്മെ ആകര്‍ഷിക്കുന്നു . വേറെ എവിടെ ഇങ്ങനെ കണ്ടാലും നമ്മള്‍ TITANIC നെ കുറിച്ച് ഓര്‍ക്കുന്നു . എന്തായിരുന്നു ആ രംഗത്തിന്‍റെ  അര്‍ത്ഥം? പ്രണയമോ.. ?....ജീവിതത്തില്‍ മുന്നോട്ടു കുതിക്കാനുള്ള പ്രത്യാശയോ...? ഞാന്‍ പലപ്പോഴും കൌതുകത്തോടെ ആലോചിക്കാറുണ്ട്...........എവിടുന്നായിരിക്കും James Cameron ഈ ദൃശ്യം കണ്ടെത്തിയത്???



PARIS, je t'aime (French , 2006)

Directors: Vincenzo Natali, Ethan Coen, Joel Coen, Tom Tykwer, Gus Van Sant, More

"കേരള കഫെ" പറയുമ്പോള്‍ നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത ചിത്രമാണ്‌,PARIS, je t'aime എന്ന ഫ്രഞ്ച് ചിത്രം."LOVE"എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ചെറു ചിത്രങ്ങളുടെ സമാഹാരം ആണ്PARIS, je t'aime. മുഴുവന്‍ കഥകളും CITY OF LOVE എന്നറിയപ്പെടുന്ന പാരിസ് നഗരത്തിലാണ്‌ നടക്കുന്നത്. എന്തുകൊണ്ടും കേരള കഫെയെക്കാളും മികച്ചൊരു ചിത്രമാണ്‌ ഇത്. കേരള കഫെയില്‍ സംഭാഷണങ്ങളുടെ അതി പ്രസരം ഉണ്ടായിരുന്നു. എന്നാല്‍ PARIS, je t'aime ഈ കാര്യത്തില്‍ വളരെ വെത്യസ്തമാകുന്നു. ഒന്നും പറയാതെ എല്ലാം പറയുന്ന പ്രണയത്തിന്‍റെ  ഭാഷയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മനോഹരമായ, ഹൃദയ സ്പര്‍ശിയായ, ഒരു പ്രണയ പുസ്തകമാണ് ഈ ചിത്രം. സ്നേഹത്തിന്‍റെ  വൈവിധ്യമാണ് ഈ ചിത്രത്തിന്‍റെ  ഹൃദയം...(കേരള കഫെ ഈ ചിത്രത്തില്‍ നിന്നാണ് പ്രചോദനം കൊണ്ടതെന്ന് ഞാന്‍ ഒരു ബ്ലോഗില്‍ വായിച്ചു. ഒരു പക്ഷെ ശരിയാകാം. പക്ഷെ രണ്ടും തികച്ചും വെത്യസ്തമാണ്.)






FRENCH KISS (English, 1995)

Director: Lawrence Kasdan,, Starring::: Meg Ryan, Kevin Kline.

ല്ല സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ മികച്ച ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് മനസിലാക്കാം. എന്നാല്‍ ഒരു നല്ല ചിത്രം അടിച്ചു മാറ്റി, എന്നിട്ടും അരിശം തീരാതെ ആ പടം നാശമാക്കി അവതരിപ്പിക്കുനതിനെ എന്താണ് വിളിക്കേണ്ടത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത "വെട്ടം""എന്ന ചിത്രത്തെ ക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. FRENCH KISS(1995) എന്ന് സായിപ്പ് വിളിച്ച ചിത്രമാണ്‌ പ്രിയദര്‍ശന്‍ "വെട്ടം" ആകിയത്. കാമുകനെ തിരക്കി പോകുന്ന  ഒരു യുവതിയുടെയും,, അവരുടെ ജീവിതത്തിലേക്ക് കടന്നു വന്ന ഒരു കള്ളന്‍റെയും  കഥ അതിമനോഹരമായി, ശുദ്ധ ഹാസ്യത്തിന്‍റെ  അകമ്പടിയോടെ FRENCH KISS(1995) പറയുന്നു. നമുക്ക് വളരെ ഇഷ്ടം തോന്നുന്ന ഒരു ചിത്രം .എന്നാല്‍ അത് "വെട്ടം" ആയപ്പോള്‍ അരോചകം ആയി എന്ന് പറയാതെ വയ്യ. ചിരി എങ്ങനെയാണു മലയാള സിനിമയില്‍ കൊല്ലപ്പെടുന്നതെന്ന് ഈ രണ്ടു ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും.

ഇതിലെ നായികയുടെ(Meg Ryan) അഭിനയം ഗംഭീരം. അത് കാണേണ്ടതാണ്...........




KERALA CAFE (Malayalam, 2009 )

രൂപകല്‍പ്പന  ----രഞ്ജിത്

രു പ്രമേയത്തെക്കുറിച്ചുള്ള ഒരുപാടു ചെറു കഥകള്‍ ചേര്‍ത്തുണ്ടാക്കുന്ന സിനിമകള്‍, ലോക സിനിമയില്‍ പുതുമയല്ല. എന്നാല്‍ ഈ രൂപത്തില്‍ മലയാളത്തില്‍ വന്ന ആദ്യ ചിത്രമായിരുന്നു കേരള കഫെ . "യാത്ര"എന്ന പ്രമേയത്തെ ആസ്പദമാക്കി പത്തു സംവിധായകരുടെ പത്തു ചിത്രങ്ങള്‍. ഇവയില്‍  ഞാന്‍ വളരെയധികം ഇഷ്ടപെടുന്ന ഒരു ചിത്രമാണ്‌ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത "BRIDGE" എന്ന ചിത്രം. മനുഷ്യര്‍ക്കിടയിലെ, തലമുറകള്‍ക്കിടയിലെ  "പാലങ്ങള്‍"""'' നമ്മളറിയാതെ , നമ്മള്‍ മനസിലാക്കാതെ, നഷ്ടപ്പെടുന്നു എന്ന വേദനയാണ് ഈ സിനിമ പറയുന്നത്. എങ്കിലും പുതിയ പാലങ്ങള്‍ എവിടെക്കൊയോ ഉണ്ടാകുന്നു എന്ന പ്രത്യാശയിലാണ് ഈ ചിത്രം അവസാനിക്കുനത്. സലിം കുമാര്‍ എന്ന നടന്‍റെ  മികച്ച വേഷങ്ങളിലൊന്നു  ഈ ചിത്രതിലേതാണെന്ന് ഞാന്‍ കരുതുന്നു.അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ എത്രെയോ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ എടുത്തു. പക്ഷെ,അദ്ദേഹത്തെ "BRIDGE"ന്‍റെ സംവിധായകനായി കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.കാരണം ആ സിനിമ സൃഷ്‌ടിച്ച വേദന അത്രെയും തീക്ഷ്ണമായിരുന്നു.


Tuesday 26 February 2013

LEAP YEAR (English , 2010)

Director::::: Anand Tucker

യര്‍ലണ്ടിന്‍റെ  ദ്രിശ്യ ഭംഗിയില്‍ ഒരുക്കിയ ഒരു റൊമാന്റിക് കോമഡി ആണ് LEAP YEAR . അമേരിക്കയിലെ നഗര തിരക്കില്‍ നിന്നാണ് അന്നയുടെയും, അവളുടെ കാമുകന്‍ ജെറമിയുടെയും കഥ ആരംഭിക്കുന്നത്. ഡോക്ടര്‍ ആയ കാമുകന്‍ വിവാഹത്തിന് PROPOSE ചെയ്യാത്തതില്‍ അന്ന അല്പം നീരസത്തില്‍ ആണ്. പെട്ടന്ന് ഒരു മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ജെറമി അയര്‍ലണ്ടിലെക്ക് പോകുന്നു. അയര്‍ലണ്ടിലെ വെത്യസ്തമായ ഒരു ആചാരം അപ്പോഴാണ് അന്ന അറിയുന്നത്. എല്ലാ അധി വര്‍ഷവും, ഫെബ്രുവരി 29 താം തീയതി പെണ്‍ക്കുട്ടികള്‍ക്ക് ആണ്കുട്ടികളോട് PROPOSE ചെയ്യാം. ഏതായാലും, അടുത്ത പ്ലെയിനിന് തന്നെ അന്ന അയര്‍ലണ്ടിന് പറക്കുന്നു. പക്ഷെ, എത്തുന്നതോ അയര്‍ലണ്ടിലെ ഒരു കുഗ്രാമാത്തിലും. അപരിചിതമായ വഴിയില്‍, അന്നയെ അവളുടെ കാമുകന്‍റെ  അടുത്തെത്തിക്കാന്‍ Declan എന്ന യുവാവും അവള്‍ക്കൊപ്പം ചേരുന്നു. ജീവിതത്തെക്കുറിച്ച് തികച്ചും വെത്യസ്തമായ കാഴ്ചപ്പാടുകള്‍ സൂക്ഷിക്കുന്ന Declan ന്‍റെയും അന്നയുടെയും, യാത്രയും, അതിന്‍റെ പരിസമാപ്തിയുമാണ് ഈ ചിത്രം.

ഈ ചിത്രത്തില്‍ Declan ചോദിക്കുന്ന ഒരു ചോദ്യം എന്നെ വളരെ ആകര്‍ഷിക്കുകയുണ്ടായി. 
""'If your house is on fire and you have 60 seconds to get one thing,what is it? why?""""


Amy Adams as Anna BradyMatthew Goode as Declan O'Callaghan



Even the Rain (Spanish,2010)


Even the Rain (Spanish,2010)

Director: Icíar Bollaín

കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിച്ചതിനെതിരെ 2000ത്തില്‍ ബോളിവിയയില്‍ നടന്ന Cochabamba protests ന്‍റെ  പശ്ചാത്തലത്തില്‍ ഒരു സിനിമ നിര്‍മ്മാണത്തിന്‍റെ കഥ പറയുകയാണ്‌ Even the Rain . കൃത്യമായ രാഷ്ട്രിയം പങ്കുവെയ്ക്കുന്ന,വിവിധ തലങ്ങളുള , കാലിക പ്രസക്തിയുള്ള ഒരു ചിത്രമാണ് ഇത്. റെഡ് ഇന്ത്യന്‍സിനെ അടിമകളാക്കി, ഒരു നാടിന്‍റെ വിഭവങ്ങള്‍ മുഴുവനും കൊള്ളയടിച്ച കോളംബസിനെതിരെ റെഡ് ഇന്ത്യന്‍സ് നടത്തിയ ചെറുത്തുനില്‍പ്പിന്‍റെ  കഥയാണ്‌ സിനിമയ്ക്കുള്ളിലെ "സിനിമ" പറയുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിന്‍റെ സമയത്താണ്,അവിചാരിതമായി Cochabamba protests അരങ്ങേറുന്നത്. സിനിമയിലെ നായകന്‍, പുറത്തെ ജനകീയ കലാപത്തിന്‍റെ  നായകനായി തീരുമ്പോള്‍ സിനിമ നിര്‍മ്മാണം പ്രതിസന്ധിയിലാകുന്നു. ഒപ്പം പുറത്തെ ജനകീയ പ്രക്ഷോഭം എല്ലാവരെയും പലതരത്തില്‍ സ്വാധീനിച്ചു തുടങ്ങുന്നു.

സിനിമ പറയുന്ന രാഷ്ട്രീയം വളരെ വെക്തമാണ്. സിനിമയുടെ പേര് പോലും അതിലേക്കുള്ള ചവിട്ടു പടിയാണ്. ഒരു കാലത്ത് കൊളംബസ്സും, ഗാമയും നാടുകള്‍ പിടിച്ചടുക്കുകയും, അവിടുത്തെ വിഭവങ്ങള്‍ കൊള്ളയടിക്കുക്കയും ചെയ്തപ്പോള്‍ , ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്ഥാനം കുത്തക കമ്പനികള്‍ ഏറ്റെടുത്തിരിക്കുന്നു. വൈദ്യുതിയും, വെള്ളവും, സ്വകാര്യ മേഖലയ്ക്കു വിട്ടു കൊടുക്കുന്ന ജനാധിപത്യ വിരുദ്ധ ഭരണകൂടങ്ങള്‍ പെരുകുന്ന ഈ കാലത്ത്, Even the Rain അനിവാര്യമാകുന്ന ചെറുത്തുനില്‍പ്പുകളെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു.

"""""കണ്ടു കഴിഞ്ഞപ്പോള്‍ പെട്ടന്ന് മനസ്സില്‍ വന്നത് മലയാള ചിത്രമായ "ഉറുമി" ആണ്. ആശയ തലത്തില്‍ അവഗണിക്കാനാവാത്ത സാമ്യത ഇരു ചിത്രങ്ങളും പങ്കുവെയ്ക്കുന്നു.












A Very Long Engagement (2004, French)

Director: Jean-Pierre Jeunet



2001ല്‍ പുറത്തിറങ്ങിയ Amélie എന്ന  ചിത്രം കണ്ടവരാരും Jean-Pierre Jeunet എന്ന സംവിധായകനേയോ, Audrey Tautou എന്ന നടിയേയോ  മറക്കാന്‍ കഴിയില്ല. ഇതേ  കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് A  Very Long Engagement.

എല്ലാ യുദ്ധങ്ങളുടെയും അര്‍ത്ഥ ശൂന്യതയെക്കുറിച്ച്... എല്ലാ ദുരിതങ്ങളേയും അതിജീവിക്കാമെന്ന മനുഷ്യന്‍റെ പ്രത്യാശയെക്കുറിച്ച്... തീക്ഷ്ണമായ പ്രണയത്തെക്കുറിച്ച്... പറയുകയാണ്‌ A Very Long  Engagement. യുദ്ധത്തിനു പോയ കാമുകനെ കാത്തിരിക്കുന്ന ഒരു പാട് നായികമാരെ ലോക സിനിമ അവതരിപ്പിച്ചിട്ടുണ്ട്. ഇവിടെ Mathilde Donnay തന്‍റെ കാമുകനായ Manech Langonnet നെ കാത്തിരിക്കുകയാണ്. യുദ്ധത്തില്‍ അയാള്‍ മരിച്ചു പോയി എന്നാണ് എല്ലാവരും വിശ്വസിച്ചിരിക്കുന്നത്, അധികാരികള്‍ പോലും.

പക്ഷെ യുക്തിപരമായ എല്ലാ വാദങ്ങള്‍ക്കുമപ്പുറം, അയാള്‍ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന് അവള്‍ ഉറച്ച് വിശ്വസിക്കുന്നു. കണ്ടിരിക്കുന്ന പ്രേക്ഷകര്‍ പോലും ഈ കാര്യത്തില്‍ അവളോട്‌ യോജിക്കില്ല. Mathilde Donnay നടത്തുന്ന നിരന്തര അന്വേഷണത്തിലൂടെ, അവളുടെ പഴയ കാലം അനാവരണം ചെയ്യുന്ന ഫ്ലാഷ് ബാക്ക്കളിലൂടെ, ചിത്രം വികസിക്കുന്നു. അവളെ സഹായിക്കാന്‍ മുന്നോട്ടു വരുന്നവര്‍, അവള്‍ ചുറ്റും കാണുന്നവര്‍ അങ്ങനെ ഒരുപാടു പേരുടെ ജീവിതം ചിത്രം സ്പര്‍ശിക്കുന്നുണ്ട്. ഒടുവില്‍ നമ്മുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തെ ഒരു തുരുത്തില്‍ ചിത്രം നങ്കൂരം ഇടുമ്പോള്‍, ഒരിക്കലും മറക്കാന്‍ കഴിയാത്ത , വേട്ടയാടുന്ന ചിത്രമായി തീരുന്നു

അവിസ്മരണീയമായ ഒരു ആഖ്യാന ശൈലി കൂടിയാണ് ഈ ചിത്രത്തെ മികച്ചതാക്കുന്നത്. പെയിന്റിംഗ് പോലെ മനോഹരമായ ഫ്രെയിമുകള്‍, നിഷ്കളങ്കമായ തമാശകള്‍, അലസോരപ്പെടുത്താത്ത ഫ്ലാഷ് ബാക്കുകള്‍, ചെറിയ സന്തോഷങ്ങള്‍, വലിയ ദുഃഖങ്ങള്‍ അങ്ങനെ...അങ്ങനെ...വേറിട്ട ഒരനുഭവമാകുന്നു ഈ ചിത്രം. സാധാരണ യുദ്ധ ചിത്രങ്ങളിലെ പോലെ, രക്തചൊരിച്ചില്‍ കൊണ്ടല്ല ഈ ചിത്രം യുദ്ധ കെടുതികള്‍ പറയുന്നത്. മറിച്ച് യുദ്ധം തകര്‍ത്തെറിഞ്ഞ ജീവിത സ്വപ്‌നങ്ങള്‍ പകര്‍ത്തിയാണ് A Very Long Engagement നമ്മെ കീഴ്പ്പെടുത്തുന്നത്.

"""ഇങ്ങനെയൊക്കെ പ്രണയിക്കാന്‍, ഇങ്ങനെയൊക്കെ ജീവിതത്തോട് പ്രത്യാശ പുലര്‍ത്താന്‍ നമുക്കാവുമോ എന്ന് എനിക്കറിയില്ല. പക്ഷെ, എനിക്കറിയാത്തതുകൊണ്ട് പ്രണയവും, പ്രത്യാശയും ഇല്ലാതാവുന്നില്ലല്ലോ ?! A Very Long Engagement പറയുന്നതും മറ്റൊന്നല്ല.""""""