Wednesday 12 February 2014

The Consequences of Love (Italian 2004)

Director: Paolo Sorrentino


Paolo Sorrentinoയുടെ, വീണ്ടും, വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന ചിത്രങ്ങളിലൊന്നാണ് The Consequences of Love. 8 വര്‍ഷമായി ഒരു ഹോട്ടല്‍ മുറിയില്‍ ജീവിക്കുന്ന Titta എന്ന മദ്ധ്യവയസ്കനാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. പുറം ലോകവുമായോ, അതിലെ മനുഷ്യരുമായോ, യാതൊരു ബന്ധവുമുണ്ടാക്കാന്‍ ഇഷ്ടപ്പെടാത്ത Titta യെ ചുറ്റിപറ്റിയുള്ള നിഗൂഡതകളിലൂടെയാണ്‌ സിനിമ മുന്നോട്ട് നീങ്ങുന്നത്‌. സിനിമയുടെ പേരു സൂചിപ്പിക്കുന്നത് പോലെ, Titta യ്ക്ക് ഹോട്ടലിലെ ഒരു ജീവനക്കാരിയോട് തോന്നുന്ന പ്രണയത്തിന്‍റെ അനന്തരഫലങ്ങള്‍ സിനിമയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.

നമ്മള്‍ ആഗ്രഹിച്ചാലും, ഇല്ലെങ്കിലും, പ്രണയങ്ങള്‍ക്കും, സ്നേഹങ്ങള്‍ക്കും, അനന്തര ഫലങ്ങളുണ്ടെന്ന് സിനിമ ഓര്‍മ്മിപ്പിക്കുന്നു.

വൈകാരിക തീവ്രമായ ഒരു പ്രമേയത്തെ, പ്രേക്ഷകനോട് അടുപ്പിക്കാന്‍ Pasquale Catalano ചെയ്ത പശ്ചാത്തല സംഗീതവും നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. (http://www.youtube.com/watch?v=-zqX5RxtG1Y)


ഒരു പക്ഷേ, ഇതു വരെ പറഞ്ഞതൊന്നുമല്ല ഈ സിനിമയുടെ പ്രധാന ആകര്‍ഷണം. Luca Bigazzi യുടെ Cinematography യാണ് ഈ സിനിമയുടെ ആത്മാവ് നിര്‍മ്മിക്കുന്നത്. ദ്രിശ്യങ്ങളുടെ സാങ്കേതികയിലും, സൌന്ദര്യാത്മകതയിലും ശ്രദ്ധിക്കുന്നവര്‍ക്ക് പഠന പുസ്തകമാകേണ്ട സിനിമയാണിത്. സിനിമയുടെ ആദ്യ രംഗവും, ഹോട്ടല്‍ റൂമില്‍ Titta മയക്കുമരുന്ന് ഉപയോഗിക്കുന്ന രംഗവുമൊക്കെ ചര്‍ച്ചകളില്‍ നിരന്തരം കടന്നു വരുന്നതായി കാണാം. (http://www.youtube.com/watch?v=r5mEEPukDVk)

പ്രമേയത്തിന്‍റെ ദുഃഖ പൂര്‍ണ്ണതയിലും, ദ്രിശ്യാത്മകതയുടെ സന്തോഷം The Consequences of Love ന്‍റെ ഓരോ ഫ്രെയിമിലും നിറയുന്നുണ്ട്. കണ്ടു കഴിയുമ്പോള്‍ ഈ സിനിമയുമായും, സംവിധായകന്‍റെ ആഖ്യാന രീതിയുമായും പ്രേക്ഷകന്‍ പ്രണയി ത്തിലായിപ്പോവും. ആ പ്രണയത്തിനും ഒരു അനന്തര ഫലമുണ്ടാകുമെന്ന് തീര്‍ച്ച.



Wednesday 5 February 2014

Yi Yi: A One and a Two (Taiwanese/Japanese 2000)

Director: Edward Yang 

2000 ലെ ഏറ്റവും മികച്ച സംവിധായകനുള്ള കാന്‍ അവാര്‍ഡ്, തായ്‌വാന്‍ സംവിധായകനായ Edward Yang ന് നേടികൊടുത്ത ചിത്രമാണ് Yi Yi. പോപ്പുലര്‍ സിനിമയുടെ രീതികളില്‍ നിന്ന് വഴി മാറി സഞ്ചരിച്ചു കൊണ്ട്, സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിഭാവുകത്വമില്ലാതെ സമീപിക്കുകയാണ് ഈ ചിത്രം. ഒരു കുടുംബത്തിലെ വിവിധ അംഗങ്ങളിലൂടെ, മൂന്ന് തലമുറകളുടെ ജീവിതത്തിലൂടെ, അവരുടെ ജീവിത സമീപനങ്ങളിലൂടെ സിനിമ കടന്നു പോകുന്നു. ജീവിതത്തില്‍ നമ്മള്‍ അനുഭവിച്ചതോ, ചുറ്റും കണ്ടതോ ആയ സംഭവങ്ങള്‍ മാത്രമാണ് ഈ സിനിമ. പക്ഷേ, ജിവിതത്തില്‍ നമ്മള്‍ പലപ്പോഴും ഇതൊക്കെ "കാണാതെ" പോകുന്നു. ലോകമെമ്പാടുമുള്ള സാധാരണ മനുഷ്യന്‍ എല്ലാ ദിവസവും കടന്നു പോകുന്ന സങ്കര്‍ഷങ്ങളും, സന്തോഷങ്ങളുമൊക്കെ ഈ സിനിമയില്‍ ഉണ്ട്.

നമ്മള്‍ കൈവിട്ടു കളഞ്ഞ അവസരങ്ങള്‍, വ്യെക്തികള്‍,-- അവയൊക്കെ കൈവിട്ടു പോയില്ലായിരുന്നെങ്കില്‍ നമ്മുടെ ജീവിതം മാറിമറിയുമായിരുന്നോ? ജീവിതത്തിന്‍റെ അര്‍ത്ഥവും, സന്തോഷവുമെന്താണ്? ഉത്തരം കിട്ടാത്ത ഇത്തരം ചോദ്യങ്ങളിലൂടെയാണ് Yi Yi യുടെ സഞ്ചാരം. 


കാണേണ്ട ചിത്രം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? ഇത്തരം സിനിമകള്‍, എപ്പോഴും സംഭവിക്കില്ല. Yi Yiയെപ്പോലെയുള്ള ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്.