Thursday 9 January 2014

Lilja 4-ever (Swedish- Danish 2002)

Director: Lukas Moodysson


തീക്ഷ്ണമായ ഓർമപ്പെടുത്തലുകളും , അസ്വസ്ഥമാക്കുന്ന നിമിഷങ്ങളും നല്‍കുന്ന സിനിമകളിൽ ഒന്നാണ് Lilja 4-ever. എന്‍റെ  പ്രിയ ചിത്രങ്ങളിൽ ഒന്ന്.

16 ആം വയസ്സിൽ വേശ്യാവൃത്തിയുടെ ചളിക്കുണ്ടിൽ പെട്ട് പോയ Lilja കഥ ആണ് Lilja 4-ever. സോവിയറ്റ് യൂനിയന്‍റെ  തകർച്ചയ്ക്ക് ശേഷം, സാമ്പത്തികമായി തകർന്ന, പേര് പറയാത്ത നഗരത്തിൽ ഒരു ഫ്ലാറ്റിലെ അശാന്തമായ Lilja യുടെ ജീവിതത്തിന് കൂട്ടായി ഉള്ളത് അമ്മയാണ്. കിട്ടിയ ആദ്യ അവസരത്തിൽ തന്നെ അമ്മ കാമുകനൊപ്പം അമേരിക്കയ്ക്ക് രക്ഷപെടുന്നു. തനിച്ചായി പോയ Lilja യുടെ ജീവിതവും പാളം തെറ്റി യാത്ര തുടങ്ങുന്നു. ഏകാന്തത, ദാരിദ്ര്യം, കുടിയോഴിപ്പിക്കൽ ഒടുവിൽ വേശ്യാവൃത്തിയും. ദുരിതങ്ങളിലൂടെ മാത്രമുള്ള ഈ ജീവിതത്തിൽ Volodya എന്ന ബാലൻ മാത്രമാണ് ഏക ആശ്വാസം. വീട്ടിൽ നിന്നും എല്ലാ രാത്രിയിലും പുറത്താക്കപ്പെടുന്ന.... ഏകാന്തതയും, ദാരിദ്രവും മാത്രം കൂട്ടിനുള്ള കൊച്ചു Volodya. "കേരളാ കഫെയിൽ" അൻവർ റഷീദ് സംവിധാനം ചെയ്ത "ബ്രിഡ്ജ്"ന്റെ അവസാന രംഗത്തിൽ ഉപേക്ഷിക്കപെട്ട അമ്മയ്ക്കും , പൂച്ചയ്ക്കും ഇടയിൽ ഒരു ബ്രിഡ്ജ് രൂപം കൊള്ളുന്ന പോലെ, ഇവിടെയും രണ്ടു "തിരസ്കൃതർക്ക്" ഇടയിൽ അതിമനോഹരമായ ഒരു ബ്രിഡ്ജ് രൂപം കൊള്ളുകയാണ്.

വിക്കി പീഡിയ പറയുന്നത് ശരിയാണെങ്കിൽ, വേശ്യാവൃത്തിയിൽ കുടുങ്ങി ഒടുവിൽ ആത്മഹത്യ ചെയ്ത Danguolė Rasalaitė എന്ന ഒരു 16 കാരിയുടെ ജീവിതമാണ് ഈ സിനിമയുടെ വഴി വിളക്ക് . ഈ സിനിമ മുഴുവനും പറയുന്നത് ആ പെണ്‍ക്കുട്ടിയുടെ ജീവിതം ആണ് എന്ന് അതിനർത്ഥം ഇല്ല.

സ്ത്രീ ഒരു ശരീരം മാത്രമാണെന്ന് കരുതുന്ന , ചൂഷണത്തിൽ കെട്ടിപൊക്കുന്ന, നമ്മുടെ ലോക ക്രമത്തിൽ Lilja 4-ever ഒരു വലിയ അടയാളപ്പെടുത്തൽ ആണ്. നമ്മൾ കാണാതെ പോകുന്ന, ഇനിയും ആവർത്തിക്കാൻ പോകുന്ന ഒരു പാട് നൊമ്പരങ്ങളുടെ അടയാളപ്പെടുത്തൽ. 

തീരച്ചയായും Liljaയെ, അവളുടെ ജീവിതത്തെ.... കാണണം. Lilja പറയുന്നത് കേൾക്കണം. കാരണം, നമ്മൾ കേൾക്കാതെ പോയ ആയിരം കഥകൾ Lilja 4-ever പറയുന്നുണ്ട്.



Never Let Me Go (English,2010)

Director: Mark Romanek

    അസ്തമയ നിഴൽ വീണ മലഞ്ചെരുവിനു താഴെത്തെ പാതവക്കിൽ , മുള്ളുവേലികൾക്കിപ്പുറം....
രക്തമിറ്റുന്ന സംഗീതത്തിന്‍റെ പശ്ചാത്തലത്തിൽ, മലഞ്ചെരുവുകൾ കടന്ന് ആരുമെത്തില്ല എന്ന തിരിച്ചറിവിൽ, ഈറനണിഞ്ഞ കണ്ണുകളുമായി നിന്ന KATHY യെ മറക്കാൻ കഴിയാത്തത് കൊണ്ട് മാത്രമാകുന്നു ഈ പോസ്റ്റ്‌..

Kazuo Ishiguroയുടെ "Never Let Me Go" എന്ന DYSTOPIAN ബെസ്റ്റ്സെല്ലർ നോവലിന്‍റെ  ചലച്ചിത്ര ആവിഷ്കാരം ആണ് 2010 ല്‍  ഇതേ പേരില്‍ പുറത്തിറങ്ങിയ ഈ സിനിമ. ഒരു പക്ഷെ, വർഷങ്ങൾക്കപ്പുറമുള്ള ഒരു പ്രേക്ഷകൻ ഈ സിനിമയെ ഒരു DYSTOPIAN സിനിമ എന്ന് വിളിക്കുമോ എന്ന് സംശയമാണ്. എന്‍റെ സംശയം ശരിയാകല്ലേ എന്ന് ആഗ്രഹിക്കാൻ മാത്രമേ കഴിയൂ.

ഒരു ബോർഡിംഗ് സ്കൂളിലെ മൂന്നു കുട്ടികൾ..KATHY, RUTH ആൻഡ്‌ TOMMY. KATHY, TOMMY യെ നിശബ്ദമായി, അഗാധമായി, പ്രണയിക്കുന്നുണ്ട്. എന്നാൽ RUTH ഉം TOMMY യും പ്രണയത്തിലാണ്. അവരുടെ പ്രണയം എന്നെങ്കിലും തകരുമെങ്കിൽ TOMMY തന്‍റെ പ്രണയം തിരിച്ചറിയും എന്ന് KATHY വിശ്വസിക്കുന്നു. ഇത് RUTH നും അറിയാവുന്ന "രഹസ്യം" ആണ്. എന്നാൽ, തീക്ഷ്ണമായ അവരുടെ സഹൃദത്തിനും, പ്രണയത്തിനും അപ്പുറം അവർ മൂവരും കാത്തിരിക്കുന്ന ഒരൊറ്റ വിധി ഉണ്ട്. കൈയെത്തും ദൂരത്തുള്ള ആ വിധിയിലേക്ക്, മൂന്നു വഴികളിലൂടെ യാത്ര തുടങ്ങുമ്പോൾ KATHY ഓർക്കുന്നുണ്ട് 

" It had never occurred to me that our lives, which had been so closely interwoven, could unravel with such speed. If I'd known, maybe I'd have kept tighter hold of them and not let unseen tides pull us apart. "

ആദ്യാവസാനം ഇതൊരു പ്രണയ ചിത്രമാണ്. എന്നാൽ ഒരിടത്തു പോലും ഇതൊരു ത്രികോണ പ്രണയ കോലാഹലമായി തീരുന്നില്ല. മറിച്ച്, ഇവിടെ പ്രണയവും, സഹൃദവും അനുകമ്പയും, സഹതാപവുമെല്ലാം വേർതിരിവിന്‍റെ അഴിമുഖങ്ങൾ ഇല്ലാത്ത തിരയൊടുങ്ങാത്ത ഒരൊറ്റ കടലായി തീരുന്നു. ജീവനോടും, ജീവിതത്തോടുമുള്ള ഒടുങ്ങാത്ത ആസക്തിയാണ് "Never Let Me Go" പറയുന്ന പ്രണയം. സിനിമ കണ്ടു തീരുമ്പോൾ ഓർമ്മ വരിക SHAKESPEARE തന്‍റെ അവസാന നാടകമായ "TEMPEST " ൽ കുറിച്ച വരികളാണ്.

"We are such stuff
As dreams are made on; and our little life
Is rounded with a sleep."

പക്ഷെ, SHAKESPEARE പറയാതെ, പറഞ്ഞ ഒരു വാചകം, ആ മലഞ്ചെരുവിലെ, അവസാന രംഗത്തിലൂടെ , KATHY യിലൂടെ എഴുത്തുകാരൻ പറയുന്നുണ്ട്. " Maybe none of us really understand what we've lived through, or feel we've had enough time."

പരിചിത മുഖങ്ങളുടെ ആൾക്കൂട്ടത്തിൽ, ഓർത്തുവെക്കാൻ ഒരു സഹൃദമൊ, ഒരു പ്രണയമോ ഇല്ലാത്ത കൊണ്ടാവണം "Never Let Me Go" എന്‍റെ പ്രിയചിത്രങ്ങളിൽ ഒന്നായത്. 
"കടൽ നഷ്ട്ടപെട്ട കടൽയാനങ്ങളായി " KATHYയും , RUTHഉം, TOMMYയും തിരകളെണ്ണി, തീരങ്ങളിൽ തന്നെ കാത്തിരിക്കുമ്പോൾ...ഒരിറ്റു കണ്ണീർ പൊഴിയാതെ, ഒരു വേദനയും തോന്നാതെ, എത്രപേർക്ക് "Never Let Me Go" കണ്ടു തീർക്കാനാവും എന്ന് എനിക്കറിയില്ല.

സിനിമയുടെ ആത്മാവ് കണ്ട Rachel Portmanന്‍റെ പശ്ചാത്തല സംഗീതത്തേയും(http://www.youtube.com/watch?v=FlTjn7mBI9c), KATHY ക്ക് ജീവൻ പകർന്ന Carey Mulligan ന്‍റെ അഭിനയ മികവിനേയും പരാമർശിക്കാതെ പോകാനാവില്ല. 

പ്രിയ സുഹൃത്തേ, കഴിയുമെങ്കിൽ കാണുക. ഇതൊരു മനോഹര കാഴ്ചയാകുന്നു. പക്ഷെ, മനോഹരമായ എല്ലാ കാഴ്ചകളും നമ്മെ സന്തോഷിപ്പിക്കണം എന്നില്ലല്ലോ!



Children of Men (English 2006)

Director: Alfonso Cuarón



1516 ൽ THOMAS MORE ആണ് "UTOPIA" എന്ന വാക്ക് ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തത്. എല്ലാം നന്നായി നടക്കുന്ന ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് MORE തന്‍റെ പുസ്തകത്തിലൂടെ ലോകത്തോട്‌ പങ്കുവെയ്ച്ചത്. എല്ലാം നന്നായി വരുന്ന ഒരു ലോകത്തെക്കുറിച്ച് നമ്മുടെ കാലത്ത് ആരും സ്വപ്നം കാണുന്നില്ല എന്ന് വേണം കരുതാൻ. മറിച്ച്, "DYSTOPIA" ആണ് പുതിയ കാലത്തിന്‍റെ സ്വപ്നങ്ങളിൽ നിറയുന്നത്. തകർന്നു പോയ, ഒരു ലോക ക്രമത്തിൽ ജീവിക്കുന്ന ഒരു "DYSTOPIA". അത്തരം ഒരു DYSTOPIAയൻ ലോകത്താണ് Children of Men നടക്കുന്നത്. 2027 ലെ ബ്രിട്ടനിലാണ് കഥ നടക്കുന്നത്. ലോകം ഏറെക്കുറെ തകർന്നിരിക്കുന്നു. ഏതാണ്ട്, 18 വർഷം മുൻപാണ് അവസാന മനുഷ്യ കുഞ്ഞ് ഭൂമിയിൽ ഉണ്ടായത്. അതിനു ശേഷം ഒരു കുഞ്ഞിക്കാലു പോലും ലോകത്തിൽ ഉണ്ടായിട്ടില്ല. അങ്ങനെ,വന്ധ്യത ബാധിച്ച് ആസന്നഭാവിയിൽ വംശനാശം കാത്തിരിക്കുന്ന മനുഷ്യരെ ആണ് Children of Men പരിചയപ്പെടുത്തുന്നത്. എന്നിരുന്നാലും, അവർ പരസ്പരം ചേരിതിരിഞ്ഞ് കൊന്നുകൊണ്ടിരിക്കുകയാണ്. 

ഭരണകൂടം നിലനില്ക്കുന്ന ബ്രിട്ടനിലേക്ക് കൂടുതൽ പേർ കുടിയേറുന്ന സാഹചര്യത്തിലാണ് സിനിമ നടക്കുന്നത്. ഈ കുടിയേറ്റക്കാരെ "ഒന്നൊഴിയാതെ പിടികൂടി കൂട്ടിലടയ്ക്കാൻ" ഭരണകൂട സംവിധാനങ്ങളും, എല്ലാ ഭീകരതയോടും നില നില്ക്കുന്നു. ഒപ്പം ഇത്തരം ഭരണകൂട ഭീകരതക്കെതിരെ, സ്വന്തം "ഭീകരതയുമായി" എതിരിടുന്ന റിബലുകളും ചേരുമ്പോൾ സങ്കർഷം മുറ്റി നിൽക്കുന്ന അന്തരീക്ഷത്തിലാണ് Children of Men ആദ്യാവസാനം നീങ്ങുന്നത്.

എങ്കിലും, പ്രതീക്ഷ പൂർണ്ണമായ ഒരു സിനിമ ആണ് Children of Men. ജീവനുകൾ ഈയാം പാറ്റകളെ പോലെ കൊഴിയുന്ന ദുരന്ത ഭൂമിയിൽ നിന്ന് ജീവിതത്തെ കുറിച്ച് അതിമനോഹരമായി ഈ സിനിമ സംസാരിക്കുന്നുണ്ട്.

പറയാൻ ഇനിയും പലതും ബാക്കിയുള്ള സിനിമ .......കാണേണ്ട സിനിമകളുടെ പട്ടികയിൽ തീർച്ചയായും ഈ സിനിമയ്ക്ക് ചെറുതല്ലാത്ത ഒരു സ്ഥാനം ഉണ്ട്.



Beaufort (Israeli, 2007)

Director: Joseph Cedar

തിനെട്ടു വർഷം നീണ്ട ഇസ്രയേൽ-ലെബനൻ യുദ്ധത്തിന്‍റെ  അവസാനം കുറിച്ച് കൊണ്ടാണ് 2000 ത്തിൽ Beaufort നിന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങിയത്‌ ... Beaufort മലമുകളിലെ ഇസ്രയേൽ സൈനിക പോസ്റ്റിലെ അവസാന ദിനങ്ങളാണ് ഈ സിനിമ പങ്കുവെയ്ക്കുന്നത്. യുദ്ധ സിനിമയുടെ ശ്രേണിയിൽ പെടുത്താവുന്ന അതിമനോഹരമായ ഒരു ചിത്രമാണിത്. സംഭവം നടക്കുന്നത് ലെബനനിൽ ആണെങ്കിലും, ലോകമെമ്പാടും നടക്കുന്ന എല്ലാ യുദ്ധങ്ങളുടെയും അർത്ഥ ശൂന്യത ഈ ചിത്രത്തിലാകെ നിറഞ്ഞു നില്‍ക്കുന്നു. സ്വയം ബോധ്യപ്പെടുത്താൻ കഴിയാത്ത യുദ്ധത്തിന്‍റെ നടുവിൽ, മരണത്തെ ഭയന്ന്, കഴിയേണ്ടി വരുന്ന സൈനികരുടെ മനോവ്യെഥകൾ തന്നെയാണ് Beaufort അവതരിപ്പിക്കുന്നത്. ഇടയിക്കിടയ്ക്കു എത്തുന്ന മോർട്ടാർ ഷെല്ലുകളും, മിസ്സൈലുകളും, ഇനിയും എന്തിനാണ് അവിടെ തുടരുന്നതെന്ന് അറിയാത്ത സൈനികർ, എത്രെയും വേഗം നാട്ടിൽ പോകാൻ കൊതിക്കുന്നവർ, ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി മാറേണ്ടി വരുന്ന കമാണ്ടർ.............എല്ലാ വികാരവും ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് പകരാൻ കഴിയുന്നത്‌ കൊണ്ടാവാം "തീർച്ചയായും കാണേണ്ട സിനിമ" എന്ന പേരാവും Beaufort നു ചേരുക.

ബെർലിൻ ഫിലിം ഫെസ്റ്റിവൽ അവാർസ് നേടിയ ഈ സിനിമ ഏറ്റവും മികച്ച വിദേശ ചിത്രങ്ങൾക്കുള്ള ഓസ്കാർ നോമിനേഷൻ നേടുകയുണ്ടായി. മറ്റൊരു ഇസ്രായേലി ചിത്രമായ THE BAND'S VISIT തഴയപെട്ടപ്പോൾ ആണ് Beaufort നു അവസരം ലഭിച്ചത്. പക്ഷെ, അതൊന്നും ഈ ഇരു ചിത്രങ്ങളുടെയും പൊലിമ കുറയ്ക്കുന്നില്ല.

ഒരു പക്ഷെ, ഇസ്രയേൽ സൃഷ്ട്ടിച്ച ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാവാം ഈ ചിത്രം. അത് എന്ത് തന്നെ ആയാലും എന്‍റെ പ്രിയ ചിത്രങ്ങളിൽ ഒന്നാണ് Beaufort. എത്ര വേഗമാണ് ഓരോ മികച്ച സിനിമയും നമ്മെ കീഴ്പ്പെടുത്തുന്നത്!




മണ്ണിരയുടെ രക്തം... (നിയു ഹാൻ --ചൈനീസ് കവി)

ണ്ട് ഞാൻ വിശ്വസിച്ചിരുന്നു 
മണ്ണിരയുടെ രക്തത്തിന് 
മണ്ണിന്‍റെ  നിറമാണെന്ന്.

എനിക്ക് തെറ്റി 
മണ്ണിരയുടെ രക്തത്തിന് 
ചുവന്ന നിറം തന്നെയാണ്,
മനുഷ്യന്‍റെ പോലെ.

അതിന്‍റെ ആയുസ്സിൽ
മണ്ണിരയ്ക്ക് ഒന്നോ, രണ്ടോ തുള്ളി
രക്തമേയുണ്ടാവൂ...
പക്ഷെ, വിത്തുകൾ മുളയ്ക്കാൻ,
സൂര്യതാപമേറ്റ്‌ മണ്ണ് പരുവപ്പെടാൻ
ജീവിതം മുഴുവൻ അത്
മണ്ണിൽ --
നിശബ്ദമായി അദ്ധ്വാനിക്കുന്നു.

എനിക്ക് ആറടി പൊക്കമുണ്ട്.
എന്‍റെ  ശരീരത്തിൽ
പതിനായിരക്കണക്കിന്
ചോരതുള്ളികളുണ്ടാവും.

പക്ഷെ, എന്‍റെ  ആത്മാർത്ഥമായ
മോഹം
നാലഞ്ചുതുള്ളി മണ്ണിര ചോര
എന്‍റെയുള്ളില്‍,
എന്‍റെ കട്ടിയുള്ള രക്തധമനികളിൽ
സംക്രമിപ്പിക്കണമെന്നാണ്.

April Story (1998 Japanese)

Director: Shunji Iwai

67 മിനിട്ട് മാത്രമുള്ള ഒരു ചെറു സിനിമയാണ് April Story. ഗ്രാമത്തിൽ നിന്നും നഗരത്തിലെ കോളെജിലേക്ക്‌ പഠനത്തിനായി വരുന്ന Uzuki Nireno എന്ന പെണ്‍കുട്ടിയുടെ കുറച്ചു ദിവസങ്ങൾ, അവളുടെ കാഴ്ചപ്പാടിലൂടെ പറയുകയാണ്‌ ഈ സിനിമ. പൊതുവെ അന്തർമുഖയായ Uzuki Nirenoയുടെ ഏകാന്തതയും, ചിന്തകളും ആണ് April Story പറയുന്നത്. എടുത്തു പറയാൻ തക്കവണ്ണം ഉള്ള വലിയ സംഭവ പരമ്പരകൾ ഒന്നും തന്നെ ഈ ചിത്രത്തിൽ ഇല്ല. എന്തുകൊണ്ട് Uzuki Nireno നഗരത്തിലെ ആ കോളെജിലേക്ക് പഠിക്കാൻ വന്നു എന്ന കാര്യം മാത്രമാണ് "അല്പം രഹസ്യമായി" സിനിമ സൂക്ഷിക്കുന്നത്. ഇതൊരു പ്രണയ ചിത്രമായത് കൊണ്ട് അതൊരു വലിയ രഹസ്യവുമല്ല.

ഈ ചിത്രം എനിക്ക് വളരെ ഇഷ്ട്ടപെട്ടു. അതിനുള്ള കാരണങ്ങൾ എനിക്കും കൃത്യമായി അറിയില്ല എന്നതാണ് സത്യം. ആരവങ്ങളോ, നീണ്ട സംഭാഷണങ്ങളോ, സ്ഥിരം പ്രണയ രംഗങ്ങളോ ഒന്നുമില്ല, ഈ ചിത്രത്തിനു സ്വന്തമെന്നു പറയാൻ. പക്ഷെ, ഈ ചിത്രത്തിനു "ഒരു നിഷ്കളങ്കമായ സൗന്ദര്യം " ഉണ്ട് എന്ന് പറയാതെ വയ്യ. പ്രശാന്തമായ ഒരു ഹൃദയത്തോടെ ആദ്യാവസാനം കണ്ടിരിക്കാൻ പറ്റുന്ന ചിത്രമാകുന്നു April Story. അതുകൊണ്ടാവണം 1998 ലെ Pussan ഫിലിം ഫെസ്റിവലിൽ പ്രേക്ഷകരുടെ പ്രിയ ചിത്രമായി April Story തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.


Nostalgia For The Light (Spanish, Documentary, 2010)

Director: Patricio Guzmán


"ഖനിജം" എന്ന നോവലിൽ പി. വി. കെ പനയാൽ ഇങ്ങനെ എഴുതുന്നു. 

"നൂറ്റാണ്ടുകളായി വെയിലും, മഴയും ഏറ്റു നിൽക്കുന്ന ചുമടുതാങ്ങികളും , കൽതൊട്ടികളും ആൽത്തരകളും , മറഞ്ഞു പോയ ഏതോ സംസ്കാരത്തിന്‍റെ  മരിക്കാൻ കൂട്ടാക്കാത്ത അടയാളങ്ങളായി ഇപ്പോഴും നിലനില്ക്കുന്നു എന്ന് മാത്രമേ പറയാനാകൂ. പുതിയ മനുഷ്യർ ഭാരമിറക്കി വെയ്ക്കാനും കാലികളെ വെള്ളം കുടിപ്പിക്കാനും ഇതുപയോഗിക്കുന്നു. അവരൊന്നും അതുണ്ടാക്കിയ മനുഷ്യരെ കുറിച്ചോ, അവരുടെ സഹജീവി സ്നേഹത്തെ ഓർക്കാൻ ഇടയില്ല."

നമ്മൾ മറന്നു പോകുന്ന നമ്മുടെ മുൻ തലമുറകളെ കുറിച്ചുള്ള ഇത്തരം ഒരു ഓർമ്മപ്പെടുത്തൽ ആണ് Nostalgia For The Light.

1973 ല്‍ അലൻദ്ദെ സർക്കാരിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി കൊണ്ടാണ് പിനെഷയുടെ ഏകാധിപത്യം ചിലിയെ കീഴ്പ്പെടുത്തുന്നത്. പിന്നീടുള്ള ഇരുണ്ട നാളുകളിൽ നിരവധി ജനാധിപത്യ സ്നേഹികൾ പിനെഷയുടെ തടങ്കൽ പാളയങ്ങളിൽ കൊല്ലപ്പെടുകയുണ്ടായി. അത്തരം ഒരു പാളയം നില നിന്നിരുന്ന Atacama മരുഭൂമിയിൽ ആണ് Nostalgia For The Light ചിത്രീകരിച്ചിരിക്കുന്നത്. Atacama മരുഭൂമിയിലെ മണ്ണിന്‍റെ  പ്രത്യേകത കാരണം , വർഷങ്ങൾക്കിപ്പുറവും, ഈ തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങൾ പൂർണ്ണമായും നശിച്ചു പോയിട്ടില്ല. മരുഭൂമിയിൽ ഉറഞ്ഞു പോയ അനേകായിരം ശവ ശരീരങ്ങളിൽ നിന്നും, തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശരീരാവഷിഷ്ട്ടങ്ങൾ തിരഞ്ഞ് ഇന്നലകളിലേക്ക് നടക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ വർഷങ്ങൾ വർഷങ്ങൾ നീളുന്ന, ഇന്നും തുടരുന്ന സഹനത്തെ കുറിച്ചാണ് Nostalgia For The Light സംസാരിക്കുന്നത്. ഒപ്പം പുറമേ വിചിത്രം എന്ന് തോന്നാവുന്ന ഒരു comparison സംവിധായകൻ നടത്തുന്നു. Atacama മരുഭൂമിയിൽ തന്നെ ആണ്‌ ലോകപ്രശസത്മായ ഒരു വാന നിരീക്ഷണ കേന്ദ്രം നിലകൊള്ളുന്നത്. യഥാർത്ഥത്തിൽ അവർ നിരീക്ഷിക്കുന്നതും ഇന്നലകളെ തന്നെ ആണെന്ന സത്യം സംവിധായകൻ ഓർമ്മപ്പെടുത്തുകയാണ്. കാരണം കോടാനുകോടി വർഷങ്ങൾക്ക് അപ്പുറം പ്രപഞ്ചത്തിന്‍റെ  ഏതോ കോണിൽ ഉണ്ടായ പ്രകാശ രശ്മികൾ ഇപ്പോഴാവും ഇവിടെ എത്തിയിട്ടുണ്ടാകുക. അപ്പോൾ നമ്മൾ നോക്കുന്നത് ഇന്നലകളിലേക്ക് തന്നെയല്ലേ.

നമ്മളെല്ലാം ജീവിക്കുന്നത് ഇന്നലകളിലും, ഓർമ്മകളിലും തന്നെയാണ് എന്ന് ആഴത്തിൽ അടയാളപ്പെടുത്തുന്നുണ്ട് Nostalgia For The Light. അത് കൊണ്ട് തന്നെ നമുക്ക് മുൻപേ പോയ തലമുറയെ, അവരുടെ സ്വപ്നങ്ങളെ വേദനകളെ നാം കൂടുതൽ പരിഗണനയോടെ സമീപിക്കണം എന്ന് Nostalgia For The Light പറയാതെ പറയുന്നു. 

കാവ്യാത്മകമായി, കിടയറ്റ ദ്രിശ്യ ഭംഗിയോടെ ചിത്രീകരിക്കപെട്ട Nostalgia For The Light "Rotten Tomatoes"" '' ൽ 100 ശതമാനം റേറ്റിംഗ് നേടിയ Documentary കൂടിയാകുന്നു.

Nostalgia For The Light പറയാൻ ആഗ്രഹിച്ചത്‌ വി. കെ ജോസഫ്‌ ലോർക്കയുടെ കവിതയെ സൂചിപ്പിച്ചു എഴുതിയ ഈ വരികളിൽ കാണാം. "ചരിത്രത്തിലെ ദുരന്തങ്ങളെ നാം വിസ്മരിക്കരുത്. എല്ലാ നെടുവീർപ്പുകളും ഒരു നിലവിളിയുടെ അവശേഷിപ്പാണെന്ന്  നാം ഓർക്കണം. കാലത്തിന്‍റെ തിരശീലക്ക് അപ്പുറത്തേക്ക് അപ്രതീക്ഷിതമായി എടുത്തെറിയപ്പെട്ട ലക്ഷക്കണക്കിനു മനുഷ്യരുടെ നിലവിളികൾ വർത്തമാന കാലത്തെ നമ്മുടെ നെടുവീർപ്പുകൾ ആകേണ്ടതുണ്ട്"


അങ്ങനെ ഒരു നെടുവീർപ്പാകാൻ Nostalgia For The Light നു കഴിയുന്നത്‌ കൊണ്ട് തന്നെയാണ് ഇതെന്‍റെ  പ്രിയ Documentaryകളിൽ ഒന്നായി തീരുന്നത്.




The Tree of Life (English 2011)

Director: Terrence Malick


ചിത്രം ഡൌണ്‍ലോഡ് ചെയ്യുമ്പോൾ torrent  സൈറ്റില്‍  ആരോ ഇങ്ങനെ കുറിച്ചിരുന്നു. " IT IS POETRY" . അക്ഷരാർത്ഥത്തിൽ ആ വാചകം ഈ സിനിമയെ കുറിച്ചുള്ള നല്ലൊരു നീരീക്ഷണമാണ്. ഒരു മികച്ച കവിതയുടെ എല്ലാ ഭാവങ്ങളും ഈ സിനിമയ്ക്ക് ഉണ്ട്. ഒരേ സമയം നമ്മെ ആകർഷിക്കുകയും, എന്നാൽ പല വായനയ്ക്ക് ശേഷവും മനസ് തുറക്കാൻ തയാറാകാത്തതുമായ സുന്ദരമായ ഒരു കവിത. അമ്പരപ്പിക്കുന്ന ദ്രിശ്യ ഭംഗിയിലൂടെ...അമ്പരപ്പിക്കുന്ന ആഴങ്ങളിലൂടെ ഉള്ള ഒരു ജീവിത നിരീക്ഷണം ആണ് ഈ സിനിമ. ജീവിതത്തിന്‍റെ  ഭാവങ്ങളെ "ഇത്രെയും സൂക്ഷ്മമായി" അതിമനോഹരമായി പകര്‍ത്തിയ മറ്റൊരു സിനിമ എന്‍റെ ഓർമ്മയിൽ ഇല്ല.

ഈ ചിത്രത്തിനു പിന്നിലെ റിലീജിയസ് ഇൻസ്പിരേഷൻ അഗീകരിചാലും ഇല്ലെങ്കിലും വളരെ "വെത്യസ്തം"ആയ ചിത്രം എന്ന പേര് എന്തുകൊണ്ടും The Tree of Life നു ചേരും.

ഈ ചിത്രത്തിൽ എനിക്ക് ഇഷ്ട്ടപെട്ട ഒരുപാടു രംഗങ്ങളിൽ, ഇപ്പോഴും ഓർത്തിരിക്കുന്ന രംഗം ഉണ്ട്. ഒരു കുഞ്ഞ് നെഞ്ചോടു ചേർന്ന് കിടക്കുന്ന രംഗം. ക്യാമറ നിലത്തു വെച്ച് എടുത്തത്‌ കൊണ്ടാവാം, പ്രേക്ഷകന്‍റെ നെഞ്ചിൽ കിടക്കുന്ന പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. കുഞ്ഞിന്‍റെ ഓമനത്തവും, നമുക്ക് തോന്നുന്ന വാത്സല്യവും കൊണ്ടാവാം, ഇപ്പോഴും ഞാൻ ആ രംഗം നന്നായി ഓർക്കുന്നു. ഇത്തരം വളരെ "MINUTE " ആയ ,അതി മനോഹരമായ പല രംഗങ്ങളും ഈ ചിത്രത്തിൽ ഉണ്ട്. കാഴ്ചകളെ എങ്ങനെ പറഞ്ഞവതരിപ്പിക്കും എന്ന ആശയകുഴപ്പം എന്നെ ബാധിച്ചിരിക്കുന്നു.

കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും,പൂർണ്ണമായും ഈ കവിത മനസിലാക്കി എടുക്കാൻ പല വായനകൾ വേണ്ടി വരും. അത് മാത്രം ആകുന്നു ഒരു വിഷമം. എങ്കിലും സുഖമുള്ള, ഒരു വെല്ലുവിളി ആകുന്നു The Tree of Life.