Friday 10 January 2014

Planet Earth (TV Series 2006)


അസാധാരണം............അവിസ്മരണീയം .....Planet Earth. 
ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്...........ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം..........


7
1 ഓളം ക്യാമറാ പ്രവർത്തകർ , ലോകത്തിന്റെ ഏഴു വൻകരകളിലെ 204 സ്ഥലങ്ങളിൽ അഞ്ചു വർഷങ്ങൾ (2002-2006) കൊണ്ട് ചിത്രീകരിച്ച Documentary....

BBC യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ(£16 million) nature documentary....

HD ഫോർമാറ്റിൽ ചിത്രീകരിക്കപെട്ട ആദ്യ nature documentary....

എന്ത് കൊണ്ട് Planet Earth "അസാധാരണമായ" ഒരു documentary ആകുന്നുവെന്നതിന്‍റെ  വലിയ കാരണങ്ങളിൽ ചില ചെറിയ, ചെറിയ സാങ്കേതിക കാരണങ്ങൾ ആണ് ഇത് വരെ പറഞ്ഞത്.BBC , Discovery തുടങ്ങിയവയുടെ സംയുക്ത നിർമ്മാണ ചുമതലയിൽ , നമ്മുടെ ഭൂമിയെക്കുറിച്ച്‌, ഭൂമിയിലെ ജീവ ജാലങ്ങളെ കുറിച്ച് നിർമിക്കപെട്ട documentary ആണ് Planet Earth. മഞ്ഞുറഞ്ഞ ധ്രുവങ്ങൾ മുതൽ, ആഴക്കടലിന്റെ ആഴങ്ങൾ വരെ നീളുന്ന അവിസ്മരണീയമായ ഒരു യാത്ര. ഒരു മണിക്കൂർ നീളമുള്ള 11 എപ്പിസോഡുകൾ ( "From Pole to Pole", "Mountains","Fresh Water","Caves"..."Ocean Deep"). ലോകം ഇതുവരെ ക്യാമറയിലൂടെയോ, നേരിട്ടോ കാണാത്ത, ഇനി ഒരിക്കലും കാണാൻ സാധ്യതയും ഇല്ലാത്ത കാഴ്ചകളുടെ ഒരു HD ഘോഷയാത്ര ആയി തീരുന്നുണ്ട്‌ Planet Earth.

വർഷങ്ങളുടെ പഠന അറിവുകൾ , വാക്കുകൾ പരാജയപെടുന്ന വിധം മനോഹരമായ ഫ്രെയിമുകൾ, ഭാവതീവ്രമായ സംഗീതവും ,കിടയറ്റ ആഖ്യാന മികവും, അസാധാരണമായ എഡിറ്റിംഗ് പാടവം.. ചരിത്രത്തിലെ എക്കാലത്തെയും മികച്ച nature documentary ഇത് തന്നെയാകണം.



ഇതൊരു "ബുദ്ധി ജീവി" documentary ആണെന്ന് ആരും കരുതരുത്. കുട്ടികൾ മുതൽ എല്ലാവരോടും സംവദിക്കാൻ കഴിയുന്ന സുന്ദരമായ ഒരു ലാളിത്യം Planet Earth നുണ്ട്. ഈ documentary ഇത്രെയും സ്വീകാര്യത നേടുന്നതിന് പിന്നിലും ഈ ലാളിത്യം ഒരു നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടാകണം. ലോകമെമ്പാടും ഈ documentary നേടിയ (നേടിക്കൊണ്ടിരിക്കുന്ന) സ്വീകാര്യത തന്നെയാണ് 2011 ലെ Frozen Planetനു BBC ക്ക് പ്രചോദനം ആയി തീർന്നത് .

വ്യെക്തിപരമായി ഈ documentary കണ്ട അനുഭവം കൂടി കുറിച്ചേ മതിയാവൂ...ജീവിതത്തിൽ ഇത് വരെ കണ്ടതിൽ "ഏറ്റവും മികച്ച" ദ്രിശ്യാനുഭവം എന്ന് ഒരു സംശയവുമില്ലാതെ Planet Earth നെ ഞാൻ വിശേഷിപ്പിക്കും. നമ്മൾ ജീവിക്കുന്ന ഭൂമിയുടെ ആഴവും, പരപ്പും ഇതിനു മുൻപ് ഒരിക്കലും ഇത്രെയും തീക്ഷണമായി അനുഭവപെട്ടിട്ടില്ല. ജീവിതത്തിൽ നേരിട്ട് കാണാൻ, ഒരിക്കലും ഒരു സാധ്യതയും ഇല്ലാത്ത ഇത്രെയേറെ കാഴ്ചകൾ, ഇത്രെയും ദ്രിശ്യ ഭംഗിയോടെ കാണുക ഭാഗ്യം ആണെന്ന് തന്നെ ഞാൻ കരുതുന്നു. 

ഈ documentary സാധ്യമാക്കിയ മുഴുവൻ പേരെയും ഏറ്റവും മികച്ച വാക്കുകൾ കൊണ്ട് തന്നെ അഭിനന്ദിച്ച് പോകും. ഒരു പോസ്റ്റിലോ , ഒരു ബുക്കിലോ പറഞ്ഞു "തുടങ്ങാനാവാത്ത " വിധം വിശാലമാകുന്നു Planet Earth. പറയാൻ ഏറെ ഉണ്ടെങ്കിലും ഇവിടെ വാക്കുകൾ അപ്രസക്തമാവും. Planet Earth കാണാൻ തുടങ്ങുന്ന ആദ്യ നിമിഷങ്ങളിൽ തന്നെ നിങ്ങൾക്കത് ബോധ്യപെടും..........

അതെ, ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്...........ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം.........



The Taste of Tea (Japanese 2004)



Director: Katsuhito Ishii



ജീവിതത്തെക്കുറിച്ച് പറയുന്ന പ്രതീക്ഷാനിര്‍ഭരമായ ഒരു ചിത്രമാണ് The Taste of Tea. ജീവിതത്തിന്‍റെ രുചി ഭേദങ്ങള്‍ പല ഭാവങ്ങളില്‍ ഈ സിനിമയില്‍ നിറയുന്നു. ലാളിത്യവും, ദ്രിശ്യഭംഗിയും നിറയുന്ന ഫ്രെയിമുകള്‍ കൊണ്ട് അനുഗ്രഹീതമാണ് ഈ ചിത്രം. 

ഒരു കുടുംബത്തിലെ വിവിധ അംഗങ്ങളെ ചുറ്റിപറ്റിയാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്. അവരെല്ലാവരും തങ്ങളുടെതു മാത്രമായ ചില സ്വപ്‌നങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് നിസ്സാരമെന്നോ, ഭ്രാന്തമെന്നോ തോന്നാവുന്ന ചില ചെറിയ, വലിയ സ്വപ്‌നങ്ങള്‍. കൊച്ചുമകള്‍ മുതല്‍, അപ്പൂപ്പന്‍ വരെ അവരവരുടെ സ്വപ്ങ്ങളിലാണ് ജീവിക്കുന്നത്. ഇവയുടെയെല്ലാം പൂര്‍ത്തീകരണമാണ് The Taste of Tea. സിനിമയുടെ കഥാവഴിയില്‍ സ്ഫോടനാത്മകമായി ഒന്നും സംഭവിക്കുന്നില്ല. പക്ഷെ, ജീവിതത്തോടുള്ള ഈ സിനിമയുടെ സമീപനം ആഹ്ലാദകരമാണ്. സിനിമയില്‍ ആദ്യന്തം സൂക്ഷിക്കുന്ന ലാളിത്യവും, സത്യസന്ധതയുമാണ് ഈ സിനിമയെ ശ്രേദ്ധേയമാക്കുന്നത്. 

Rotten Tomatoesയില്‍ 100 ശതമാനം നിരൂപക പിന്തുണയും, നിരവധി അവാര്‍ഡുകളും The Taste of Tea നേടുകയുണ്ടായി. Ingmar Bergmanന്‍റെ Fanny and Alexander എന്ന ചിത്രത്തിന്‍റെ 
സര്‍-റിയല്‍ രൂപമാണ് ഈ സിനിമയെന്ന് പറയപെടുന്നു.

നല്ല സിനിമയെ ഇഷ്ട്ടപെടുന്നവര്‍ തീര്‍ച്ചയായും ഈ സിനിമയെ അവഗണിക്കരുത്.


Rana's Wedding (Palestinian, 2002)

Director: Hany Abu-Assad 


സ്രയേല്‍ - പാലസ്തീന്‍ സങ്കര്‍ഷങ്ങളെ തന്‍റെ സിനിമകളിലൂടെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന സംവിധായകനാണ് Hany Abu-Assad. ദുരിതങ്ങളില്‍ നിന്നും ദുരിതങ്ങളിലേക്ക് നീങ്ങുന്ന പാലസ്തീന്‍ ജനതയോടൊപ്പമാണ് ഈ സംവിധായകന്‍. പാലസ്തീന്‍ മനുഷ്യ ബോബുകളുടെ ആത്മസങ്കര്‍ഷങ്ങള്‍ പറഞ്ഞ 2005ലെ "Paradise Now" എന്ന ചിത്രം മാത്രം മതി ഈ സംവിധായകനെ അടയാളപ്പെടുത്താന്‍. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ "Omar (2013)", ആദ്യ ചിത്രമായ "Rana's Wedding" എന്നിവയെല്ലാം പറയുന്നത് പാലസ്തീനെക്കുറിച്ചും , അതിന്‍റെ പ്രശ്നങ്ങളെക്കുറിച്ചുമാണ്. ഇവയെല്ലാം മികച്ച നിരൂപക പ്രശംസകള്‍ നേടുകയുമുണ്ടായി.

ഇസ്രയേല്‍ നിയന്ത്രിത പാലസ്തീന്‍ പ്രദേശത്ത്‌ ജീവിക്കുന്ന Ranaയുടെ ജീവിതത്തിലെ ഒരു ദിവസമാണ് ഈ സിനിമ. വൈകുന്നേരം നാല് മണിക്ക് Rana യുമായി ഈജിപ്റ്റ് ലേക്ക് പോകാനാണ് അവളുടെ അച്ഛന്‍റെ തീരുമാനം. അതല്ല പാലസ്തീനില്‍ തുടരാനാണെങ്കില്‍, അവളുടെ അച്ഛന്‍ കൊടുത്ത ലിസ്റ്റില്‍ നിന്നും ആരെയെങ്കിലും അവള്‍ വിവാഹം ചെയ്തേ മതിയാവൂ. നാല് മണിക്ക് മുന്‍പ് തന്‍റെ കാമുകനെ കണ്ടെത്തി വിവാഹം നടത്തി, പലസ്തീനില്‍ തുടരാനാണ് Ranaയുടെ ശ്രമം. ഈ ശ്രമം തന്നെയാണ് സിനിമ പറയുന്നത്.

വളരെ സൂക്ഷ്മമായ രാഷ്ട്രീയ വായനയ്ക്ക് ഉതകുന്ന വിധമാണ് "ഈ റൊമാന്റിക്" ചിത്രം നിര്‍മിച്ചിരിക്കുന്നത്. പലസ്തീന്‍ പ്രശ്നത്തെ വളരെ വെത്യസ്തമായ ഒരു പ്രതലത്തിലൂടെ സമീപിക്കുകയാണ് സംവിധായകന്‍ . പാലസ്തീനിലെ സാധാരണക്കാരന്‍ ഓരോ ദിനവും കടന്നുപോകുന്ന കാഴ്ചകളിലൂടെ പാലസ്തീന്‍ പ്രശ്നത്തിന്‍റെ കൂടുതല്‍ ആഴത്തിലുള്ള വായനയാണ് ഈ സിനിമ നല്‍കുന്നത്.

പാലസ്തീന്‍ പ്രശ്നത്തെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകം തന്നെയാണ് Hany Abu-Assadന്‍റെ സിനിമകളെന്ന് പറയേണ്ടി വരും.




Fargo (English, 1996 )

Director--- Coen brothers 

"THIS IS A TRUE STORY. The events depicted in this film took place in Minnesota in 1987. At the request of the survivors, the names have been changed. Out of respect for the dead, the rest has been told exactly as it occurred."


"Fargo" ആരംഭിക്കുന്നത് ഈ വാചകത്തോടെയാണ്. സിനിമയുടെ plot അത് പോലെ തന്നെ നടന്നു എന്ന് അര്‍ത്ഥത്തില്‍ അല്ല, മറിച്ച് നിരവധി യഥാര്‍ത്ഥ സംഭവങ്ങള്‍ കൂട്ടിയിണക്കി ഇങ്ങനെ ഒരു plot സൃഷ്ട്ടിക്കുകയാണ് സംവിധായകന്‍ . അമ്മയിഅപ്പന്‍റെ കയ്യിലെ പണം തട്ടിയെടുക്കാന്‍, സ്വന്തം ഭാര്യയെ തട്ടികൊണ്ട് പോകാന്‍ ചട്ടം കെട്ടുന്ന ഒരു ഭര്‍ത്താവിന്‍റെ കഥയാണിത്. എന്നാല്‍ ആസൂത്രണം പാളി പോകുന്നതോടെ, സിനിമയുടെ ഗതി തന്നെ മാറിമറിയുന്നു.

ജീവിതത്തിന്‍റെ ദുരന്തവും, സാധ്യതയും ഒരേ പോലെ ഈ സിനിമയില്‍ കാണാം.

അവാര്‍ഡുകള്‍, റേറ്റിംഗ്കള്‍, മികച്ച സിനിമാ ലിസ്റ്റുകളിലെ സ്ഥിരം സ്ഥാനം...എല്ലാ അര്‍ത്ഥത്തിലും ഇതൊരു must watch ആണ്.

Persepolis (French-American Animated Film- 2007)

Directors: Vincent Paronnaud, Marjane Satrapi


2008ലെ Israeli animated documentary ആയ Waltz with Bashir കണ്ടത് മുതലാണ് animated സിനിമകളോടുള്ള ഒരു മമത കുറവ് മാറിയത്. മറ്റേതു സിനിമകള്‍ സംവദിക്കും പോലെ animated സിനിമകള്‍ക്കും സംവദിക്കാനാകുമെന്ന് ആ ചിത്രം പറഞ്ഞു തന്നു. ആ സിനിമയേക്കാള്‍ മികച്ചതെന്ന് വെക്തിപരമായി ഞാന്‍ കരുതുന്ന ചിത്രമാണ് Persepolis. 

ഏകാധിപത്യ ഭരണത്തിനെതിരെ...ജനാധിപത്യത്തിനു വേണ്ടി നടന്ന ഇറാനിയന്‍ വിപ്ലവം, മത മൌലിക വാദികള്‍ തട്ടിയെടുത്ത കാലം മുതലുള്ള ഇറാനിയന്‍ രാഷ്ട്രീയമാണ് ഈ സിനിമയില്‍ നിറയുന്നത്. Marjane Satrapi എന്ന കാര്‍ട്ടൂണിസ്റ്റ് കൂടിയായ സംവിധായികയുടെ ജീവിതം തന്നെയാണ് ഈ സിനിമ. ബാല്യം മുതല്‍ യൌവനം വരെയുള്ള Marjane Satrapi ജീവിതത്തിലൂടെയാണ് ഇറാന്‍റെ രാഷ്ട്രീയം സിനിമ അന്വേഷിക്കുന്നത്. ഇറാന്‍റെ ഭരണകൂടങ്ങളും, രാഷ്ട്രീയവും എങ്ങനെയൊക്കെ ആണ് Marjaneന്‍റെ ജീവിതത്തെ സ്വാധീനിച്ചതെന്ന് പറയുന്നതിലൂടെ ഒരു രാഷ്ട്രീയ വിചാരണ തന്നെയാണ് ഈ സിനിമ ലക്ഷ്യം വെയ്ക്കുന്നത്. ഒരേ സമയം ഹൃദയ സ്പര്‍ശിയായ ജീവിതകഥയായും, ഹൃദയമുള്ള ഒരു രാഷ്ട്രീയ വിശകലനവുമായി തീരാന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ഒപ്പം സ്വന്തം വേരുകള്‍ നഷ്ട്ടപെട്ട ഒരു പാട് മനുഷ്യരുടെ വേദനയും, സ്വന്തം വേദനയിലൂടെ സംവിധായിക പറയുന്നു.

ചിത്രത്തിന്‍റെ ചിത്രീകരണം ലളിത സുന്ദരമാണ്. വളരെ സൂക്ഷ്മമായ ഭാവങ്ങളെയും, എന്തിനു ചെറു തമാശകളെ പോലും സിനിമയുടെ "വരകള്‍" നന്നായി പകര്‍ത്തിയിട്ടുണ്ട്. ഒരേ സമയം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ Persepolis നു കഴിയുന്നു. അതുകൊണ്ട് തന്നെ, അവാര്‍ഡ് നേട്ടങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം.



Hero (Chinese,2002)

""People give up their lives for many reasons. For friendship, for love, for an ideal. And people kill for the same reasons …""

Director--Zhang Yimou


"Hero" അഥവാ അവിസ്മരണീയമായ ഒരു ആഖ്യാനം......

Zhang Yimou ന്‍റെ ആദ്യ ചിത്രങ്ങളെ അപേക്ഷിച്ച്, പ്രേക്ഷകനെ അമ്പരപ്പിക്കാൻ പര്യാപ്തമായ വിശാലവും , വർണ്ണാഭവുമായ ഒരു പ്രതലത്തിലാണ് Hero പകർത്തിയിരിക്കുന്നത്. ചൈന രൂപീകൃതമാവുന്നതിനും മുൻപേ, പരസ്പരം പോരടിക്കുന്ന ചെറു രാഷ്ട്രങ്ങളുടെ ഒരു രാഷ്ട്രീയ ഭൂമികയിലാണ്‌ Hero രങ്ങേറുന്നത്. രാജ്യത്തിനു വേണ്ടിയും, സ്വന്തം വിശ്വാസങ്ങൾക്ക് വേണ്ടിയും, കൊല്ലാനും, ചാകാനും തയ്യാറാവുന്ന ഒരു കൂട്ടം ചാവേറുകളുടെ ആത്മ-സങ്കർഷങ്ങളിലൂടെയാണ് ചിത്രം വികാര തീക്ഷ്ണമായി സഞ്ചരിക്കുന്നത്. ഒരു hero യുടെ കഥ എന്നതിനപ്പുറം ഒരു പാട് Heroകളുടെ... ഒരു കാലഘട്ടത്തിന്‍റെ.... സത്യവാങ്ങ്മൂലമായി തീരുന്നുണ്ട് ഈ സിനിമ. നിരന്തരം മാറി മറിയുന്ന കഥാഗതി വായനെയേക്കാൾ , കാഴ്ച്ചയ്ക്കാവും വഴങ്ങുക.

ചിത്രത്തിന്‍റെ ആഖ്യാനം അവിസ്മരണീയം എന്ന് തന്നെ പറയേണ്ടി വരും. വൈകാരിക തലങ്ങളെ അലസോരപെടുത്താതെ, ദ്രിശ്യ ഭംഗിയില്‍ നിറഞ്ഞു കവിയുന്ന രംഗങ്ങളിലൂടെ, മികവുറ്റ പശ്ചാത്തല സംഗീതത്തിന്‍റെ സഹായത്തോടെ, തികവുറ്റ കയ്യടക്കത്തോടെ Zhang Yimou ഈ സിനിമ നിര്‍മ്മിച്ചിട്ടുണ്ട്‌.

"Hero" കണ്ടവര്‍ Zhang Yimou ന്‍റെ മുഴുവന്‍ ചിത്രങ്ങളും തിരഞ്ഞുപിടിച്ച് കാണും. അത്രെയ്ക്കും തീവ്രമാണ് ഈ സിനിമയുടെ വശ്യത...................കാണാത്തവരുടെ ഒരു വലിയ നഷ്ടമാവുകയാണ് "Hero".



Lilet Never Happened (English 2012)





"Everyone is only interested in my body and no one is interested in me as a person"-Lilet 

Director--Jacco Groen


"Child Prostitution നെക്കുറിച്ചുള്ള ഒരു Documentary എടുക്കാനുള്ള ശ്രമത്തിനിടയിൽ, ഫിലിപ്പെൻസിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് സംവിധായകനായ Jacco Groen, Lilet എന്ന 12 കാരിയെ ആദ്യമായി കാണുന്നത്. Lilet അവിടെ വെച്ച് പറഞ്ഞ അവളുടെ ജീവിതമാണ് Lilet Never Happened. തന്‍റെ  ജീവിതത്തെക്കുറിച്ച്, പരാജയപെട്ട ആത്മഹത്യ ശ്രമത്തെക്കുറിച്ചെല്ലാം Lilet അന്ന് പറയുകയുണ്ടായി. Lilet പറയാതെ വെച്ച ബാക്കി ജീവിതം കേൾക്കാൻ Jacco Groen മടങ്ങി എത്തിയപ്പോഴേക്കും ഒരു തെളിവു പോലും അവശേഷിപ്പിക്കാതെ Lilet അപ്രത്യക്ഷയായിരുന്നു."

Lilet ന്‍റെ  ജീവിതത്തിലൂടെ, ഫിലിപ്പെൻസിലും, ലോകമെമ്പാടും നടക്കുന്ന Child Prostitutionന്‍റെ ദുരന്ത മുഖങ്ങളെ, ഹൃദയം തൊടുന്ന രീതിയിൽ പുറത്തേക്കു വലിച്ചിടുകയാണ് Lilet Never Happened. Lilet ന്‍റെ ജീവിതത്തോട് പുലർത്തുന്ന ഉന്നതമായ സത്യസന്ധത തന്നെയാണ് ഈ ചിത്രത്തെ മികവുറ്റതാക്കുന്നത്. സ്വന്തം തീരുമാനങ്ങളിലൂടെ മാത്രം നടക്കാൻ വാശിപിടിക്കുന്ന ഒരു 12 കാരിയിലൂടെ...ഓരോ തവണയും Liletനെ രക്ഷിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന Claire എന്ന മനുഷ്യാവകാശ പ്രവർത്തകയിലൂടെ ...ഇര പിടിക്കാൻ കാത്തിരിക്കുന്ന " ഒരു സമൂഹത്തിലൂടെ"... നമ്മുടെ "വലിയ ദുരന്തങ്ങളെ " ഈ ചിത്രം പകർത്തുന്നു. 2002 ൽ പുറത്തിറങ്ങിയ Lilya 4-Ever എന്ന ചിത്രവും, ഈ ചിത്രത്തോടൊപ്പം ചേർത്തു വെയ്ക്കാം. വൈകാരിക തീവ്രതയോടെ, ഉയർന്ന സാമൂഹ്യബോധത്തോടെ..മുഖ്യ ധാര ചിത്രങ്ങൾ പറയാത്ത ജീവിതത്തെ ഈ രണ്ടു ചിത്രങ്ങളും പറയുന്നു. 

സിനിമാ അനുഭവങ്ങളിലെ മറക്കാൻ പറ്റാത്ത മുഖങ്ങളിലൊന്നായി Lilet നെ മാറ്റിയ Sandy Talagനേയും , ഒപ്പം മുഴുവൻ അണിയറ പ്രവർത്തകരേയും ഹൃദയം തുറന്ന് അഭിനന്ദിക്കാം. എങ്കിലും, ഒരു വലിയ വിങ്ങലാണ് ഈ ചിത്രം.

എങ്കിലും, എവിടേക്കാവും Lilet നടന്നു മറഞ്ഞത്?




The Endurance: Shackleton's Legendary Antarctic Expedition (Documentary, English 2001)


Director: George Butler

1914ൽ Ernest Shackleton നടത്തിയ, പരാജിത Antarctic ദൌത്യമാണ് The Endurance എന്ന Documentary പറയുന്നത്. Antarctic തീരത്തേക്കു നീളുന്ന Shackletonന്‍റെ സ്വപ്നങ്ങൾക്ക് ഒരുപാട് പരാജയങ്ങളുടെ കൂട്ടുണ്ടായത് കൊണ്ടാവാം, 1914ലേത് അദ്ദേഹത്തിന്‍റെ അവസാനത്തെ ശ്രമമായിരുന്നു. പക്ഷെ, ഒരു ദിവസത്തെ യാത്ര മാത്രം ബാക്കി നിൽക്കെ, വെറും 90 മൈലുകൾക്കിപ്പുറം, മഞ്ഞിലുറഞ്ഞ "Endurance"നൊപ്പം ( Shackletonന്‍റെ കപ്പലിന്‍റെ പേരായിരുന്നു "Endurance") അയാളുടെ സ്വപ്നങ്ങളും അവസാനിച്ചിരുന്നു. 

മഞ്ഞുരുകുമെന്ന പ്രതീക്ഷയിൽ പിന്നെയും മാസങ്ങൾ നീണ്ട കപ്പൽ വാസം .... 
ഒടുവിൽ മഞ്ഞുറഞ്ഞ കപ്പലിനെ ഉപേക്ഷിച്ച് മടക്ക യാത്രയും.....

ആ യാത്രയിൽ അവർ താണ്ടിയ കടൽ ദൂരങ്ങളെല്ലാം മഞ്ഞ് മൂടിയിരുന്നു. മഞ്ഞു മൂടിയ കടൽ പരപ്പിലൂടെ കര തേടുക മാത്രമാണ് അവരുടെ രക്ഷ. പക്ഷെ, അലിഞ്ഞു തീരുന്ന മഞ്ഞിനു മുൻപേ തീരമണയാത്ത പക്ഷം, ആ ഏകാന്തയിൽ മരവിച്ചു തീരാനാകും വിധി.

Shackleton ഇതു വരെ കണ്ട എല്ലാ സ്വപ്നങ്ങളെക്കാളും മഹത്തരമായ " ഒരു സ്വപ്നം" അയാൾക്ക്‌ മുൻപിലേക്കെത്തുന്നു...തനിക്കൊപ്പം വന്ന 26 സഹയാത്രികരെ ജീവനോടെ തിരികെ നാട്ടിലെത്തിക്കുക... ചരിത്രം രേഖപെടുത്തിയ, അവിശ്വസനീയമായ ഒരു അതിജീവനത്തിന്‍റെ കഥയാണ് പിന്നീടങ്ങോട്ട് The Endurance, വികാര തീവ്രമായി പറയുന്നത്. 

ഇതിന്‍റെ തുടർച്ച എന്ന നിലയിൽ "Shackleton's Antarctic Adventure" എന്ന ഒരു Documentary കൂടി George Butler പുറത്തിറക്കുകയുണ്ടായി. മഞ്ഞ് കടം കൊണ്ട Shackletonന്‍റെ "Endurance" വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ 2013ലും സജീവമാണ്.

ഒരു കൂട്ടം അസാമാന്യ മനുഷ്യരെ, ചരിത്രത്തിന്‍റെ  വിസ്മൃതിയിൽ പെട്ട് പോകാതെ, ആദരവോടെ ഉയർത്തിക്കാട്ടുന്നുണ്ട്‌ ഈ Documentary. ഒരു പക്ഷെ, നാളെ ഒരു ചലച്ചിത്രമായും "Endurance" എത്തിയേക്കാം. Kon-Tiki യെക്കാൾ അപാരമായ സാധ്യതകൾ ഈ ജീവിത കഥയ്ക്കുണ്ട്....

വർഷങ്ങൾക്കിപ്പുറം Ernest Shackletonനും സഹയാത്രികർക്കും നൽകാവുന്ന ഒരു വലിയ ആദരവായി തീരുന്നുണ്ട് The Endurance: Shackleton's Legendary Antarctic Expedition.




The Road Home (Chinese, 1999)


Director: Zhang Yimou

ച്ഛന്‍റെ മരണ വാർത്തയുടെ കനം പേറി , മഞ്ഞ് വീഴുന്ന പാതയിലൂടെ വീട്ടിലേക്ക് മടങ്ങുന്ന Zhao Di യിലാണ് The Road Home ആരംഭിക്കുന്നത്. അച്ഛന്‍റെ  ശവ ദാഹത്തിന്റെ കാര്യത്തിൽ അമ്മ പുലർത്തുന്ന പിടിവാശിയിൽ നിന്നും, കാലത്തിന്‍റെ പുറകിലേക്ക്..... Zhao Diന്‍റെ അച്ഛന്‍റെയും-അമ്മയുടെയും സാധാരണവും, അസാധാരണവുമായ പ്രണയ കഥയിലേക്ക്‌....ആ പ്രണയ കഥയ്ക്ക് ചൂടും, തണുപ്പും നൽകി കൂട്ടിരുന്ന ആ നാട്ടു പാതയിലേക്ക് .... ചൈനീസ്‌ ഗ്രാമീണതയുടെ ദ്രിശ്യ ഭംഗിയിലേക്ക് The Road Home തിരികെ സഞ്ചരിക്കുന്നു.

Zhang Yimou എന്ന സംവിധായകന്‍റെ  Not One Less എന്ന ചിത്രവും പറഞ്ഞത്, സ്നേഹത്തെയും, നന്മകളേയും കുറിച്ചാണ്. സ്നേഹവും, നന്മയും, കരുതലും നമുക്കിടയിൽ എവിടെയെക്കൊയോ അതിജീവിക്കുന്നുവെന്ന് The Road Homeഉം സാക്ഷ്യപെടുത്തുന്നു. ഇരു വഴികളിൽ സഞ്ചരിക്കുന്നുവെങ്കിലും, ഈ രണ്ടു ചിത്രങ്ങളിലും ചില സമാനതകൾ കണ്ടെത്താം. ഗ്രാമവും, ഗ്രാമത്തിലെ സ്കൂളും, ഗ്രാമീണതയും ഒപ്പം നന്മയും, സ്നേഹവുമെല്ലാം ഇരു ചിത്രങ്ങളിലും നിറയുന്നു. Zhang Yimouന്‍റെ Raise the Red Lantern സവിശേഷ പ്രാധാന്യം അർഹിക്കുന്ന ചിത്രമാണ്. അദ്ദേഹത്തിന്‍റെ  മികച്ച ചിത്രമായി പല നിരൂപകരും ചൂണ്ടി കാണിക്കുന്നതും ഈ ചിത്രമാണ്. ചൈനീസ് സിനിമയിലെ അവഗണിക്കാനാവാത്ത സിനിമകൾ ആണ് Zhang Yimouന്‍റെ ചിത്രങ്ങൾ.

ഒരേ സമയം സാധാരണവും, അസാധാരണവുമായ ഒരു പ്രണയ കഥയാണിത്. ജാതിയും, മതവും, കുടുംബവും, സാമ്പത്തികവുമെല്ലാം "റിസെർച്ച്" നടത്തിയ ശേഷം, "പ്രാക്റ്റികലായി" പ്രണയിക്കുന്ന കാലത്ത് ഇതൊരു അസാധാരണ പ്രണയമാണ്. എന്നാൽ ശുഭ പര്യവസാനം ഉള്ള എല്ലാ പ്രണയങ്ങളെപ്പോലെ ഇത് ഒരു സാധാരണ പ്രണയവുമാണ്. അവാർഡുകളുടെ ഒരു നീണ്ട നിര തന്നെ ഈ ചിത്രം നേടുകയുണ്ടായി. 

കിടയറ്റ ദ്രിശ്യ ഭംഗിയും, അതി വൈകാരികത തൊടാത്ത രംഗങ്ങളും, മികച്ച പശ്ചാത്തല സംഗീതവും ചേർന്ന് The Road Home ശരിക്കും വീട്ടിലേക്കുള്ള ഒരു പാതയാണ്. വീട് നൽകാറുള്ള സന്തോഷത്തോടെ, സമാധാനത്തോടെ, ആർദ്രതയോടെ കണ്ടു തീർക്കാവുന്ന ഒരു ചിത്രം.




I've Loved You So Long (French , 2008)

Director--- Philippe Claudel 


തിനഞ്ചു വർഷത്തെ ജയിൽ വാസത്തിനു ശേഷം, ജീവിതത്തിലേക്ക് മടങ്ങി വരുന്ന Julietteന്‍റെ  തുടർ ജീവിതമാണ് I've Loved You So Long. തന്‍റെ ഇളയ സഹോദരിയുടെ കുടുംബത്തിലേക്കും, പുതിയ ജീവിതത്തിലേക്കുമുള്ള Julietteന്‍റെ  വരവും, ആ വരവ് സൃഷ്ടിക്കുന്ന സങ്കർഷങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ സഞ്ചാരം...എല്ലാ അതി ജീവന ശ്രമങ്ങൾക്കിടയിലും, വർഷങ്ങൾക്ക് മുൻപ് ചെയ്ത ആ "കൊടും പാതകം" അവരെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. പാപ ബോധത്തിന്‍റെയും, നഷ്ടബോധത്തിന്‍റെയും മറ്റൊരു "ജയിലിൽ" ആണ്, അനന്തമായ ആ ശിക്ഷാവിധി നീണ്ടുകൊണ്ടിരിക്കുന്നത്. അവിടേക്ക് ഒരാൾക്ക്‌ പോലും Juliette പ്രവേശനം അനുവദിക്കാറുമില്ല. "സ്ത്രീകൾ" നിറയുന്ന സിനിമയെന്നോ, കുടുംബ ചിത്രമെന്നോ ഈ സിനിമയെ വിളിക്കാം.

പ്രമേയത്തിൽ താല്പര്യം തോന്നാതെ കാണാൻ തുടങ്ങിയെങ്കിലും, അതീവ ചാരുതയോടെ ഈ സിനിമ എന്നെ കീഴ്പ്പെടുത്തി. ജീവിതത്തെ വളരെ സത്യസന്ധമായി ഈ ചിത്രം നോക്കിക്കാണുന്നു. നമ്മൾ കാണുന്ന ഒരു പാട് ജീവിത മുഹൂർത്തങ്ങളെ അതി വൈകാരികതയില്ലാതെ ഈ ചിത്രം പകർത്തുന്നു . അവാർഡുകളും, നോമിനേഷനുകളും ഒരുപാട് നേടിയ ഒരു ചിത്രം കൂടിയാണ് I've Loved You So Long.

13 Tzameti (French, Georgian 2005)

Director: Géla Babluani




Godon കാത്തിരുന്നത് ആ കത്തിന് വേണ്ടിയാണ്. സാമ്പത്തികമായി തകർന്ന തന്‍റെ ജീവിതത്തിലേക്ക്, മുഴുവൻ സൗഭാഗ്യങ്ങളും തിരികെയെത്തിക്കാൻ ആ കത്തിന് കഴിയുമെന്നു അയാൾ വിശ്വസിച്ചു. പക്ഷെ, കത്തിൽ പറഞ്ഞ ദൗത്യം തുടങ്ങുന്നതിനു മുൻപ് തന്നെ Godon മരണത്തിനു കീഴടങ്ങുന്നു. തനിക്കു അർഹതപെട്ടതല്ലെങ്കിൽ കൂടി, ആ കത്തിന്‍റെ ഉടമസ്ഥനായി, Godon കാത്തിരുന്ന സൗഭാഗ്യങ്ങൾ തേടി, അയാളുടെ സ്ഥാനത്ത് Sébastien എന്ന 22 വയസ്സുകാരൻ യാത്ര തുടങ്ങുന്നു...ആ യാത്ര നീളുന്നതോ തികച്ചും അപരിചിതവും, അശാന്തവുമായ പുതുവഴികളിലേക്കും........... 

Georgian–French സംവിധായകൻ ആയ Géla Babluaniയുടെ ആദ്യ ചിത്രമായ 13 Tzameti തുടങ്ങുന്നത് ഇവിടെ നിന്നാണ്. 2005ല്‍  നിർമിക്കപെട്ട ഈ ചിത്രം ബ്ലാക്ക്‌-ആൻഡ്‌ -വൈറ്റ് ചിത്രമായിട്ടാണ് പകർത്തപെട്ടിരിക്കുന്നത്. Suspense Thriller ശ്രേണിയിൽ പെടുത്താവുന്ന, എന്നാൽ പരിധികളിൽ ഒതുങ്ങാത്ത വിധം ഉജ്ജ്വലമായ സിനിമ അനുഭവമാണ് 13 Tzameti. 

2010ല്‍  ഈ ചിത്രത്തിന്‍റെ ഒരു അമേരിക്കൻ പതിപ്പ് ഇതേ സംവിധായകൻ തന്നെ പുറത്തിറക്കുകയുണ്ടായി. പക്ഷെ, ഒറിജിനലിനോട് കിട പിടിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞില്ല.

ഈ ചിത്രത്തെ കുറിച്ച് പറയുവാൻ ഏറെ ഉണ്ടെങ്കിലും, പുതിയ കാഴ്ചക്കാരുടെ ആസ്വാദനത്തെ ബാധിക്കും എന്നുള്ളത് കൊണ്ട് കൂടുതൽ വിവരങ്ങൾ ഒഴിവാകുന്നു. "റേറ്റിങ്ങ്","നിരൂപണങ്ങൾ" ഇവയൊക്കെ എന്ത് പറഞ്ഞാലും ഇതൊരു must watch movie ആണ്. ഒരു മികച്ച സിനിമ അനുഭവം നിങ്ങളെ കാത്തിരിക്കുന്നു.........




"MANTRA"


ർഷങ്ങൾക്കു മുൻപാണ് "MANTRA" യുടെ "മഞ്ഞലമേൽ" എന്ന് തുടങ്ങുന്ന ഗാനം ആദ്യമായി കേൾക്കുന്നത്. അതിനു മുൻപോ , അതിനു ശേഷമോ "MANTRA"യുടെ ഒരു ഗാനം പോലും ഞാൻ കേട്ടിട്ടില്ല. എങ്കിലും,വർഷങ്ങൾക്കിപ്പുറവും മലയാള സംഗീത ആൽബങ്ങൾക്കിടയിൽ ആകർഷകമായ ഒരു ഗാനമായി ആ ഗാനം അതിജീവിക്കുന്നു. 

എന്ത് കൊണ്ട് ഈ ഗാനം ആകർഷകമായി തുടരുന്നു എന്ന് പറയുക പ്രയാസകരമാണ്. നാടൻപാട്ടിന്‍റെ വരമ്പിലൂടെയുള്ള അതിന്‍റെ  സഞ്ചാരമാണോ? ആദ്യന്തം സൂക്ഷിക്കുന്ന ആഴത്തിലുള്ള വിഷാദമാണോ ? ചിത്രീകരണത്തിലും, ഗാനത്തിലും വൃത്തിയായി പകർത്തിയപാശ്ചാത്യ അടയാളങ്ങളോ? ഒരു ബഹളവുമില്ലാത്ത പാട്ടിന്‍റെ ഒപ്പം സഞ്ചരിക്കുന്ന ചിത്രീകരണമോ? ഇതെല്ലാം ഒന്നിച്ചു ചേരുന്ന നിമിഷങ്ങളിൽ ഒന്നാവാം ഈ ഗാനം പ്രിയപെട്ടതാവുന്നത്.
പാട്ടിന്‍റെ എല്ലാ മൂലയിലും,ഇംഗ്ലീഷ് വാക്കുകൾ തിരുകിയ അരോചക ഗാനങ്ങളുടെ ഈ വേലിയേറ്റ കാലത്ത്, മന്ത്രയുടെ ഗാനം സുന്ദരമായ ഒരു അപവാദം ആയി തീരുന്നു.

പിന്നീടൊരിക്കലും, ഈ ഗാനത്തെ അതിജീവിക്കുന്ന മറ്റൊരു ഗാനം സൃഷ്ടിക്കാൻ "MANTRA"യ്ക്ക് കഴിഞ്ഞില്ല ( എന്‍റെ  അറിവിൽ ) എന്ന് വേണം കരുതാൻ. സാരമില്ല, ഇപ്പോഴും പെയ്തു തീരാത്ത ആ ഗാനം ഇനിയും ഒരുപാട് കാലം നിങ്ങളെ അടയാളപെടുത്തികൊണ്ടേയിരിക്കും.

ഈ ഗാനം ഇഷ്ടപെടുന്നവർക്കായി ലിങ്ക്..... http://www.youtube.com/watch?v=SW0OSSxTLSI


Still Life (Chinese, 2006)

Director: Jia Zhangke

ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നായ ചൈനയുടെ Three Gorgesന്‍റെ സമീപ പ്രദേശങ്ങളിലാണ് Still Life നടക്കുന്നത്. അണക്കെട്ടിന്‍റെ  നിർമ്മാണം കാരണം വെള്ളത്തിനടിയിലായ ഗ്രാമങ്ങൾ... സ്വയം പറിച്ചു നട്ടുകൊണ്ടിരിക്കുന്ന അവശേഷിപ്പുകൾ...മരണത്തിലേക്ക് നീങ്ങുന്ന നഗരങ്ങൾ...ഇവയ്ക്കിടയിലേക്ക് എത്തുന്ന രണ്ടു പേരുടെ, രണ്ടു ജീവിതങ്ങളാണ് ചിത്രം പറയുന്നത്. ഇരു കഥകളുടെയും പശ്ചാത്തലവും, അവരുടെ പ്രശ്നങ്ങളുടെ സമാനതയും ഒഴിച്ചു നിർത്തിയാൽ ഇരു കഥകളും തമ്മിൽ സിനിമയിൽ കൂട്ടിമുട്ടുന്നില്ല.

വർഷങ്ങൾക്കു മുൻപ് തന്നെ ഉപേക്ഷിച്ചു പോയ ഭാര്യയെ തിരഞ്ഞാണ് Han Sanming ന്‍റെ വരവെങ്കിൽ, രണ്ടു വർഷമായി ഒരു വിവരവുമില്ലാത്ത തന്‍റെ ഭർത്താവിനെ തിരഞ്ഞാണ് Shen Hongന്‍റെ വരവ്. തകർന്നു കൊണ്ടിരിക്കുന്ന തങ്ങളുടെ ജീവിതം തിരികെ പിടിക്കാനുള്ള യാത്രയിലാണ് ഇരുവരും. ദിവസങ്ങൾ നീളുന്ന അവരുടെ അന്വേഷണങ്ങളുടെ പരിസമാപ്തിയിൽ Still Life അവസാനിക്കുന്നു.

മനുഷ്യ ബന്ധങ്ങളെക്കുറിച്ചും, ചൈനയുടെ സാമൂഹിക ജീവിതത്തെക്കുറിച്ചുമെല്ലാം തീക്ഷ്ണമായ നിരീക്ഷണങ്ങൾ ഈ ചിത്രം പങ്കു വെയ്ക്കുന്നു. വാണിജ്യ സിനിമയുടെ വേഗതയെക്കാൾ, ജീവിതത്തിന്‍റെ  വേഗതയില്ലായിമയിലൂടെയാണ് Still Lifeന്‍റെ സഞ്ചാരം. കാലികമായ സാമൂഹ്യ പഠനങ്ങൾക്ക് ഉതകും വിധം ഒരു പാട് കിളിവാതിലുകൾ ഈ സിനിമയിൽ ഉണ്ട്. അതൊക്കെ വായിച്ചെടുക്കാൻ താല്പര്യം ഉള്ളവർക്ക് ഈ സിനിമ നല്ലൊരു അനുഭവം ആകുമെന്ന് തീർച്ച. 

2006 ലെ Venice Film Festivalല്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള Golden Lion Award ഈ ചിത്രം 

നേടുകയുണ്ടായി.


Peppermint Candy (Korean, 2000)

Director: Lee Chang-dong


കൂട്ടുകാർക്കു മുൻപിൽ, പുഴയോരത്തെ റെയിൽവേ മേൽപാലത്തിൽ സ്വയം ജീവനൊടുക്കിയ നായകന്‍റെ ( Yong-ho) മരണത്തിൽ നിന്നാണ് Peppermint Candy ആരംഭിക്കുന്നത്. 
Yong-ho ന്‍റെ  ജീവിതത്തിലൂടെയുള്ള ഒരു മടക്കയാത്രയ്ക്കൊടുവിൽ, വർഷങ്ങൾക്കു മുൻപത്തെ മറ്റൊരു പകലിൽ, അതേ പുഴക്കരയിൽ Peppermint Candy അവസാനിക്കുന്നു.

2003 ൽ കൊറിയയുടെ സാംസ്കാരിക മന്ത്രി ആയി തീർന്ന Lee Chang-dong സംവിധാനം ചെയ്ത, Peppermint Candy അതി മനോഹരമായ ഒരു ചിത്രമാണ് എന്ന് നിസംശയം പറയാം. Yong-hoന്‍റെ  സങ്കീർണ്ണമായ ജീവിത കഥ "പിന്നോട്ട് പറയുന്ന" ആഖ്യാന രീതി ആകർഷകമാണ്. Yong-ho ന്‍റെ ജീവിതത്തിലെ നിർണ്ണായകമായ നിമിഷങ്ങളിലൂടെ അയാളുടെ സ്വഭാവ സവിശേഷതകൾ മുഴുവൻ അനാവരണം ചെയ്യപെടുന്നു.

Yong-hoന്‍റെ  ദുരന്ത ജീവിതത്തിലൂടെ , ഒരു പാട് ഇമേജ്കളുടെ സഹായത്തോടെ, കൊറിയയെക്കുറിച്ചുള്ള സാമൂഹിക- രാഷ്ട്രീയ വിശകലനമായി....മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള ശ്രേദ്ധേയമായ ഉൾക്കാഴ്ചയുള്ള ചിത്രമായി തീരുന്നുണ്ട് Peppermint Candy.

ഓരോ മനുഷ്യനും അയാൾക്കുപോലും തിരിച്ചറിയപ്പെടാനാവാത്ത വിധം സങ്കീർണ്ണം ആണെന്നും, നമ്മളെല്ലാം നമ്മുടെ ചുറ്റുപാടുകളുടെ സംഭാവന മാത്രമാണെന്നും ചിത്രം ഓർമ്മപെടുത്തുന്നു .

Lee Chang-dong എന്ന സംവിധായകന്‍റെ സിനിമകൾ ഇതുവരെ കാണാതിരുന്നത് ഒരു വലിയ നഷ്ടമായി പോയി....



Getting Home (Chinese, 2007)

Director: Zhang Yang

പേര് സൂചിപ്പിക്കുന്നത് പോലെ ഇത് വീട്ടിലേക്കുള്ള യാത്രയാണ്. കൂട്ടുകാരന്‍റെ ശവശരീരവുമായി, അയാളുടെ വീട്ടിലേക്കുള്ള Zhao ന്‍റെ  യാത്ര. സാമ്പത്തിക പരാധീനതകൾ മൂലം, കൂട്ടുകാരന്‍റെ ചുമലിലാണ് പലപ്പോഴും ശവശരീരത്തിന്‍റെ  യാത്ര. അസാധാരണമായ ഈ നീണ്ട യാത്രയിൽ അവർ കണ്ടുമുട്ടുന്ന ഒരുപാട് പേരുടെ ജീവിതത്തിലൂടെയും ഈ ചിത്രം കടന്നു പോകുന്നു. ഇതൊരു "കോമഡി " ചിത്രമാണെന്ന് വേണമെങ്കിൽ പറയാം. പക്ഷെ, ആ കറുത്ത ഫലിതങ്ങൾ തന്നെയാണ് ഈ ചിത്രത്തിന്‍റെ ആത്മാവ്. 

ഒപ്പം സുഹൃത്ത് ബന്ധത്തിന്‍റെയും , സ്നേഹത്തിന്‍റെയുമൊക്കെ ആഴങ്ങളിലെക്കെത്തുന്ന ഒരു പാട് മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ട്. കിടയറ്റ ആഖ്യാന മികവിലൂടെ ചിരിയും, കണ്ണീരും മനോഹരമായി "Getting Home"ൽ കൂടിച്ചേരുന്നു. വീട്, നഗരം, ഗ്രാമം, തൊഴിലാളി ...അങ്ങനെ ഒരുപാട് സൂചകങ്ങളിലൂടെ ഈ സിനിമ വായിക്കാം. ഇതൊന്നും ഇല്ലാതെ ഹൃദയം തൊടുന്ന ഒരു സിനിമ എന്ന നിലയിലും Getting Home വായിച്ചെടുക്കാം. വായന എങ്ങനെ ആയാലും ഒഴിവാക്കാനാവാത്ത വിധം മനോഹരമാണ് Getting Home .

Afghan Star (Documentary,English --2009)

Director: Havana Marking


താലിബാന്‍റെ കിരാത ഭരണത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള അഫ്ഗാനിസ്ഥാന്‍റെ  പരിവർത്തന ദിനങ്ങളെ ഒരു സ്പോഞ്ചിൽ എന്ന പോലെ പകർത്തുന്ന ഡോക്യുമെന്ററി ആണ് Havana Marking സംവിധാനം ചെയ്യുകയും Zeitgeist Films വിതരണം നിർവഹിക്കുകയും ചെയ്ത Afghan Star. സംഗീതവും, നൃത്തവും നിരോധിച്ച താലിബാൻ ഭരണത്തിന്‍റെ അന്ത്യ കൂദാശയ്ക്ക് ശേഷം അഫ്ഗാൻ ചാനലിൽ പ്രത്യക്ഷപെട്ട ആദ്യ സംഗീത റിയാലിറ്റി ഷോ ആണ് Afghan Star. ഈ റിയാലിറ്റി ഷോയിലൂടെ, അഫ്ഗാൻ സംഗീതത്തിലൂടെ, മത്സരാർത്തികളുടെ ജീവിതങ്ങളിലൂടെ അഫ്ഗാനിസ്ഥാന്‍റെ ഇരുണ്ടതും...തിളക്കമാർന്നതും ആയ ഭാവങ്ങളെ അതിസമർതമായി വരച്ചിടുന്നുണ്ട് Afghan Star.

Afghan Star എന്ന റിയാലിറ്റി ഷോയോട് ആ ജനത പ്രകാശിപ്പിച്ച വൈകാരികമായ പ്രണയം, ഒരേ സമയം സ്വാതന്ത്ര്യ പ്രഖ്യാപനവും , താലിബാനോടും , മത യാഥാസ്ഥിക വാദത്തോടും ഉള്ള പ്രതിരോധവുമായി തീരുകയാണ്.തലയിൽ തുണിയില്ലാതെ, ഇഷ്ടപെട്ട വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്ന വനിതകൾ... താടി വെയ്ക്കാതെ ജീവിക്കാൻ കഴിയുന്നതിൽ സന്തോഷിക്കുന്ന ചെറുപ്പക്കാർ...സ്വന്തം ഗാനത്തിനൊപ്പം വേദിയിൽ ചുവടു വെയ്ക്കാൻ തയാറായ Setara എന്ന പെണ്‍കുട്ടി,..."എനിക്ക് താലിബാനെ ഭയമില്ല, കാരണം അവർ അവസാനിച്ചു കഴിഞ്ഞു" എന്ന് ക്യാമറക്ക്‌ മുൻപിൽ പറയാൻ തയാറായ റിയാലിറ്റി ഷോ യുടെ അവതാരകൻ. അഫ്ഗാനിസ്ഥാനിൽ പൂവിടുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള പതാക വാഹകരാണ് ഇവരെല്ലാം. 

എന്നാൽ തിളക്കങ്ങൾക്കിടയിലും ഇരുണ്ട കാഴ്ചകൾ ആവോളം ഉണ്ട്. ഒരൊറ്റ രാജ്യത്ത് അനേകം ഗോത്രങ്ങളായി വിഭജിക്കപ്പെട്ട... ചിലപ്പോൾ കുറഞ്ഞതും ചിലപ്പോൾ കൂടിയ അളവിലും മത യാഥാസ്ഥിക വാദത്തിൽ കുടുങ്ങിപ്പോയ ഒരു ജനത. ബാല്യം തുടങ്ങുന്നതിന് മുൻപ് തന്നെ തെരുവിൽ തൊഴിൽ തേടേണ്ടി വന്ന ബാല്യങ്ങൾ, തകർക്കപെട്ട തിയേറ്ററുകൾ, ഗാനത്തിനൊപ്പം ചുവടു വെച്ചതിന്‍റെ പേരിൽ ഒളിവിൽ പോകേണ്ടി വന്ന Setara . ഇവർക്കൊക്കെ അവരാഗ്രാഹിക്കുന്ന ജീവിതത്തിലേക്ക് എത്താൻ ഇനിയും വർഷങ്ങൾ വേണ്ടി വന്നേക്കും. അഫ്ഗാന്‍റെ അശാന്തമായ താഴ്വരകളിൽ ഇപ്പോഴും നിലയ്ക്കാത്ത സ്ഫോടനങ്ങൾ പറയുന്നതും മറ്റൊന്നല്ല.



പ്രമേയം ആവശ്യപെടുന്നത് കൊണ്ടാവണം ആദ്യന്തം സംഗീത സാന്ദ്രമായ അന്തരീക്ഷത്തിലാണ് Afghan Star പകർത്തപെട്ടിരിക്കുന്നത്. ഞാൻ ഈ പോസ്റ്റിൽ കുറിക്കാതെ പോയ...ഞാൻ കാണാതെ പോയ ഒരു പാട് നിരീക്ഷണങ്ങൾക്ക് Afghan Star വഴി തുറക്കുന്നുണ്ട്. സജീവമായ ഒരു പഠന സാധ്യത ഉള്ളത് കൊണ്ടാവണം rotten tomatoesൽ 100 ശതമാനം പ്രേക്ഷക പിന്തുണ ആണ് Afghan Star നേടിയത്.

ഇതൊരു must watch ആണെന്ന് ഞാൻ പറയില്ല. കാരണം അഫ്ഗാനെ കുറിച്ചറിയാതെയും നമുക്ക് ജീവിക്കാം. പക്ഷെ, ഇത്തരം ചിത്രങ്ങൾ നൽകുന്ന തിരിച്ചറിവുകൾ നമ്മൾ അനുഭവിക്കുക തന്നെ വേണം. കാരണം ഒരിക്കൽ കൈവിട്ട് പോയാൽ നമ്മൾ പതിക്കാൻ പോകുന്ന ഗർത്തങ്ങളുടെ ആഴം ഇത്തരം സിനിമകൾ നമ്മെ കാണിച്ചു തരും. ഒപ്പം എല്ലാ ദുരിതങ്ങളേയും അതിജീവിക്കുന്ന അനുപമമായ ഒരു തലം എല്ലാ മനുഷ്യരിലും ഉണ്ടെന്നും Afghan Star സാക്ഷ്യം പറയുന്നു.


ഗാസയുടെയും ,ലെബനനിന്‍റെ യും ആകാശങ്ങൾ ബോംബുകളാൽ നിറഞ്ഞ രാത്രിയിലും , പ്രശസ്ത പാലസ്തീൻ കവി ദാർവിഷ് ഇങ്ങനെ എഴുതി...................

"ഇവിടെ ഈ കുന്നിൻ ചെരുവിൽ 
അസ്തമയത്തിനും കാലപ്രവാഹത്തിനുമെതിരിൽ 
തകർന്ന നിഴലുകളുടെ പൂന്തോട്ടതിനടുത്ത് 
തടവുകാർ ചെയ്യുന്നത് ഞങ്ങളും ചെയ്യുന്നു; 
തൊഴിൽ രഹിതർ ചെയ്യുന്നതും 
ഞങ്ങൾ പ്രതീക്ഷയെ നട്ട് നനച്ച് വളർത്തുന്നു ""

അത്തരം ഒരു പ്രതീക്ഷയുടെ നട്ടുനനയ്ക്കൽ തന്നെയാണ് Afghan Star.



Kon-Tiki (Norwegian, 2012)

Directors: Joachim Rønning, Espen Sandberg


"Old Man and the Sea" എന്ന നോവലിൽ Hemingway ഇങ്ങനെ കുറിച്ചിട്ടുണ്ട് “A man can be destroyed but not defeated.”

ആർത്തലക്കുന്ന പസഫിക് സമുദ്രത്തിനു മുകളിൽ Kon-Tiki എന്ന മര ചങ്ങാടത്തെയും, Thor Heyerdahl എന്ന കപ്പിത്താനെയും കണ്ടപ്പോൾ ഓർമ്മ വന്നത് Hemingway കുറിച്ച അതേ വരികളാണ്.

Polynesian ദ്വീപുകളിലേക്ക്, വർഷങ്ങൾക്ക് മുൻപ് തന്നെ തെക്കേ അമേരിക്കക്കാർ സഞ്ചരിച്ചു എന്ന തന്‍റെ  സിദ്ധാന്തം തെളിയിക്കാൻ Thor Heyerdahlനു മുൻപിൽ ഒരൊറ്റ വഴിയെ ഉണ്ടായിരുന്നുള്ളു . വർഷങ്ങൾക്കു മുൻപത്തെ പോലെ, ഒരു മര ചങ്ങാടത്തിൽ, പുതിയ ശാസ്ത്ര നേട്ടങ്ങളുടെ പിൻബലം ഇല്ലാതെ 4300 മൈലുകൾക്ക് അപ്പുറം ഉള്ള Polynesian ദ്വീപുകളിലേക്കു യാത്ര തുടങ്ങുക.

അഞ്ചു സഹയാത്രികർക്കൊപ്പം 1947 ൽ Thor Heyerdahl നടത്തിയ ആ ചരിത്ര യാത്രയുടെ ചലച്ചിത്ര ആവിഷ്ക്കാരം ആണ് Kon-Tiki . ഇതേ യാത്രാ വഴിയിൽ Thor Heyerdahl പകർത്തിയ Kon-Tiki ഡോക്യുമേണ്ടറി 1951 ലെ അക്കാദമി അവാർഡ്‌ നേടുകയുണ്ടായി. Kon-Tiki എന്ന പേരിൽ Thor എഴുതിയ അനുഭവക്കുറിപ്പും ബെസ്റ്റ് സെല്ലെർ പട്ടികയിൽ ഇടം പിടിച്ചതാണ്.

ചരിത്ര താളുകളിലെ അനിവാര്യമായ മറവിയുടെ കയങ്ങളിൽ മുങ്ങി തുടങ്ങുന്ന ആ അവിസ്മരണീയ യാത്രയെ അതീവ സൗന്ദര്യതോടെ വീണ്ടെടുക്കുന്നുണ്ട് ഈ ചിത്രം.

നമ്മുടെ തലമുറയ്ക്ക്, അമ്പരപ്പോടെ, ആദരവോടെ കണ്ടിരിക്കാവുന്ന ഒരു ജീവിത പുസ്തകമാണ് Kon-Tiki.



The Drought (short film, 2012)

Director/Writer: Kevin Slack

മഴ പെയ്യാക്കാലത്ത് കുട വില്ക്കുന്ന ഒരാൾ .......

കിടയറ്റ അഭിനയം, കിടയറ്റ സംവിധാനം, ഹൃദയമുള്ള ഒരു കഥ............ ഒഴിവാക്കാനാവാത്ത വിധം മനോഹരമായ ഒരു ചെറു ചിത്രം.


http://www.youtube.com/watch?v=Tq8AchqGeIU


The Death of Kevin Carter: Casualty of the Bang Bang Club (Documentary,English --2005)

Directed by---Dan Krauss



സുഡാനിലെ ക്ഷാമകാല ദൃശ്യം, ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി പകർത്തിയ കെവിൻ കാർറ്റരുടെ ജീവിതത്തിലേക്കുള്ള ഒരു 27 മിനിട്ട് ആണ് The Death of Kevin Carter: Casualty of the Bang Bang Club എന്ന ഡോക്യുമെണ്ടറി. 27 മിനിട്ടുകളിൽ കെവിന്‍റെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ ഇവരൊക്കെ തങ്ങൾക്കറിയാവുന്ന കെവിനെക്കുറിച്ച്, കെവിന്‍റെ  ആത്മഹത്യയെക്കുറിച്ച് ഹ്രെസ്വമായി പറയുന്നുണ്ട്. വളരെ ചെറിയ ഒരു ഡോക്യുമെണ്ടറി ആയതു കൊണ്ടാവാം, കെവിന്‍റെ ജീവിതത്തെയോ, ചിത്രങ്ങളെയോ കൂടുതൽ സമഗ്രമായി പരിഗണിക്കാൻ "The Death of Kevin Carter: Casualty of the Bang Bang Club (2005)" ന് കഴിഞ്ഞു എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ, വളരെ "sensitive"ആയ, ബന്ധങ്ങളെ ആഴത്തിൽ സൂക്ഷിച്ച, ഒരു സാധാരണ മനുഷ്യനെ, "കെവിനെ" വൈകിയ വേളയിലെങ്കിലും പരിചയപ്പെടുത്തുന്നുണ്ട് ഈ ഡോക്യുമെണ്ടറി.

1993 ൽ സുഡാനിൽ ഉണ്ടായ ക്ഷാമത്തിന്‍റെ  ഭീകരത ഒറ്റ ക്ലിക്കിലൂടെ പകർത്തുകയായിരുന്നു കെവിൻ കാർറ്റെർ. ഭക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രയിൽ തളർന്ന് പോയ പെണ്‍കുട്ടിയെയും, പെണ്‍കുട്ടിയുടെ അവസാന ശ്വാസം നിലയ്ക്കാൻ കാത്തിരിക്കുന്ന കഴുകനെയും ഫ്രെയിമിൽ ആക്കാൻ മിനിട്ടുകൾ കെവിൻ ചിലവഴിച്ചു. ആ പെണ്‍കുട്ടി തന്‍റെ  യാത്ര തുടർന്നു എന്നത് കെവിൻ തന്നെ പിന്നീടു പറഞ്ഞിട്ടുണ്ട്.

കെവിൻ കണ്ടതും, പകർത്തിയതും ആയ ഒരുപാട് ദുരിത കാഴ്ചകളിൽ ഒന്ന് മാത്രമായിരുന്നു അത്. എന്നിട്ടും ആ ഒറ്റ ചിത്രത്തോടെ കെവിനെ ലോകമറിഞ്ഞു. പുലിസ്റ്റർ സമ്മാനവും, ഒരായിരം കുറ്റപെടുത്തലുകളും, ഒരുപോലെ, ഒരേ വഴിയിൽ കെവിനെ കാത്ത് നിന്നു . ഒടുവിൽ പുലിസ്റ്റർ നേട്ടത്തിന് മാസങ്ങൾക്കിപ്പുറം, കെവിൻ തന്‍റെ  ജീവനൊടുക്കി . തന്‍റെ ആത്മഹത്യ കുറിപ്പിൽ കെവിൻ വേദനയൊടെ ഇങ്ങനെ എഴുതി.




""''"ഞാൻ മാനസികമായി തകർന്നു ...........ഫോണില്ല............വാടക കൊടുക്കാൻ പണമില്ല..............കുട്ടികളുടെ ആവശ്യത്തിനു പണമില്ല......
പണം!!! ...മുറിവേറ്റതും, പട്ടിണിക്കാരുമായ കുട്ടികളുടെ മരണ ദ്രിശ്യങ്ങൾ, മൃതദേഹങ്ങൾ, ദേഷ്യം, വേദന.............
തോക്കുകൾ കയ്യിലുള്ള ഭ്രാന്തർ, പ്രത്യേകിച്ചു പോലീസുകാർ, കൊലപാതകികൾ.....എല്ലാം എന്നെ വേട്ടയാടുന്നു. ഞാൻ കെന്നിനോടൊത്തു ചേരുവാൻ പോകുന്നു. ഞാൻ അത്ര ഭാഗ്യവാനാണെങ്കിൽ ......"'""" 

(സഹപ്രവർത്തകനായിരുന്ന കെന്നിന്‍റെ  മരണമാണ് കെവിന്‍റെ ആത്മഹത്യയിലേക്കുള്ള ദൂരം വളരെ വേഗം ഇല്ലാതാക്കിയത്. കെവിനോപ്പം ഉള്ള ഫോട്ടോ ചിത്രീകരണത്തിനിടെ വെടിയേറ്റാണ് കെൻ മരിച്ചത്.) 

കെവിന്‍റെ  ആത്മഹത്യയെ കുറിച്ച് കെവിന്‍റെ  ഒരു സുഹൃത്ത് പറഞ്ഞ വാചകങ്ങൾ ഈ ഡോക്യുമെണ്ടറിയിൽ കാണാം. "അവൻ മരിച്ചപ്പോൾ വിചിത്രമായ ഒരു ആശ്വാസം ആണ് എനിക്ക് തോന്നിയത്. ഉറക്കമില്ലാത്ത രാത്രികളും, നീളുന്ന വേദനകളും ആയിരുന്നു കെവിന്‍റെ ജീവിതം. അതെല്ലാം അവസാനിച്ചു. Kevin is over."



ഒരു പ്രൊഫഷണൽ ഫോട്ടൊഗ്രാഫെർ ചെയ്യേണ്ടത് തന്നെയാണ് താൻ ചെയ്തതെന്ന് പുലിസ്റ്റർ നേട്ടത്തിന് ശേഷം നടന്ന ഒരു അഭിമുഖത്തിൽ കെവിൻ പറയുന്നുണ്ട്. തന്‍റെ  ന്യായം കൂടുതൽ പേർക്കും മനസ്സിലാകില്ല എന്ന തിരിച്ചറിവും കെവിൻ പങ്കു വെയ്ക്കുന്നു. കെവിനെതിരെ എതിർ വാദങ്ങൾ എന്ത് പറഞ്ഞാലും , കെവിൻ ആ ചിത്രതിലൂടെ പറയാൻ ശ്രമിച്ച "പട്ടിണിയുടെ, വിശപ്പിന്‍റെ , നിസ്സഹായാതയുടെ ഒരു ലോകത്തെ നമ്മൾ അവഗണിച്ചുകൂടാ. അത്തരം കാഴ്ചകൾ കാണാൻ നമ്മൾ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം..അതുകൊണ്ടാണ് കെവിൻ ക്രൂശിക്കപെട്ടത്‌ . ബെന്യാമിൻ "ആട് ജീവിതത്തിൽ " കുറിച്ച പോലെ 
" നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ട് കഥകൾ മാത്രമാണ്". 
അങ്ങനെ ഒരു കെട്ടുകഥ മാത്രമായി കെവിന്‍റെ  ചിത്രവും കാണാനാണോ നമ്മൾ ആഗ്രഹിച്ചത്‌?

അത് കൊണ്ടാവണം, കെവിൻ മറവിയുടെ താഴ്വാരങ്ങളിലേക്ക് മറഞ്ഞിട്ടും...കാലങ്ങൾ ഒരു പാട് മുന്നോട്ടു പോയിട്ടും ....സൊമാലിയയിലും ..സുഡാനിലും... എന്തിനു നമ്മുടെ അട്ടപ്പാടിയിലും ആ പെണ്‍കുട്ടി വീണ്ടും, വീണ്ടും മരിച്ചു ജീവിക്കുന്നത്.............



The Guilt (Short Film)

Director: DavidVictori

You Tubeൽ പോസ്റ്റ്‌ ചെയ്യപെട്ട ആയിരക്കണക്കിന് ഷോർട്ട് ഫിലിംസിൽ നിന്നും പ്രേക്ഷകർ തിരഞ്ഞെടുത്ത പത്ത് ചിത്രങ്ങൾ വെനിസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു . Your Film Festival എന്നറിയപെടുന്ന ഈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചിത്രമാണ് David Victori സംവിധാനം ചെയ്ത "The Guilt"

ജീവിതത്തിന്‍റെ വിവിധ വികാരങ്ങളെ, കുറഞ്ഞ സമയത്തിൽ വളരെ തീവ്രമായി ഈ സിനിമ സംവേദനം ചെയ്യുന്നുണ്ട്. പ്രണയത്തിന്‍റെ പുഞ്ചിരികൾ........., പ്രതികാരത്തിന്‍റെ ചോരതിളപ്പുകൾ ........., പാപ ബോധത്തിന്‍റെ  ഏണിപ്പടികൾ ....തീവ്ര വികാരങ്ങളുടെ താഴ്വാരങ്ങളിലൂടെ ആദ്യാവസാനം പ്രേക്ഷകനെ നടത്താനുള്ള, കിടയറ്റ ഒരു ആഖ്യാന മികവ് ഈ ചിത്രം കാഴ്ച വെയ്ക്കുന്നു.

കാണേണ്ട ചിത്രം എന്നല്ല .......ഒഴിവാക്കാനാകാത്ത വിധം മനോഹരമായ ഒരു ചിത്രം എന്ന് വിളിക്കുന്നതാവും നല്ലത്. 
To watch this movie.....follow this link:http://www.youtshorube.com/watch?v=FiikS2xRSdE