Monday 27 January 2014

Caramel (Arabic 2007)

Director :: Nadine Labaki 

ബെയ്റൂത്ത് നഗരത്തെക്കുറിച്ച്...സ്ത്രീകളെക്കുറിച്ച്‌...അവരുടെ പ്രണയങ്ങളേയും, പ്രണയഭംഗങ്ങളേയും കുറിച്ച്...ലബനീസ് സംവിധായികയായ Nadine Labaki പകര്‍ത്തിയ കവിതയാണ് Caramel. പ്രണയാതുരമായ ഒരു ആഖ്യാനത്തില്‍, ഒഴിവാക്കാനാവാത്ത വിധം മനോഹരമായ ചിത്രങ്ങളിലൊന്നായി തീരുന്നു Caramel. 

ബെയ്റൂത്ത് നഗരത്തിലെ ഒരു ബ്യൂട്ടിപാര്‍ലര്‍ ആണ് ഈ സിനിമയുടെ കഥാ കേന്ദ്രം. ഉടമസ്ഥയുടെ, ജീവനക്കാരുടെയൊക്കെ ജീവിതത്തിലൂടെ അഞ്ചു വനിതകളുടെ ജീവിതത്തെക്കുറിച്ച് ഈ സിനിമ സംസാരിക്കുന്നു... ലോകമെമ്പാടുമുള്ള സ്ത്രീകളെക്കുറിച്ച്‌, അവരുടെ ലോകത്തു നിന്ന്, അവരുടെ പ്രതിധിയായി സംസാരിക്കുകയാണ് സംവിധായിക. കോമഡിയുടെ ശ്രേണിയില്‍ പെടുത്താവുന്ന, ജീവിതത്തോട് വളരെ അടുത്തു നില്‍ക്കുന്ന സിനിമകളില്‍ ഒന്നാണ് Caramel. 

നടിയും സംവിധായികയുമായ Nadine Labaki ന്‍റെ ആദ്യ ചിത്രമാണിതെന്ന് വിശ്വസിക്കുക പ്രയാസമാണ്.(സിനിമയുടെ പ്രധാനകഥാപാത്രമായി വേഷമിട്ടിരിക്കുന്നതും സംവിധായിക തന്നെയാണ്.). നിരവധി തലങ്ങലുള്ള, ഒരു പിടി ആശയങ്ങളെ, കിടയറ്റ ദ്രിശ്യാവിഷ്കാരത്തിലൂടെ, വൈകാരികമായി സംവേദനം ചെയ്യാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നു. 

അന്താരാഷ്‌ട്ര മേളകളില്‍ ശ്രദ്ധ നേടിയ Caramel ശേഷം 2011ല്‍ "Where Do We Go Now?" എന്ന ചിത്രം കൂടി Nadine Labaki സംവിധാനം ചെയ്യുകയുണ്ടായി. ഈ ചിത്രവും മികച്ച നിരൂപക പിന്തുണ നേടുകയുണ്ടായി. Caramel കണ്ടവരാരും "Where Do We Go Now?" കാണാതെ പോവില്ല.



Tuesday 21 January 2014

Failan(2001) & Maundy Thursday(2006) -Korean


Director: Song Hae-sung

Song Hae-sung എന്ന സൗത്ത് കൊറിയന്‍ സംവിധായകന്‍റെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ചിത്രമാണ് Failan. ബോസ്സിനും, സഹപ്രവര്‍ത്തകര്‍ക്കും മുന്‍പിലും "വില" നഷ്ടപെട്ട ഒരു ഗുണ്ടയാണ് ഈ സിനിമയിലെ നായകനായ Kang-jae . അയാളുടെ കുഴഞ്ഞു മറിഞ്ഞ ജീവിതത്തിലേക്കാണ്, അയാളുടെ ഭാര്യയുടെ മരണ വാര്‍ത്തയെത്തുന്നത്. ചൈനയില്‍ നിന്നു വന്ന Failan എന്ന പെണ്‍കുട്ടിയെ നിയമക്കുരുക്കില്‍ നിന്നു രക്ഷിക്കാന്‍ പണം മേടിച്ച് വിവാഹം കഴിച്ചതാണയാള്‍. അതിനപ്പുറം ഒരു പരിചയവും അവര്‍ക്കിടയിലില്ല. നിയമത്തെ പേടിച്ച് Failan ന്‍റെ ശവസംസ്ക്കാരത്തിനായി Kang-jae തന്‍റെ സുഹൃത്തിനോടൊപ്പം യാത്ര തിരിക്കുന്നു. Kang-jae അറിയാതെയും, കാണാതെയും പോയ Failan ന്‍റെ ജീവിതത്തിലേക്കുള്ള ഒരു മടക്കയാത്ര കൂടിയാണിത്.

Failan
ഇഷ്ട്ടപെട്ടത്‌ കൊണ്ടാണ് Song Hae-sung ന്‍റെ അടുത്ത ചിത്രമായ Maundy Thursdayയും ഞാന്‍ കണ്ടത്. തല്ലിപൊളി പ്രിന്‍റ് ആയിരുന്നെങ്കിലും Maundy Thursday ഹൃദയമുള്ള ഒരു അനുഭവമായി തീരുകയായിരുന്നു. ജയിലില്‍ മരണ വിധി കാത്തിരിക്കുന്ന Jung Yun-sooന്‍റെയും, അവനെ കാണാനെത്തുന്ന Moon Yu-jeongന്‍റെയും കഥയാണ്‌ Maundy Thursday. പരാജയപെട്ട മൂന്ന് ആത്മഹത്യാ ശ്രമങ്ങളുടെ ഉടമയാണ് Moon Yu-jeong. ഇരുവരും കാത്തിരിക്കുന്നത് മരണത്തിനു വേണ്ടിയാണ്. അതുകൊണ്ട് തന്നെ അവരുടെ സഹൃദത്തിനു ചില സമാനതകളുണ്ട്.

ഇരു ചിത്രങ്ങളും തമ്മില്‍ "ആഖ്യാന രീതികളിലും", സ്വഭാവത്തിലുമെല്ലാം സമാനതകള്‍ കാണാം. ജീവിതത്തോട് അടുത്തു നില്‍ക്കുന്ന സിനിമകളാണ് ഇവ രണ്ടും. മനുഷ്യന്‍ ഏതു നിമിഷവും നവീകരിക്കപ്പെടാം എന്ന് ഈ രണ്ടു സിനിമകളും പറയുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകരേയും ഈ സിനിമകള്‍ സ്പര്‍ശിക്കും എന്നത് തീര്‍ച്ച.




Sunday 12 January 2014

Upstream Color (English 2013)

2013ല്‍ പുറത്തിറങ്ങിയ   Shane Carruthന്‍റെ  സയന്‍സ് ഫിക്ഷന്‍ സിനിമയായ Upstream Colorനെ മനസിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ലേഖനം. സിനിമയെ കൂടുതല്‍ മനസിലാക്കാന്‍ സഹായകമായ ചില വശങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ഇവിടെ. സിനിമ ഒരു തവണയെങ്കിലും കണ്ടവര്‍ക്ക് മാത്രമേ ഈ വായന സഹായകമാവൂ എന്ന്‍ തന്നെ ഞാന്‍ വിശ്വസിക്കുന്നു. 

 Shane Carruth- Writer, Director, and Actor
2004ല്‍ പുറത്തിറങ്ങിയ  Primer ആണ് Shane Carruthന്‍റെ ആദ്യ ചിത്രം. ആദ്യാവസാനം അതൊരു സയന്‍സ് ഫിക്ഷന്‍  സിനിമയാണ്. പലരും, പലതവണ, പലരീതിയില്‍ പറഞ്ഞിട്ടുള്ള “time travel” തന്നെയാണ് അതിന്‍റെ വിഷയം. പക്ഷെ, “time travel”എന്ന ആശയത്തിന്‍റെ അതി സങ്കീര്‍ണ്ണമായ തലങ്ങളിലൂടെയാണ് Primer സഞ്ചരിക്കുന്നത്. തലച്ചോറു കൊണ്ട് സിനിമ കാണുന്ന ഒരു പ്രേക്ഷകനു പോലും Primer പെട്ടന്നൊന്നും വഴങ്ങുകയില്ല. സിനിമയുടെ അവസാന ദ്രിശ്യത്തിനു ശേഷം, ഗൂഗിള്‍ തിരഞ്ഞ് കണ്ട കാഴ്ചയുടെ പൊരുള്‍ മനസ്സിലാക്കേണ്ടി വരുമെന്ന് സാരം. പക്ഷെ, Primerന്‍റെ സങ്കീര്‍ണത കൃത്യമായി നിര്‍വചിക്കാനാവും. “Time travel” എന്ന ആശയത്തിന്‍റെ  സങ്കീര്‍ണ്ണത വായിച്ചെടുക്കാമെങ്കില്‍  Primer ഒരു തുറന്ന പുസ്തകമാണ്
          Primer(2004)

  
പക്ഷെ, Primerല്‍ നിന്നും Upstream Color ലേക്കുള്ള ദൂരം ഒട്ടും ചെറുതല്ല. Primerനു ശേഷം 9-വര്‍ഷങ്ങള്‍ക്ക് ശേഷമാണ് Upstream Color വന്നത് എന്നത് മാത്രമല്ല, ആശയ തലത്തിലും, ആഖ്യാന രീതിയിലുമെല്ലാം പ്രകടമായ മാറ്റങ്ങള്‍ കാണാം. Primerല്‍ സംഭാഷണള്‍  സിനിമയെ മുന്നോട്ട് നയിച്ചപ്പോള്‍ Upstream Colorല്‍ സംഭാഷണം പലയിടത്തും തീര്‍ത്തും അപ്രത്യക്ഷമാവുകയോ അല്ലെങ്കില്‍ അപ്രസക്തമാവുകയോ ചെയ്യുന്നു. ദ്രിശ്യപരമായി ഒരു ലോകം സൃഷ്ട്ടിക്കുകയും, സ്വന്തമായ ഒരു ഭാഷയില്‍ ആ ലോകത്ത് സംസാരിക്കുകയുമാണ് Upstream Color. Montage നെ അനുസ്മരിപ്പിക്കുന്ന ഒരു ആഖ്യാന രീതിയാണ് ഈ സിനിമ പിന്തുടരുന്നത്. എങ്കിലും, പരസ്പരം കൊരുക്കപെട്ട ദ്രിശ്യങ്ങള്‍ തന്നെയാണിവ. ഓരോ ദ്രിശ്യങ്ങളെയും ഇങ്ങനെ ബന്ധിപ്പിക്കുന്ന കണ്ണികള്‍ തിരിച്ചറിയാത്ത പക്ഷം, സിനിമയുടെ Plot പോലും നമ്മെ ചെറുതല്ലാത്ത ആശയക്കുഴപ്പത്തിലെക്കെത്തിക്കും.       
Upstream Color നെ സങ്കീര്‍ണ്ണമാക്കുന്നത്, വെത്യസ്ത സുന്ദരമായ അതിന്‍റെ അതിന്‍റെ ആഖ്യാന കൌശലം മാത്രമല്ല, നിരവധി തലങ്ങളിലൂടെ പരന്നൊഴുകുന്ന ഒന്നിലൊതുങ്ങാത്ത ചില ആശയ ധാരകള്‍ കൂടിയാണ്. സിനിമയുടെ ഒന്നിലധികം കാഴ്ചകള്‍ക്ക് ശേഷവും, അവ്യക്തമായി തുടരുന്ന ഈ ആശയ ധാരകളെ മനസ്സിലാക്കുക എന്നത് ശ്രമകരമായതും എന്നാല്‍ ആവേശകരവുമായ  ഒരു ദൌത്യം ആണ്. സയന്‍സ് ഫിക്ഷന്‍റെ ചുറ്റുവട്ടങ്ങളില്‍ നിന്നും, ഫിലോസഫിയുടെ മേഘപാതകളിലേക്ക്  Upstream Color പന്തലിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാവണം, ഒരുപാട് വ്യാഖ്യാനങ്ങളും, വിമര്‍ശനങ്ങളും, അഭിനന്ദങ്ങളുമെല്ലാം ഒന്ന് പോലെ ഈ സിനിമയുടെ പുറകെ ഉണ്ട്.   

Shane Carruth as Jeff      Amy Seimetz as Kris


സയന്‍സ് ഫിക്ഷന്‍


ത്യന്തികമായി Upstream Color ഒരു സയന്‍സ് ഫിക്ഷന്‍ ആണ്. വികീപീഡിയ പറയുന്നത് ഇങ്ങനെ 

Upstream Color is about two people whose lives and behaviors are affected by a complex parasite—without knowing it—that has a three-stage life cycle in which it passes from humans to pigs to orchids. "A man and woman are drawn together, entangled in the life cycle of an ageless organism. Identity becomes an illusion as they struggle to assemble the loose fragments of wrecked lives."

മനുഷ്യ ശരീരത്തില്‍ ജീവിക്കാന്‍ കഴിയുന്ന, മൂന്ന് തലങ്ങളിലൂടെ  ജീവിത ചക്രം പൂര്‍ത്തിയാകുന്ന പരാദ ജീവിയായ ഒരു Worm ആണ് ഈ സിനിമയുടെ കേന്ദ്രം. ഈ ജീവിയുടെ ജീവിത ചക്രത്തിലാണ് സിനിമ നടക്കുന്നത്. സിനിമയുടെ ശരീരം തന്നെ Wormന്‍റെ ഈ ജീവിത ചക്രമാണ്. സിനിമയുടെ തുടക്കത്തില്‍ ഓര്‍ക്കിഡ് ചെടിയുടെ വേരില്‍ നിന്നാണ് “Thief”


Thiago Martins as Thief
Wormനെ കണ്ടെത്തുന്നത്. ഇതേ Wormനെ Kris ന്‍റെ ശരീരത്തിലേക്ക് കടത്തി വിടുകയും, Kris നെ ഒരു hypnotic നിലയില്‍ നിര്‍ത്തി Thief കൊള്ള നടത്തുകയും ചെയ്യുന്നു. Sampler ഇതേ Worm നെ പ്രകൃതിയില്‍ നിന്ന് പകര്‍ത്തിയ സംഗീതം കൊണ്ട് ആകര്‍ഷിക്കുകയാണ്. Worm നെ വഹിക്കുന്നത് Kris ന്‍റെ ശരീരമായതിനാല്‍, Kris ഉം അവിടേക്ക് ആകര്‍ഷിക്കപെടുന്നു. Sampler ആണ് Wormനെ പന്നിയുടെ ശരീരത്തിലേക്ക് കടത്തി വിടുന്നത്. പന്നിക്കുഞ്ഞുങ്ങളിലൂടെ  അടുത്ത തലമുറയിലേക്ക് അവ കടക്കുന്നു. ഒടുവില്‍ വെള്ളത്തില്‍ എറിയപെട്ട പന്നി കുഞ്ഞുങ്ങളില്‍ നിന്നും ഓര്‍ക്കിഡ് വേരുകളിലേക്ക് അവ തിരികെയെത്തുമ്പോള്‍ ചക്രം പൂര്‍ണ്ണമാകുന്നു. ഈ ജീവിത ചക്രത്തിലാണ് മറ്റ് സംഭവങ്ങള്‍ എല്ലാം നടക്കുന്നത്. Sampler നെ കൊല്ലുമ്പോള്‍ Kris തകര്‍ത്ത് കളയുന്നത് ഈ ജീവ ചക്രം തന്നെയാണ്.   


Theme of Upstream Color


Amy Seimetz as Kris

Upstream Colorന്‍റെ  theme, “free will” തന്നെയാണ്. വെക്തിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഈ ചിത്രം. ചൂഷണത്തില്‍ അധിഷ്ട്ടിതമായ ഒരു സമൂഹത്തിന്‍റെ “cycle”ന്‍റെ ഭാഗമാണ് Krisഉം, ഞാനും, നിങ്ങളുമെല്ലാം. ചൂഷണത്തിനു ശേഷം വലിചെറിയപെട്ട ഇരകളാണ് Krisഉം, Jeffഉം. ചൂഷകര്‍ നിരവധിയാണ്...ഓര്‍ക്കിഡ് വില്‍പ്പനക്കാര്‍ മുതല്‍..Thiefലൂടെ നീണ്ട് Samplerല്‍ എത്തി നില്‍ക്കുന്ന ചൂഷണത്തിന്‍റെ വലിയ ഒരു cycle.  ചൂഷണത്തിന് ശേഷവും, ഇരകളുടെ ജീവിതത്തേയും, ചിന്തകളേയും ഈ cycle നിയന്ത്രിച്ചു കൊണ്ടേ ഇരിക്കുന്നു. Sampler എന്ന ഇമേജ് പ്രസക്തമാവുന്നത് ഇവിടെയാണ്‌. തന്‍റെ ഇരകളുടെ ജീവിതത്തില്‍ പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ അയാള്‍ ഇടപെടുന്നു. അത് മാറ്റി വരയ്ക്കാന്‍ ശ്രമിക്കുന്നു. Sampler പകര്‍ത്തിയ സംഗീതം Kris ല്‍ ആദ്യാവസാനം സ്വാധീനം ചെലുത്തുന്നതായി കാണാം. ഈ പൊക്കില്‍ Kris ന് സ്വന്തം അസ്ഥിത്വം നഷ്ട്ടപെട്ട് ഇരകളുടെ പൊതു identityലേക്ക് എത്തുന്നു. അവിടെയാണ് Kris ഉം , Jeff തമ്മിലുള്ള പ്രണയം പോലും പ്രസക്തമാവുന്നത്. കാരണം അവര്‍ ഇരുവരും ഒരേ ദുരന്തത്തിലൂടെ കടന്ന് പോയവരാണ്. ഇരുവരുടെയും അസ്ഥിത്വം ഒരൊറ്റ അസ്ഥിത്വമാവുന്നതിന്‍റെ പല ഉദാഹരണങ്ങളും ഈ സിനിമയില്‍ ചിതറി കിടക്കുന്നുണ്ട്. ബാല്യ കാലത്തെ ഒരനുഭവം ഇരുവരും പങ്കുവെയ്ക്കുന്ന ഒരു ദൃശ്യം ഈ സിനിമയില്‍ ഉണ്ട്. എന്നാല്‍ ഇരുവരും അവകാശപ്പെടുന്നത് അത് തന്‍റെ അനുഭവം ആണ് എന്ന് തന്നെയാണ്. ശരിക്കും അതാരുടെ വെക്തിപരമായ അനുഭവമാണെന്ന് വേര്‍ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നതേയില്ല. അങ്ങനെ ഒരു വേര്‍തിരിവിനു  കഴിയ്യാത്ത വിധം അവര്‍ ഒരൊറ്റ identity ആയി മാറുകയാണ്. ഏറ്റവും ഒടുവില്‍ എല്ലാ ഇരകളേയും ഒന്നിച്ചു ചേര്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നത് അവരെല്ലാം കുറഞ്ഞും, കൂടിയും അളവില്‍ പങ്കുവെയ്ക്കുന്ന ഇരകളുടെ identity കാരണമാണ്. ഇരകള്‍ ഒന്നിച്ച് ചേര്‍ന്ന് ചൂഷണത്തിന്‍റെ cycle അവസാനിപ്പിക്കുന്നിടത്താണ് (Sampler കൊല്ലപ്പെടുന്നത്) സിനിമയും അവസാനിക്കുന്നത്.



Andrew Sensenig as Sampler

 “വ്യെക്തമായി പറഞ്ഞാല്‍ ഈ സിനിമ നടക്കുന്നത് ചൂഷണത്തില്‍ അധിഷ്ഠിതമായ പുതിയ ലോക ക്രമത്തിലാണ്. ഒരു വ്യെക്തിയുടെ identity നശിപ്പിക്കുകയും, അയാളുടെ ചിന്താമണ്ഡലം നിയന്ത്രിച്ച്‌ കൊണ്ട് ഒരു cycle ആയി ചൂഷണം തുടരുകയും ചെയ്യുന്ന ഒരു ലോകക്രമത്തില്‍ കൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഇതിന്‍റെ ഇരകളാവുന്നവരുടെ എകാന്തതയിലൂടെ കടന്ന്,അവര്‍ കൂട്ടായി ഈ ലോകക്രമത്തിനെതിരെ നടത്തുന്ന പോരാട്ടത്തിലൂടെ, ഒടുവില്‍ അവര്‍ സ്വന്തം identity പ്രഖ്യാപിക്കുന്നിടത്ത് സിനിമ തന്‍റെ സന്ദേശം ഉയര്‍ത്തുന്നു.”



ഈ സിനിമയുടെ theme നെക്കുറിച്ച് സംവിധായകന്‍റെ അഭിപ്രായം ഇങ്ങനെയാണ്. നമ്മളെ, നമ്മുടെ ചിന്തകളെ എല്ലാം ചില external force കള്‍ സ്വാധീനിച്ച്‌ കൊണ്ടിരിക്കുന്നുണ്ട്. അത് സമൂഹമാകാം, മറ്റ് സാമൂഹിക ഘടക്ങ്ങളാവാം. നമ്മുടെ identity യെ ചൂഷണം ചെയ്യുന്ന ഇത്തരം parasite കളുടെ ഇമേജ് ആണ് Worm.   

Motif- A Recurrent Thematic Element in an Artistic or Literary Work.


രു സിനിമയുടെ theme കൂടുതല്‍ സമര്‍ത്ഥമായി സംവദിക്കാനുള്ള ഉപകരണമാണ് motif. മനോഹരമായ motif കള്‍ എപ്പോഴും ഒരു സിനിമയ്ക്ക് മുതല്‍കൂട്ടാണ്. മധുപാല്‍ സംവിധാനം ചെയ്ത “തലപ്പാവ്” എന്ന സിനിമയില്‍ ഇത്തരം ഒരു മനോഹര motif ഉണ്ട്. നക്സല്‍ കഥാപാത്രത്തിന്‍റെ രക്തസാക്ഷ്യത്വത്തെ, ക്രിസ്തുവിന്‍റെ രക്തസാക്ഷ്യത്വവുമായി ബന്ധിപ്പിക്കാന്‍ “നിരന്തരം മുഴങ്ങുന്ന പള്ളിമണികളെ” സംവിധായകന്‍ ഉപയോഗപ്പെടുത്തുന്നു. പറഞ്ഞു വന്നത് Upstream Colorലെ ഒരു പ്രധാന motif നെക്കുറിച്ചാണ്.  സിനിമയില്‍ ആദ്യാവസാനം കടന്നു വരുന്ന Henry David Thoreauയുടെ  Walden; or, Life in the Woods എന്ന പുസ്തകവും,അതിലെ ആശയങ്ങളും, ഈ സിനിമയുടെ അര്‍ത്ഥ തലങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ സജീവമായ പങ്കു വഹിക്കുന്നു. 
എന്ത് കൊണ്ട് Walden എന്ന ചോദ്യത്തിന്  Shane Carruth നല്‍കിയ മറുപടി ഇതായിരുന്നു.

I needed a piece of literature that Kris would be forced to rewrite page by page. So I picked it(Walden), and it turns out there’s a lot of coincidental language in it that matches up with the plot, so we just keyed up anything that could be in common between the two. 

Walden; or, Life in the Woods (1854)

ചിത്രത്തിന്‍റെ പ്ലോട്ടുമായി Walden പുലര്‍ത്തുന്ന ചില സാമാനതകളാണ്, നമ്മുടെ വിഷയം. അതിന് Walden എന്ന പുസ്തകത്തെക്കുറിച്ച് അല്പം പറയേണ്ടി വരും. അമേരിക്കന്‍ എഴുത്തുകാരനും, ഫിലോസഫറും, Transcendentalist movementന്‍റെ പ്രധാനിയുമായിരുന്ന Thoreau 1854ല്‍ എഴുതിയ പുസ്തകമാണ് Walden. പുറം ലോകവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച്, Walden തടാകത്തിന്‍റെ കരയിലെ കുടിലില്‍ കഴിഞ്ഞ ദിനങ്ങളിലാണ് Thoreau ഈ കൃതി സൃഷ്ട്ടിച്ചത്. Transcendentalist ചിന്താധാരകള്‍ തന്നെയാണ് ഈ ബുക്കില്‍ പറയുന്നത്.  Transcendentalism എന്ന വലിയ ചിന്താധാരയില്‍, Upstream Colorന്‍റെ themeമുമായി സാദൃശ്യം പുലര്‍ത്തുന്ന ഒരു പൊതു സ്വഭാവം മാത്രം ഇവിടെ സൂചിപ്പിക്കുന്നു.

Transcendentalists believed that society and its institutions—particularly organized religion and political parties—ultimately corrupted the purity of the individual. They had faith that people are at their best when truly "self-reliant" and independent. It is only from such real individuals that true community could be formed.

ഇതിനോടകം, തന്നെ സൂചിപ്പിച്ച Upstream Colorന്‍റെ theme ഈ വരികളില്‍ കാണാം. ഈ സമാനത തന്നെയാണ് Waldenനെ ഈ സിനിമയുമായി ബന്ധിപ്പിക്കുന്നത്. Kris വായിക്കാന്‍ നിര്‍ബന്ധിപ്പിക്കപെടുന്ന ഏതെങ്കിലും ഒരു “text “ന്‍റെ സ്ഥാനത്തേക്ക് Walden എത്തിയപ്പോഴേക്കും Upstream Colorന്‍റെ അര്‍ത്ഥവ്യാപ്തി കൂടുതല്‍ വിശാലമാകുന്നതായി കാണാം.സിനിമയുടെ ആദ്യ ഭാഗങ്ങളില്‍ Thief, Krisനെ കൊണ്ട് Walden പകര്‍ത്തി എഴുതിപ്പിക്കുന്നുണ്ട്. അയാള്‍ വിശ്രമിക്കുമ്പോള്‍, Krisനെ നിയന്ത്രിക്കാനാണ് അയാളത് ചെയ്യുന്നത്. Kris ആകട്ടെ തനിക്കു മുകളില്‍ അടിച്ചേല്‍പ്പിച്ച ഈ വരികള്‍ പലയിടത്തും ബോധപരമായോ, അബോധപരമായോ ഉരുവിടുന്നുണ്ട്. (സമൂഹം ഇങ്ങനെ പലചിന്തകളും നമ്മളിലേക്ക് അടിച്ചേല്‍പ്പിക്കുന്നുവെന്ന് വ്യാഖ്യാനം നടത്താം.) ഇതേ “Walden” തന്നെയാണ് മുഴുവന്‍ ഇരകളെയും ഒന്നിപ്പിക്കാന്‍ Kris ഉപയോഗിക്കുന്നതും. ചൂഷണത്തിനായി ഉപയോഗിച്ച അതേ ആയുധങ്ങള്‍ തന്നെ നിലവിലുള്ള വ്യെവസ്ഥിതിക്കെതിരേയുള്ള യുദ്ധത്തിനായുധമായി മാറുകയാണ് ഇവിടെ.

CHAIN



Chain എന്ന motif ഉം ഈ സിനിമയിലുടനീളം കാണാം. Kris പകര്‍ത്തുന്ന Walden വരികള്‍ നിറഞ്ഞ പേപ്പറുകള്‍ പരസ്പരം ഒരു വലിയ chain ആയി Kris മാറ്റുന്നുണ്ട്. ഈ പ്രവണത (ചങ്ങല നിര്‍മ്മിക്കുക) മറ്റൊരു രീതിയില്‍ Jeff ലും കാണാം. പ്രത്യക്ഷാര്‍ത്തത്തില്‍ Worm സൃഷ്ട്ടിച്ച നാശങ്ങളുടെ അനന്തര ഫലങ്ങളാണവ. പക്ഷെ, ആന്തരിക അര്‍ത്ഥത്തില്‍, സിനിമ പറയുന്ന നിരന്തരം തുടരുന്ന ഒരു “chain” നെ അല്ലെങ്കില്‍ “cycle” നെ ഓര്‍മ്മിപ്പിക്കുകയാണ് ഈ പേപ്പര്‍ chain കള്‍. സംവിധായകന്‍ പറയാന്‍ ആഗ്രഹിക്കുന്ന “cycle” ലേക്കുള്ള സൂചനയാണ് ഈ പുറം chainനുകള്‍. 


EMOTIONAL BOND


Kris ന്‍റെയും മറ്റ് ഇരകളുടെയും ശരീരത്തില്‍ നിന്ന് ഒരു ഭാഗം Sampler പന്നികളിലേക്ക് സംക്രമിപ്പിക്കുന്നുണ്ട്. അതോടു കൂടി ഇരകള്‍ പന്നികളുമായി ഒരു emotional bond സ്ഥാപിക്കുന്നുവെന്നാണ് സിനിമ പറയുന്നത്. ഇരകളുടെ ബോധതലത്തിന്‍റെ ഒരു ഭാഗം തന്നെയാണ് ഇങ്ങനെ പങ്ക് വെയ്ക്കുന്നത്. ഈ emotional bond, Krisല്‍ വളരെ പ്രകടമാണ്. krisന്‍റെയും, Jeffന്‍റെയും മാനസിക തലം പങ്കുവെയ്ക്കുന്ന പന്നികളുടെ അടുപ്പം, Krisന്‍റെയും Jeff ന്‍റെയും പ്രണയം ആയിത്തീരുന്നു Kris ന്‍റെ പ്രതിരൂപമായി തീരുന്ന പന്നി ഗര്‍ഭിണി ആകുമ്പോള്‍ താന്‍ ഗര്‍ഭിണിയായി എന്നാണ് Kris വിചാരിക്കുന്നത്. ഒടുവില്‍ പന്നിക്കുഞ്ഞുങ്ങള്‍ മരണപ്പെടുമ്പോള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ മരണമായി തന്നെയാണ് Krisഉം,Jeff ഉം ചിന്തിക്കുന്നതും. അവര്‍ക്ക് അജ്ഞാതമായ ഈ emotional bond വഴി, Sampler അവരുടെ ബോധാതലത്തെ സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നു. പന്നികളുടെ ബോധാതലത്തിലൂടെ Krisലേക്കും മറ്റ് ഇരകളിലേക്കും Sampler സഞ്ചരിക്കുകയും, അവരുടെ വിചാര, വികാരങ്ങളെ പ്രത്യേകിച്ച് ലക്ഷ്യങ്ങളോന്നുമില്ലാതെ സ്വാധീനിക്കുകയും ചെയ്യുന്നതായാണ് സിനിമ പറയുന്നത്. തന്‍റെ ബോധതലത്തിലെ അജ്ഞാതനായ ഈ സാന്നിധ്യം Kris തിരിച്ചറിയുമ്പോള്‍ സിനിമ അതിന്‍റെ പരിസമാപ്തിയിലേക്ക് എത്തുകയും ചെയ്യുന്നു.    


ചില ദ്രിശ്യങ്ങള്‍

നീന്തല്‍ കുളത്തില്‍ നിന്ന് കല്ലുകള്‍ പെറുക്കിയെടുക്കുന്ന Kris ന്‍റെ ദൃശ്യം ഈ ചിത്രത്തില്‍ പലയിടത്തും കാണാം. ഈ സമയങ്ങളില്‍ Kris തന്‍റെ അബോധതലത്തില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. പുഴയില്‍ മുങ്ങിപ്പോയ പന്നിക്കുഞ്ഞുങ്ങളെ തിരികെ എടുക്കാനുള്ള ശ്രമങ്ങളായി അവയെ വ്യാഖ്യാനിക്കാം. പന്നികളും, ഇരകളും തമ്മില്‍ പുലര്‍ത്തുന്ന emotional bond മൂലം, പന്നിക്കുഞ്ഞുങ്ങളേ സ്വന്തം കുഞ്ഞുങ്ങളായി ധരിക്കുകയാണ് Kris ചെയ്യുന്നത്. സിനിമയുടെ അവസാന ദ്രിശ്യവും ഇങ്ങനെ ഒരു വീക്ഷണത്തിനോട് പൊരുത്തപെടുന്നു. Kris തുടരുന്ന ഇത്തരം ഒരു പ്രവണത ഒരുപക്ഷെ, മറ്റൊരു emotional breakdown ലേക്കാവും Kris നെ നയിക്കുക(?) പക്ഷേ, ആ ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കാനെ  നിവര്‍ത്തിയുള്ളൂ. 

Scene in the bathtub


ഈ സിനിമയിലെ ഏറ്റവും മനോഹരമായ ദ്രിശ്യങ്ങളിലൊന്നാണ് bathtub ദൃശ്യം. സിനിമയുടെ പോസ്റ്ററില്ലും ഈ ദൃശ്യം ഉപയോഗിച്ചിരിക്കുന്നു. തങ്ങളുടെ കുഞ്ഞുങ്ങളെ നഷ്ടപെട്ടന്ന വേവലാതിയോടെ...തങ്ങളെ ഏതോ അജ്ഞാതനായ ശത്രു തിരഞ്ഞെത്തുമെന്ന് ആശങ്കപെടുന്ന...പരസ്പരം ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരൊറ്റ identity ആയി Krisനേയും, Jeff ഈ ഒരൊറ്റ രംഗത്തിലൂടെ സംവിധായകന്‍ പകര്‍ത്തുന്നു. പ്രധാന കഥാപാത്രങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയും, അതിനെ അതിജീവിക്കാനുള്ള അവരുടെ കൂട്ടായ പോരാട്ടത്തേയും, പ്രണയത്തേയും  ഈ രംഗം, വൈകാരിക തീവ്രമായി, ദ്രിശ്യഭംഗിയോടെ പകര്‍ത്തുന്നു.



Title

Upstream എന്ന വാക്കിന്‍റെ അര്‍ത്ഥം ഇതാണ് “moving in the direction opposite to that in which a stream or river flows.” അതായത് “ഒഴുക്കിനെതിരെ നീന്തുക” എന്ന മലയാള പ്രയോഗം തന്നെ. Kris, Sampler നെ കൊല്ലുന്നിടത്താണ് Upstream Color അതിന്‍റെ പൂര്‍ണ്ണതയിലേക്കെത്തുന്നത്. അതുവരെ തുടര്‍ന്ന ചൂഷണത്തിന്‍റെ cycle or  stream അവിടെ വേര്‍പ്പെടുകയാണ്, ഒരു പക്ഷെ, എന്നന്നേക്കുമായി. അതുവരെ തുടര്‍ന്ന ആ cycle ന്‍റെ ഇരകളായി ജീവിച്ചവര്‍ ഒഴുക്കിനെതിരെ നീന്തി പുതിയ ഒരു “stream” ഉണ്ടാകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. വിഷം പുരണ്ട നീല ഓര്‍ക്കിടുകള്‍ക്ക് പകരം, നന്മയുടെ വെള്ള ചൂടിയ ഓര്‍ക്കിഡ് പുഷ്പ്പങ്ങളായി ഒരു പുതിയ Upstream color ഉണ്ടാകുകയാണ്. സിനിമയുടെ title ഇവിടെ സിനിമയുടെ ആത്മാവിനെ തൊടുന്നുണ്ട്.   


ആഖ്യാന രീതി. 

ആദ്യ കാഴ്ചയില്‍ അതീവ ഗഹനവും, പിന്നീടുള്ള കാഴ്ചയില്‍ സുന്ദരവുമായി തോന്നുന്ന ഒരു ആഖ്യാന രീതിയിലാണ് സിനിമയുടെ സഞ്ചാരം. സിനിമയെ കുറിച്ച് വായിച്ചിട്ട് ചെല്ലുന്നവര്‍ക്ക് മാത്രമേ, സിനിമയുടെ ഓരോ ദ്രിശ്യത്തിനുമൊപ്പം സഞ്ചരിക്കാനുള്ള ഒരു ശ്രമം നടത്താന്‍ പോലും കഴിയൂ. സ്ഥലകാലങ്ങളുടെ പരിമിതിയില്‍ പെടാതെ, സംഭാഷണങ്ങള്‍ കുറച്ച്, montage നെ അനുസ്മരിപ്പിക്കുന്ന ദ്രിശ്യ കൂട്ടായിമയിലൂടെ സിനിമ സംസാരിക്കുന്നു. ഓരോ ദ്രിശ്യങ്ങളെയും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കധാതന്ദുവിനെ തിരിച്ചറിയാത്തിട്ത്തോളം ഈ സിനിമ അകന്നു നില്‍ക്കുകയേ ഉള്ളു. ഫിലോസഫിക്കലായ ഒരു themeനെ ഭ്രാന്തവും, സുന്ദരവുമായി  ദ്രിശ്യവല്‍ക്കരിക്കുകയാണ് ഇവിടെ. ദ്രിശ്യപരമായി സൃഷ്ട്ടിച്ച ഒരു  ലോകത്ത് നിന്ന് അതിനു മാത്രം സ്വന്തമായ ഒരു ഭാഷയിലാണ് Upstream Color സംസാരിക്കുന്നത്. അത് ആസ്വദിക്കണമെങ്കില്‍, അതിന്‍റെ ലോകത്ത്, അതിന്‍റെ ഒഴുക്കിനനുസരിച്ച് നീന്തുകയേ നിവര്‍ത്തിയുള്ളൂ.    

Music  


സിനിമയുടെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. പശ്ചാത്തല സംഗീതം എന്നതിലുപരി സിനിമയുടെ കഥാ വഴിയില്‍ ഒരു നിര്‍ണ്ണായക സാന്നിധ്യമാണ് ഈ സംഗീതം. (https://www.youtube.com/watch?v=1lUn7BVigYs) പ്രകൃതിയില്‍ നിന്നും പകര്‍ത്തപെട്ട ഒരു പാട് ശബ്ദങ്ങളുടെ ഒരു മിശ്രണമാണിത്. ഈ സംഗീതം തന്നെയാണ്Sampler, തന്‍റെ ഇരകളിലേക്കുള്ള വഴിയായി ഉപയോഗിക്കുന്നതും. തന്‍റെ അബോധതലത്തിലൂടെയാണ് ഈ സംഗീതം ഒഴുകുന്നത്  എന്ന് തിരിച്ചറിയാതെ, Jeffനെ കൊണ്ട് വീട് പരിസരം തുരന്ന് പോലും Kris ഈ സംഗീതത്തിന്‍റെ ഉറവിടം അന്വേഷിക്കുന്നുണ്ട്. ഈ സംഗീതത്തിന്‍റെ ഉറവിടം തേടി, ആ സംഗീതത്തിലൂടെ  Sampler ലേക്ക് എത്തുകയാണ് Kris ചെയ്യുന്നത്. ആ സംഗീതത്തിന്‍റെ ഉറവിടം തിരിച്ചറിയാന്‍ ഇരകളില്‍, Krisനു മാത്രമേ കഴിയുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്.
സിനിമയുടെ വൈകാരിക തീവ്രതയെ ഉയര്‍ത്തുകയും, ഒപ്പം കഥയുടെ അഭേദ്യഭാഗവുമായി ഈ സംഗീതത്തെ മാറ്റി തീര്‍ക്കാനുള്ള “സാമര്‍ത്ഥ്യം” Shane Carruth എന്ന സംവിധായകനെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.                  

തുടക്കത്തില്‍ പറഞ്ഞതുപോലെ ഈ സിനിമയുടെ ചില  തലങ്ങളും, ചില വായനകളും സൂചിപ്പിക്കുകയാണ് ചെയുന്നത്. കൂടുതല്‍ മെച്ചപെട്ട വായനകള്‍ ഇനിയും കണ്ടെത്താന്‍ ആയേക്കും. അങ്ങനെ ഒരു സാധ്യത ഈ സിനിമ തുറന്നിടുന്നുണ്ട്.  കാഴ്ചകളും,വായനകളും തുടരട്ടെ....

Friday 10 January 2014

Planet Earth (TV Series 2006)


അസാധാരണം............അവിസ്മരണീയം .....Planet Earth. 
ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്...........ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം..........


7
1 ഓളം ക്യാമറാ പ്രവർത്തകർ , ലോകത്തിന്റെ ഏഴു വൻകരകളിലെ 204 സ്ഥലങ്ങളിൽ അഞ്ചു വർഷങ്ങൾ (2002-2006) കൊണ്ട് ചിത്രീകരിച്ച Documentary....

BBC യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ(£16 million) nature documentary....

HD ഫോർമാറ്റിൽ ചിത്രീകരിക്കപെട്ട ആദ്യ nature documentary....

എന്ത് കൊണ്ട് Planet Earth "അസാധാരണമായ" ഒരു documentary ആകുന്നുവെന്നതിന്‍റെ  വലിയ കാരണങ്ങളിൽ ചില ചെറിയ, ചെറിയ സാങ്കേതിക കാരണങ്ങൾ ആണ് ഇത് വരെ പറഞ്ഞത്.BBC , Discovery തുടങ്ങിയവയുടെ സംയുക്ത നിർമ്മാണ ചുമതലയിൽ , നമ്മുടെ ഭൂമിയെക്കുറിച്ച്‌, ഭൂമിയിലെ ജീവ ജാലങ്ങളെ കുറിച്ച് നിർമിക്കപെട്ട documentary ആണ് Planet Earth. മഞ്ഞുറഞ്ഞ ധ്രുവങ്ങൾ മുതൽ, ആഴക്കടലിന്റെ ആഴങ്ങൾ വരെ നീളുന്ന അവിസ്മരണീയമായ ഒരു യാത്ര. ഒരു മണിക്കൂർ നീളമുള്ള 11 എപ്പിസോഡുകൾ ( "From Pole to Pole", "Mountains","Fresh Water","Caves"..."Ocean Deep"). ലോകം ഇതുവരെ ക്യാമറയിലൂടെയോ, നേരിട്ടോ കാണാത്ത, ഇനി ഒരിക്കലും കാണാൻ സാധ്യതയും ഇല്ലാത്ത കാഴ്ചകളുടെ ഒരു HD ഘോഷയാത്ര ആയി തീരുന്നുണ്ട്‌ Planet Earth.

വർഷങ്ങളുടെ പഠന അറിവുകൾ , വാക്കുകൾ പരാജയപെടുന്ന വിധം മനോഹരമായ ഫ്രെയിമുകൾ, ഭാവതീവ്രമായ സംഗീതവും ,കിടയറ്റ ആഖ്യാന മികവും, അസാധാരണമായ എഡിറ്റിംഗ് പാടവം.. ചരിത്രത്തിലെ എക്കാലത്തെയും മികച്ച nature documentary ഇത് തന്നെയാകണം.



ഇതൊരു "ബുദ്ധി ജീവി" documentary ആണെന്ന് ആരും കരുതരുത്. കുട്ടികൾ മുതൽ എല്ലാവരോടും സംവദിക്കാൻ കഴിയുന്ന സുന്ദരമായ ഒരു ലാളിത്യം Planet Earth നുണ്ട്. ഈ documentary ഇത്രെയും സ്വീകാര്യത നേടുന്നതിന് പിന്നിലും ഈ ലാളിത്യം ഒരു നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടാകണം. ലോകമെമ്പാടും ഈ documentary നേടിയ (നേടിക്കൊണ്ടിരിക്കുന്ന) സ്വീകാര്യത തന്നെയാണ് 2011 ലെ Frozen Planetനു BBC ക്ക് പ്രചോദനം ആയി തീർന്നത് .

വ്യെക്തിപരമായി ഈ documentary കണ്ട അനുഭവം കൂടി കുറിച്ചേ മതിയാവൂ...ജീവിതത്തിൽ ഇത് വരെ കണ്ടതിൽ "ഏറ്റവും മികച്ച" ദ്രിശ്യാനുഭവം എന്ന് ഒരു സംശയവുമില്ലാതെ Planet Earth നെ ഞാൻ വിശേഷിപ്പിക്കും. നമ്മൾ ജീവിക്കുന്ന ഭൂമിയുടെ ആഴവും, പരപ്പും ഇതിനു മുൻപ് ഒരിക്കലും ഇത്രെയും തീക്ഷണമായി അനുഭവപെട്ടിട്ടില്ല. ജീവിതത്തിൽ നേരിട്ട് കാണാൻ, ഒരിക്കലും ഒരു സാധ്യതയും ഇല്ലാത്ത ഇത്രെയേറെ കാഴ്ചകൾ, ഇത്രെയും ദ്രിശ്യ ഭംഗിയോടെ കാണുക ഭാഗ്യം ആണെന്ന് തന്നെ ഞാൻ കരുതുന്നു. 

ഈ documentary സാധ്യമാക്കിയ മുഴുവൻ പേരെയും ഏറ്റവും മികച്ച വാക്കുകൾ കൊണ്ട് തന്നെ അഭിനന്ദിച്ച് പോകും. ഒരു പോസ്റ്റിലോ , ഒരു ബുക്കിലോ പറഞ്ഞു "തുടങ്ങാനാവാത്ത " വിധം വിശാലമാകുന്നു Planet Earth. പറയാൻ ഏറെ ഉണ്ടെങ്കിലും ഇവിടെ വാക്കുകൾ അപ്രസക്തമാവും. Planet Earth കാണാൻ തുടങ്ങുന്ന ആദ്യ നിമിഷങ്ങളിൽ തന്നെ നിങ്ങൾക്കത് ബോധ്യപെടും..........

അതെ, ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്...........ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം.........



The Taste of Tea (Japanese 2004)



Director: Katsuhito Ishii



ജീവിതത്തെക്കുറിച്ച് പറയുന്ന പ്രതീക്ഷാനിര്‍ഭരമായ ഒരു ചിത്രമാണ് The Taste of Tea. ജീവിതത്തിന്‍റെ രുചി ഭേദങ്ങള്‍ പല ഭാവങ്ങളില്‍ ഈ സിനിമയില്‍ നിറയുന്നു. ലാളിത്യവും, ദ്രിശ്യഭംഗിയും നിറയുന്ന ഫ്രെയിമുകള്‍ കൊണ്ട് അനുഗ്രഹീതമാണ് ഈ ചിത്രം. 

ഒരു കുടുംബത്തിലെ വിവിധ അംഗങ്ങളെ ചുറ്റിപറ്റിയാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്. അവരെല്ലാവരും തങ്ങളുടെതു മാത്രമായ ചില സ്വപ്‌നങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് നിസ്സാരമെന്നോ, ഭ്രാന്തമെന്നോ തോന്നാവുന്ന ചില ചെറിയ, വലിയ സ്വപ്‌നങ്ങള്‍. കൊച്ചുമകള്‍ മുതല്‍, അപ്പൂപ്പന്‍ വരെ അവരവരുടെ സ്വപ്ങ്ങളിലാണ് ജീവിക്കുന്നത്. ഇവയുടെയെല്ലാം പൂര്‍ത്തീകരണമാണ് The Taste of Tea. സിനിമയുടെ കഥാവഴിയില്‍ സ്ഫോടനാത്മകമായി ഒന്നും സംഭവിക്കുന്നില്ല. പക്ഷെ, ജീവിതത്തോടുള്ള ഈ സിനിമയുടെ സമീപനം ആഹ്ലാദകരമാണ്. സിനിമയില്‍ ആദ്യന്തം സൂക്ഷിക്കുന്ന ലാളിത്യവും, സത്യസന്ധതയുമാണ് ഈ സിനിമയെ ശ്രേദ്ധേയമാക്കുന്നത്. 

Rotten Tomatoesയില്‍ 100 ശതമാനം നിരൂപക പിന്തുണയും, നിരവധി അവാര്‍ഡുകളും The Taste of Tea നേടുകയുണ്ടായി. Ingmar Bergmanന്‍റെ Fanny and Alexander എന്ന ചിത്രത്തിന്‍റെ 
സര്‍-റിയല്‍ രൂപമാണ് ഈ സിനിമയെന്ന് പറയപെടുന്നു.

നല്ല സിനിമയെ ഇഷ്ട്ടപെടുന്നവര്‍ തീര്‍ച്ചയായും ഈ സിനിമയെ അവഗണിക്കരുത്.


Rana's Wedding (Palestinian, 2002)

Director: Hany Abu-Assad 


സ്രയേല്‍ - പാലസ്തീന്‍ സങ്കര്‍ഷങ്ങളെ തന്‍റെ സിനിമകളിലൂടെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന സംവിധായകനാണ് Hany Abu-Assad. ദുരിതങ്ങളില്‍ നിന്നും ദുരിതങ്ങളിലേക്ക് നീങ്ങുന്ന പാലസ്തീന്‍ ജനതയോടൊപ്പമാണ് ഈ സംവിധായകന്‍. പാലസ്തീന്‍ മനുഷ്യ ബോബുകളുടെ ആത്മസങ്കര്‍ഷങ്ങള്‍ പറഞ്ഞ 2005ലെ "Paradise Now" എന്ന ചിത്രം മാത്രം മതി ഈ സംവിധായകനെ അടയാളപ്പെടുത്താന്‍. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ "Omar (2013)", ആദ്യ ചിത്രമായ "Rana's Wedding" എന്നിവയെല്ലാം പറയുന്നത് പാലസ്തീനെക്കുറിച്ചും , അതിന്‍റെ പ്രശ്നങ്ങളെക്കുറിച്ചുമാണ്. ഇവയെല്ലാം മികച്ച നിരൂപക പ്രശംസകള്‍ നേടുകയുമുണ്ടായി.

ഇസ്രയേല്‍ നിയന്ത്രിത പാലസ്തീന്‍ പ്രദേശത്ത്‌ ജീവിക്കുന്ന Ranaയുടെ ജീവിതത്തിലെ ഒരു ദിവസമാണ് ഈ സിനിമ. വൈകുന്നേരം നാല് മണിക്ക് Rana യുമായി ഈജിപ്റ്റ് ലേക്ക് പോകാനാണ് അവളുടെ അച്ഛന്‍റെ തീരുമാനം. അതല്ല പാലസ്തീനില്‍ തുടരാനാണെങ്കില്‍, അവളുടെ അച്ഛന്‍ കൊടുത്ത ലിസ്റ്റില്‍ നിന്നും ആരെയെങ്കിലും അവള്‍ വിവാഹം ചെയ്തേ മതിയാവൂ. നാല് മണിക്ക് മുന്‍പ് തന്‍റെ കാമുകനെ കണ്ടെത്തി വിവാഹം നടത്തി, പലസ്തീനില്‍ തുടരാനാണ് Ranaയുടെ ശ്രമം. ഈ ശ്രമം തന്നെയാണ് സിനിമ പറയുന്നത്.

വളരെ സൂക്ഷ്മമായ രാഷ്ട്രീയ വായനയ്ക്ക് ഉതകുന്ന വിധമാണ് "ഈ റൊമാന്റിക്" ചിത്രം നിര്‍മിച്ചിരിക്കുന്നത്. പലസ്തീന്‍ പ്രശ്നത്തെ വളരെ വെത്യസ്തമായ ഒരു പ്രതലത്തിലൂടെ സമീപിക്കുകയാണ് സംവിധായകന്‍ . പാലസ്തീനിലെ സാധാരണക്കാരന്‍ ഓരോ ദിനവും കടന്നുപോകുന്ന കാഴ്ചകളിലൂടെ പാലസ്തീന്‍ പ്രശ്നത്തിന്‍റെ കൂടുതല്‍ ആഴത്തിലുള്ള വായനയാണ് ഈ സിനിമ നല്‍കുന്നത്.

പാലസ്തീന്‍ പ്രശ്നത്തെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകം തന്നെയാണ് Hany Abu-Assadന്‍റെ സിനിമകളെന്ന് പറയേണ്ടി വരും.




Fargo (English, 1996 )

Director--- Coen brothers 

"THIS IS A TRUE STORY. The events depicted in this film took place in Minnesota in 1987. At the request of the survivors, the names have been changed. Out of respect for the dead, the rest has been told exactly as it occurred."


"Fargo" ആരംഭിക്കുന്നത് ഈ വാചകത്തോടെയാണ്. സിനിമയുടെ plot അത് പോലെ തന്നെ നടന്നു എന്ന് അര്‍ത്ഥത്തില്‍ അല്ല, മറിച്ച് നിരവധി യഥാര്‍ത്ഥ സംഭവങ്ങള്‍ കൂട്ടിയിണക്കി ഇങ്ങനെ ഒരു plot സൃഷ്ട്ടിക്കുകയാണ് സംവിധായകന്‍ . അമ്മയിഅപ്പന്‍റെ കയ്യിലെ പണം തട്ടിയെടുക്കാന്‍, സ്വന്തം ഭാര്യയെ തട്ടികൊണ്ട് പോകാന്‍ ചട്ടം കെട്ടുന്ന ഒരു ഭര്‍ത്താവിന്‍റെ കഥയാണിത്. എന്നാല്‍ ആസൂത്രണം പാളി പോകുന്നതോടെ, സിനിമയുടെ ഗതി തന്നെ മാറിമറിയുന്നു.

ജീവിതത്തിന്‍റെ ദുരന്തവും, സാധ്യതയും ഒരേ പോലെ ഈ സിനിമയില്‍ കാണാം.

അവാര്‍ഡുകള്‍, റേറ്റിംഗ്കള്‍, മികച്ച സിനിമാ ലിസ്റ്റുകളിലെ സ്ഥിരം സ്ഥാനം...എല്ലാ അര്‍ത്ഥത്തിലും ഇതൊരു must watch ആണ്.

Persepolis (French-American Animated Film- 2007)

Directors: Vincent Paronnaud, Marjane Satrapi


2008ലെ Israeli animated documentary ആയ Waltz with Bashir കണ്ടത് മുതലാണ് animated സിനിമകളോടുള്ള ഒരു മമത കുറവ് മാറിയത്. മറ്റേതു സിനിമകള്‍ സംവദിക്കും പോലെ animated സിനിമകള്‍ക്കും സംവദിക്കാനാകുമെന്ന് ആ ചിത്രം പറഞ്ഞു തന്നു. ആ സിനിമയേക്കാള്‍ മികച്ചതെന്ന് വെക്തിപരമായി ഞാന്‍ കരുതുന്ന ചിത്രമാണ് Persepolis. 

ഏകാധിപത്യ ഭരണത്തിനെതിരെ...ജനാധിപത്യത്തിനു വേണ്ടി നടന്ന ഇറാനിയന്‍ വിപ്ലവം, മത മൌലിക വാദികള്‍ തട്ടിയെടുത്ത കാലം മുതലുള്ള ഇറാനിയന്‍ രാഷ്ട്രീയമാണ് ഈ സിനിമയില്‍ നിറയുന്നത്. Marjane Satrapi എന്ന കാര്‍ട്ടൂണിസ്റ്റ് കൂടിയായ സംവിധായികയുടെ ജീവിതം തന്നെയാണ് ഈ സിനിമ. ബാല്യം മുതല്‍ യൌവനം വരെയുള്ള Marjane Satrapi ജീവിതത്തിലൂടെയാണ് ഇറാന്‍റെ രാഷ്ട്രീയം സിനിമ അന്വേഷിക്കുന്നത്. ഇറാന്‍റെ ഭരണകൂടങ്ങളും, രാഷ്ട്രീയവും എങ്ങനെയൊക്കെ ആണ് Marjaneന്‍റെ ജീവിതത്തെ സ്വാധീനിച്ചതെന്ന് പറയുന്നതിലൂടെ ഒരു രാഷ്ട്രീയ വിചാരണ തന്നെയാണ് ഈ സിനിമ ലക്ഷ്യം വെയ്ക്കുന്നത്. ഒരേ സമയം ഹൃദയ സ്പര്‍ശിയായ ജീവിതകഥയായും, ഹൃദയമുള്ള ഒരു രാഷ്ട്രീയ വിശകലനവുമായി തീരാന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ഒപ്പം സ്വന്തം വേരുകള്‍ നഷ്ട്ടപെട്ട ഒരു പാട് മനുഷ്യരുടെ വേദനയും, സ്വന്തം വേദനയിലൂടെ സംവിധായിക പറയുന്നു.

ചിത്രത്തിന്‍റെ ചിത്രീകരണം ലളിത സുന്ദരമാണ്. വളരെ സൂക്ഷ്മമായ ഭാവങ്ങളെയും, എന്തിനു ചെറു തമാശകളെ പോലും സിനിമയുടെ "വരകള്‍" നന്നായി പകര്‍ത്തിയിട്ടുണ്ട്. ഒരേ സമയം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ Persepolis നു കഴിയുന്നു. അതുകൊണ്ട് തന്നെ, അവാര്‍ഡ് നേട്ടങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം.



Hero (Chinese,2002)

""People give up their lives for many reasons. For friendship, for love, for an ideal. And people kill for the same reasons …""

Director--Zhang Yimou


"Hero" അഥവാ അവിസ്മരണീയമായ ഒരു ആഖ്യാനം......

Zhang Yimou ന്‍റെ ആദ്യ ചിത്രങ്ങളെ അപേക്ഷിച്ച്, പ്രേക്ഷകനെ അമ്പരപ്പിക്കാൻ പര്യാപ്തമായ വിശാലവും , വർണ്ണാഭവുമായ ഒരു പ്രതലത്തിലാണ് Hero പകർത്തിയിരിക്കുന്നത്. ചൈന രൂപീകൃതമാവുന്നതിനും മുൻപേ, പരസ്പരം പോരടിക്കുന്ന ചെറു രാഷ്ട്രങ്ങളുടെ ഒരു രാഷ്ട്രീയ ഭൂമികയിലാണ്‌ Hero രങ്ങേറുന്നത്. രാജ്യത്തിനു വേണ്ടിയും, സ്വന്തം വിശ്വാസങ്ങൾക്ക് വേണ്ടിയും, കൊല്ലാനും, ചാകാനും തയ്യാറാവുന്ന ഒരു കൂട്ടം ചാവേറുകളുടെ ആത്മ-സങ്കർഷങ്ങളിലൂടെയാണ് ചിത്രം വികാര തീക്ഷ്ണമായി സഞ്ചരിക്കുന്നത്. ഒരു hero യുടെ കഥ എന്നതിനപ്പുറം ഒരു പാട് Heroകളുടെ... ഒരു കാലഘട്ടത്തിന്‍റെ.... സത്യവാങ്ങ്മൂലമായി തീരുന്നുണ്ട് ഈ സിനിമ. നിരന്തരം മാറി മറിയുന്ന കഥാഗതി വായനെയേക്കാൾ , കാഴ്ച്ചയ്ക്കാവും വഴങ്ങുക.

ചിത്രത്തിന്‍റെ ആഖ്യാനം അവിസ്മരണീയം എന്ന് തന്നെ പറയേണ്ടി വരും. വൈകാരിക തലങ്ങളെ അലസോരപെടുത്താതെ, ദ്രിശ്യ ഭംഗിയില്‍ നിറഞ്ഞു കവിയുന്ന രംഗങ്ങളിലൂടെ, മികവുറ്റ പശ്ചാത്തല സംഗീതത്തിന്‍റെ സഹായത്തോടെ, തികവുറ്റ കയ്യടക്കത്തോടെ Zhang Yimou ഈ സിനിമ നിര്‍മ്മിച്ചിട്ടുണ്ട്‌.

"Hero" കണ്ടവര്‍ Zhang Yimou ന്‍റെ മുഴുവന്‍ ചിത്രങ്ങളും തിരഞ്ഞുപിടിച്ച് കാണും. അത്രെയ്ക്കും തീവ്രമാണ് ഈ സിനിമയുടെ വശ്യത...................കാണാത്തവരുടെ ഒരു വലിയ നഷ്ടമാവുകയാണ് "Hero".



Lilet Never Happened (English 2012)





"Everyone is only interested in my body and no one is interested in me as a person"-Lilet 

Director--Jacco Groen


"Child Prostitution നെക്കുറിച്ചുള്ള ഒരു Documentary എടുക്കാനുള്ള ശ്രമത്തിനിടയിൽ, ഫിലിപ്പെൻസിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് സംവിധായകനായ Jacco Groen, Lilet എന്ന 12 കാരിയെ ആദ്യമായി കാണുന്നത്. Lilet അവിടെ വെച്ച് പറഞ്ഞ അവളുടെ ജീവിതമാണ് Lilet Never Happened. തന്‍റെ  ജീവിതത്തെക്കുറിച്ച്, പരാജയപെട്ട ആത്മഹത്യ ശ്രമത്തെക്കുറിച്ചെല്ലാം Lilet അന്ന് പറയുകയുണ്ടായി. Lilet പറയാതെ വെച്ച ബാക്കി ജീവിതം കേൾക്കാൻ Jacco Groen മടങ്ങി എത്തിയപ്പോഴേക്കും ഒരു തെളിവു പോലും അവശേഷിപ്പിക്കാതെ Lilet അപ്രത്യക്ഷയായിരുന്നു."

Lilet ന്‍റെ  ജീവിതത്തിലൂടെ, ഫിലിപ്പെൻസിലും, ലോകമെമ്പാടും നടക്കുന്ന Child Prostitutionന്‍റെ ദുരന്ത മുഖങ്ങളെ, ഹൃദയം തൊടുന്ന രീതിയിൽ പുറത്തേക്കു വലിച്ചിടുകയാണ് Lilet Never Happened. Lilet ന്‍റെ ജീവിതത്തോട് പുലർത്തുന്ന ഉന്നതമായ സത്യസന്ധത തന്നെയാണ് ഈ ചിത്രത്തെ മികവുറ്റതാക്കുന്നത്. സ്വന്തം തീരുമാനങ്ങളിലൂടെ മാത്രം നടക്കാൻ വാശിപിടിക്കുന്ന ഒരു 12 കാരിയിലൂടെ...ഓരോ തവണയും Liletനെ രക്ഷിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന Claire എന്ന മനുഷ്യാവകാശ പ്രവർത്തകയിലൂടെ ...ഇര പിടിക്കാൻ കാത്തിരിക്കുന്ന " ഒരു സമൂഹത്തിലൂടെ"... നമ്മുടെ "വലിയ ദുരന്തങ്ങളെ " ഈ ചിത്രം പകർത്തുന്നു. 2002 ൽ പുറത്തിറങ്ങിയ Lilya 4-Ever എന്ന ചിത്രവും, ഈ ചിത്രത്തോടൊപ്പം ചേർത്തു വെയ്ക്കാം. വൈകാരിക തീവ്രതയോടെ, ഉയർന്ന സാമൂഹ്യബോധത്തോടെ..മുഖ്യ ധാര ചിത്രങ്ങൾ പറയാത്ത ജീവിതത്തെ ഈ രണ്ടു ചിത്രങ്ങളും പറയുന്നു. 

സിനിമാ അനുഭവങ്ങളിലെ മറക്കാൻ പറ്റാത്ത മുഖങ്ങളിലൊന്നായി Lilet നെ മാറ്റിയ Sandy Talagനേയും , ഒപ്പം മുഴുവൻ അണിയറ പ്രവർത്തകരേയും ഹൃദയം തുറന്ന് അഭിനന്ദിക്കാം. എങ്കിലും, ഒരു വലിയ വിങ്ങലാണ് ഈ ചിത്രം.

എങ്കിലും, എവിടേക്കാവും Lilet നടന്നു മറഞ്ഞത്?




The Endurance: Shackleton's Legendary Antarctic Expedition (Documentary, English 2001)


Director: George Butler

1914ൽ Ernest Shackleton നടത്തിയ, പരാജിത Antarctic ദൌത്യമാണ് The Endurance എന്ന Documentary പറയുന്നത്. Antarctic തീരത്തേക്കു നീളുന്ന Shackletonന്‍റെ സ്വപ്നങ്ങൾക്ക് ഒരുപാട് പരാജയങ്ങളുടെ കൂട്ടുണ്ടായത് കൊണ്ടാവാം, 1914ലേത് അദ്ദേഹത്തിന്‍റെ അവസാനത്തെ ശ്രമമായിരുന്നു. പക്ഷെ, ഒരു ദിവസത്തെ യാത്ര മാത്രം ബാക്കി നിൽക്കെ, വെറും 90 മൈലുകൾക്കിപ്പുറം, മഞ്ഞിലുറഞ്ഞ "Endurance"നൊപ്പം ( Shackletonന്‍റെ കപ്പലിന്‍റെ പേരായിരുന്നു "Endurance") അയാളുടെ സ്വപ്നങ്ങളും അവസാനിച്ചിരുന്നു. 

മഞ്ഞുരുകുമെന്ന പ്രതീക്ഷയിൽ പിന്നെയും മാസങ്ങൾ നീണ്ട കപ്പൽ വാസം .... 
ഒടുവിൽ മഞ്ഞുറഞ്ഞ കപ്പലിനെ ഉപേക്ഷിച്ച് മടക്ക യാത്രയും.....

ആ യാത്രയിൽ അവർ താണ്ടിയ കടൽ ദൂരങ്ങളെല്ലാം മഞ്ഞ് മൂടിയിരുന്നു. മഞ്ഞു മൂടിയ കടൽ പരപ്പിലൂടെ കര തേടുക മാത്രമാണ് അവരുടെ രക്ഷ. പക്ഷെ, അലിഞ്ഞു തീരുന്ന മഞ്ഞിനു മുൻപേ തീരമണയാത്ത പക്ഷം, ആ ഏകാന്തയിൽ മരവിച്ചു തീരാനാകും വിധി.

Shackleton ഇതു വരെ കണ്ട എല്ലാ സ്വപ്നങ്ങളെക്കാളും മഹത്തരമായ " ഒരു സ്വപ്നം" അയാൾക്ക്‌ മുൻപിലേക്കെത്തുന്നു...തനിക്കൊപ്പം വന്ന 26 സഹയാത്രികരെ ജീവനോടെ തിരികെ നാട്ടിലെത്തിക്കുക... ചരിത്രം രേഖപെടുത്തിയ, അവിശ്വസനീയമായ ഒരു അതിജീവനത്തിന്‍റെ കഥയാണ് പിന്നീടങ്ങോട്ട് The Endurance, വികാര തീവ്രമായി പറയുന്നത്. 

ഇതിന്‍റെ തുടർച്ച എന്ന നിലയിൽ "Shackleton's Antarctic Adventure" എന്ന ഒരു Documentary കൂടി George Butler പുറത്തിറക്കുകയുണ്ടായി. മഞ്ഞ് കടം കൊണ്ട Shackletonന്‍റെ "Endurance" വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ 2013ലും സജീവമാണ്.

ഒരു കൂട്ടം അസാമാന്യ മനുഷ്യരെ, ചരിത്രത്തിന്‍റെ  വിസ്മൃതിയിൽ പെട്ട് പോകാതെ, ആദരവോടെ ഉയർത്തിക്കാട്ടുന്നുണ്ട്‌ ഈ Documentary. ഒരു പക്ഷെ, നാളെ ഒരു ചലച്ചിത്രമായും "Endurance" എത്തിയേക്കാം. Kon-Tiki യെക്കാൾ അപാരമായ സാധ്യതകൾ ഈ ജീവിത കഥയ്ക്കുണ്ട്....

വർഷങ്ങൾക്കിപ്പുറം Ernest Shackletonനും സഹയാത്രികർക്കും നൽകാവുന്ന ഒരു വലിയ ആദരവായി തീരുന്നുണ്ട് The Endurance: Shackleton's Legendary Antarctic Expedition.




The Road Home (Chinese, 1999)


Director: Zhang Yimou

ച്ഛന്‍റെ മരണ വാർത്തയുടെ കനം പേറി , മഞ്ഞ് വീഴുന്ന പാതയിലൂടെ വീട്ടിലേക്ക് മടങ്ങുന്ന Zhao Di യിലാണ് The Road Home ആരംഭിക്കുന്നത്. അച്ഛന്‍റെ  ശവ ദാഹത്തിന്റെ കാര്യത്തിൽ അമ്മ പുലർത്തുന്ന പിടിവാശിയിൽ നിന്നും, കാലത്തിന്‍റെ പുറകിലേക്ക്..... Zhao Diന്‍റെ അച്ഛന്‍റെയും-അമ്മയുടെയും സാധാരണവും, അസാധാരണവുമായ പ്രണയ കഥയിലേക്ക്‌....ആ പ്രണയ കഥയ്ക്ക് ചൂടും, തണുപ്പും നൽകി കൂട്ടിരുന്ന ആ നാട്ടു പാതയിലേക്ക് .... ചൈനീസ്‌ ഗ്രാമീണതയുടെ ദ്രിശ്യ ഭംഗിയിലേക്ക് The Road Home തിരികെ സഞ്ചരിക്കുന്നു.

Zhang Yimou എന്ന സംവിധായകന്‍റെ  Not One Less എന്ന ചിത്രവും പറഞ്ഞത്, സ്നേഹത്തെയും, നന്മകളേയും കുറിച്ചാണ്. സ്നേഹവും, നന്മയും, കരുതലും നമുക്കിടയിൽ എവിടെയെക്കൊയോ അതിജീവിക്കുന്നുവെന്ന് The Road Homeഉം സാക്ഷ്യപെടുത്തുന്നു. ഇരു വഴികളിൽ സഞ്ചരിക്കുന്നുവെങ്കിലും, ഈ രണ്ടു ചിത്രങ്ങളിലും ചില സമാനതകൾ കണ്ടെത്താം. ഗ്രാമവും, ഗ്രാമത്തിലെ സ്കൂളും, ഗ്രാമീണതയും ഒപ്പം നന്മയും, സ്നേഹവുമെല്ലാം ഇരു ചിത്രങ്ങളിലും നിറയുന്നു. Zhang Yimouന്‍റെ Raise the Red Lantern സവിശേഷ പ്രാധാന്യം അർഹിക്കുന്ന ചിത്രമാണ്. അദ്ദേഹത്തിന്‍റെ  മികച്ച ചിത്രമായി പല നിരൂപകരും ചൂണ്ടി കാണിക്കുന്നതും ഈ ചിത്രമാണ്. ചൈനീസ് സിനിമയിലെ അവഗണിക്കാനാവാത്ത സിനിമകൾ ആണ് Zhang Yimouന്‍റെ ചിത്രങ്ങൾ.

ഒരേ സമയം സാധാരണവും, അസാധാരണവുമായ ഒരു പ്രണയ കഥയാണിത്. ജാതിയും, മതവും, കുടുംബവും, സാമ്പത്തികവുമെല്ലാം "റിസെർച്ച്" നടത്തിയ ശേഷം, "പ്രാക്റ്റികലായി" പ്രണയിക്കുന്ന കാലത്ത് ഇതൊരു അസാധാരണ പ്രണയമാണ്. എന്നാൽ ശുഭ പര്യവസാനം ഉള്ള എല്ലാ പ്രണയങ്ങളെപ്പോലെ ഇത് ഒരു സാധാരണ പ്രണയവുമാണ്. അവാർഡുകളുടെ ഒരു നീണ്ട നിര തന്നെ ഈ ചിത്രം നേടുകയുണ്ടായി. 

കിടയറ്റ ദ്രിശ്യ ഭംഗിയും, അതി വൈകാരികത തൊടാത്ത രംഗങ്ങളും, മികച്ച പശ്ചാത്തല സംഗീതവും ചേർന്ന് The Road Home ശരിക്കും വീട്ടിലേക്കുള്ള ഒരു പാതയാണ്. വീട് നൽകാറുള്ള സന്തോഷത്തോടെ, സമാധാനത്തോടെ, ആർദ്രതയോടെ കണ്ടു തീർക്കാവുന്ന ഒരു ചിത്രം.




I've Loved You So Long (French , 2008)

Director--- Philippe Claudel 


തിനഞ്ചു വർഷത്തെ ജയിൽ വാസത്തിനു ശേഷം, ജീവിതത്തിലേക്ക് മടങ്ങി വരുന്ന Julietteന്‍റെ  തുടർ ജീവിതമാണ് I've Loved You So Long. തന്‍റെ ഇളയ സഹോദരിയുടെ കുടുംബത്തിലേക്കും, പുതിയ ജീവിതത്തിലേക്കുമുള്ള Julietteന്‍റെ  വരവും, ആ വരവ് സൃഷ്ടിക്കുന്ന സങ്കർഷങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ സഞ്ചാരം...എല്ലാ അതി ജീവന ശ്രമങ്ങൾക്കിടയിലും, വർഷങ്ങൾക്ക് മുൻപ് ചെയ്ത ആ "കൊടും പാതകം" അവരെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. പാപ ബോധത്തിന്‍റെയും, നഷ്ടബോധത്തിന്‍റെയും മറ്റൊരു "ജയിലിൽ" ആണ്, അനന്തമായ ആ ശിക്ഷാവിധി നീണ്ടുകൊണ്ടിരിക്കുന്നത്. അവിടേക്ക് ഒരാൾക്ക്‌ പോലും Juliette പ്രവേശനം അനുവദിക്കാറുമില്ല. "സ്ത്രീകൾ" നിറയുന്ന സിനിമയെന്നോ, കുടുംബ ചിത്രമെന്നോ ഈ സിനിമയെ വിളിക്കാം.

പ്രമേയത്തിൽ താല്പര്യം തോന്നാതെ കാണാൻ തുടങ്ങിയെങ്കിലും, അതീവ ചാരുതയോടെ ഈ സിനിമ എന്നെ കീഴ്പ്പെടുത്തി. ജീവിതത്തെ വളരെ സത്യസന്ധമായി ഈ ചിത്രം നോക്കിക്കാണുന്നു. നമ്മൾ കാണുന്ന ഒരു പാട് ജീവിത മുഹൂർത്തങ്ങളെ അതി വൈകാരികതയില്ലാതെ ഈ ചിത്രം പകർത്തുന്നു . അവാർഡുകളും, നോമിനേഷനുകളും ഒരുപാട് നേടിയ ഒരു ചിത്രം കൂടിയാണ് I've Loved You So Long.