Friday 10 January 2014

Afghan Star (Documentary,English --2009)

Director: Havana Marking


താലിബാന്‍റെ കിരാത ഭരണത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള അഫ്ഗാനിസ്ഥാന്‍റെ  പരിവർത്തന ദിനങ്ങളെ ഒരു സ്പോഞ്ചിൽ എന്ന പോലെ പകർത്തുന്ന ഡോക്യുമെന്ററി ആണ് Havana Marking സംവിധാനം ചെയ്യുകയും Zeitgeist Films വിതരണം നിർവഹിക്കുകയും ചെയ്ത Afghan Star. സംഗീതവും, നൃത്തവും നിരോധിച്ച താലിബാൻ ഭരണത്തിന്‍റെ അന്ത്യ കൂദാശയ്ക്ക് ശേഷം അഫ്ഗാൻ ചാനലിൽ പ്രത്യക്ഷപെട്ട ആദ്യ സംഗീത റിയാലിറ്റി ഷോ ആണ് Afghan Star. ഈ റിയാലിറ്റി ഷോയിലൂടെ, അഫ്ഗാൻ സംഗീതത്തിലൂടെ, മത്സരാർത്തികളുടെ ജീവിതങ്ങളിലൂടെ അഫ്ഗാനിസ്ഥാന്‍റെ ഇരുണ്ടതും...തിളക്കമാർന്നതും ആയ ഭാവങ്ങളെ അതിസമർതമായി വരച്ചിടുന്നുണ്ട് Afghan Star.

Afghan Star എന്ന റിയാലിറ്റി ഷോയോട് ആ ജനത പ്രകാശിപ്പിച്ച വൈകാരികമായ പ്രണയം, ഒരേ സമയം സ്വാതന്ത്ര്യ പ്രഖ്യാപനവും , താലിബാനോടും , മത യാഥാസ്ഥിക വാദത്തോടും ഉള്ള പ്രതിരോധവുമായി തീരുകയാണ്.തലയിൽ തുണിയില്ലാതെ, ഇഷ്ടപെട്ട വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്ന വനിതകൾ... താടി വെയ്ക്കാതെ ജീവിക്കാൻ കഴിയുന്നതിൽ സന്തോഷിക്കുന്ന ചെറുപ്പക്കാർ...സ്വന്തം ഗാനത്തിനൊപ്പം വേദിയിൽ ചുവടു വെയ്ക്കാൻ തയാറായ Setara എന്ന പെണ്‍കുട്ടി,..."എനിക്ക് താലിബാനെ ഭയമില്ല, കാരണം അവർ അവസാനിച്ചു കഴിഞ്ഞു" എന്ന് ക്യാമറക്ക്‌ മുൻപിൽ പറയാൻ തയാറായ റിയാലിറ്റി ഷോ യുടെ അവതാരകൻ. അഫ്ഗാനിസ്ഥാനിൽ പൂവിടുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള പതാക വാഹകരാണ് ഇവരെല്ലാം. 

എന്നാൽ തിളക്കങ്ങൾക്കിടയിലും ഇരുണ്ട കാഴ്ചകൾ ആവോളം ഉണ്ട്. ഒരൊറ്റ രാജ്യത്ത് അനേകം ഗോത്രങ്ങളായി വിഭജിക്കപ്പെട്ട... ചിലപ്പോൾ കുറഞ്ഞതും ചിലപ്പോൾ കൂടിയ അളവിലും മത യാഥാസ്ഥിക വാദത്തിൽ കുടുങ്ങിപ്പോയ ഒരു ജനത. ബാല്യം തുടങ്ങുന്നതിന് മുൻപ് തന്നെ തെരുവിൽ തൊഴിൽ തേടേണ്ടി വന്ന ബാല്യങ്ങൾ, തകർക്കപെട്ട തിയേറ്ററുകൾ, ഗാനത്തിനൊപ്പം ചുവടു വെച്ചതിന്‍റെ പേരിൽ ഒളിവിൽ പോകേണ്ടി വന്ന Setara . ഇവർക്കൊക്കെ അവരാഗ്രാഹിക്കുന്ന ജീവിതത്തിലേക്ക് എത്താൻ ഇനിയും വർഷങ്ങൾ വേണ്ടി വന്നേക്കും. അഫ്ഗാന്‍റെ അശാന്തമായ താഴ്വരകളിൽ ഇപ്പോഴും നിലയ്ക്കാത്ത സ്ഫോടനങ്ങൾ പറയുന്നതും മറ്റൊന്നല്ല.



പ്രമേയം ആവശ്യപെടുന്നത് കൊണ്ടാവണം ആദ്യന്തം സംഗീത സാന്ദ്രമായ അന്തരീക്ഷത്തിലാണ് Afghan Star പകർത്തപെട്ടിരിക്കുന്നത്. ഞാൻ ഈ പോസ്റ്റിൽ കുറിക്കാതെ പോയ...ഞാൻ കാണാതെ പോയ ഒരു പാട് നിരീക്ഷണങ്ങൾക്ക് Afghan Star വഴി തുറക്കുന്നുണ്ട്. സജീവമായ ഒരു പഠന സാധ്യത ഉള്ളത് കൊണ്ടാവണം rotten tomatoesൽ 100 ശതമാനം പ്രേക്ഷക പിന്തുണ ആണ് Afghan Star നേടിയത്.

ഇതൊരു must watch ആണെന്ന് ഞാൻ പറയില്ല. കാരണം അഫ്ഗാനെ കുറിച്ചറിയാതെയും നമുക്ക് ജീവിക്കാം. പക്ഷെ, ഇത്തരം ചിത്രങ്ങൾ നൽകുന്ന തിരിച്ചറിവുകൾ നമ്മൾ അനുഭവിക്കുക തന്നെ വേണം. കാരണം ഒരിക്കൽ കൈവിട്ട് പോയാൽ നമ്മൾ പതിക്കാൻ പോകുന്ന ഗർത്തങ്ങളുടെ ആഴം ഇത്തരം സിനിമകൾ നമ്മെ കാണിച്ചു തരും. ഒപ്പം എല്ലാ ദുരിതങ്ങളേയും അതിജീവിക്കുന്ന അനുപമമായ ഒരു തലം എല്ലാ മനുഷ്യരിലും ഉണ്ടെന്നും Afghan Star സാക്ഷ്യം പറയുന്നു.


ഗാസയുടെയും ,ലെബനനിന്‍റെ യും ആകാശങ്ങൾ ബോംബുകളാൽ നിറഞ്ഞ രാത്രിയിലും , പ്രശസ്ത പാലസ്തീൻ കവി ദാർവിഷ് ഇങ്ങനെ എഴുതി...................

"ഇവിടെ ഈ കുന്നിൻ ചെരുവിൽ 
അസ്തമയത്തിനും കാലപ്രവാഹത്തിനുമെതിരിൽ 
തകർന്ന നിഴലുകളുടെ പൂന്തോട്ടതിനടുത്ത് 
തടവുകാർ ചെയ്യുന്നത് ഞങ്ങളും ചെയ്യുന്നു; 
തൊഴിൽ രഹിതർ ചെയ്യുന്നതും 
ഞങ്ങൾ പ്രതീക്ഷയെ നട്ട് നനച്ച് വളർത്തുന്നു ""

അത്തരം ഒരു പ്രതീക്ഷയുടെ നട്ടുനനയ്ക്കൽ തന്നെയാണ് Afghan Star.



No comments:

Post a Comment