Tuesday 26 February 2013

LEAP YEAR (English , 2010)

Director::::: Anand Tucker

യര്‍ലണ്ടിന്‍റെ  ദ്രിശ്യ ഭംഗിയില്‍ ഒരുക്കിയ ഒരു റൊമാന്റിക് കോമഡി ആണ് LEAP YEAR . അമേരിക്കയിലെ നഗര തിരക്കില്‍ നിന്നാണ് അന്നയുടെയും, അവളുടെ കാമുകന്‍ ജെറമിയുടെയും കഥ ആരംഭിക്കുന്നത്. ഡോക്ടര്‍ ആയ കാമുകന്‍ വിവാഹത്തിന് PROPOSE ചെയ്യാത്തതില്‍ അന്ന അല്പം നീരസത്തില്‍ ആണ്. പെട്ടന്ന് ഒരു മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ജെറമി അയര്‍ലണ്ടിലെക്ക് പോകുന്നു. അയര്‍ലണ്ടിലെ വെത്യസ്തമായ ഒരു ആചാരം അപ്പോഴാണ് അന്ന അറിയുന്നത്. എല്ലാ അധി വര്‍ഷവും, ഫെബ്രുവരി 29 താം തീയതി പെണ്‍ക്കുട്ടികള്‍ക്ക് ആണ്കുട്ടികളോട് PROPOSE ചെയ്യാം. ഏതായാലും, അടുത്ത പ്ലെയിനിന് തന്നെ അന്ന അയര്‍ലണ്ടിന് പറക്കുന്നു. പക്ഷെ, എത്തുന്നതോ അയര്‍ലണ്ടിലെ ഒരു കുഗ്രാമാത്തിലും. അപരിചിതമായ വഴിയില്‍, അന്നയെ അവളുടെ കാമുകന്‍റെ  അടുത്തെത്തിക്കാന്‍ Declan എന്ന യുവാവും അവള്‍ക്കൊപ്പം ചേരുന്നു. ജീവിതത്തെക്കുറിച്ച് തികച്ചും വെത്യസ്തമായ കാഴ്ചപ്പാടുകള്‍ സൂക്ഷിക്കുന്ന Declan ന്‍റെയും അന്നയുടെയും, യാത്രയും, അതിന്‍റെ പരിസമാപ്തിയുമാണ് ഈ ചിത്രം.

ഈ ചിത്രത്തില്‍ Declan ചോദിക്കുന്ന ഒരു ചോദ്യം എന്നെ വളരെ ആകര്‍ഷിക്കുകയുണ്ടായി. 
""'If your house is on fire and you have 60 seconds to get one thing,what is it? why?""""


Amy Adams as Anna BradyMatthew Goode as Declan O'Callaghan



Even the Rain (Spanish,2010)


Even the Rain (Spanish,2010)

Director: Icíar Bollaín

കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിച്ചതിനെതിരെ 2000ത്തില്‍ ബോളിവിയയില്‍ നടന്ന Cochabamba protests ന്‍റെ  പശ്ചാത്തലത്തില്‍ ഒരു സിനിമ നിര്‍മ്മാണത്തിന്‍റെ കഥ പറയുകയാണ്‌ Even the Rain . കൃത്യമായ രാഷ്ട്രിയം പങ്കുവെയ്ക്കുന്ന,വിവിധ തലങ്ങളുള , കാലിക പ്രസക്തിയുള്ള ഒരു ചിത്രമാണ് ഇത്. റെഡ് ഇന്ത്യന്‍സിനെ അടിമകളാക്കി, ഒരു നാടിന്‍റെ വിഭവങ്ങള്‍ മുഴുവനും കൊള്ളയടിച്ച കോളംബസിനെതിരെ റെഡ് ഇന്ത്യന്‍സ് നടത്തിയ ചെറുത്തുനില്‍പ്പിന്‍റെ  കഥയാണ്‌ സിനിമയ്ക്കുള്ളിലെ "സിനിമ" പറയുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിന്‍റെ സമയത്താണ്,അവിചാരിതമായി Cochabamba protests അരങ്ങേറുന്നത്. സിനിമയിലെ നായകന്‍, പുറത്തെ ജനകീയ കലാപത്തിന്‍റെ  നായകനായി തീരുമ്പോള്‍ സിനിമ നിര്‍മ്മാണം പ്രതിസന്ധിയിലാകുന്നു. ഒപ്പം പുറത്തെ ജനകീയ പ്രക്ഷോഭം എല്ലാവരെയും പലതരത്തില്‍ സ്വാധീനിച്ചു തുടങ്ങുന്നു.

സിനിമ പറയുന്ന രാഷ്ട്രീയം വളരെ വെക്തമാണ്. സിനിമയുടെ പേര് പോലും അതിലേക്കുള്ള ചവിട്ടു പടിയാണ്. ഒരു കാലത്ത് കൊളംബസ്സും, ഗാമയും നാടുകള്‍ പിടിച്ചടുക്കുകയും, അവിടുത്തെ വിഭവങ്ങള്‍ കൊള്ളയടിക്കുക്കയും ചെയ്തപ്പോള്‍ , ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്ഥാനം കുത്തക കമ്പനികള്‍ ഏറ്റെടുത്തിരിക്കുന്നു. വൈദ്യുതിയും, വെള്ളവും, സ്വകാര്യ മേഖലയ്ക്കു വിട്ടു കൊടുക്കുന്ന ജനാധിപത്യ വിരുദ്ധ ഭരണകൂടങ്ങള്‍ പെരുകുന്ന ഈ കാലത്ത്, Even the Rain അനിവാര്യമാകുന്ന ചെറുത്തുനില്‍പ്പുകളെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു.

"""""കണ്ടു കഴിഞ്ഞപ്പോള്‍ പെട്ടന്ന് മനസ്സില്‍ വന്നത് മലയാള ചിത്രമായ "ഉറുമി" ആണ്. ആശയ തലത്തില്‍ അവഗണിക്കാനാവാത്ത സാമ്യത ഇരു ചിത്രങ്ങളും പങ്കുവെയ്ക്കുന്നു.












A Very Long Engagement (2004, French)

Director: Jean-Pierre Jeunet



2001ല്‍ പുറത്തിറങ്ങിയ Amélie എന്ന  ചിത്രം കണ്ടവരാരും Jean-Pierre Jeunet എന്ന സംവിധായകനേയോ, Audrey Tautou എന്ന നടിയേയോ  മറക്കാന്‍ കഴിയില്ല. ഇതേ  കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് A  Very Long Engagement.

എല്ലാ യുദ്ധങ്ങളുടെയും അര്‍ത്ഥ ശൂന്യതയെക്കുറിച്ച്... എല്ലാ ദുരിതങ്ങളേയും അതിജീവിക്കാമെന്ന മനുഷ്യന്‍റെ പ്രത്യാശയെക്കുറിച്ച്... തീക്ഷ്ണമായ പ്രണയത്തെക്കുറിച്ച്... പറയുകയാണ്‌ A Very Long  Engagement. യുദ്ധത്തിനു പോയ കാമുകനെ കാത്തിരിക്കുന്ന ഒരു പാട് നായികമാരെ ലോക സിനിമ അവതരിപ്പിച്ചിട്ടുണ്ട്. ഇവിടെ Mathilde Donnay തന്‍റെ കാമുകനായ Manech Langonnet നെ കാത്തിരിക്കുകയാണ്. യുദ്ധത്തില്‍ അയാള്‍ മരിച്ചു പോയി എന്നാണ് എല്ലാവരും വിശ്വസിച്ചിരിക്കുന്നത്, അധികാരികള്‍ പോലും.

പക്ഷെ യുക്തിപരമായ എല്ലാ വാദങ്ങള്‍ക്കുമപ്പുറം, അയാള്‍ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന് അവള്‍ ഉറച്ച് വിശ്വസിക്കുന്നു. കണ്ടിരിക്കുന്ന പ്രേക്ഷകര്‍ പോലും ഈ കാര്യത്തില്‍ അവളോട്‌ യോജിക്കില്ല. Mathilde Donnay നടത്തുന്ന നിരന്തര അന്വേഷണത്തിലൂടെ, അവളുടെ പഴയ കാലം അനാവരണം ചെയ്യുന്ന ഫ്ലാഷ് ബാക്ക്കളിലൂടെ, ചിത്രം വികസിക്കുന്നു. അവളെ സഹായിക്കാന്‍ മുന്നോട്ടു വരുന്നവര്‍, അവള്‍ ചുറ്റും കാണുന്നവര്‍ അങ്ങനെ ഒരുപാടു പേരുടെ ജീവിതം ചിത്രം സ്പര്‍ശിക്കുന്നുണ്ട്. ഒടുവില്‍ നമ്മുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തെ ഒരു തുരുത്തില്‍ ചിത്രം നങ്കൂരം ഇടുമ്പോള്‍, ഒരിക്കലും മറക്കാന്‍ കഴിയാത്ത , വേട്ടയാടുന്ന ചിത്രമായി തീരുന്നു

അവിസ്മരണീയമായ ഒരു ആഖ്യാന ശൈലി കൂടിയാണ് ഈ ചിത്രത്തെ മികച്ചതാക്കുന്നത്. പെയിന്റിംഗ് പോലെ മനോഹരമായ ഫ്രെയിമുകള്‍, നിഷ്കളങ്കമായ തമാശകള്‍, അലസോരപ്പെടുത്താത്ത ഫ്ലാഷ് ബാക്കുകള്‍, ചെറിയ സന്തോഷങ്ങള്‍, വലിയ ദുഃഖങ്ങള്‍ അങ്ങനെ...അങ്ങനെ...വേറിട്ട ഒരനുഭവമാകുന്നു ഈ ചിത്രം. സാധാരണ യുദ്ധ ചിത്രങ്ങളിലെ പോലെ, രക്തചൊരിച്ചില്‍ കൊണ്ടല്ല ഈ ചിത്രം യുദ്ധ കെടുതികള്‍ പറയുന്നത്. മറിച്ച് യുദ്ധം തകര്‍ത്തെറിഞ്ഞ ജീവിത സ്വപ്‌നങ്ങള്‍ പകര്‍ത്തിയാണ് A Very Long Engagement നമ്മെ കീഴ്പ്പെടുത്തുന്നത്.

"""ഇങ്ങനെയൊക്കെ പ്രണയിക്കാന്‍, ഇങ്ങനെയൊക്കെ ജീവിതത്തോട് പ്രത്യാശ പുലര്‍ത്താന്‍ നമുക്കാവുമോ എന്ന് എനിക്കറിയില്ല. പക്ഷെ, എനിക്കറിയാത്തതുകൊണ്ട് പ്രണയവും, പ്രത്യാശയും ഇല്ലാതാവുന്നില്ലല്ലോ ?! A Very Long Engagement പറയുന്നതും മറ്റൊന്നല്ല.""""""