Saturday 4 January 2014

The Science of Sleep (French: La Science des rêves, 2006 )

Director: Michel Gondry



ETERNAL SUNSHINE OF THE SPOTLESS MIND നു ശേഷം, Michel Gondry സംവിധാനം ചെയ്ത ചിത്രമാണ് THE SCIENCE OF SLEEP. ETERNAL SUNSHINE OF THE SPOTLESS MIND യില്‍ ഫലപ്രദമായി ഉപയോഗിച്ച സ്വപ്നങ്ങളെയും, ഓര്‍മ്മകളേയും, അതിന്‍റെ  എല്ലാ മനോഹാരിതയോടും, ഒപ്പം എല്ലാ സങ്കീര്‍ണ്ണതകളോടും  കൂടി സംവിധായകന്‍ ഇവിടെ ഉപയോഗപ്പെടുത്തുന്നു. പ്രമേയ പരിസരത്തില്‍ ചിത്രം ഒരു സാധാരണ പ്രണയ ചിത്രമാണ്.തന്‍റെ അമ്മയുടെ അഭ്യര്‍ത്ഥന പ്രകാരം, സ്വന്തം നഗരത്തിലേക്ക് തിരികെയെത്തുന്ന ചിത്രകാരനായ Stéphane Miroux യുടെയും, അയല്ക്കാരി യായി  എത്തുന്ന Stéphanie യുടെയും കഥ ആണ് THE SCIENCE OF SLEEP. പക്ഷെ, ഈ കഥ “പറച്ചില്‍” അസാധാരണമാകുമ്പോള്‍  തിരശ്ശീലക്കിപ്പുറം ആയാസരഹിതമായി ഇരിക്കാന്‍ പ്രേക്ഷകനാവില്ല. Stéphane Miroux ന്‍റെ ഒരു മാനസിക പ്രശ്നം തന്നെയാണ് ഈ ചിത്രത്തിന്‍റെ കേന്ദ്ര ബിന്ദു. ജീവിതവും, സ്വപ്നങ്ങളും Stéphane കൂട്ടി കുഴച്ചു കൊണ്ടേയിരിക്കുന്നു. Stéphane ന്‍റെ  കുഴപ്പം പിടിച്ച ഈ ചിന്താ ധാരകളിലൂടെ ആണ് ചിത്രം മുന്നോട്ട് പോകുന്നത്. ആധുനിക സാഹിത്യ രചന രീതികളെ സ്വാധീനിച്ച സര്‍ റിയലിസം, ബോധധാര രീതി തുടങ്ങിയവ ഈ ചിത്രത്തില്‍ ആവോളം ഉണ്ട്. കൃത്യമായി പദ്ധതികള്‍ ഇല്ലാ എന്ന് തോന്നിപ്പിക്കും വിധം, ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു പോകുന്ന ചിന്താധാരകളെ അതുപോലെ പിന്തുടരുമ്പോള്‍, കുരുക്കുകള്‍ അഴിക്കേണ്ട ബാധ്യത പ്രേക്ഷകനില്‍ വന്നു ചേരും. ഒപ്പം, സ്വപ്നങ്ങളും, ഓര്‍മ്മകളും, കൂടി എത്തുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ "രസകരമാവുന്നു". ചിത്രത്തിന്‍റെ ആദ്യ രംഗം മുതല്‍ അവസാന രംഗം വരെ തലപുകച്ചു ഇരിക്കാന്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് ഏറ്റവും പറ്റിയ സിനിമകളില്‍ ഒന്നാകുന്നു THE SCIENCE OF SLEEP. 

Michel Gondry എന്ന സംവിധായകന്‍ എങ്ങനെ സ്വപ്നങ്ങളുമായി ഇങ്ങനെ പ്രണയത്തിലായി എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ആ തീക്ഷ്ണ പ്രണയത്തിന്‍റെ ആഴങ്ങള്‍ തന്നെയാണ് THE SCIENCE OF SLEEP നെ മനോഹരമാക്കുന്നത്.




The Three Colors trilogy (Polish 1993,1994)

Directed by:::::::::::Krzysztof Kieślowski

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എന്നീ മൂന്നു ആശയങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച മൂന്നു ചിത്രങ്ങളുടെ സമാഹരണം ആണ് The Three Colors trilogy. ആദ്യ ചിത്രമായ Blue സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നു. പിന്നീടു വന്ന White, Red എന്നിവ സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങള്‍ പ്രമേയ വിഷയമാക്കുന്നു. എന്നാല്‍ ഈ വിഷയങ്ങളുടെ, രാഷ്ട്രീയ അര്‍ത്ഥങ്ങള്‍ക്ക്‌ പകരം, മൂന്നു വ്യെക്തികളുടെ ജീവിതത്തിലൂടെ ഈ ആശയങ്ങളുടെ മാനുഷിക തലങ്ങള്‍ അന്വേഷിക്കുകയാണ് സംവിധായകന്‍.

Blue
പറയുന്നത് Julie യുടെ കഥയാണ്‌.....ഭര്‍ത്താവിന്‍റെയും, മകളുടെയും, അപകട മരണത്തിനു ശേഷം, ജീവിതത്തില്‍ നിന്നും, എല്ലാ ബന്ധങ്ങളില്‍ നിന്നും "സ്വാതന്ത്ര്യം" പ്രഖ്യാപിക്കുന്ന Julieയുടെ മനോവ്യെഥകള്‍ "Blue"  നമ്മുടെ ഹൃദയത്തില്‍ വരഞ്ഞു വെയ്ക്കുന്നു.
ഭാര്യയാല്‍ നിഷ്കരുണം തള്ളപ്പെടുന്ന Karol ന്‍റെ കഥയാണ്‌ White പറയുന്നത്. യഥാര്‍ത്ഥ പ്രണയം, ഉണ്ടാകുന്നത്  സമത്വത്തിന്‍റെ വഴിയിലാണെന്നും, ആ വഴി എപ്പോഴും സുന്ദരമാകിലെന്നും White കൂട്ടിച്ചേര്‍ക്കുന്നു. Red തന്‍റെ കാമുകനെ കാത്തിരിക്കുന്ന Valentine Dusot ന്‍റെ കഥയാണ്‌പറയുന്നത്. ഈ കാത്തിരിപ്പിനിടയില്‍ പരിചയപ്പെടുന്ന ഒരു വൃദ്ധന്മായി അവള്‍ പങ്കിടുന്ന "സാഹോദര്യം" ആണ് ചിത്രത്തിന്‍റെ  ഇതിവൃത്തം.

വളരെ സന്തോഷകരമായ മൂന്നു ചിത്രങ്ങള്‍ അല്ല ഇവ. ഒന്നര മണിക്കൂര്‍ മാത്രമുള്ള മൂന്നു ചിത്രങ്ങള്‍ ആണെങ്കില്‍ കൂടി ഒരു പാട് മണിക്കൂറുകളുടെ ഏകാന്തത ഈ ചിത്രങ്ങളെ ചൂഴ്ന്നു നില്‍ക്കുന്നു. കഥാ പാത്രങ്ങളുടെ മാനസിക സങ്കര്‍ഷങ്ങളുടെ ആഴങ്ങളിലൂടെ, പ്രേക്ഷകനെ കൈപിടിച്ച് നടത്താനും, ചോരപൊടിക്കാനും കഴിയുന്ന അസാമാന്യ കഴിവ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. സംഗീതവും, ഇമേജുകളും ചേര്‍ന്ന് എന്‍റെ ഏറ്റവും പ്രിയ ചിത്രങ്ങളില്‍ ഒന്നായി തീര്‍ന്നിരിക്കുന്നു The Three Colors trilogy.



Caché ( Hidden, 2005 French )


Directed by:::::Michael Haneke


G
eorges Laurent, ഒരു ചാനല്‍ അവതാരകന്‍ ആണ്. ഭാര്യയും, ഒരു മകനും അടങ്ങിയ അയാളുടെ സന്തുഷ്ട കുടുംബത്തിന്‍റെ  സ്വസ്ഥത നശിപ്പിച്ചു കൊണ്ടാണ് ആ വീഡിയോ കാസ്സറ്റ്‌ Georgesന്‍റെ വീട്ടിലേക്കു വരുന്നത്. വീഡിയോയില്‍ അയാളുടെ വീട് തന്നെ "സെക്യൂരിറ്റി ക്യാമറ ദ്രിശ്യങ്ങളെ" അനുസ്മരിപ്പിക്കും വിധം പകര്‍ത്തിയിരിക്കുകയാണ്. അപകടകരമായ ഒന്നും തന്നെ അതില്‍ ഇല്ലാത്തതു കൊണ്ട്, ആദ്യം അതൊരു തമാശയായി തള്ളിക്കളയുകയാണ് Georges. എന്നാല്‍ വീണ്ടും കാസറ്റുകള്‍ ഒന്നിനു  പിറകെ ഒന്നായി വരികയാണ്. അതോടു കൂടി ഇതിന്‍റെ  ഉറവിടം അന്വേഷിക്കാന്‍ Georges നിര്‍ബന്ധിതനാവുന്നു. ആ അന്വേഷണം, അയാളെ തന്‍റെ തന്നെ ബാല്യകാലത്തേക്ക് മടക്കികൊണ്ട്‌ പോകുന്നു. ഒപ്പം കുടുംബത്തില്‍ പുത്തന്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയാണ്. 

ആധുനിക കാലത്തെ മികച്ച സിനിമകളില്‍ ഒന്നായി നിരൂപകര്‍ വിശേഷിപ്പിക്കുന്ന Caché പ്രേക്ഷകര്‍ക്ക്‌ പെട്ടന്നൊന്നും പിടിതരുന്ന ഒരു ചിത്രമല്ല. ഇതിന്‍റെ  പ്രേമെയത്തെക്കുറിച്ചു പോലും, വെത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. നമ്മുടെ ജീവിതം മൂന്നാമതൊരാള്‍ കാണുന്നു എന്ന ബോധം, അടക്കിവെച്ച പാപബോധം, പോസ്റ്റ്‌ കോളോണിയല്‍ രാഷ്ട്രീയം തുടങ്ങി നിരവധി പ്രമേയങ്ങള്‍ ഈ സിനിമയില്‍ കെട്ടുപിണഞ്ഞു കിടക്കുന്നു.

എന്താണ് നടക്കുന്നതെന്നോ, അതിന്‍റെ  കാരണമെന്തന്നോ സംവിധായകന്‍ ഇവിടെ പറഞ്ഞു തരുന്നില്ല. ആ ജോലി കാഴ്ച്ചക്കാരന്‍റെതാണ് . ഓരോ പ്രേക്ഷകനും, അവരവരുടെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കാം. അതിനുള്ള വിശാലമായ സാധ്യത ഈ ചിത്രം തുറന്നിടുന്നുണ്ട്.

ഏറ്റവും രസകരമായ സംഗതി, ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ് കണ്മുന്നിലൂടെ കടന്നു പോയിട്ടും ഞാന്‍ കണ്ടില്ല എന്നുള്ളതാണ്. രണ്ടാമത്തെ കാഴ്ചയില്‍ മാത്രമാണ് ക്ലൈമാക്സ് പിടിതന്നത്. എന്തായാലും മറ്റൊരു റിവ്യൂ വായിച്ചപ്പോള്‍ ആ വിഷമം മാറി കിട്ടി. എനിക്ക് മാത്രമല്ല , Caché കണ്ട പകുതി പ്രേക്ഷകര്‍ക്കും ഇതേ അനുഭവം ആണത്രേ ഉണ്ടായത്. ആശ്വാസം................



Oslo, August 31st (Norwegian, 2011)

Director: Joachim Trier


നോര്‍വേയുടെ തലസ്ഥാന നഗരി ആയ "Oslo" യുടെ പശ്ചാത്തലത്തില്‍, Anders എന്ന യുവാവിന്‍റെ ഒരു ദിവസത്തെ ജീവിത കാഴ്ചകള്‍ പകര്‍ത്തിയ "Oslo, August 31st" കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തു വന്ന ശ്രേദ്ധേയമായ ചിത്രങ്ങളില്‍ ഒന്നാണ്. ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയുടെ അവസാന ദിനങ്ങളില്‍ കൂടി കടന്നു പോകുന്ന Anders ആണ് Oslo, August 31st ലെ മുഖ്യ കഥാപാത്രം. ലഹരി വിമുക്ത ചികിത്സയുടെ ഫലമായി ജീവിതത്തിന്‍റെ യാഥാര്‍ത്ത്യങ്ങളിലേക്ക് തിരികെ എത്തിയ Anders ആകെ പകച്ചു പോകുന്നു. ഇതു വരെ ജീവിച്ച ജീവിതത്തില്‍ താനൊരു പരാജയമാണെന്ന തിരിച്ചറിവ് Anders നെ വേട്ടയാടി തുടങ്ങുകയാണ്. മുമ്പിലുള്ള ശൂന്യത അവസാനിപ്പിക്കാന്‍ ആത്മഹത്യ പോലും അയാള്‍ പരീക്ഷിക്കുന്നുണ്ട്. പരാജയപ്പെടുന്ന ഈ ആത്മഹത്യ ശ്രമത്തില്‍ നിന്നാണ് Oslo, August 31st ആരംഭിക്കുന്നത്.

ഒഴിവു കിട്ടിയ ആ ദിനത്തില്‍, തന്‍റെ ജന്മ നഗരമായ Osloയിലേക്ക് പോകാന്‍ Anders തീരുമാനിക്കുന്നു. ജോലിക്കായുള്ള ഒരു അഭിമുഖം.... കൂട്ടുകാര്‍........പഴയ കാമുകി....സഹോദരി....വീട്.... അങ്ങനയങ്ങനെ ,......ചെറിയ,വലിയ ചില പദ്ധതികള്‍ ആ ദിവസം, Anders ആ നഗരത്തില്‍ കാത്ത് വെയ്ക്കുന്നുണ്ട്. ജീവിതത്തില്‍ ഒരു പുതിയ തുടക്കത്തിനു അവന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ, Oslo നഗര വീഥിയിലൂടെ ഉള്ള Andersന്‍റെ  യാത്ര ജീവിതത്തിലേക്ക് തിരികെ നടക്കാനുള്ള ഒരു യാത്ര കൂടിയാകുന്നു. പാളം തെറ്റിയ Andersന്‍റെ , ജീവിതം തിരികെ പിടിക്കാന്‍, "പ്രകാശം പരത്തുന്ന പെണ്‍കുട്ടിയെ" പോലെ ഒരാളെ, Oslo നഗരം കാത്തുവെച്ചിട്ടുണ്ടാകുമോ? അതോ ആള്‍ക്കൂട്ടത്തിന്‍റെ ഏകാന്തതയില്‍ സ്വയം വിസ്മൃതമാവാനാണോ Andersന്‍റെയും വിധി?

ഹൃദയം തൊട്ടു പോകുന്ന സംഗീതവും, ചിത്രീകരണവും
Oslo, August 31st നെ അടയാളപ്പെടുത്തുന്നുണ്ട്. അവസാന ദ്രിശ്യത്തില്‍ യാത്ര പറഞ്ഞു പോകാന്‍ തയാറാകാതെ, നമുക്ക് പിന്നാലെ നടന്നു തുടങ്ങുന്ന ചിത്രങ്ങളില്‍ ഒന്നാകുന്നു Oslo, August 31st .







The Lives of Others (German: Das Leben der Anderen , 2006)


Directed by:::::::::::: Florian Henckel von Donnersmarck




ജെര്‍മനിയിലെ Stasi ഭരണത്തിന്‍റെ  നാളുകളിലാണ്‌ The Lives of Others നടക്കുന്നത്. തങ്ങളുടെ അധികാര കേന്ദ്രത്തിനെതിരെയുള്ള, എല്ലാ നീക്കങ്ങളുടെയും ചെറുക്കാന്‍, വളരെ ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു "രഹസ്യാനേഷണ ഗ്രൂപ്പ്"നെ ഭരണകൂടം ഉപയോഗിക്കുന്നുണ്ട്. ആ ഗ്രൂപ്പിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളാണ് Gerd Wiesler. ഭരണകൂടത്തിനു അനുകൂലമായും, പ്രതികൂലമായും നില്‍ക്കുന്ന മുഴുവന്‍ പേരെയും ഒരു പോലെ അവര്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു...

എഴുത്തുകാരനായ, Georg Dreymanയും ,അയാളുടെ കാമുകിയേയും നിരീക്ഷിക്കാനുള്ള ജോലി Gerd Wieslerലേക്ക് എത്തുകയാണ്. Georg Dreymanനെതിരെ തെളിവുകള്‍ കണ്ടെത്തി, അയാളെ ജയിലില്‍ അടയ്ക്കുക ചിലരുടെ വെക്തിപരമായ ലക്‌ഷ്യം കൂടിയാണ്. അത് കൊണ്ട് തന്നെയാണ്, Gerd Wieslerനെ ആ ജോലിക്ക് അവര്‍ നിയോഗിക്കുന്നതും. താന്‍ നിരീക്ഷണത്തിലാണ് എന്നറിയാത്ത Georg Dreyman ആകട്ടെ, സര്‍ക്കാരിനെതിരെ രഹസ്യമായി എഴുതാനും ആരഭിക്കുന്നു. Gerd Wiesler കാത്തിരുന്നതും ഇതിനാണ്. പക്ഷെ, അപ്പോഴേക്കും, Georg Dreyman ന്‍റെയുംയും അയാളുടെ കാമുകിയുടെയും ജീവിതം Gerd Wiesler യെയും സ്വാധീനിച്ചു തുടങ്ങിയിരുന്നു. എഴുത്തുക്കാരന്‍റെ  ജീവിതം , അയാള്‍ അറിയാത്ത മറ്റൊരാളുടെ ജീവിതം കൂടി ആയി തീരുന്ന ഹൃദയ സ്പര്‍ശിയായ കഥയാണ്‌ The Lives of Others പിന്നീട് പറയുന്നത്.

2006ലെ ഏറ്റവും മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്ക്കാര്‍ നേടിയ The Lives of Others എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. വളരെ വെത്യസ്തമായ ഒരു കഥാ പശ്ചാത്തലത്തില്‍ നിന്നും, മനുഷ്യ മനസിന്‍റെ ആഴങ്ങളിലേക്ക്....അതിന്‍റെ  പ്രത്യാശകളിലേക്ക് ....ചിത്രം നമ്മെ നയിക്കുന്നു. മനുഷ്യനെക്കുറിച്ച് ഹരിതാഭമായ പ്രത്യാശ ഉയര്‍ത്തിന്നിടത്താണ് The Lives of Others ശ്രദ്ധേയമാകുന്നത്. എല്ലാ അര്‍ത്ഥത്തിലും,ഒരു MUST WATCH MOVIE ആകുന്നു ഈ The Lives of Others.