Saturday 2 March 2013

MOMMO (Turkish, 2009)

Director:::::: Atalay Taşdiken


Mommo നമുക്ക് അപരിചിതമായ ഒരു കഥയല്ല. നമുക്ക് ചുറ്റും ഉണ്ടായിട്ടും, നമ്മള്‍ കാണാതെ പോകുന്ന ചില വലിയ വേദനകളുടെ, ചില ചെറിയ സന്തോഷങ്ങളുടെ കഥയാണ്‌ Mommo . അച്ഛനും, അമ്മയും ഉപേക്ഷിച്ച, അപ്പൂപ്പനൊപ്പം കഴിയുന്ന ഒരു സഹോദരന്‍റെയും സഹോദരിയുടെയും ഏകാന്തതയാണ് Mommo പങ്കു വെയ്ക്കുന്നത്. അച്ഛന്‍ വേറെ വിവാഹം കഴിച്ച്, മാറി താമസിക്കുന്നു. അയാളുടെ പുതിയ ഭാര്യക്കും, കുട്ടിക്കും, ഈ കുഞ്ഞുങ്ങളെ കാണുന്നതെ കലി ആണ്. പ്രായാധിക്യത്താല്‍ വിഷമിക്കുന്ന അപ്പൂപ്പനാകട്ടെ  കുഞ്ഞുങ്ങളെ തന്‍റെ  മകളുടെ അടുത്ത് എത്തിക്കാനുള്ള ശ്രമത്തിലും. അവിടെ നിയമം വിലങ്ങുതടി ആകുന്നു. ആരും ശ്രദ്ധിക്കാന്‍ ഇല്ലാതെ, എപ്പോഴും ചുറ്റും നിറയുന്ന ഏകാന്തതയില്‍ പരസ്പരം, ആശ്വാസം കണ്ടെത്താനുള്ള രണ്ടു കുട്ടികളുടെ ശ്രമമാണ് ഈ ചിത്രം. സ്നേഹത്തിന്‍റെ , പരിഗണനയുടെ, ആശ്വാസത്തിന്‍റെ , ആള്‍രൂപമായി മാറുന്ന ഒരു കച്ചവടക്കാരനും, ഈ ചിത്രത്തിലെ ആര്‍ദ്രമായ ഒരു കാഴ്ചയാകുന്നു. 



ജീവിതത്തിന്‍റെ  ചെറിയ, ചെറിയ സന്തോഷങ്ങളും, ഒപ്പം,നമ്മള്‍ ചെറുതെന്ന് കരുതുന്ന, എന്നാല്‍ ഒട്ടും ചെറുതല്ലാത്ത ഒരു പാട് വേദനകളും, കുട്ടികളുടെ കണ്ണുകളിലൂടെ സംവിധായകന്‍ കാട്ടി തരുന്നു.


ഒടുവില്‍, ഒരു വലിയ വേദനയില്‍ ചിത്രം അവസാനിച്ചപ്പോള്‍, അണിയറ പ്രവര്‍ത്തകരുടെ പേരുകളൊക്കെ, സ്ക്രീനില്‍ തെളിഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. പക്ഷെ, നിറഞ്ഞു തുളുമ്പാന്‍, തുടങ്ങിയിരുന്ന എന്‍റെ കണ്ണും, മനസ്സും, അതൊന്നും കാണുന്നുണ്ടായിരുന്നില്ല...............


LOOSE CHANGE (English 2005)

Director: Dylan Avery

അമേരിക്കയേയും, ലോകത്തെയും ഞെട്ടിച്ച 9/11 ആക്രമത്തിന്‍റെ ആഴങ്ങളിലേക്കുള്ള അന്വേഷണമാണ് LOOSE CHANGE. ലോകത്തെ മുഴുവന്‍, അമേരിക്കയും, നമ്മുടെ മാധ്യമങ്ങളും പറഞ്ഞു പഠിപ്പിച്ച 9/11 കാഴ്ചകളില്‍ നിന്നും വെത്യസ്തമായ ഒരു കാഴ്ചയാണ് LOOSE CHANGE പങ്കുവെയ്ക്കുന്നത്. ബിന്‍ ലാദനുമപ്പുറം, 9/11 നു പിന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്ത കരങ്ങളുണ്ടെന്നു ചിത്രം പറയുന്നു. പ്ലെയിന്‍ ഇടിച്ചു തകര്‍ന്നു വീണതല്ല വേള്‍ഡ് ട്രേഡ് സെന്‍റര്‍ എന്നും, മറിച്ച്‌, വ്യക്തമായ പ്ലാനിംഗ് ഉള്ള ഒരു Controlled demolition  ആണ് അവിടെ നടന്നതെന്നും ആധികാരികമായി (?) ചിത്രം വാദിക്കുന്നു. ലോകത്ത് ഒരു കെട്ടിടവും, അതിനു മുന്‍പോ,(പ്ലെയിന്‍ ഇടിച്ച കെട്ടിടങ്ങള്‍ പോലും) അതിനു ശേഷമോ ഇങ്ങനെ "പൊഴിഞ്ഞു" വീണിട്ടില്ല. ഇവിടെ തുടങ്ങി, 9/11 നെ ക്കുറിച്ചുള്ള ഒട്ടുമിക്ക OFFICIAL വാദങ്ങളെയും, LOOSE CHANGE വെല്ലുവിളിക്കുന്നു.

 ഈ ചിത്രത്തിന്‍റെ ആധികാരികതയെ പലരും  എതിര്‍ക്കുമ്പോള്‍ പോലും, ഈ ചിത്രം ഉന്നയിക്കുന്ന പല ചോദ്യങ്ങളും എഴുതിതള്ളാന്‍ കഴിയില്ല. കാരണം ഇതൊരു ബാലിശമായ ചിത്രം അല്ല. കോര്‍പ്പറേറ്റ് മാധ്യമങ്ങളും, ഭരണകൂടവും പറയുന്നതാണ് സത്യം എന്ന് എങ്ങനെ വിശ്വസിക്കും? ദേശസ്നേഹവും, തീവ്രവാദവും , വിവാദവും എല്ലാം ഇന്ന് ലക്ഷ്യങ്ങളുടെ (കോടികളുടെ ? ) കച്ചവടം ആണല്ലോ?



AMORES PERROS (LOVE'S A BITCH 2000, MEXICAN)

Director: Alejandro González Iñárritu

പ്രണയവും, സ്നേഹവുമെല്ലാം എപ്പോഴും സുന്ദരമാണോ ? ഒരിക്കലുമല്ല എന്ന സത്യമാണ് AMORES PERROS പറയുന്നത്. Alejandro González Iñárritu ന്‍റെ Death trilogyലെ ആദ്യ ചിത്രമാണ് ഇത്. ഈ പരമ്പരയിലെ  21 Grams and Babel തുടങ്ങിയ ചിത്രങ്ങളും മികച്ച പ്രേക്ഷക പിന്തുണ നേടിയവയാണ്.

ഒരു കാര്‍ അപകടവും, അതുമായി ബന്ധപ്പെടുന്ന മൂന്നുപേരുടെ ജീവിതവുമാണ് ഈ ചിത്രം. ഒരാള്‍ തന്‍റെ ജേഷ്ടന്‍റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തുന്ന ആളാണ്. മറ്റൊരാളാകട്ടെ, തന്‍റെ ഭാര്യയേയും, കുട്ടികളെയും ഉപേക്ഷിച്ചു സുന്ദരിയായ കാമുകിക്കൊപ്പം ജീവിക്കുന്നു. മൂന്നാമന്‍ ലോകത്തോടുള്ള സ്നേഹം മൂലം , വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്‍റെ കുഞ്ഞിനെ ഉപേക്ഷിച്ചു ഗറില്ലയായി മാറിയ ആളാണ്. കാലത്തിന്‍റെ ഒഴുക്കില്‍ ഒരു വാടക കൊലയാളിയായി ജീവിക്കുന്നു . തന്‍റെ മകളുടെ മുമ്പില്‍ ഒരു വട്ടമെങ്കിലും അവളുടെ അച്ഛനായി നില്‍ക്കുക എന്നതാണ്,  അയാളുടെ ലക്‌ഷ്യം. ഈ മൂവരുടെ ജീവിതത്തിലും നിര്‍ണ്ണായകമായ സാന്നിധ്യമായി കുറച്ചു നായ്ക്കളും. ആ നായ്ക്കള്‍ "loyalty"യുടെ പ്രതീകങ്ങളാണ്. ഈ മൂവരും തങ്ങളുടെ ജീവിതത്തില്‍ മറന്നു പോയത് ഈ loyalty തന്നെയാണ്. എന്തായാലും പ്രേക്ഷകന്‍ ആഗ്രഹിക്കുന്നിടത് ചിത്രം അവസാനിക്കുന്നില്ല. ജീവിതത്തില്‍ ശരിയും തെറ്റും എല്ലാം ആപേക്ഷികമാണല്ലോ?


""സ്വന്തമാക്കലിനു൦ , സമയം കൊല്ലലിനു൦ അപ്പുറം പ്രണയിക്കാന്‍ മനുഷ്യന് കഴിയുമോ? നമ്മുടെ പ്രണയത്തിനും,സ്നേഹത്തിനും, എതിര്‍പ്പിനും എല്ലാം നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉള്ളു. എങ്കിലും , ഇതെല്ലാം നമ്മള്‍ നിഷേധിക്കും. എന്നിട്ട് യഥാര്‍ത്ഥ സ്നേഹത്തിന്‍റെ വക്താക്കളാണ് നമ്മള്‍ എന്ന് സ്വയം പറഞ്ഞു പഠിക്കുകയും, മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യും. അതാണല്ലോ നമ്മള്‍ ഈ ദിനവും ചെയ്തു കൊണ്ടിരിക്കുന്നത്!!