Wednesday 21 May 2014

The Vanishing / "Spoorloos" (Dutch 1988)

Director: George Sluizer

Tim Krabbé യുടെ Golden Egg എന്ന നോവലിന്‍റെ സിനിമ ആവിഷ്കാരമാണ്, 1988 പുറത്തിറങ്ങിയ ഡച്ച് ചിത്രമായ The Vanishing. ഡച്ച് സംവിധായകനായ George Sluizer ആണ് Mystery - Psychological Thriller ശ്രേണിയില്‍ പെടുത്താവുന്ന ഈ ചിത്രം രൂപപ്പെടുത്തിയത്.

ഒഴിവു ദിനം ആഘോഷിക്കാന്‍ പോകുന്ന Rex ന്‍റെയും അയാളുടെ കാമുകിയായ Saskiaയിലൂടെയുമാണ് ചിത്രം ആരഭിക്കുന്നത്. യാത്രയ്ക്കിടയില്‍, വളരെ അവിചാരിതമായി, ഒരു ഷോപ്പിംഗ്‌ മാളില്‍ വെച്ച് Saskiaയെ കാണാതാകുന്നു. അസ്വസ്ഥനായ Rex, കാമുകിയെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരഭിക്കുകയാണ്. എന്നാല്‍ യാതൊരു തെളിവും അവശേപ്പിക്കാതെയാണ് Saskia അപ്രത്യക്ഷയായിരിക്കുന്നത്. Rexന്‍റെ അന്വേഷണങ്ങള്‍ എവിടെയുമെത്താതെ ഇപ്പോഴും തുടരുന്നു. എല്ലാം കണ്ടുകൊണ്ട്‌, നിശബ്ദനായ "ആ കുറ്റവാളിയും" ചില തയ്യാറെടുപ്പുകളിലാണ്.

Mystery - Psychological Thriller സിനിമകള്‍ കാണാനാഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്നാണിത്. വേഗത കുറഞ്ഞ ഫ്രയിമുകളിലൂടെ ക്രൂരതയുടെ മരവിപ്പ് അനുഭവിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ, ബഹളമയമായ Thriller സിനിമകളില്‍ നിന്ന് വഴി മാറിയാണ്
"The Vanishing" സഞ്ചരിക്കുന്നത്.

ഓര്‍മ്മകളില്‍ നിന്ന് പെട്ടന്നൊന്നും മടങ്ങാത്ത "അതിമനോഹരമായ" ഒരു ക്ലൈമാക്സ് കൂടി ഈ ചിത്രത്തിനുണ്ട്. ഈ ചിത്രത്തിലെ "അതിമനോഹരമായ" രംഗവും അത് തന്നെ. നിലവില്‍ Imdb യില്‍ 7.8ഉം, Rottentomatoesല്‍ 100 ശതമാനം നിരൂപക പിന്തുണയും ഈ ചിത്രത്തിനുണ്ട്.

കാണാന്‍ പോകുന്നവര്‍ക്കായി ഒരു മുന്നറിയിപ്പ്: ഈ ചിത്രം 1993ല്‍ ഇതേ സംവിധായകന്‍ തന്നെ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയുണ്ടായി. ക്ലൈമാക്സില്‍ മാറ്റങ്ങളൊക്കെ വരുത്തിയാണ്, ഈ റീമേക്ക് പുറത്തിറങ്ങിയത്. അതുകൊണ്ടൊക്കെയാവണം, മോശം റീമേക്ക്കളില്‍ ഒന്നായിട്ടാണ് ഈ ചിത്രം വിലയിരുത്തപ്പെട്ടത്.

കാണാന്‍ ആഗ്രഹിക്കുന്നവര്‍, ഡച്ച് ഭാഷയിലുള്ള 1988 ലെ ഒറിജിനല്‍ സിനിമ തന്നെ കാണുക.



Tuesday 20 May 2014

On the Job (Tagalog 2013)

Director: Erik Matti 


2013ല്‍, ഫിലിപ്പെന്‍സില്‍ നിന്ന് പുറത്തിറങ്ങിയ, action-thriller ശ്രേണിയില്‍ പെടുന്ന ചിത്രമാണ് On the Job. സമകാലീന ഫിലിപ്പെന്‍സ് സിനിമയിലെ ശ്രദ്ധേയമായൊരു സൃഷ്ടിയാണ് ഈ ചിത്രം. അധികാര കേന്ദ്രങ്ങളുടെ അഴിമതിയുടേയും, അവിശുദ്ധ കൂട്ടുകെട്ടുകളുടേയും സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തിലാണ് പ്രമേയപരമായി സിനിമ ഉറപ്പിച്ചിരിക്കുന്നത്.

ഉന്നത കേന്ദ്രങ്ങള്‍ക്കു വേണ്ടി, ജയിലില്‍ നിന്നും അവരുടെ സഹായത്തോടെ പുറത്തിറങ്ങി കൊല നടത്തിയ ശേഷം, തിരികെ ജയിലില്‍ തന്നെ ഒളിക്കുന്ന രണ്ട് വാടക കൊലയാളികള്‍... അഴിമതിയിലും, അക്രമത്തിലും മുങ്ങിയ ഒരു സംവിധാനത്തില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന മറ്റു രണ്ടു പേര്‍... അവിചാരിതമായി, ഒരേ വഴിയില്‍ കണ്ടു മുട്ടുന്ന ഈ നാലുപേരുടെ കുടുംബ ബന്ധങ്ങളിലൂടെയും, അസ്വസ്ഥമായ ജീവിതത്തിലൂടെയുമാണ് സിനിമയുടെ യാത്ര. നന്മയുടേയും, തിന്മയുടേയും നേര്‍ത്ത അതിര്‍ത്തിവരമ്പുള്‍ക്ക് ഇരു വശവും നിന്ന് പോരാടുന്നവരാണ് ഈ സിനിമയിലുള്ളത്. അതുകൊണ്ട് തന്നെ, പലയിടത്തും അപ്രതീക്ഷിതമായൊരു കഥാവഴിയാണ് ഈ സിനിമയ്ക്കുള്ളത്.

A Prophet (2009), Infernal Affairs(2002),Elite Squad (2007, 2010) തുടങ്ങിയ നല്ല സിനിമകളെ,
On the Job ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നുണ്ട്. ഈ സിനിമകളുടെ നിലവാരത്തെ മറികടക്കുന്നില്ലെങ്കിലും, ആ നിലവാരത്തിലേക്കുയരാനുള്ള മികച്ചൊരു ശ്രമം ഈ സിനിമയിലുണ്ട്. യാഥാര്‍ത്ഥ്യ ബോധമുള്ള രംഗങ്ങളും, ചാരുതയുള്ള ഫ്രെയിമുകളും, ഉജ്ജ്വലമായ അഭിനയവും ഈ സിനിമയ്ക്ക് മുതല്‍ക്കൂട്ടാവുന്നു. ഫിലിപ്പെന്‍സിന്‍റെ സാമൂഹിക, രാഷ്ട്രീയ ഭാവങ്ങളെ പ്രേക്ഷരിലേക്കെത്തിക്കുന്നതിലും ഈ സിനിമ വിജയിച്ചിട്ടുണ്ട്. 


കാന്‍ ചലച്ചിത്ര മേളയുടെ മത്സരേതര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിന്‍റെ അമേരിക്കന്‍ പതിപ്പും, അധികം വൈകാതെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്.

യാഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രമാണ്
On the Job, എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. അഴിമതിയുടെ കാര്യത്തില്‍ ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുന്ന ഒരു രാജ്യമാണ് ഫിലിപ്പെന്‍സ് എന്നത് കൊണ്ട് തന്നെ, നിര്‍മ്മാതാക്കളുടേത് ഒരു അവകാശവാദം മാത്രമായി തള്ളിക്കളയാനാവില്ല. 

വേഗതയില്‍ സഞ്ചരിക്കുന്ന, ത്രില്ലര്‍ സിനിമയുടെ ചേരുവകള്‍ നന്നായി കലര്‍ന്ന സിനിമ എന്ന നിലയില്‍, ഇത്തരം സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പരീക്ഷിക്കാവുന്ന സിനിമ അനുഭവമാണ് On the Job.



Monday 19 May 2014

Christmas in August (Korean 1998)

Director: Hur Jin-ho

1998ല്‍ പുറത്തിറങ്ങിയ, കൊറിയന്‍ മെലോഡ്രാമയാണ് Christmas in August. കൊറിയന്‍ സിനിമാ രംഗത്ത്, ഉജ്ജ്വലമായ വിജയം നേടിയ ഈ ചിത്രം, പിന്നീട് വന്ന ഒരുപാട് സിനിമകള്‍ക്ക്‌ പ്രചോദനമായി തീരുകയുണ്ടായി. ആഖ്യാന തലത്തിലും, പ്രമേയ തലത്തിലും, ഈ മെലോഡ്രാമ ഒരു നവ്യാനുഭവമായിരുന്നു. മിക്ക മെലോഡ്രാമകളിലും നമ്മള്‍ കണ്ട, അതേ കഥാ വഴിയാണ് ഈ സിനിമയ്ക്കുമുള്ളത്. "അവിചാരിതമായി കണ്ടുമുട്ടുന്ന നായകനും, നായികയും ... പ്രണയം...കൂട്ടത്തിലൊരാളെ കാത്തിരിക്കുന്ന മരണം."

പക്ഷേ, ക്ലീഷേ ആയി തോന്നാവുന്ന ഈ കഥാവഴിയിലും, ഹൃദ്യമായൊരു പുതുമയും, ആകര്‍ഷകത്വവും ഈ സിനിമയ്ക്കുണ്ട്. സ്ഥിരം മെലോഡ്രാമകളിലെ, അതി വൈകാരികത ഈ സിനിമ കാത്തുവെയ്ക്കുന്നില്ല . മനോഹരവും, അര്‍ത്ഥ ദീപ്തവുമായ ഫ്രെയിമുകള്‍, വേഗത കുറഞ്ഞ സഞ്ചാരം, മികച്ച ജീവിത നിരീക്ഷണങ്ങള്‍, കൂടുതല്‍ സൂക്ഷ്മ വായനയില്‍ ഒരുപാട് പ്രത്യേകതകള്‍ ഈ സിനിമയില്‍ നിന്ന് ഇനിയും വായിച്ചെടുക്കാം.

ദൈനംദിന ജീവിതത്തിന്‍റെ ചെറിയ, ചെറിയ ഭാവങ്ങളെ അതി സൂക്ഷ്മമായി ഈ സിനിമ പകര്‍ത്തുന്നുണ്ട്. പ്രമേയത്തിന്‍റെ ദുഃഖ സാന്ദ്രതയിലും, ജീവിതത്തിന്‍റെ സന്തോഷങ്ങളും, പ്രത്യാശയുമാണ് ഈ സിനിമയിലാകെ നിറയുന്നത്.

എല്ലാത്തരം പ്രേക്ഷകരേയും ഒരു പോലെ ആകര്‍ഷിക്കാന്‍ ഈ സിനിമയ്ക്കാവും. മെലോഡ്രാമകളില്‍ ഓര്‍ത്തിരിക്കാവുന്നതും, വീണ്ടും വീണ്ടും, കാണാന്‍ കഴിയുന്നതുമായ ഒരു സിനിമാ അനുഭവം തന്നെയാണ്
Christmas in August.







Sunday 18 May 2014

Show Me Love (Swedish 1998)

Director: Lukas Moodysson


രു വാചകത്തില്‍, "ഒരു കൌമാര ലെസ്ബിയന്‍ പ്രണയ കഥ "എന്ന്, ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സ്വീഡിഷ് നഗരമായ Åmålല്‍ നടക്കുന്ന ഈ ചിത്രം, കൌമാരക്കാരെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു നീങ്ങുന്നത്‌. കൌമാരക്കാരുടെ പ്രണയവും, തമാശകളും, പാര്‍ട്ടികളും, ഏകാന്തതയുമൊക്കെയായി മുന്നോട്ട് പോകുമ്പോഴും, സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചുള്ള വളരെ പുരോഗമനപരമായ ഒരു ചര്‍ച്ചയായി തീരാന്‍ Show Me Loveന് സാധിക്കുന്നുണ്ട്. സ്വവര്‍ഗ്ഗ അനുരാഗികള്‍ അനുഭവിക്കുന്ന മാനസിക സങ്കര്‍ഷങ്ങളും, സമൂഹം അവരോട് പുലര്‍ത്തുന്ന സമീപനവുമൊക്കെ, അതി വൈകാരികത ഇല്ലാതെ, ഈ സിനിമ തുറന്നു കാട്ടുന്നു. 

ലാളിത്യവും, സത്യസന്ധതയുമാണ്‌ ഈ സിനിമയെ ആകര്‍ഷണീയമാക്കുന്നത്. ലൈംഗിക അതിപ്രസരങ്ങളില്ലാതെ, വളരെ ലളിതമായിട്ട് സിനിമ പകര്‍ത്തപ്പെട്ടിരിക്കുന്നു. സ്ഥിരം സിനിമ ചിത്രീകരണ രീതികളില്‍ നിന്നും മാറി നടക്കുന്നതിനാല്‍, നമുക്ക് ചുറ്റും നടക്കുന്ന ഒരു സംഭവമായിട്ടാണ്, മൊത്തം സിനിമയും നമുക്ക് അനുഭവപ്പെടുന്നത്. വേഗത കുറഞ്ഞ ദ്രിശ്യങ്ങളും, "ഹാന്‍ഡ് ഹെല്‍ഡ് ക്യാമറാ ദ്രിശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളും, ചിലര്‍ക്കെങ്കിലും പ്രയാസം ഉണ്ടാക്കാം. പക്ഷേ, അതിനെ അതിജീവിക്കാനായാല്‍, വളരെ ആഹ്ലാദകരമായ ഒരു സിനിമ അനുഭവമാണ് Show Me Love

ഇത്രെയും ലളിതമായി, ആകര്‍ഷണീയമായി, ഇങ്ങനെ ഒരു പ്രമേയം പറയാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് Show Me Loveനെ വേറിട്ട്‌ നിര്‍ത്തുന്നത്. നിലവാരമുള്ള ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു "Must Watch" തന്നെയാണ്.