Sunday 5 January 2014

Ajami (Arab, 2009 )

Directors: Scandar Copti, Yaron Shani


2009 ലെ മികച്ച വിദേശ ചിത്രങ്ങള്‍ക്കുള്ള ഓസ്കാര്‍ അവാര്‍ഡിനുള്ള അവസാന പട്ടികയില്‍ ഇടം പിടിച്ച സിനിമ ആണ് Ajami. പാലെസ്തീന്‍, ഇസ്രയേല്‍ പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണമായ ലോകത്ത് നിന്ന് മനുഷ്യ ബന്ധങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഈ ചിത്രം. കലുഷിതമായ ഒരു രാഷ്ട്രീയ, സാമൂഹ്യ ജീവിതം, എങ്ങനെയാണ് വെക്തികളെയും അവരുടെ ജീവിതത്തെയും, ബാധിക്കുന്നതെന്ന് Ajami പറയുന്നു. പരസ്പരം ഇഴ ചേര്‍ന്ന് കിടക്കുന്ന 5 കഥകളാണ് ഈ ചിത്രം പറയുന്നത്. എല്ലാ പ്രശ്നവും പരിഹരിക്കുന്ന ഒരു നായകന്‍ ഈ ചിത്രത്തിലില്ല. പകരം, തങ്ങളുടെ പ്രശ്നങ്ങളുടെ ആഴക്കടലില്‍ മുങ്ങി താഴുന്ന ഒരു കൂട്ടം സാധാരണ മനുഷ്യര്‍ മാത്രമേ Ajamiയില്‍ ഉള്ളു. മതവും, ഭാഷയും, സംസ്കാരവും, രാഷ്ട്രീയവുമെല്ലാം മനുഷ്യനെ ഭിന്നിപ്പിക്കാന്‍ മാത്രം ഉപയോഗിക്കപ്പെടുന്ന കാലത്ത്, ആഗ്രഹമില്ലെങ്കിലും, പരസ്പരം പോരാടേണ്ടി വരുന്ന മനുഷ്യരുടെ വേദനകളാണ് Ajami പങ്കു വെയ്ക്കുന്നത്. എവിടെയാണ് യഥാര്‍ത്ഥ പ്രശനം എന്ന് അന്വേഷിച്ചാല്‍, മാര്‍ക്സിയന്‍ വാചകം കടമെടുക്കുകയെ നിവര്‍ത്തിയുള്ളു.

""It is not the consciousness of men that determines their existence, but their social existence that determines their consciousness."""(Marx)

പലെസ്തീന്‍-- ഇസ്രയേല്‍ പ്രശ്നം സംസാരിക്കുമ്പോള്‍ എല്ലാം പലെസ്തീന്‍ കവി MOHAMOUD DARWISH ന്‍റെ  കവിത കടന്നു വരും. എല്ലാ ദുരിത കയങ്ങള്‍ക്കിടയിലും സ്വന്തം നാട്ടില്‍ വേരൂന്നാന്‍ ശ്രമിക്കുന്നവന്‍റെ  വേദനകള്‍ ആ വരികളില്‍ ചോരപ്പാടുകള്‍ തീര്‍ത്തു കൊണ്ടിരിക്കുന്നു.



"""അവസാന അതിര്‍ത്തിയും മുറിച്ചു കടന്നു ഞങ്ങള്‍ എവിടേക്ക് പോകാനാണ്???""""""
""""അവസാന ആകാശത്തിനും അപ്പുറത്തേക്ക് പക്ഷികള്‍ എങ്ങോട്ട് പറക്കുവാനാണ്????"""""" 


ഈ സിനിമയുടെ ആത്മാവും ഈ വരികളിലുണ്ട്. 


CELTIC MUSIC- പ്രശാന്ത സംഗീതത്തിന്‍റെ സ്വപ്ന തീരത്ത്....................



20010 ല് പുറത്തിറങ്ങിയ "ഉറുമി" എന്ന ചിത്രത്തില്‍ എന്നെ വളരെ അധികം സ്വാധീനിച്ച ഒരു പാട്ടായിരുന്നു "ആരോ നീ ആരോ...".അതിലെ വരികളെക്കാള്‍, ഗായകരെക്കാള്‍ എന്നെ ആകര്‍ഷിച്ചത് അതിന്‍റെ സംഗീതമായിരുന്നു. അത് വരെ മലയാളത്തില്‍ കേള്‍ക്കാത്ത ഒരു സംഗീതം. പിന്നീടാണ് അത് CELTIC സംഗീതം ആണെന്ന് തിരിച്ചറിഞ്ഞത്. ലോകപ്രശസ്ത CELTIC ഗായിക Loreena McKennitt ന്‍റെ Caravanserai എന്ന ഗാനത്തിന്‍റെ  അടിച്ചു മാറ്റലോ, പുനരാവിഷകരണമോ ഒക്കെ ആയിരുന്നു "ആരോ നീ ആരോ".... ആ കഥ ഇപ്പോള്‍ കോടതിയില്‍ എത്തി നില്‍ക്കുന്നു. പക്ഷെ, എനിക്ക് ആ പാട്ട് ഒരു സ്വര്‍ണ താക്കോലായി മാറുകയായിരുന്നു. ഒറിജിനല്‍ Caravanserai തപ്പി യു ടുബില്‍ ചെന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. Caravanserai യുടെ ഒപ്പമോ, അതിനു മുകളിലോ നില്‍ക്കുന്ന എത്രെയോ പാട്ടുകള്‍.. . ഒപ്പം CELTIC MUSIC എന്ന ചേതോഹരമായ, ഇതുവരെ കാണാത്ത ഒരു സംഗീത ലോകവും. താമസിച്ചു പോയതില്‍ ഒരു പാട് നിരാശ തോന്നി. സംഗീതത്തിനു, വരികളും, വാക്കുകളും അപ്രസക്തമാണെന്ന്,(അനാവശ്യമാണെന്ന്) ആദ്യമായി ബോധ്യപ്പെട്ടു. ലോകത്തിന്‍റെ  മറു കോണില്‍ ഇത്രെയും പ്രശാന്തമായ സംഗീതമുണ്ടെന്ന തിരിച്ചറിവ് ഇപ്പോഴും അനുഭവിച്ചു തീര്‍ന്നിട്ടില്ല. യാഥാസ്ഥികമായ ഒരു സംഗീത ബോധമല്ല നമ്മള്‍ സൂക്ഷിക്കുന്നതെങ്കില്‍ ഒഴിവാക്കാനാകാത്ത ലോകമാകുന്നു CELTIC MUSIC. 

"ഹൃദയത്തിന് ഇത് വരെ തൊടാത്ത ആഴങ്ങള്‍ ഉണ്ടെന്നും, അവിടെ ചിലപ്പോഴൊക്കെ കാറ്റുകള്‍ വീശുമെന്നും  CELTIC MUSIC എന്നെ പഠിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു...."

Caravanserai---http://www.youtube.com/watch?v=4QpRCK1IbiE


The Sea Inside (Spanish: Mar adentro, 2004)

 Director: Alejandro Amenábar

സ്വയം മരിക്കാനുള്ള അവകാശം തേടി നീതി പീടങ്ങളോട് പോരാടിയ Ramón Sampedro ന്‍റെ ജീവിത കഥയാണ്  The Sea Inside. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്ത്, അപകടമുണ്ടായി കിടപ്പിലായ Ramón Sampedro ന്‍റെ  മനസിലെ തിരയൊടുങ്ങാത്ത ജീവിത കടലാണ് ഈ സിനിമ. കിടപ്പിലാനെങ്കിലും ജീവിതത്തെക്കുറിച്ച് ,അതിന്‍റെ  സ്വപ്ങ്ങളെക്കുറിച്ച് വളരെ തുറന്ന ഒരു കാഴ്ചപ്പാടാണ് അയാള്‍ സ്വീകരിക്കുന്നത്. ഇനിയൊരിക്കലും, തന്‍റെ പഴയ ജീവിതത്തിലേക്ക് ഒരു മടങ്ങി വരവ് സാധ്യമല്ല എന്ന് Ramón തിരിച്ചറിയുന്നു. അതുകൊണ്ട്, തന്നെ സ്നേഹിക്കുന്ന മുഴുവന്‍ പേരോടും അയാള്‍ ആവശ്യപെടുന്ന ഏക ആവശ്യം, തന്നെ മരിക്കാന്‍ സഹായിക്കുക എന്നത് മാത്രമാണ്. സ്നേഹത്തിന്‍റെ ഇത്രയും, വിചിത്ര വഴികള്‍ പരിചിതമില്ലാത്തത് കൊണ്ടാവാം ആരും, Ramónനെ സഹായിക്കാന്‍ മുന്നോട്ടു വരുന്നില്ല. തികച്ചും മാന്യമായ രീതിയില്‍ വിട പറയാന്‍ Ramón നിയമ പോരാട്ടവും നടത്തുന്നു. ഒപ്പം പുതിയ ചില വ്യെക്തികള്‍ കൂടി അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. നിയമമോ, തന്നെ സ്നേഹിക്കുന്നവരോ Ramón ആഗ്രഹിക്കുന്ന മരണത്തിലേക്കുള്ള "സഹായവുമായി" എത്തുമോ???

ഇതൊരു സിനിമ മാത്രമല്ല....ഇങ്ങനെയും ചിലര്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന തിരിച്ചറിവ് പലപ്പോഴും നല്ലതാണ്. ജീവിതം വളരെ വിചിത്രമാണെന്നും, നമ്മള്‍ പലപ്പോഴും കാണാതെ പോകുന്ന ഒരു പാട് യാഥാര്‍ത്യങ്ങള്‍  ഭൂമിയിലുണ്ടെന്നും, നമ്മുടെ ശരി ഒരു പാട് ശരികളില്‍ ഒന്ന് മാത്രമാണ് എന്ന് ആദ്യന്തം ഈ ചിത്രം പറഞ്ഞു കൊണ്ടേ ഇരുന്നു.

Ramón Sampedro ന്‍റെ  ജീവിതത്തെ അവാര്‍ഡുകള്‍ കൊണ്ട് വിലയിരുത്താന്‍ ആവില്ലെങ്കിലും, 2004ലെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ ഈ ചിത്രം നേടി.



Schindler's List (English, German 1993)

Director: Steven Spielberg



Steven Spielberg ന്‍റെ  എക്കാലത്തെയും മികച്ച ചിത്രമായി നിരൂപകര്‍ വാഴ്ത്തുന്ന ചിത്രമാണ് Schindler's List. Thomas Keneally എന്ന ആസ്ട്രേലിയന്‍ നോവലിസ്റ്റിന്‍റെ  "Schindler's Ark" എന്ന നോവലിന്‍റെ  ചലച്ചിത്ര ആവിഷ്കാരമാണ് ഈ ചിത്രം. നാസി ജെര്‍മനിയുടെ പിടിയില്‍ നിന്നും, ആയിരക്കണക്കിന് Polish-Jewish തടവുകാരെ രക്ഷിച്ച, ജര്‍മ്മന്‍ വ്യെവസായി ആയ Schindlerടെ ജീവിത പുസ്തകം ആണ് ഈ ചിത്രം. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഒരു സിനിമ എന്നതിലുപരി, ചരിത്ര താളുകളില്‍ പൊടിപിടിച്ചു കിടക്കുന്ന അനേകം അസാധാരണ ജീവിത കഥകളില്‍  ഒന്നിന്‍റെ വീണ്ടെടുപ്പാണ്  Schindler's List.

സിനിമ കണ്ടപ്പോള്‍ മുഴുവനും, ഞാന്‍ ആലോചിച്ചത് ഞാന്‍ അടക്കമുള്ള മനുഷ്യരെ ക്കുറിച്ചാണ്. എതു നിമിഷവും, സ്വയം നവീകരിക്കപെടാന്‍, സ്വയം തിരുത്തപെടാന്‍, സ്വയം മാതൃക ആകാനുള്ള ഒരു വലിയ സാധ്യത തന്നെയാണ് മനുഷ്യന്‍.... മിക്കപ്പോഴും, അത് നടക്കാറില്ലെങ്കിലും , Schindler പോലെ, ഗാന്ധിയെ പോലെ, ചെഗുവേരയെ പോലെ ചിലരെങ്കിലും, വെത്യസ്തര്‍ ആവുന്നു, അവര്‍ തങ്ങളുടെ പരിമിതികളെ മറികടക്കുന്നു. കാരണം, ചുറ്റും നിറയുന്ന വേദനകള്‍ തങ്ങളുടെ അല്ലെങ്കില്‍ കൂടി അവര്‍ വേദനിച്ചു കൊണ്ടേ ഇരിക്കുന്നു.....ഈ സിനിമ കാണാത്ത നഷ്ടം ഒട്ടും ചെറുതല്ല.........