Tuesday 20 May 2014

On the Job (Tagalog 2013)

Director: Erik Matti 


2013ല്‍, ഫിലിപ്പെന്‍സില്‍ നിന്ന് പുറത്തിറങ്ങിയ, action-thriller ശ്രേണിയില്‍ പെടുന്ന ചിത്രമാണ് On the Job. സമകാലീന ഫിലിപ്പെന്‍സ് സിനിമയിലെ ശ്രദ്ധേയമായൊരു സൃഷ്ടിയാണ് ഈ ചിത്രം. അധികാര കേന്ദ്രങ്ങളുടെ അഴിമതിയുടേയും, അവിശുദ്ധ കൂട്ടുകെട്ടുകളുടേയും സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തിലാണ് പ്രമേയപരമായി സിനിമ ഉറപ്പിച്ചിരിക്കുന്നത്.

ഉന്നത കേന്ദ്രങ്ങള്‍ക്കു വേണ്ടി, ജയിലില്‍ നിന്നും അവരുടെ സഹായത്തോടെ പുറത്തിറങ്ങി കൊല നടത്തിയ ശേഷം, തിരികെ ജയിലില്‍ തന്നെ ഒളിക്കുന്ന രണ്ട് വാടക കൊലയാളികള്‍... അഴിമതിയിലും, അക്രമത്തിലും മുങ്ങിയ ഒരു സംവിധാനത്തില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന മറ്റു രണ്ടു പേര്‍... അവിചാരിതമായി, ഒരേ വഴിയില്‍ കണ്ടു മുട്ടുന്ന ഈ നാലുപേരുടെ കുടുംബ ബന്ധങ്ങളിലൂടെയും, അസ്വസ്ഥമായ ജീവിതത്തിലൂടെയുമാണ് സിനിമയുടെ യാത്ര. നന്മയുടേയും, തിന്മയുടേയും നേര്‍ത്ത അതിര്‍ത്തിവരമ്പുള്‍ക്ക് ഇരു വശവും നിന്ന് പോരാടുന്നവരാണ് ഈ സിനിമയിലുള്ളത്. അതുകൊണ്ട് തന്നെ, പലയിടത്തും അപ്രതീക്ഷിതമായൊരു കഥാവഴിയാണ് ഈ സിനിമയ്ക്കുള്ളത്.

A Prophet (2009), Infernal Affairs(2002),Elite Squad (2007, 2010) തുടങ്ങിയ നല്ല സിനിമകളെ,
On the Job ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നുണ്ട്. ഈ സിനിമകളുടെ നിലവാരത്തെ മറികടക്കുന്നില്ലെങ്കിലും, ആ നിലവാരത്തിലേക്കുയരാനുള്ള മികച്ചൊരു ശ്രമം ഈ സിനിമയിലുണ്ട്. യാഥാര്‍ത്ഥ്യ ബോധമുള്ള രംഗങ്ങളും, ചാരുതയുള്ള ഫ്രെയിമുകളും, ഉജ്ജ്വലമായ അഭിനയവും ഈ സിനിമയ്ക്ക് മുതല്‍ക്കൂട്ടാവുന്നു. ഫിലിപ്പെന്‍സിന്‍റെ സാമൂഹിക, രാഷ്ട്രീയ ഭാവങ്ങളെ പ്രേക്ഷരിലേക്കെത്തിക്കുന്നതിലും ഈ സിനിമ വിജയിച്ചിട്ടുണ്ട്. 


കാന്‍ ചലച്ചിത്ര മേളയുടെ മത്സരേതര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിന്‍റെ അമേരിക്കന്‍ പതിപ്പും, അധികം വൈകാതെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്.

യാഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രമാണ്
On the Job, എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. അഴിമതിയുടെ കാര്യത്തില്‍ ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുന്ന ഒരു രാജ്യമാണ് ഫിലിപ്പെന്‍സ് എന്നത് കൊണ്ട് തന്നെ, നിര്‍മ്മാതാക്കളുടേത് ഒരു അവകാശവാദം മാത്രമായി തള്ളിക്കളയാനാവില്ല. 

വേഗതയില്‍ സഞ്ചരിക്കുന്ന, ത്രില്ലര്‍ സിനിമയുടെ ചേരുവകള്‍ നന്നായി കലര്‍ന്ന സിനിമ എന്ന നിലയില്‍, ഇത്തരം സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പരീക്ഷിക്കാവുന്ന സിനിമ അനുഭവമാണ് On the Job.