Thursday 2 January 2014

The Way Back (English, Russian-- 2010)



Director: Peter Weir

ണ്ടാം ലോക മഹായുദ്ധ കാലത്ത്, സൈബീരിയന്‍ ജയിലില്‍, സോവിയറ്റ്‌ സര്‍ക്കാര്‍ തടവിലാക്കുന്ന ഒരു കൂട്ടം തടവുകാരുടെ, രക്ഷപെടലും, വീട്ടിലേക്കുള്ള മടക്കയാത്രയുമാണ് The Way Back പകര്‍ത്തുന്നത്. ദുരിതവും, പട്ടിണിയും സഹിക്ക വയ്യാതെയാണ് ഇവര്‍ രക്ഷപെടാന്‍ തീരുമാനിക്കുന്നത്. സ്വാതന്ത്ര്യ മോഹവും, അകലങ്ങളില്‍ കാത്തിരിക്കുന്ന "വീടും" ദുരിത പൂര്‍ണ്ണമായ ആ രക്ഷപെടലിനു കൂട്ടായി എത്തുന്നു. എന്നാല്‍ ഈ യാത്ര ഒട്ടും സുഖകമായിരുന്നില്ല. പിച്ചി ചീന്താന്‍ കാത്തിരിക്കുന്ന കാലാവസ്ഥയും, പട്ടിണിയും, അവരുടെ യാത്ര നരകത്തിലൂടെയാക്കുന്നു . എങ്കിലും അവര്‍ മുന്നോട്ടു തന്നെയാണ് . യാത്രയുടെ പലയിടത്തും ഇവരുടെ വ്യെക്തി ജീവിതത്തിലേക്കും സിനിമ സഞ്ചരിക്കുന്നു. പരസ്പരം സമാനതകള്‍ ഒന്നും പുലര്‍ത്താത്ത അവര്‍ക്കിടയിലേക്ക്, വഴിയിലെവിടെയോ വെച്ച് Irena എന്ന പെണ്‍കുട്ടിയും കടന്നു വരുന്നു. Irenaയെ സ്വീകരിക്കാന്‍ അവര്‍ ആദ്യം തയാറാകുന്നില്ല. എന്നാല്‍ പിന്നിടെപ്പോഴോ അവള്‍ ആ യാത്രയുടെ മുഴുവന്‍ പ്രത്യാശയും, ആശ്വാസവും ആയി തീരുകയാണ്. സൈബീരിയില്‍ തുടങ്ങുന്ന ഈ കാല്‍ നട യാത്ര അവസാനിക്കുന്നത് ഇന്ത്യയിലാണ്. പക്ഷെ, എത്രപേര്‍ അവിടെ വരെ അവശേഷിക്കുമെന്നോ, അതിലെത്രപേര്‍ തങ്ങളുടെ വീട്ടിലെത്തുമെന്നോ പ്രവചിക്കുക അസാധ്യം.

മഞ്ഞു മൂടിയ മലകളും, മരുഭൂമിയും, കൊടും വനങ്ങളും താണ്ടുന്ന The Way Back അതിജീവനത്തെക്കുറിച്ചു സംസാരിക്കുന്ന  മികച്ച ചിത്രങ്ങളിലൊന്നാണ്. ഈ ദുരിത യാത്രയുടെ ആദ്യാവസാനം, പ്രേക്ഷകനെ തങ്ങള്‍ക്കൊപ്പം നടത്താനും, വേദനിപ്പിക്കാനും ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്.



The Secret in Their Eyes (Spanish , 2009)


Director: Juan J. Campanella




ല്ലാവരുടെയും കണ്ണുകളില്‍ ഒരു രഹസ്യം ഉണ്ടോ? ഉണ്ടെന്നാണ് The Secret in Their Eyes പറയുന്നത്. നീണ്ട കാലത്തെ federal agent ജോലിക്ക് ശേഷം വിരമിച്ച Benjamín Espósito ഇനി നോവലെഴുതി സമയം ചിലവഴിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഔദ്യോഗിക ജീവിതത്തില്‍, അയാളെ ഒരു പാട് വേട്ടയാടിയ ഒരു കൊലപാതകം തന്നെ തന്‍റെ നോവലിന്‍റെ കഥാതന്തു ആക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. ഇപ്പോഴും അവസാനിക്കാത്ത ആ കേസിനു പിന്നാലെയുള്ള Benjamínന്‍റെ അന്വേഷണമാണ് The Secret in Their Eyes. 
Benjamín ന്‍റെ  ജീവിതത്തിന്‍റെ ഗതി തന്നെ മാറ്റിമറിച്ചത്, വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ആ പെണ്കുട്ടിയുടെ കൊലപാതകമായിരുന്നു. കൊലയാളിയെ കണ്ടെത്തിയെങ്കിലും, Benjamín നു മുന്‍പിലൂടെ അയാള്‍ വഴുതിപ്പോയി....... കൊല്ലപെട്ട പെണ്കുട്ടിയുടെ ഭര്‍ത്താവ് വര്‍ഷങ്ങളോളം, ആ കൊലയാളിയെ കാത്തിരുന്നു..... അന്വേഷണത്തില്‍ പങ്കെടുത്ത Benjamín ന്‍റെ സുഹൃത്ത് പാതിവഴിയില്‍ കൊല്ലപെട്ടു......അങ്ങനെ ...അങ്ങനെ..... മറക്കാന്‍ കഴിയാത്ത ഒരു പാട് വേദനകള്‍ ബാക്കിവെച്ചു പോയ ആ കൊലപാതകത്തിലേക്ക് Benjamín വീണ്ടും തിരിച്ചു നടക്കുകയാണ്.

കാലത്തിനു പിന്നിലെക്കുള്ള ഈ യാത്രയില്‍ Benjamín നു കൂട്ടായി അയാളുടെ പഴയ സഹപ്രവര്‍ത്തകയും ചേരുന്നു. അവര്‍ക്കിടയില്‍ അവര്‍ പരസ്പരം പറയാതെ പോയ ചില രഹസ്യങ്ങള്‍ കൂടിയുണ്ട് . വര്‍ഷങ്ങള്‍ക്കിപ്പുറവും ആ രഹസ്യങ്ങള്‍ തളിര്‍ത്തു തന്നെ നില്‍ക്കുന്നു. അങ്ങനെ ഒരുപാടു രഹസ്യങ്ങളിലേക്കുള്ള ഒരു യാത്രയാണ് The Secret in Their Eyes
പ്രണയവും,പ്രതികാരവുമൊക്കെ നന്നായി കലര്‍ന്ന ഒരു അന്വേഷണ ചിത്രമാണിത്. അത് കൊണ്ട് തന്നെയാണ് മികച്ച വിദേശ ചിത്രത്തിനുള്ള 2009ലെ ഓസ്ക്കാര്‍ "The Secret in Their Eyes" കരസ്ഥമാക്കിയത്.ഈ ചിത്രത്തില്‍ എന്നെ വളരെ ആകര്‍ഷിച്ച ഒരു സംഭാഷണമാണ് ഇത്
....................................

"A guy can change anything. His face, his home, his family, his girlfriend, his religion, his God. But there's one thing he can't change. He can't change his passion."