Wednesday 21 May 2014

The Vanishing / "Spoorloos" (Dutch 1988)

Director: George Sluizer

Tim Krabbé യുടെ Golden Egg എന്ന നോവലിന്‍റെ സിനിമ ആവിഷ്കാരമാണ്, 1988 പുറത്തിറങ്ങിയ ഡച്ച് ചിത്രമായ The Vanishing. ഡച്ച് സംവിധായകനായ George Sluizer ആണ് Mystery - Psychological Thriller ശ്രേണിയില്‍ പെടുത്താവുന്ന ഈ ചിത്രം രൂപപ്പെടുത്തിയത്.

ഒഴിവു ദിനം ആഘോഷിക്കാന്‍ പോകുന്ന Rex ന്‍റെയും അയാളുടെ കാമുകിയായ Saskiaയിലൂടെയുമാണ് ചിത്രം ആരഭിക്കുന്നത്. യാത്രയ്ക്കിടയില്‍, വളരെ അവിചാരിതമായി, ഒരു ഷോപ്പിംഗ്‌ മാളില്‍ വെച്ച് Saskiaയെ കാണാതാകുന്നു. അസ്വസ്ഥനായ Rex, കാമുകിയെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരഭിക്കുകയാണ്. എന്നാല്‍ യാതൊരു തെളിവും അവശേപ്പിക്കാതെയാണ് Saskia അപ്രത്യക്ഷയായിരിക്കുന്നത്. Rexന്‍റെ അന്വേഷണങ്ങള്‍ എവിടെയുമെത്താതെ ഇപ്പോഴും തുടരുന്നു. എല്ലാം കണ്ടുകൊണ്ട്‌, നിശബ്ദനായ "ആ കുറ്റവാളിയും" ചില തയ്യാറെടുപ്പുകളിലാണ്.

Mystery - Psychological Thriller സിനിമകള്‍ കാണാനാഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്നാണിത്. വേഗത കുറഞ്ഞ ഫ്രയിമുകളിലൂടെ ക്രൂരതയുടെ മരവിപ്പ് അനുഭവിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ, ബഹളമയമായ Thriller സിനിമകളില്‍ നിന്ന് വഴി മാറിയാണ്
"The Vanishing" സഞ്ചരിക്കുന്നത്.

ഓര്‍മ്മകളില്‍ നിന്ന് പെട്ടന്നൊന്നും മടങ്ങാത്ത "അതിമനോഹരമായ" ഒരു ക്ലൈമാക്സ് കൂടി ഈ ചിത്രത്തിനുണ്ട്. ഈ ചിത്രത്തിലെ "അതിമനോഹരമായ" രംഗവും അത് തന്നെ. നിലവില്‍ Imdb യില്‍ 7.8ഉം, Rottentomatoesല്‍ 100 ശതമാനം നിരൂപക പിന്തുണയും ഈ ചിത്രത്തിനുണ്ട്.

കാണാന്‍ പോകുന്നവര്‍ക്കായി ഒരു മുന്നറിയിപ്പ്: ഈ ചിത്രം 1993ല്‍ ഇതേ സംവിധായകന്‍ തന്നെ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയുണ്ടായി. ക്ലൈമാക്സില്‍ മാറ്റങ്ങളൊക്കെ വരുത്തിയാണ്, ഈ റീമേക്ക് പുറത്തിറങ്ങിയത്. അതുകൊണ്ടൊക്കെയാവണം, മോശം റീമേക്ക്കളില്‍ ഒന്നായിട്ടാണ് ഈ ചിത്രം വിലയിരുത്തപ്പെട്ടത്.

കാണാന്‍ ആഗ്രഹിക്കുന്നവര്‍, ഡച്ച് ഭാഷയിലുള്ള 1988 ലെ ഒറിജിനല്‍ സിനിമ തന്നെ കാണുക.