Monday 3 March 2014

The Bridge on the River Kwai (English 1957)

Director: David Lean
ഹോളിവുഡിലെ, എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ David Leanന്‍റെ വളരെ പ്രസിദ്ധമായ സിനിമകളിലൊന്നാണ് The Bridge on the River Kwai. അക്കാദമി അവാർഡുകൾ, എക്കാലത്തേയും മികച്ച സിനിമകളുടെ പട്ടികകളിലെ സ്ഥാനം... അങ്ങനെയങ്ങനെ..വിശാലമായൊരു ചരിത്രവും, സജീവമായൊരു വർത്തമാനവും, ശോഭനമായൊരു ഭാവിയുമുള്ള ചിത്രമാണിത്. യുദ്ധ പശ്ചാത്തലത്തിൽ കഥ പറയുന്ന, ത്രില്ലർ ശ്രേണിയിൽ ഉൾപ്പെടുത്താവുന്ന ഒരു യുദ്ധ-വിരുദ്ധ ചിത്രമാകുന്നു The Bridge on the River Kwai .

രണ്ടാം ലോക മഹായുദ്ധകാലത്ത്, ജാപ്പനീസ് സൈന്യത്തിന്‍റെ പിടിയിലാകുന്ന ബ്രിട്ടീഷ് സൈനികരിലൂടെ, അവരുടെ കമാണ്ടറിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. തടവുകാരായ സൈനികരെ ഉപയോഗിച്ച്, Kwai നദിക്കു കുറുകെ ഒരു പാലം നിർമ്മിക്കാൻ, ജാപ്പനീസ് കമാണ്ടറായ Saito തീരുമാനിക്കുന്നു. കഥാ വഴിയിലെവിടെയോ, തടവുകാർ തങ്ങളുടെ അഭിമാന പ്രശ്നമായി ഈ പാല നിർമ്മാണം ഏറ്റെടുക്കുന്നു. സൈനിക നീക്കത്തിൽ നിർണ്ണായകമായേക്കാവുന്ന ഈ പാലം തകർക്കാൻ മറ്റൊരു ബ്രിട്ടീഷ് സൈനിക സംഘവും തീരുമാനിക്കുന്നു. ഇവിടെയാണ്‌ സിനിമ ത്രില്ലർ സിനിമകളുടെ പൂർണ്ണതയിലേക്കെത്തുന്നത്.

പുറം കാഴ്ചയിലെ ത്രില്ലർ എന്നതിലുപരി, ആശയപരമായി ഒരു പാട് ആഴങ്ങളുള്ള സിനിമയാണിത്. ശരികളും, തെറ്റുകളും ആപേക്ഷികമാണെന്നും, എല്ലാ യുദ്ധങ്ങളും മനുഷ്യ വിരുദ്ധമാണെന്നും സിനിമ ഓർമ്മിപ്പിക്കുന്നു. സിനിമയുടെ, സാങ്കേതികവും, അല്ലാത്തതുമായ എല്ലാ തലങ്ങളിലും, ഈ സിനിമ ഒരു പാഠപുസ്തകമാവേണ്ടതാണ്. സങ്കീർണ്ണമായ കഥാ പാത്രങ്ങളും, അതിലും സങ്കീർണ്ണമായ കഥാ സന്ദർഭങ്ങളും, കിടയറ്റ സംവിധാന മികവും ചേർന്ന്, ഒരു ക്ലാസിക് സിനിമയുടെ പരിവേശം ഈ സിനിമയ്ക്ക് ചുറ്റുമുണ്ട്.

പഴയ സിനിമകൾ കാണാൻ, കാരണമില്ലാത്തൊരു വിമുഖത കുറച്ചു കാലം മുൻപ് വരെ എനിക്കുണ്ടായിരുന്നു. അതൊരു വലിയ മണ്ടത്തരമാണെന്ന് ബോധ്യപ്പെടുത്തിയത്തിൽ ഈ സിനിമയ്ക്കും ചെറുതല്ലാത്തൊരു പങ്കുണ്ട്.