Monday 10 March 2014

Nobody Knows (Japanese 2004)

Director: Hirokazu Koreeda

റ്റവും മികച്ച  നടനുള്ള 2004 ലെ കാന്‍ പുരസ്കാരം,  Yūya Yagira എന്ന 14 വയസ്സുകാരനു നേടികൊടുത്ത ചിത്രമാണ് Nobody Knows. 

നിര്‍ഭാഗ്യവശാല്‍, 1988ല്‍  ജപ്പാനില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നുള്ള പ്രചോദനമാണ് ഈ സിനിമ. തങ്ങളെ ഉപേക്ഷിച്ച് പോയ അമ്മയെ കാത്ത്...ഒരു ഇടുങ്ങിയ മുറിയുടെ വീര്‍പ്പുമുട്ടലില്‍, സ്കൂളില്‍ നിന്നും, ബാല്യത്തിന്‍റെ സന്തോഷങ്ങളില്‍ നിന്നുമകന്ന്‍, ഓരോ ദിനവും  തള്ളിനീക്കുന്ന 4 കുട്ടികളുടെ ജീവിതമാണ് ഈ സിനിമ. അമ്മ പോകുന്നതോടെ, കുടുംബത്തിന്‍റെ മുഴുവന്‍ ഭാരവും മൂത്തകുട്ടിയായ  12 വയസ്സുകാരനിലേക്കെത്തുന്നു. ദിനംപ്രതി സങ്കീര്‍ണ്ണമാകുന്ന പ്രശ്നങ്ങളളേയും, കുട്ടികളുടെ അതിജീവന ശ്രമങ്ങളേയും അവരുടെ കാഴ്ച്ചപ്പാടിലൂടെ Nobody Knows പിന്തുടരുകയാണ്.   


ഉപേക്ഷിക്കപ്പെട്ടുപോയ കുഞ്ഞുങ്ങളുടെ ജീവിതത്തെ, അവരുടെ വൈകാരിക തലങ്ങളിലൂടെ, അവരുടെ വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നിടത്താണ് ഈ സിനിമ വേറിട്ട്‌ നില്‍ക്കുന്നത്. കുഞ്ഞുങ്ങളുടെ ലോകത്തെ, അതിസൂക്ഷ്മമായി നിരീക്ഷിക്കാനും, നിരീക്ഷണങ്ങളെ വൈകാരിക തീവ്രതയോടെ പ്രേക്ഷകനിലേക്കെത്തിക്കാനും സംവിധായന് കഴിഞ്ഞു. അതുകൊണ്ട് തന്നെ, ഒരു വലിയ വേദനയായി ഈ സിനിമ നമ്മളെ സ്പര്‍ശിക്കും.


ഈ സിനിമയെ " ഒരു ജീവിതാനുഭവമായി" അവതരിപ്പിച്ച കുട്ടികളുടെ അഭിനയ പാടവം ശ്രദ്ധേയമാണ്.          


വേഗത കുറഞ്ഞ ഫ്രെയിമുകളില്‍ നീങ്ങുന്നത്‌ കൊണ്ട് തന്നെ, എല്ലാത്തരം പ്രേക്ഷകരും ഈ സിനിമയെ ആദ്യന്തം പിന്തുടരുമോ എന്നെനിക്കറിയില്ല. പക്ഷേ, മികച്ച ജീവിതാനുഭവങ്ങളും, മികച്ച സിനിമ അനുഭവങ്ങളും കാണാനാഗ്രഹിക്കുന്നവര്‍ക്ക് Nobody Knows ഒരു Must Watch തന്നെയാണ്.


ആദ്യം സൂചിപ്പിച്ചതു പോലെ,  ഇതൊരു യാഥാര്‍ത്ഥ സംഭവത്തിന്‍റെ "വേദന കുറച്ച്" പകര്‍ത്തിയ ആഖ്യാനമാണ്. യഥാര്‍ത്ഥ വേദനകളും, അതിജീവനങ്ങളും ഇതിലും  എത്രെയോ ഭീകരമായിരുന്നിരിക്കണം !     

Hirokazu Koreeda യുടെ സിനിമകള്‍ ഇതു വരെ കാണാതിരുന്നത് ഒരു വലിയ നഷ്ടമായിപ്പോയി. 

    

Monday 3 March 2014

The Bridge on the River Kwai (English 1957)

Director: David Lean
ഹോളിവുഡിലെ, എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ David Leanന്‍റെ വളരെ പ്രസിദ്ധമായ സിനിമകളിലൊന്നാണ് The Bridge on the River Kwai. അക്കാദമി അവാർഡുകൾ, എക്കാലത്തേയും മികച്ച സിനിമകളുടെ പട്ടികകളിലെ സ്ഥാനം... അങ്ങനെയങ്ങനെ..വിശാലമായൊരു ചരിത്രവും, സജീവമായൊരു വർത്തമാനവും, ശോഭനമായൊരു ഭാവിയുമുള്ള ചിത്രമാണിത്. യുദ്ധ പശ്ചാത്തലത്തിൽ കഥ പറയുന്ന, ത്രില്ലർ ശ്രേണിയിൽ ഉൾപ്പെടുത്താവുന്ന ഒരു യുദ്ധ-വിരുദ്ധ ചിത്രമാകുന്നു The Bridge on the River Kwai .

രണ്ടാം ലോക മഹായുദ്ധകാലത്ത്, ജാപ്പനീസ് സൈന്യത്തിന്‍റെ പിടിയിലാകുന്ന ബ്രിട്ടീഷ് സൈനികരിലൂടെ, അവരുടെ കമാണ്ടറിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. തടവുകാരായ സൈനികരെ ഉപയോഗിച്ച്, Kwai നദിക്കു കുറുകെ ഒരു പാലം നിർമ്മിക്കാൻ, ജാപ്പനീസ് കമാണ്ടറായ Saito തീരുമാനിക്കുന്നു. കഥാ വഴിയിലെവിടെയോ, തടവുകാർ തങ്ങളുടെ അഭിമാന പ്രശ്നമായി ഈ പാല നിർമ്മാണം ഏറ്റെടുക്കുന്നു. സൈനിക നീക്കത്തിൽ നിർണ്ണായകമായേക്കാവുന്ന ഈ പാലം തകർക്കാൻ മറ്റൊരു ബ്രിട്ടീഷ് സൈനിക സംഘവും തീരുമാനിക്കുന്നു. ഇവിടെയാണ്‌ സിനിമ ത്രില്ലർ സിനിമകളുടെ പൂർണ്ണതയിലേക്കെത്തുന്നത്.

പുറം കാഴ്ചയിലെ ത്രില്ലർ എന്നതിലുപരി, ആശയപരമായി ഒരു പാട് ആഴങ്ങളുള്ള സിനിമയാണിത്. ശരികളും, തെറ്റുകളും ആപേക്ഷികമാണെന്നും, എല്ലാ യുദ്ധങ്ങളും മനുഷ്യ വിരുദ്ധമാണെന്നും സിനിമ ഓർമ്മിപ്പിക്കുന്നു. സിനിമയുടെ, സാങ്കേതികവും, അല്ലാത്തതുമായ എല്ലാ തലങ്ങളിലും, ഈ സിനിമ ഒരു പാഠപുസ്തകമാവേണ്ടതാണ്. സങ്കീർണ്ണമായ കഥാ പാത്രങ്ങളും, അതിലും സങ്കീർണ്ണമായ കഥാ സന്ദർഭങ്ങളും, കിടയറ്റ സംവിധാന മികവും ചേർന്ന്, ഒരു ക്ലാസിക് സിനിമയുടെ പരിവേശം ഈ സിനിമയ്ക്ക് ചുറ്റുമുണ്ട്.

പഴയ സിനിമകൾ കാണാൻ, കാരണമില്ലാത്തൊരു വിമുഖത കുറച്ചു കാലം മുൻപ് വരെ എനിക്കുണ്ടായിരുന്നു. അതൊരു വലിയ മണ്ടത്തരമാണെന്ന് ബോധ്യപ്പെടുത്തിയത്തിൽ ഈ സിനിമയ്ക്കും ചെറുതല്ലാത്തൊരു പങ്കുണ്ട്.