Monday 19 May 2014

Christmas in August (Korean 1998)

Director: Hur Jin-ho

1998ല്‍ പുറത്തിറങ്ങിയ, കൊറിയന്‍ മെലോഡ്രാമയാണ് Christmas in August. കൊറിയന്‍ സിനിമാ രംഗത്ത്, ഉജ്ജ്വലമായ വിജയം നേടിയ ഈ ചിത്രം, പിന്നീട് വന്ന ഒരുപാട് സിനിമകള്‍ക്ക്‌ പ്രചോദനമായി തീരുകയുണ്ടായി. ആഖ്യാന തലത്തിലും, പ്രമേയ തലത്തിലും, ഈ മെലോഡ്രാമ ഒരു നവ്യാനുഭവമായിരുന്നു. മിക്ക മെലോഡ്രാമകളിലും നമ്മള്‍ കണ്ട, അതേ കഥാ വഴിയാണ് ഈ സിനിമയ്ക്കുമുള്ളത്. "അവിചാരിതമായി കണ്ടുമുട്ടുന്ന നായകനും, നായികയും ... പ്രണയം...കൂട്ടത്തിലൊരാളെ കാത്തിരിക്കുന്ന മരണം."

പക്ഷേ, ക്ലീഷേ ആയി തോന്നാവുന്ന ഈ കഥാവഴിയിലും, ഹൃദ്യമായൊരു പുതുമയും, ആകര്‍ഷകത്വവും ഈ സിനിമയ്ക്കുണ്ട്. സ്ഥിരം മെലോഡ്രാമകളിലെ, അതി വൈകാരികത ഈ സിനിമ കാത്തുവെയ്ക്കുന്നില്ല . മനോഹരവും, അര്‍ത്ഥ ദീപ്തവുമായ ഫ്രെയിമുകള്‍, വേഗത കുറഞ്ഞ സഞ്ചാരം, മികച്ച ജീവിത നിരീക്ഷണങ്ങള്‍, കൂടുതല്‍ സൂക്ഷ്മ വായനയില്‍ ഒരുപാട് പ്രത്യേകതകള്‍ ഈ സിനിമയില്‍ നിന്ന് ഇനിയും വായിച്ചെടുക്കാം.

ദൈനംദിന ജീവിതത്തിന്‍റെ ചെറിയ, ചെറിയ ഭാവങ്ങളെ അതി സൂക്ഷ്മമായി ഈ സിനിമ പകര്‍ത്തുന്നുണ്ട്. പ്രമേയത്തിന്‍റെ ദുഃഖ സാന്ദ്രതയിലും, ജീവിതത്തിന്‍റെ സന്തോഷങ്ങളും, പ്രത്യാശയുമാണ് ഈ സിനിമയിലാകെ നിറയുന്നത്.

എല്ലാത്തരം പ്രേക്ഷകരേയും ഒരു പോലെ ആകര്‍ഷിക്കാന്‍ ഈ സിനിമയ്ക്കാവും. മെലോഡ്രാമകളില്‍ ഓര്‍ത്തിരിക്കാവുന്നതും, വീണ്ടും വീണ്ടും, കാണാന്‍ കഴിയുന്നതുമായ ഒരു സിനിമാ അനുഭവം തന്നെയാണ്
Christmas in August.