Wednesday 2 April 2014

Infernal Affairs (film series 2002-2003, Cantonese )


Directors:::Andrew Lau, Alan Mak


2
006ല്‍ പുറത്തിറങ്ങിയ, Martin Scorsese യുടെ "The Departed" കണ്ട നാള്‍ മുതല്‍, "Infernal Affairs" എന്ന ഹോങ്ങ് കോങ്ങ് സിനിമയെക്കുറിച്ച് കേള്‍ക്കുന്നുണ്ടായിരുന്നു. "Infernal Affairs" സീരീസിന്‍റെ, ഹോളിവുഡ് റീമേക്ക് ആണ് "The Departed" എന്നറിഞ്ഞപ്പോഴും, "Infernal Affairs" കാണാനേ തോന്നിയില്ല. 2002 ല്‍ പുറത്തിറങ്ങിയ "Infernal Affairs" ഒന്നാം ഭാഗത്തേയും, അടുത്ത വര്‍ഷം പുറത്തിറങ്ങിയ, രണ്ടും, മൂന്നും ഭാഗങ്ങളേയും ചേര്‍ത്താണ് "The Departed" നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ ഇപ്പോഴും ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന ഒരു ചിത്രമായി "The Departed" മാറി എന്നത്, നമുക്ക് മുന്നിലുള്ള ചരിത്രം. ദുരന്ത സൌന്ദര്യം വാര്‍ന്നൊഴുകുന്ന, വികാരതീക്ഷ്ണവും, സങ്കര്‍ഷഭരിതവുമായൊരു കഥാവഴിയായിരുന്നു "The Departed"നുണ്ടായിരുന്നത്. "The Departed" ലൂടെ പരിചിതമായതും, അനുഭവിച്ചറിഞ്ഞതുമായ, ആ കഥാവഴിയിലൂടെ "Infernal Affairs" കണ്ടാല്‍, അത് ആസ്വദിക്കാനാവില്ല എന്ന മുന്‍വിധിയില്‍, "Infernal Affairs"ലേക്കുള്ള ദൂരം ഞാന്‍ വീണ്ടും, വീണ്ടും നീട്ടി എടുക്കുകയായിരുന്നു.

"Infernal Affairs" സീരീസിലെ മൂന്ന് ചിത്രങ്ങള്‍ ഇപ്പോള്‍ കണ്ടു തീരുമ്പോള്‍, മുന്‍വിധികള്‍ എത്രത്തോളം അര്‍ത്ഥ ശൂന്യമാണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഉജ്ജ്വലമായൊരു സിനിമ അനുഭവം തന്നെയാണ് "Infernal Affairs". ആഴവും, പരപ്പുമുള്ള ജീവിതവീക്ഷണവും, ചോര്‍ന്നു പോകാത്ത വൈകാരിക തീവ്രതയും ഈ സിനിമയില്‍ മനോഹരമായി സമ്മേളിക്കുന്നു.

"Infernal Affairs"
നേക്കുറിച്ച് പറയുമ്പോള്‍, പലരും സൂചിപ്പിക്കുന്നത്, ആ പരമ്പരയിലെ ആദ്യ ചിത്രത്തെക്കുറിച്ച് മാത്രമാണ്. എന്നാല്‍ ആ പരമ്പരയിലെ മൂന്ന്‍ ചിത്രങ്ങളേയും ഒന്നിച്ചു തന്നെ കാണണം. മൂന്ന് സിനിമകളാണെങ്കിലും, അതൊരറ്റ സിനിമയും, ഒരൊറ്റ ജീവിത വിഹ്വലതയുമാണ്‌. മൂന്ന്‍ സിനിമകളും, പരസ്പരം നിര്‍മ്മിക്കുകയും, പരസ്പരം പൂര്‍ണ്ണതയിലേക്കെത്തുകയും ചെയ്യുന്നു. "Infernal Affairs" ന്‍റെ ആഴവും, പരപ്പും അറിയണമെങ്കില്‍, മൂന്ന് സിനിമകളും കണ്ടേ തീരു.
"Infernal Affairs"സിനിമകളെല്ലാം അവലംബിച്ചിരിക്കുന്നത്‌, ബുദ്ധമതത്തിന്‍റെ, നരകത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളേയാണ്. വിശ്വാസികള്‍ Avici എന്ന് വിളിക്കുന്ന, സ്ഥലകാല പരിമിതികളില്ലാത്ത, നിലയ്ക്കാത്ത വേദനയുടെ ഈ നരക സങ്കല്‍പ്പത്തെ, മയക്കുമരുന്നിന്‍റെയും, ചോരയുടേയും മണമുള്ള ഹോങ്ങ്കോങ്ങ് നഗരമായി പുനസൃഷ്ട്ടിക്കുകയാണ് സംവിധായകന്‍. ഒരു വശത്ത്‌ അധോലോക സംഘങ്ങളും, മറുവശത്ത് നിയമപാലകരും നിലയുറപ്പിക്കുമ്പോള്‍, വെഗതയില്‍ സഞ്ചരിക്കുന്ന, ലക്ഷണമൊത്ത ക്രൈം-ത്രില്ലെര്‍ ആയി "Infernal Affairs" പരിണമിക്കുന്നു. ഇരു നായകന്മാരില്‍ ഒരാള്‍ പോലീസായി ജോലിചെയ്തു കൊണ്ട്, അധോലോകത്തിന്‍റെ ഒറ്റുകാരനാവുമ്പോള്‍, മറ്റേയാള്‍ പോലീസിനു വേണ്ടി അധോലോകത്തിലെ ചാരനാകുന്നു. നീണ്ട കാലത്തെ, സങ്കര്‍ഷ ഭരിതമായ ഇവരുടെ നിഴല്‍ ജീവിതത്തെ കേന്ദ്രീകരിച്ച്, ഇരുവര്‍ക്ക് ചുറ്റുമുള്ള ഒരുപാട് പേരുടെ കഥ കൂടിയാണ് ഈ സിനിമ പറയുന്നത്.

എങ്കിലും, അസ്ഥിരവും, അപകടകരവുമായ ലോകത്തില്‍, രണ്ട് വ്യക്തികള്‍ നേരിടുന്ന അസ്‌തിത്വ പ്രശ്നം തന്നെയാണ് ഈ സിനിമയുടെ ഹൃദയം. ആഗ്രഹമില്ലെങ്കിലും, നിലനില്‍പ്പിനായി പരസ്പരം പോരാടേണ്ടി വന്നവര്‍... ആഗ്രഹിച്ച ജീവിതം കണ്‍ മുന്നിലൂടെ വഴുതി പോകുന്നത് കണ്ട് നില്‍ക്കേണ്ടി വന്നവര്‍...നായകനും, വില്ലനും എന്നതിലപ്പുറം, ഈ ആശാന്തമായ നരകത്തില്‍ അവര്‍ ഇരുവരേയും കാത്തിരിക്കുന്ന വേദന ഒന്നു തന്നെയാണ്.


"The Departed"നേയും, "Infernal Affairs" നേയും താരതമ്യം ചെയ്യുന്നത് എത്രത്തോളം നീതിപൂര്‍വ്വകമാവുമെന്ന് സംശയമാണ്. "Infernal Affairs" പരമ്പരയിലെ "അഞ്ചര" മണിക്കൂര്‍ നീളുന്ന മൂന്ന് ചിത്രങ്ങളെ "മൂന്ന്" മണിക്കൂറുള്ള ഒരു ചിത്രമായി മാറ്റുകയാണ് "The Departed" ചെയ്തത്. അടിസ്ഥാനപരമായ ഈ വ്യത്യാസത്തിനൊപ്പം, രണ്ട് സിനിമയുടേയും സ്വഭാവത്തിലും, focus ലും മാറ്റങ്ങള്‍ വരുന്നുണ്ട്. പാശ്ചാത്യ പ്രേക്ഷകര്‍ക്ക്‌ പരിചിതമായ, അമേരിക്കന്‍ സാമൂഹിക മണ്ഡലത്തിലേക്കും, ഹോളിവുഡിന്‍റെ "ത്രില്ലര്‍" പരിവേശത്തിലേക്കും "Infernal Affairs"നെ സമര്‍ത്ഥമായി പറിച്ചു നടുകയാണ്‌ "The Departed". നായകന്‍-വില്ലന്‍, ശരി-തെറ്റ്, കാവ്യനീതി തുടങ്ങിയ സൂചകങ്ങളിലൂടെ "The Departed" വായിച്ചെടുക്കാം. ഉജ്ജലമായ ഈ കഥാ വഴിയിലെ, "thrilling" ആയ ഘടങ്ങളെയാണ് "The Departed" ശോഭയോടെ പിന്തുടരുന്നത്.

അടിസ്ഥാന തലത്തില്‍, "Infernal Affairs" ഉം പിന്തുടരുന്നതും, മുകളില്‍ പറഞ്ഞ ഘടകങ്ങളെ തന്നെയാണ്. പക്ഷേ, കൂടുതല്‍ ഉയര്‍ന്ന തലങ്ങളില്‍ നിന്ന്, കഥാപാത്രങ്ങളേയും, അവര്‍ കടന്നുപോകുന്ന ജീവിതത്തേയും നിരീക്ഷിക്കാനുള്ള ആന്തരിക പ്രവണതയും, ദൈര്‍ഘ്യ സാധ്യതയും "Infernal Affairs"നുണ്ടായിരുന്നു. ഉജ്ജ്വലമായ Choreographyയും, sound trackഉം ഈ കാര്യത്തില്‍, വലിയ തോതില്‍ സിനിമയെ സഹായിച്ചിട്ടുണ്ട്. പരമ്പരയിലെ മൂന്നാം ഭാഗത്തിലെ plot സൃഷ്ട്ടിക്കുന്ന ചില്ലറ അലോസരപ്പെടുത്തലുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍, ഹൃദയം കൊണ്ട് കണ്ടിരിക്കാവുന്ന ചിത്രമാണ് "Infernal Affairs".

"The Departed"ഉം,"Infernal Affairs"ഉം തമ്മില്‍ വിപുലമായ താരതമ്യ പഠനങ്ങള്‍ക്ക് ഒരു പാട് സാധ്യതകളുണ്ടെങ്കിലും, ഇത് രണ്ട് ചിത്രമായി തന്നെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. "The Departed" കണ്ടപ്പോള്‍ ആ സിനിമയോട് കടുത്ത ബഹുമാനമാണ് എനിക്ക് തോന്നിയത്. "Infernal Affairs" കണ്ടു തീരുമ്പോഴും, ആ ബഹുമാനത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. പക്ഷേ, "Infernal Affairs" സിനിമകളോട് തോന്നിയ പ്രണയം "The Departed" നോട് തോന്നിയില്ല എന്നതാണ് എന്‍റെ വ്യക്തിപരമായ "സത്യം". മറ്റ് പലര്‍ക്കും അത് അങ്ങനെയല്ലാത്തത് കൊണ്ട്, ഏത് സിനിമയാണ് കൂടുതല്‍ മെച്ചമെന്ന ചര്‍ച്ച, അനന്തമായി തുടരുക തന്നെ ചെയ്യും.

"Infernal Affairs സിനിമകളിലൊന്നില്‍, ഇങ്ങനെ ഒരു വാചകമുണ്ട്. "I can't finish the novel, I don't know whether he's good or bad." അതേ ആശയക്കുഴപ്പമാണ് ഈ രണ്ട് സിനിമകളും, പ്രേക്ഷകനില്‍ ബാക്കിയാക്കുന്നത്.