Friday 10 January 2014

The Death of Kevin Carter: Casualty of the Bang Bang Club (Documentary,English --2005)

Directed by---Dan Krauss



സുഡാനിലെ ക്ഷാമകാല ദൃശ്യം, ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി പകർത്തിയ കെവിൻ കാർറ്റരുടെ ജീവിതത്തിലേക്കുള്ള ഒരു 27 മിനിട്ട് ആണ് The Death of Kevin Carter: Casualty of the Bang Bang Club എന്ന ഡോക്യുമെണ്ടറി. 27 മിനിട്ടുകളിൽ കെവിന്‍റെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ ഇവരൊക്കെ തങ്ങൾക്കറിയാവുന്ന കെവിനെക്കുറിച്ച്, കെവിന്‍റെ  ആത്മഹത്യയെക്കുറിച്ച് ഹ്രെസ്വമായി പറയുന്നുണ്ട്. വളരെ ചെറിയ ഒരു ഡോക്യുമെണ്ടറി ആയതു കൊണ്ടാവാം, കെവിന്‍റെ ജീവിതത്തെയോ, ചിത്രങ്ങളെയോ കൂടുതൽ സമഗ്രമായി പരിഗണിക്കാൻ "The Death of Kevin Carter: Casualty of the Bang Bang Club (2005)" ന് കഴിഞ്ഞു എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ, വളരെ "sensitive"ആയ, ബന്ധങ്ങളെ ആഴത്തിൽ സൂക്ഷിച്ച, ഒരു സാധാരണ മനുഷ്യനെ, "കെവിനെ" വൈകിയ വേളയിലെങ്കിലും പരിചയപ്പെടുത്തുന്നുണ്ട് ഈ ഡോക്യുമെണ്ടറി.

1993 ൽ സുഡാനിൽ ഉണ്ടായ ക്ഷാമത്തിന്‍റെ  ഭീകരത ഒറ്റ ക്ലിക്കിലൂടെ പകർത്തുകയായിരുന്നു കെവിൻ കാർറ്റെർ. ഭക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രയിൽ തളർന്ന് പോയ പെണ്‍കുട്ടിയെയും, പെണ്‍കുട്ടിയുടെ അവസാന ശ്വാസം നിലയ്ക്കാൻ കാത്തിരിക്കുന്ന കഴുകനെയും ഫ്രെയിമിൽ ആക്കാൻ മിനിട്ടുകൾ കെവിൻ ചിലവഴിച്ചു. ആ പെണ്‍കുട്ടി തന്‍റെ  യാത്ര തുടർന്നു എന്നത് കെവിൻ തന്നെ പിന്നീടു പറഞ്ഞിട്ടുണ്ട്.

കെവിൻ കണ്ടതും, പകർത്തിയതും ആയ ഒരുപാട് ദുരിത കാഴ്ചകളിൽ ഒന്ന് മാത്രമായിരുന്നു അത്. എന്നിട്ടും ആ ഒറ്റ ചിത്രത്തോടെ കെവിനെ ലോകമറിഞ്ഞു. പുലിസ്റ്റർ സമ്മാനവും, ഒരായിരം കുറ്റപെടുത്തലുകളും, ഒരുപോലെ, ഒരേ വഴിയിൽ കെവിനെ കാത്ത് നിന്നു . ഒടുവിൽ പുലിസ്റ്റർ നേട്ടത്തിന് മാസങ്ങൾക്കിപ്പുറം, കെവിൻ തന്‍റെ  ജീവനൊടുക്കി . തന്‍റെ ആത്മഹത്യ കുറിപ്പിൽ കെവിൻ വേദനയൊടെ ഇങ്ങനെ എഴുതി.




""''"ഞാൻ മാനസികമായി തകർന്നു ...........ഫോണില്ല............വാടക കൊടുക്കാൻ പണമില്ല..............കുട്ടികളുടെ ആവശ്യത്തിനു പണമില്ല......
പണം!!! ...മുറിവേറ്റതും, പട്ടിണിക്കാരുമായ കുട്ടികളുടെ മരണ ദ്രിശ്യങ്ങൾ, മൃതദേഹങ്ങൾ, ദേഷ്യം, വേദന.............
തോക്കുകൾ കയ്യിലുള്ള ഭ്രാന്തർ, പ്രത്യേകിച്ചു പോലീസുകാർ, കൊലപാതകികൾ.....എല്ലാം എന്നെ വേട്ടയാടുന്നു. ഞാൻ കെന്നിനോടൊത്തു ചേരുവാൻ പോകുന്നു. ഞാൻ അത്ര ഭാഗ്യവാനാണെങ്കിൽ ......"'""" 

(സഹപ്രവർത്തകനായിരുന്ന കെന്നിന്‍റെ  മരണമാണ് കെവിന്‍റെ ആത്മഹത്യയിലേക്കുള്ള ദൂരം വളരെ വേഗം ഇല്ലാതാക്കിയത്. കെവിനോപ്പം ഉള്ള ഫോട്ടോ ചിത്രീകരണത്തിനിടെ വെടിയേറ്റാണ് കെൻ മരിച്ചത്.) 

കെവിന്‍റെ  ആത്മഹത്യയെ കുറിച്ച് കെവിന്‍റെ  ഒരു സുഹൃത്ത് പറഞ്ഞ വാചകങ്ങൾ ഈ ഡോക്യുമെണ്ടറിയിൽ കാണാം. "അവൻ മരിച്ചപ്പോൾ വിചിത്രമായ ഒരു ആശ്വാസം ആണ് എനിക്ക് തോന്നിയത്. ഉറക്കമില്ലാത്ത രാത്രികളും, നീളുന്ന വേദനകളും ആയിരുന്നു കെവിന്‍റെ ജീവിതം. അതെല്ലാം അവസാനിച്ചു. Kevin is over."



ഒരു പ്രൊഫഷണൽ ഫോട്ടൊഗ്രാഫെർ ചെയ്യേണ്ടത് തന്നെയാണ് താൻ ചെയ്തതെന്ന് പുലിസ്റ്റർ നേട്ടത്തിന് ശേഷം നടന്ന ഒരു അഭിമുഖത്തിൽ കെവിൻ പറയുന്നുണ്ട്. തന്‍റെ  ന്യായം കൂടുതൽ പേർക്കും മനസ്സിലാകില്ല എന്ന തിരിച്ചറിവും കെവിൻ പങ്കു വെയ്ക്കുന്നു. കെവിനെതിരെ എതിർ വാദങ്ങൾ എന്ത് പറഞ്ഞാലും , കെവിൻ ആ ചിത്രതിലൂടെ പറയാൻ ശ്രമിച്ച "പട്ടിണിയുടെ, വിശപ്പിന്‍റെ , നിസ്സഹായാതയുടെ ഒരു ലോകത്തെ നമ്മൾ അവഗണിച്ചുകൂടാ. അത്തരം കാഴ്ചകൾ കാണാൻ നമ്മൾ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം..അതുകൊണ്ടാണ് കെവിൻ ക്രൂശിക്കപെട്ടത്‌ . ബെന്യാമിൻ "ആട് ജീവിതത്തിൽ " കുറിച്ച പോലെ 
" നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ട് കഥകൾ മാത്രമാണ്". 
അങ്ങനെ ഒരു കെട്ടുകഥ മാത്രമായി കെവിന്‍റെ  ചിത്രവും കാണാനാണോ നമ്മൾ ആഗ്രഹിച്ചത്‌?

അത് കൊണ്ടാവണം, കെവിൻ മറവിയുടെ താഴ്വാരങ്ങളിലേക്ക് മറഞ്ഞിട്ടും...കാലങ്ങൾ ഒരു പാട് മുന്നോട്ടു പോയിട്ടും ....സൊമാലിയയിലും ..സുഡാനിലും... എന്തിനു നമ്മുടെ അട്ടപ്പാടിയിലും ആ പെണ്‍കുട്ടി വീണ്ടും, വീണ്ടും മരിച്ചു ജീവിക്കുന്നത്.............



No comments:

Post a Comment